കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ് | St. Joseph of Cupertino

ജനനസമയം മുതലേ ഇത്രയും കുറവുകളും ബുദ്ധിമുട്ടും സഹിക്കേണ്ടി വന്ന വിശുദ്ധർ അധികമുണ്ടാവില്ല. ഒന്നിനും കൊള്ളില്ലെന്ന് സ്വന്തം അമ്മ പോലും വിധിയെഴുതിയ , വിഡ്ഢിയായ വാപൊളിയനെന്നു വിളിച്ച് സഹപാഠികൾ കളിയാക്കിക്കൊണ്ടിരുന്ന ഒരു പാവം ബാലൻ, ദൈവപരിപാലന കൊണ്ട് മാത്രം സെമിനാരി പഠനം പൂർത്തിയാക്കി, പറക്കും പുണ്യാളനെന്ന അപൂർവ്വബഹുമതിയോടെ കത്തോലിക്കാസഭയുടെ മുത്തായി, അതാണ്‌ കൂപ്പർത്തീനോയിലെ വിശുദ്ധ ജോസഫ്, അല്ലെങ്കിൽ ജോസഫ് കൂപ്പർത്തീനോ. സംഭവബഹുലവും, വിശുദ്ധിയുടെ സുഗന്ധം പരത്തുന്നതുമായ , ആ ജീവചരിത്രത്തിലേക്ക് നമുക്കൊന്ന് പോയാലോ? അറിയണ്ടേ എഴുതാനും വായിക്കാനും അറിയാത്ത ആ ‘വിഡ്ഢി’ പുരോഹിതനായ, വിശുദ്ധനായ ആ കൃപയുടെ വഴികൾ!

ഈശോയുടെയും വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും പോലെ ഒരു എളിയ കാലിതൊഴുത്തിലാണ് ജോസഫ് ഡേസ, 1603 ജൂൺ 17ന് ഇറ്റലിയിൽ, ബ്രിണ്ട്സിക്കും ഓട്രന്റോക്കും ഇടയിലുള്ള കൂപ്പർത്തീനോ എന്ന പ്രദേശത്ത് ജനിക്കുന്നത്. ചെരുപ്പുകുത്തിയായിരുന്ന അപ്പൻ മൂക്കോളം കടത്തിൽ മുങ്ങി ഇടക്കിടക്ക് പുറപ്പെട്ടു പോയിരുന്നു. താമസിക്കുന്ന വീട് പോലും പണം തിരിച്ചുചോദിക്കുന്നവരെ തൃപ്തിപ്പെടുത്താൻ വേണ്ടി, വിറ്റ നിലയിലും. അവന്റെ അമ്മ നാണക്കേട് കൊണ്ട് തൽക്കാലത്തേക്ക് മറ്റുള്ളവരിൽ നിന്ന് ഒളിച്ചുതാമസിച്ചിരുന്ന, വീടിന്റെ പുറകിലുള്ള തൊഴുത്തുപോലുള്ള സ്ഥലത്താണ് ജോസഫ് പിറന്നത്.

അധികം വൈകാതെ പിതാവ് മരിച്ചു. ചെറുപ്പത്തിൽ അസുഖങ്ങൾ എളുപ്പം പിടിപ്പെട്ടിരുന്ന ജോസഫ് ദൈവകാരുണ്യം കൊണ്ടാണ് പലപ്പോഴും രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ സ്കൂൾ വിദ്യാഭ്യാസവും വേണ്ടവിധം ലഭിച്ചില്ല. സ്കൂളിൽ പോകാൻ കഴിയുമ്പോൾ തന്നെ ഒരു വാചകം തെറ്റില്ലാതെ പറയാനോ എഴുതാനോ അറിയില്ലായിരുന്നു. ഒന്നിലും ശ്രദ്ധയില്ലാത്തവനെ പോലെ എന്തൊക്കെയോ ചിന്തിച്ചു നടന്ന അവനെ ഒരു വിഡ്ഢിയായാണ് സഹപാഠികൾ കരുതിയത്.

