“അതികഠിനമായ പശ്ചാത്താപത്താൽ ഹൃദയം തകർന്നു ഞാൻ കരഞ്ഞു. കണ്ണുനീർ വാർത്തു. പെട്ടെന്ന് അടുത്ത വീട്ടിൽ നിന്ന് ഒരു സ്വരം ! ഒരു പാട്ടിന്റെ പല്ലവി ! പാടുന്നത് ആണ്കുട്ടിയോ പെൺകുട്ടിയോ എന്ന് മനസ്സിലാകുന്നില്ല.
“എടുത്തു വായിച്ചാലും”
പെട്ടെന്ന് എന്റെ മുഖഭാവം മാറി. ഏതെങ്കിലും കളിയിൽ ഈ ഈരടികൾ പാടാറുണ്ടായിരുന്നോ? എന്റെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു. ഇല്ല, ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാൻ കിടന്നിടത്തു നിന്ന് എണീറ്റു. ഇത് ദൈവത്തിന്റെ കൽപ്പന തന്നെയാണെന്ന് ഞാൻ തീരുമാനിച്ചു. അടുത്ത് കിടന്ന പുസ്തകം തുറന്നു നോക്കി . അപ്പസ്തോലന്റെ ലേഖനപുസ്തകം ഞാൻ എടുത്ത് ആർത്തിയോടെ മറിച്ചു് നോക്കി. ഞാൻ ആദ്യമേ കണ്ടത് താഴെ പറയുന്ന വാക്യമാണ്:
“രാത്രി കഴിയാറായി, പകൽ സമീപിച്ചിരിക്കുന്നു. ആകയാൽ, നമുക്ക് അന്ധകാരത്തിന്റെ പ്രവർത്തികൾ പരിത്യജിച്ച്, പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ, മദ്യലഹരിയിലോ, അവിഹിതവേഴ്ചയിലോ, വിഷയാസക്തിയിലോ, കലഹങ്ങളിലോ നിങ്ങൾ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ ക്രിസ്തുവിനെ ധരിക്കുവിൻ” (റോമ 13:12-
കൂടുതലൊന്നും ഞാൻ വായിച്ചില്ല. കൂടുതൽ എനിക്ക് ആവശ്യമായിരുന്നുമില്ല. വായിച്ചുതീർന്ന മാത്രയിൽ പ്രശാന്തമായ ഒരു വെളിച്ചം എന്റെ ഹൃദയത്തിൽ വ്യാപിച്ചു. സംശയത്തിന്റെ കരിനിഴലെല്ലാം ഓടിയൊളിച്ചു”
അനേകവർഷങ്ങൾ ഒരമ്മയുടെ തൂവാല കണ്ണുനീരിൽ കുതിർന്നിരുന്നു. ഓരോ പ്രാർത്ഥനകളും നെടുവീർപ്പോടെ ദൈവസന്നിധിയിലേക്കു ഉയർന്നിരുന്നു. പക്ഷെ കണ്ണുനീരിന്റെ പുത്രൻ നശിച്ചു പോകാൻ ദൈവം അനുവദിക്കില്ലെന്ന ബിഷപ്പിന്റെ പ്രവചനം അന്വർത്ഥമാക്കിക്കൊണ്ട് അഗസ്റ്റിൻ മനസാന്തരപ്പെട്ടു. പാപത്തിലൂടെ ഒരു 16 വയസ്സുള്ള പുത്രൻ പോലും അപ്പോൾ ഉണ്ടായിരുന്ന അഗസ്റ്റിൻ പിന്നീടൊരിക്കലും പഴയ വഴികളിലേക്ക് തിരിച്ചു പോയില്ല.
