ദൈവപരിപാലനയിൽ ആശ്രയിച്ച ജീവിതങ്ങൾ: മദർ തെരേസ

നവീൻ ചൗള എഴുതിയ ‘മദർ തെരേസ’ എന്ന പുസ്തകത്തിലെ ഒരു സംഭവം:-

റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു.

ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര കഴിഞ്ഞു.

“നിങ്ങൾ വന്നതിലെനിക്ക് സന്തോഷമുണ്ട്. ഇന്ന് രാത്രി തന്നെ കൊൽക്കത്തക്ക് വിമാനം പിടിക്കാൻ നിങ്ങളെന്നെ സഹായിക്കണം”. മദർ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് പ്രയാസമാണെന്ന് ലേഖകന് തോന്നി. കൊൽക്കത്തക്ക് വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. എട്ടുമണിക്കാണ് ഫ്‌ളൈറ്റ് പുറപ്പെടുന്ന സമയം. മദറിന്റെ പെട്ടികൾ എയറിന്ത്യ വിമാനത്തിൽ നിന്ന് താഴെ എത്തിയിട്ടു പോലുമില്ല. മദർ തെരേസ എന്നുപറയുന്ന പ്രതിഭാസത്തേയും അവരുടെ നിശ്ചയദാർഢ്യത്തെയും കുറിച്ച് ആ സമയത്ത് ലേഖകന് വലിയ ധാരണ ഇല്ലായിരുന്നു. അവർ പരിചയപ്പെട്ടിട്ട് അധികം ആയിരുന്നില്ല. തുടർന്ന് മദർ പറഞ്ഞത് ലേഖകന്റെ കണ്ണ് തുറപ്പിച്ചു,

” കൊൽക്കത്തയിലെ ശിശുഭവനിൽ ഒരു കുട്ടി മരിക്കാറായി കിടക്കുന്നു. അതിന്റെ ജീവൻ രക്ഷിച്ചേക്കാവുന്ന ഒരു മരുന്ന് എന്റെ പെട്ടിയിലുണ്ട് വിമാനത്തിൽ കയറാൻ നിങ്ങളെന്നെ സഹായിക്കണം”. ഇത്രയും ശാന്തമായി പറഞ്ഞു മദർ പഴയ തുണിസഞ്ചിയിൽ നിന്ന് ഒരു കൊന്തയെടുത്തു ജപിക്കാൻ തുടങ്ങി.

ലേഖകന്റെ ഉത്കണ്ഠ വർദ്ധിച്ചു. സമയം 7.45 കഴിഞ്ഞിരിക്കുന്നു. കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരെല്ലാം കയറി. അതിനിടെ കുറേപേർ മദറിന്റെ ഓട്ടോഗ്രാഫ് മേടിക്കാനും സംസാരിക്കാനുമായി ഓടിക്കൂടി.

കൊൽക്കത്തയിൽ ഒരു കുട്ടി മരിക്കാൻ കിടക്കുന്നെന്നും മദറിന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്നുമുള്ള വാർത്ത അവിടെയെല്ലാം ലേഖകൻ പറയാതെ തന്നെ പരന്നു. എയർപോർട്ടിലെ സീനിയർ ഉദ്യോഗസ്ഥർ മുതൽ പോർട്ടർമാർ വരെ അമ്മയെ സഹായിക്കാനായി പരക്കം പാഞ്ഞു. പെട്ടെന്ന് മദറിന്റെ ആറു പെട്ടികളും – അതിലൊന്നിൽ മദറിന്റെ സാധനങ്ങളും ബാക്കിയുള്ളവയിൽ മരുന്നുകളുമായിരുന്നു – കൺവെയർ ബെൽറ്റിലൂടെ വന്ന് ചേർന്നു. എവിടെനിന്നോ ഒരു ബോർഡിങ്‌ പാസ്സ് അവരുടെ കയ്യിലെത്തി. റൺവേയിലേക്ക് നീങ്ങാൻ തുടങ്ങിയ വിമാനത്തിന്റെ പൈലറ്റിന് കൺട്രോൾ ടവറിൽ നിന്നും ഒരു സന്ദേശം ലഭിച്ചു (ലേഖകൻ പറയുന്നു ‘ഞങ്ങളാരുമറിയാതെ’). കൊൽക്കത്തക്കാരനായ ആ പൈലറ്റ് വിമാനം നിർത്തി. ഒരൽപ്പം താമസമുണ്ടാകുമെന്ന് ഫ്‌ളൈറ്റ് കൺട്രോൾ എയർ ട്രാഫിക്കിനെ അറിയിച്ചു. മദർ തെരേസയ്ക്ക് വേണ്ടി വിമാനം കാത്തുനിന്നു. അദ്ദേഹത്തിന്റെ കാറിൽ മദറിനെ വിമാനത്തിനടുത്തെത്തിക്കാമോ എന്ന് ലേഖകനോട് ആരോ ചോദിച്ചു.