ചെറുപ്പം മുതലേ ചില ദർശനങ്ങളും വെളിപാടുകളും കിട്ടിയിരുന്നത് കൊണ്ടാവാം, ചുറ്റുപാടുകളെക്കുറിച്ച് ബോധമില്ലാതെ വാ തുറന്നു തെരുവിലൂടെ നടന്നിരുന്ന ജോസഫിനെ കുട്ടികൾ ‘Boccaperta’ എന്നുവിളിച്ചു ( വാപൊളിയൻ ). ഭക്ഷണസമയത്ത് പോലും പലപ്പോഴും എത്താത്ത അവന്റെ മറുപടി ‘ഞാൻ മറന്നുപോയി ‘ എന്നായിരിക്കും. ഒരു പേടിത്തൊണ്ടനെ പോലെയായിരുന്നു. പെട്ടെന്നുള്ള ഒരു ശബ്ദം, പള്ളിമണി പോലും കേട്ടാൽ അവന്റെ കയ്യിലെ പുസ്തകങ്ങൾ താഴെ വീണിരിക്കും. ഒരു ചെരുപ്പുകുത്തിയുടെ സഹായിയായി നിൽക്കാൻ ശ്രമിച്ചെങ്കിലും അവിടത്തെ ഒരു പണിയും അവന് പഠിക്കാൻ കഴിഞ്ഞില്ല. അവനെ ഒരു ഭാരമായി കരുതിയ സ്വന്തം അമ്മക്ക് പോലും അവനെ വേണ്ടായിരുന്നു.

ഒരു നല്ല കാര്യമുള്ളത്, ആർക്കും തന്നെ വേണ്ടാത്തതിൽ നിരാശക്ക് അടിപ്പെടാനൊന്നും നിൽക്കാതെ, താൻ ആയിരിക്കുന്ന ആ അവസ്ഥയെ അവൻ സ്വീകരിച്ചു എന്നുള്ളതാണ്. ദൈവസ്നേഹത്തെ പറ്റി ഉത്തമബോധ്യമുള്ള വ്യക്തി അങ്ങനെയായിരിക്കുമല്ലോ. അവൻ സ്വയം വിളിച്ചിരുന്നത് ‘കഴുത സഹോദരൻ’ എന്നാണ്. ഏറെ പ്രാർത്ഥിച്ചിരുന്ന അവന് പരിശുദ്ധ അമ്മയോടും നല്ല ഭക്തിയായിരുന്നു. ചുറ്റുപാടുകളോടുള്ള അവന്റെ ശ്രദ്ധകുറവിന് കാരണം തന്നെ ഒരു ചെറിയ കാര്യം പോലും അവനെ സൃഷ്ടാവിനെക്കുറിച്ചും ദൈവസ്നേഹത്തേക്കുറിച്ചുമൊക്കെ ഓർമ്മിപ്പിച്ചിരുന്നതുകൊണ്ടാണ്. സൃഷ്ടികളെ കാണുമ്പോൾ, പ്രപഞ്ചത്തിലെ വസ്തുക്കളെ കാണുമ്പോൾ എല്ലാം. കുറച്ചു കഴിയുമ്പോഴേക്കും അവന്റെ ജീവിതം ‘മറ്റൊരു വിശുദ്ധന്റെ ജീവിതത്തിലുമില്ലാത്ത പോലെ പാരവശ്യങ്ങളുടെയും അത്ഭുതരോഗശാന്തികളുടെയും അസാധാരണസംഭവങ്ങളുടെയും നീണ്ട ഘോഷയാത്രയായി മാറി ‘.

അവന് പതിനേഴു വയസ്സായപ്പോൾ, ഭക്ഷണം യാചിച്ചുകൊണ്ട് അവന്റെ നാട്ടിലേക്ക് വന്ന ഒരു ഫ്രാൻസിസ്കൻ സഹോദരനെകണ്ട് അതുപോലെയാകാൻ അവനാഗ്രഹിച്ചു. ഏറെ ഫ്രാൻസിസ്കൻ ആശ്രമങ്ങളുടെ വാതിലിൽ മുട്ടി, അവസാനം ഒരാശ്രമത്തിൽ അവനെ ഒരു തുണസഹോദരനായി സ്വീകരിക്കുന്നതുവരെ. പക്ഷേ കാര്യമൊന്നുമുണ്ടായില്ല. ഒന്നും ശരിയാം വണ്ണം ചെയ്യാൻ അവനാകില്ലല്ലോ, മാത്രമല്ല അവന്റെ ശ്രദ്ധ പാളിപോകുന്നത് മറ്റുള്ളവർക്ക് അസ്സഹനീയമായി. എന്തെങ്കിലും പണി ചെയ്യുന്നതിനിടയിലാവും പെട്ടെന്ന് പ്രതിമ പോലെ നിൽക്കുന്നത്. ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലാവും അവന് പെട്ടെന്ന് മുട്ടിൽ നിൽക്കുന്നത്. പിടിച്ചിരിക്കുന്ന പാത്രങ്ങളോ അതിലെ സാധനങ്ങളോ ഒക്കെ താഴെവീണു പൊട്ടിയാൽ പോലും അറിയില്ല.