ഏതുപാപിക്കും പ്രത്യാശക്കു വകയുണ്ടെന്നു ഉച്ചത്തിൽ വിളിച്ചു പറയും വിധം അഗസ്റ്റിൻ ഒരു വിശുദ്ധനായി, സഭയിലെ വേദപാരംഗതനായി. വഴിതെറ്റിപ്പോയ അഗസ്റ്റിന്റെ മാനസാന്തരം എല്ലാ മനുഷ്യർക്കും പ്രത്യാശ നൽകുന്നതാണ്. പ്രാർത്ഥനയിൽ perseverance (സ്ഥിരോത്സാഹം) ഉണ്ടെങ്കിൽ ആർക്കും ആരുടേയും മാനസാന്തരം തടയാൻ പറ്റില്ല. ദൈവം നമുക്കുത്തരം തരിക തന്നെ ചെയ്യും. ഓരോ ഭവനത്തിലും മോനിക്കമാരുണ്ടാകട്ടെ.. അത് സ്ത്രീകൾ മാത്രം ആകണമെന്നില്ല .. ഓരോ കുടുംബവും ദൈവത്തിലേക്ക് തിരിയാൻ ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കുന്നവർ, കുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രമല്ല, അറിയാത്ത പാപികൾക്ക് വേണ്ടിയും, youth നു വേണ്ടിയും, കോവിഡിനോടുള്ള യുദ്ധത്തിൽ മുൻനിരയിൽ ഉള്ളവർക്ക് വേണ്ടിയും പുരോഹിതർക്കും സന്യസ്തർക്കും മിഷനറീസിനു വേണ്ടിയും രോഗികൾക്കുവേണ്ടിയും ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയും അങ്ങനെ ഒരുപാട് ആളുകൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ട്.
കാണുന്ന ചില ദൈവവചനങ്ങൾ നമ്മെ അസ്വസ്ഥപ്പെടുത്തട്ടെ. മാറ്റിമറിക്കട്ടെ, ശുദ്ധീകരിക്കട്ടെ ..
ചില അഗസ്റ്റിൻ മൊഴികൾ
“ദൈവമേ അങ്ങ് ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചു. അങ്ങയിൽ വിലയം പ്രാപിക്കുന്നത് വരെ ഞങ്ങളുടെ ആത്മാവ് അസ്വസ്ഥമാകുന്നു.”
” അന്യൂന്യമായ മിഴികൾക്കു പോലും പ്രകാശത്തിന്റെ സഹായം കൂടാതെ ഒന്നും കാണാൻ സാധ്യമല്ല. അതുപോലെ ഏറ്റം വിശുദ്ധനായ മനുഷ്യന് പോലും പ്രസാദവരമാകുന്ന അനശ്വരദീപത്തിന്റെ ദൈവിക സഹായം കൂടാതെ നന്മ പ്രവർത്തിക്കാൻ സാധ്യമല്ല”.
“ഓ നാഥാ, ഈ ജീവിതത്തിൽ എന്റെയുള്ളിൽ ജ്വലിച്ചു നിന്ന്, അങ്ങേക്കിഷ്ടപ്പെട്ട വിധം എന്നെ വെട്ടിശരിപ്പെടുത്തുക. നിത്യത്വത്തിൽ എന്നെ തുണക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കിൽ, ഇവിടെ എന്നോട് കരുണ കാട്ടേണ്ട”.
“കർത്താവേ, എനിക്ക് എളിമയുടെ നിധി നൽകണമേ”
“ശുദ്ധതക്ക് വേണ്ടിയുള്ള പോരാട്ടം എല്ലാ പോരാട്ടങ്ങളിലും വെച്ചു ഏറ്റവും അക്രമാസക്തമാണ്; ഈ യുദ്ധം ഓരോ ദിനവും നവീകരിക്കപ്പെടുന്നു; വിജയം എത്രയോ ചുരുക്കവും”
” അവിടുന്ന് നമ്മെ സ്നേഹിച്ചു . നമുക്ക് വേണ്ടി സ്വയം ബലിയായി അർപ്പിക്കുകയും. എന്തിനു? ദൈവം മനുഷ്യന് വേണ്ടി കരുതുന്ന അവാച്യമായ സ്നേഹം മനുഷ്യൻ തിരിച്ചറിയുന്നതിനു വേണ്ടിയാണ് അവിടുന്ന് ഇത് ചെയ്തത്”.
“ആകാശവും ഭൂമിയും ഉദഘോഷിക്കുന്നതും ഞാൻ കാണുന്നതെല്ലാം എന്നോട് സംസാരിക്കുന്നതും അപേക്ഷിക്കുന്നതും എന്റെ കർത്താവായ അങ്ങയെ സ്നേഹിക്കാനാണ്. താന്താങ്ങളോടുള്ള സ്നേഹത്താലാണ് ദൈവം തങ്ങളെ സൃഷ്ടിച്ചതെന്ന് ഓരോ സൃഷ്ടിയും എന്നോട് പറയുന്നു”.
“ദൈവത്തെ സ്നേഹിക്കുക, പിന്നേ നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങള്ക്ക് ചെയ്യാം”.
ജിൽസ ജോയ്