മിനിറ്റുകൾക്കകം വിമാനത്തിന്റെ വാതിൽ തുറന്ന് മരുന്നുകൾ നിറച്ച പെട്ടികളുമായി, ചിരിച്ച മുഖവുമായി മദർ തെരേസ കൊൽക്കത്തക്കുള്ള വിമാനം കയറി.

******

മെജുഗോറിയയിലെ വിഷണറിമാരിൽ (ദർശനക്കാരിൽ) ഒരാളായ മിര്യാനാ സോൾഡോ രചിച്ച ‘എന്റെ ഹൃദയം വിജയം നേടും’ എന്ന എന്ന പുസ്തകത്തിൽ അവളുടെ ഒരനുഭവം പങ്കുവെക്കുന്നുണ്ട്.

മാർക്കോയും മിര്യാനയുമായുള്ള വിവാഹം നിശ്ചയിച്ചു. മെജുഗോറിയയിലെ പ്രാദേശിക ആചാരങ്ങൾക്കനുസരിച്ച് എല്ലാം ചെയ്യേണ്ടതിന്റെ പ്രാധാന്യം അറിയാവുന്ന മിര്യാന ആ ഗ്രാമത്തിലെ പെൺകുട്ടികൾ വിവാഹിതരാകുമ്പോൾ ചെയ്യുന്നതെന്തൊക്കെയെന്ന് അറിയാൻ ശ്രമിച്ച് അതൊക്കെ ഏർപ്പാടാക്കാൻ ശ്രമിച്ചു.

വിവാഹതലേന്ന് രാത്രി മിര്യാന അമ്മയോടൊപ്പം ഇരിക്കുമ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. വാതിൽ തുറന്നപ്പോൾ അവിടെ നിന്നിരുന്നത് കുറച്ചു ഇറ്റാലിയൻ തീർത്ഥാടകർ ആയിരുന്നു. അവരിൽ ഒരു സ്ത്രീ അവൾക്ക് മനോഹരമായ പൂച്ചെണ്ട് സമ്മാനിച്ചുകൊണ്ട് പറഞ്ഞു, “നിങ്ങൾ നാളെ ഈ പൂച്ചെണ്ട് വഹിക്കുകയാണെങ്കിൽ ഞങ്ങൾക്കതൊരു ബഹുമതിയായിരിക്കും”

യഥാർത്ഥത്തിൽ വിവാഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്ന തിരക്കിൽ മിര്യാന ഒരു പ്രധാന കാര്യം മറന്നിരുന്നു. കല്യാണത്തിന് അവൾക്ക് പിടിക്കാനുള്ള ബൊക്കെ ഓർഡർ ചെയ്യാൻ. മെജുഗോറിയ പോലുള്ള ചെറിയ ഗ്രാമത്തിൽ, (അതും കുറെ വർഷങ്ങൾക്ക് മുൻപാണ് ഇത് നടക്കുന്നത് ) പൂച്ചെണ്ടെല്ലാം വളരെ മുൻപേ ഏർപ്പാടാക്കണമായിരുന്നു. വാങ്ങാനായി സമീപത്ത് പൂക്കടകൾ പോലുമില്ല. അടുത്ത ദിവസമാണ് ബൊക്കെയെ പറ്റി ഓർത്തിരുന്നതെങ്കിൽ, കിട്ടാൻ ഒരു വഴിയുമില്ലായിരുന്നു.

“നന്ദി, നന്ദി”! കണ്ണുനീരോടെ അവൾ പറഞ്ഞു. “ഇത് എത്രമാത്രം എനിക്ക് വിലപ്പെട്ടതാണെന്ന് നിങ്ങൾക്കറിയില്ല”.