അവൻ കൂടുതൽ ശ്രദ്ധിക്കുന്നതിനായി അവൻ കാരണം പൊട്ടിയ പാത്രക്കഷണങ്ങൾ അവന്റെ വസ്ത്രത്തിൽ അങ്ങിങ്ങായി ആശ്രമവാസികൾ വെച്ചു പിടിപ്പിച്ചെങ്കിലും ഒരു കാര്യവുമുണ്ടായില്ല. എട്ട് മാസങ്ങൾക്ക് ശേഷം അവനോട് അവർ അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടു. പിന്നീട് അവൻ പറഞ്ഞിരുന്നു, അവന്റെ സന്യാസവേഷം അവർ ഊരിമേടിച്ച ദിവസമായിരുന്നു അവന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച ദിവസം. അതിനോടൊപ്പം ശരീരത്തിലെ ചർമ്മം കൂടി പറിച്ചെടുത്താലെന്ന പോലെ അവന് വേദനിച്ചു.

ക്ഷീണിച്ചും വിശന്നും, കീറിയ വസ്ത്രവുമായി നടന്നു നടന്ന് സമ്പന്നകച്ചവടക്കാരനായ അവന്റെ ഒരു അമ്മാവന്റെ വീട്ടിൽ ചെന്നു കയറി, എന്തെങ്കിലും ജീവിതമാർഗ്ഗത്തിനുള്ള വഴി തെളിയുമെന്ന പ്രതീക്ഷയിൽ. പക്ഷേ ഒരു ചില്ലറത്തുട്ടുപോലും നൽകാതെ അവർ അവനെ അധിക്ഷേപിച്ച് ഇറക്കിവിട്ടു.പിന്നെയും നടന്ന് അവന്റെ നാടായ കൂപ്പർത്തീനോയിലെത്തി.വാതിൽ തുറന്നപ്പോൾ അമ്മയെ കണ്ടു. ക്ഷീണം കൊണ്ട് അവൻ അമ്മയുടെ കാൽക്കലേക്ക് വീണു.ഒരു വാക്ക് പോലും പറയാനുള്ള ശക്തി ഇല്ലാതിരുന്ന ജോസഫ് ഇത്തിരി ദയക്കായി കണ്ണീരു നിറഞ്ഞ കണ്ണുകൊണ്ട് അവൾക്ക് നേരെനോക്കി. പക്ഷേ അതിനുപോലും കഠിനമായ അവളുടെ ഹൃദയത്തിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.

“ആശ്രമത്തിൽ നിന്ന് പോലും നിന്നെ ഇറക്കിവിട്ടോ?” അവന്റെ അമ്മ അലറി. “നീ ഞങ്ങൾക്ക് അപമാനം വരുത്തിവെച്ചു. ഒന്നിനും കൊള്ളൂല നിന്നെ. ജയിലിലേക്കോ കടലിലേക്കോ എവിടേക്കെന്ന് വെച്ചാൽ പൊയ്ക്കോ. ഇവിടെ കിടന്നാൽ നീ പട്ടിണി കിടക്കുകയെ ഉള്ളു “. അവസാനം അവൻ ഒരു ഫ്രാൻസിസ്കൻ കൺവെൺഷ്വൽ ആശ്രമത്തിലെത്തി. ആശ്രമത്തിൽ കുതിരലായത്തിൽ കോവർകഴുതയെ നോക്കുന്ന പണി അവന് കിട്ടി. കഴുത സഹോദരൻ എന്ന പേര് കൊറച്ചുകൂടി അവന് യോജിച്ചു. ജോസഫിന് സന്തോഷമായി. ഫ്രാൻസിസ്കൻ സഹോദരൻ ആവാൻ കഴിയില്ലെങ്കിലും അവരുടെ വേലക്കാരൻ ആകാമല്ലോ എന്ന് അവൻ വിചാരിച്ചു.

പുതുതായി വന്ന സഹായിയുടെ എളിമയും ക്ഷമയും ഭക്തിയും ആശ്രമത്തിലെ സഹോദരരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജോസെഫിന് ഒന്നിലും പരാതി ഉണ്ടായിരുന്നില്ല. അവർ കൊടുത്ത വസ്ത്രം ധരിച്ചു, കൊടുത്ത ഭക്ഷണം കഴിച്ചു. കുതിരലായത്തിൽ കാണുന്ന പലകയിൽ കിടന്നുറങ്ങി. സമയം കിട്ടുമ്പോഴൊക്കെ ആശ്രമത്തിലെ സഹോദരർക്കായി അവൻ പോയി ഭിക്ഷ യാചിച്ചു. മാത്രമല്ല അവൻ എപ്പോഴും സന്തോഷമുള്ളവനും മറ്റ് സഹോദരരെ എപ്പോൾ കണ്ടാലും ഊഷ്മളതയോടെ സ്വീകരിക്കുന്നവനുമായിരുന്നു. അവനെ സഭയിലേക്ക് സ്വീകരിക്കാനും പുരോഹിതനാക്കാനും അവർ ആഗ്രഹിച്ചു. ദൈവത്തിന്റെ പദ്ധതികൾ നടപ്പാവുന്ന വഴികൾ…!

പക്ഷേ ജോസഫിനുണ്ടോ പഠിക്കാൻ പറ്റുന്നു. എഴുതാനും വായിക്കാനും പോലും ശരിക്കറിയില്ല. ദൈവവചനം പഠിക്കാനും എളുപ്പമല്ല. ഒറ്റ ഒരെണ്ണമേ അവന് ശരിക്കറിയാവൂ, ലൂക്കാ 11:27, ” നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളവ ” ആ വാചകം ഓർക്കുമ്പോഴേക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ അവൻ ആകെ മുങ്ങി പരിസരബോധം നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇങ്ങനെയൊക്കെയാണെങങ്കിലും ആത്മീയപരമായ ചില ചോദ്യങ്ങൾക്കുള്ള അവന്റെ മറുപടി ആരെയും അത്ഭുതപരതന്ത്രമാക്കുന്ന തരത്തിൽ ജ്ഞാനം നിറഞ്ഞതായിരിക്കുകയും ചെയ്യും.

അങ്ങനെ ഡീക്കൻ പട്ടം കൊടുക്കുന്നതിനുവേണ്ടി ബിഷപ്പ് ഓരോരുത്തരോടായി ചോദ്യങ്ങൾ ചോദിക്കുകയാണ്. ജോസഫിനോടായപ്പോൾ ബിഷപ്പിന്റെ കണ്ണ് ചെന്ന് നിന്ന വചനം, അവന് ആകെ അറിയാവുന്ന ലൂക്കാ 11.27 തന്നെ. അതിനെപ്പറ്റി പറയാൻ പറഞ്ഞപ്പോൾ നല്ല രീതിയിൽ തന്നെ അവനത് ചെയ്തിരിക്കുമെന്നതിൽ സംശയം വേണ്ടല്ലോ. ദൈവസഹായമെന്നല്ലാതെ എന്തുപറയാൻ! അടുത്തത് പൗരോഹിത്യം കൊടുക്കുന്നതിനു വേണ്ടിയുള്ള ചോദ്യോത്തരവേള. ബിഷപ്പ് മുന്നിൽ നിന്ന കുറച്ചു പേരോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവർ വളരെ നല്ല രീതിയിൽ തന്നെ ഉത്തരം പറഞ്ഞു. പിന്നെ ബാക്കിയുള്ളവരോട് ചോദിക്കാൻ നിന്നില്ല. എല്ലാവരെയും ജയിപ്പിച്ചു. അക്കൂട്ടത്തിൽ നമ്മുടെ ജോസഫുമുണ്ടായിരുന്നു! അങ്ങനെ ജോസഫും പുരോഹിതനായി എന്ന് പറഞ്ഞാൽ മതിയല്ലോ. ദൈവത്തിന് മഹത്വം.