*******

‘ദൈവസ്വരത്തിനു കാതോർത്തപ്പോൾ’ എന്ന പുസ്തകത്തിൽ ശ്രീ ജോസ് കാപ്പൻ പറയുന്ന ഒരു സംഭവമുണ്ട്….. 1998 ഒക്ടോബർ 23ന് രാവിലെ പത്തുമണി. പരിശുദ്ധാരൂപി ഒരു സന്ദേശം അദ്ദേഹത്തിന് നൽകി.

‘മകനെ, നീ വളർത്തുന്ന കോഴിപ്പൂവനെ കൊന്ന് കറിവെക്കുക’ അത് വെറും തോന്നൽ മാത്രമാണെന്നദ്ദേഹം കരുതി. വീണ്ടും പതിനൊന്നര മണിക്ക് അതെ സന്ദേശം. അപ്പോഴും തള്ളിക്കളഞ്ഞു. കാരണം പൂവങ്കോഴി വീട്ടിൽ ഒരെണ്ണമേ ഉണ്ടായിരുന്നുള്ളു, തന്നെയുമല്ല പോത്തിറച്ചിക്കറി അന്ന് വീട്ടിൽ വെച്ചിട്ടുണ്ടായിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞ് ഒരു മണിക്ക് വീണ്ടും സന്ദേശം ലഭിച്ചു ഇപ്രകാരം ദൈവാരൂപി സംസാരിച്ചു,.

“മകനെ നീ എന്തിന് സംശയിക്കുന്നു? മനസ്സുകൊണ്ട് മല്ലടിക്കുന്നു? അനുസരണത്തിന്റെ ഫലം എത്രമാത്രം നീ അനുഭവിച്ചതാണ്”.

കൂടുതുറന്നു വീട്ടിരുന്ന പൂവൻ കോഴിയെ അപ്പോൾ തന്നെ പിടിച്ചു കൊന്ന് വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ അദ്ദേഹവുമായി വളരെ സ്നേഹമുള്ള ഒരു കുടുംബസുഹൃത്ത് വീട്ടിൽ വന്നു. അദ്ദേഹം കോഴിയിറച്ചി അല്ലാതെ മറ്റൊരു മാംസവും കഴിക്കുമായിരുന്നില്ല. അദ്ദേഹം ആ വീട്ടിലേക്ക് യാത്ര പുറപ്പെട്ട സമയത്തായിരുന്നു ദൈവാരൂപി അറിയിപ്പ് കൊടുത്തത്. വൃത്തിയാക്കി കൊണ്ടിരുന്ന പൂവങ്കോഴിയെ ഉയർത്തിക്കാട്ടി ശ്രീ ജോസ് കാപ്പൻ പറഞ്ഞു. “സഹോദരാ, നിങ്ങളോടുള്ള ദൈവത്തിന്റെ വ്യക്തിപരമായ സ്നേഹമാണ് ഈ കോഴിയുടെ ജീവൻ പോകാൻ കാരണം”.

ദൈവത്തിന്റെ കരുതലിന്റെ ചില ഉദാഹരണങ്ങൾ മാത്രം. വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോഴേക്കും കാര്യങ്ങൾ നമുക്കനുകൂലമായി തിരിക്കുന്ന, പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ നമ്മൾ പോലും ചിന്തിക്കുന്നതിനും അറിയുന്നതിനും മുൻപായി നമുക്ക് നിറവേറ്റിതരുന്ന, നമുക്ക് മുൻപേ പോയി മലകൾ നിരപ്പാക്കി, പിച്ചളവാതിലുകൾ തകർക്കുന്ന ദൈവം..

നിങ്ങൾക്ക് പല അനുഭവങ്ങളും ഉണ്ടായിരിക്കുമല്ലേ ഇതേപോലെ? ഒരു കാര്യം നടന്നുകിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുമ്പോഴേക്ക് നടന്നു കിട്ടുന്ന സംഭവങ്ങൾ അനുഭവങ്ങൾ ഉണ്ടാവാറില്ലേ? എനിക്കുമതേ. പക്ഷേ എത്ര ചോദിച്ചിട്ടും ഇതേവരെ നടക്കാത്തതുമുണ്ട് കേട്ടോ. അതിന് പിന്നിലെ ദൈവികജ്ഞാനം വെളിവാക്കപ്പെടാൻ കാത്തിരിക്കുന്നു.

ജിൽസ ജോയ് ✍️

Advertisements
Providence of God
Advertisements

Leave a comment