വൈദികനായെന്നു വെച്ച് താൻ ചെയ്തുവന്നിരുന്ന ജോലികളൊന്നും ജോസഫ് നിർത്തിയില്ല. അടുക്കളയിൽ പാത്രം കഴുകുന്നതും തറ തുടക്കുന്നതും കല്ല് ചുമക്കുന്നതും പോലെ മറ്റുള്ളവർ ചെയ്യാനിഷ്ടപ്പെടാത്ത ജോലികൾ അവൻ ഇഷ്ടത്തോടെ ചെയ്തു. പക്ഷേ പാരവശ്യങ്ങളിൽ( ecstacy) മുഴുകിപോകുന്നത് കൂടുതലായി. പ്രാർത്ഥനക്കിടയിൽ ദൈവസ്നേഹത്തിലാമാഗ്നനായി ചുറ്റും നടക്കുന്നതൊന്നും അറിയാതെ മണിക്കൂറുകൾ അവൻ നിന്നു. സൂചി കൊണ്ട് കുത്തിയാലും ശരീരം പൊള്ളിച്ചാലും ജോസഫ് ധ്യാനത്തിൽ നിന്നുണരുമായിരുന്നില്ല. ഒന്നൊഴികെ. അവന്റെ മേലധികാരി ആജ്ഞാപിച്ചാൽ അബോധമനസ്സിൽ പോലും അനുസരണത്തിന്റെ പ്രതിഫലനം ഉണ്ടായി, അവന്റെ ഭാഷയിൽ പറഞ്ഞാൽ ‘തലച്ചുറ്റലിന്റെ ആലസ്യത്തിൽ’ നിന്ന് അവൻ മോചിതനാകുമായിരുന്നു.

അവൻ വഴിയുള്ള അത്ഭുതങ്ങൾ പെരുകി വന്നു. അന്ധരെ അവൻ തൊടുമ്പോൾ കാഴ്ച ലഭിച്ചു. അസുഖമുള്ള കുട്ടിയെ കയ്യിലെടുത്താൽ അസുഖം മാറി. പരഹൃദയജ്ഞാനം ഉണ്ടായിരുന്നു. വിദ്യാഭ്യാസം കാര്യമായൊന്നുമില്ലെങ്കിലും വിശ്വാസസംബന്ധമോ, ദൈവശാസ്‌ത്രപരമോ ആയ കാര്യങ്ങളിൽ ഉത്തരം പറയാൻ അസാധാരണ കഴിവുണ്ടായിരുന്നു. ജഢികപാപങ്ങളിൽ മുഴുകിയവരെ കണ്ടാൽ അവന് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ആളുകൾ ജോസഫിന്റെ കുമ്പസാരക്കൂട്ടിലേക്കൊഴുകി. പുറത്തുപോകുമ്പോൾ തിരുശേഷിപ്പിനായി അവന്റെ വസ്ത്രക്കഷണണങ്ങൾ ജനങ്ങൾ മുറിച്ചെടുത്തു. ഒരേസമയം ജോസഫ് രണ്ടുസ്ഥലങ്ങളിൽ ആയിരുന്നിട്ടുണ്ട്.

പക്ഷേ, പ്രാർത്ഥനയിൽ സ്വയം മറക്കുമ്പോൾ നിന്നിടത്തു നിന്ന് ഉയരുന്ന സവിശേഷത ഉണ്ടായിരുന്നത് കൊണ്ട് ജോസഫ് കൂപ്പർത്തീനോ ഏറ്റവും പ്രസിദ്ധനായത് ‘പറക്കുന്ന വിശുദ്ധൻ എന്ന പേരിലാണ്. കുർബ്ബാനക്കിടയിൽ പെട്ടെന്ന് ഉയർന്നു പൊങ്ങുന്നത് ആളുകളെ അമ്പരപ്പിച്ചു. ഉത്തരത്തിനടുത്തുള്ള പരിശുദ്ധ അമ്മയുടെ ചിത്രത്തെ പറ്റി ഒന്ന് ധ്യാനിക്കുമ്പോഴേക്ക് ആളിതാ പൊങ്ങി അതിനടുത്തെത്തിയിരിക്കും. ഭക്ഷണം വിളമ്പുന്നതിനിടയിൽ അതുമായി ഉയർന്നു പൊങ്ങിയാൽ എങ്ങനെയിരിക്കും. പുറത്താണെങ്കിൽ ചിലപ്പോൾ പറന്ന് വല്ല മരക്കൊമ്പിലിരുന്ന് അവിടിരുന്നാവും ബാക്കി ധ്യാനം. നൂറുകണക്കിന് ആളുകളാണ് ഇതുപോലുള്ള സംഭവങ്ങളുടെ ദൃക്സാക്ഷികൾ. ഒരിക്കൽ 36 അടിയുള്ള, ഭാരമുള്ള കുരിശ് ഉയർത്തി മറ്റ് രണ്ട് കുരിശുകളുടെ ഇടയിൽ സ്ഥാപിക്കാൻ പണിക്കാർ ബുദ്ധിമുട്ടിയപ്പോൾ ജോസഫ് പറന്ന് ഒരു വൈക്കോൽത്തുരുമ്പ് പിടിക്കുന്ന ലാഘവത്തോടെ കുരിശെടുത്ത് അതിനായി കുഴിച്ചിരുന്ന കുഴിയിൽ കൊണ്ട് നാട്ടി.

പക്ഷേ ഇതിന്റെയൊക്കെ പേരിൽ അവൻ അനുഭവിക്കേണ്ടിവന്ന മാനസികപ്രയാസങ്ങളും സഹനങ്ങളും ചില്ലറയായിരുന്നില്ല. അവന്റെ പൗരോഹിത്യജീവിതത്തിലെ 35 വർഷമാണ് പൊതുവായി ദിവ്യബലി അർപ്പിക്കാൻ കഴിയാതെ ഒരു ചെറിയ ചാപ്പലിൽ മാത്രം അത് ചെയ്യേണ്ടിവന്നത്. എല്ലാവരുടെയുമൊപ്പം ഭക്ഷണം കഴിക്കാനോ യാമപ്രാർത്ഥനകൾ ചൊല്ലാനോ പ്രദക്ഷിണത്തിൽ പങ്കെടുക്കാനോ അനുവാദമുണ്ടായില്ല.

അവന്റെ ഈ പ്രവൃത്തികൾ നല്ല ഉദ്ദേശത്തോടെയല്ലെന്നും മറ്റുള്ളവരുടെ മുൻപിൽ ആളാകുന്നതാണെന്നും ചില പുരോഹിതർ കുറ്റപ്പെടുത്തി. അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾക്ക് ചില ധനികർ കൊടുത്ത സമ്മാനങ്ങൾ അവൻ നിരസിച്ചത് പല വൈദികരിലും നീരസമുണ്ടാക്കി. ശല്യക്കാരൻ എന്ന് മുദ്രകുത്തി വികാരി ജനറാളച്ചന് അവർ പരാതി കൊടുത്തു. നേപ്പിൾസിൽ നിന്ന് അന്വേഷണത്തിന് വന്ന അധികാരികൾക്ക് പരിശോധനക്ക് ശേഷം അവനിൽ ആരോപിക്കാൻ കുറ്റമൊന്നുമുണ്ടായില്ല. ഫ്രാൻസിസ്കൻ സഭയുടെ റോമിലെ സുപ്പീരിയർ ജനറൽ അവന്റെ അഗാധമായ എളിമയിൽ അങ്ങേയറ്റം പ്രീതിയുള്ളവനായി. ഊർബൻ എട്ടാം പാപ്പയുടെ അടുത്തേക്ക് അവനെ കൊണ്ടുപോയി. പാപ്പയെ കണ്ടപ്പോൾ പെട്ടെന്ന് പാരാവശ്യത്തിലാണ്ട ജോസഫ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അന്തരീക്ഷത്തിലേക്കുയർന്നു. വാപൊളിയൻ എന്ന ചീത്തപ്പേരുകേട്ടിരുന്ന ആ പയ്യനെ കാണുന്നവരാണ് ഇപ്പോൾ വാ പൊളിക്കേണ്ടി വരുന്നതെന്നുള്ളതാണ് അതിലെ രസം.

1653ൽ പെറൂജിയായിലെ അന്വേഷണസംഘത്തിലുൾപ്പെട്ടവർ കപ്പുച്ചിൻസിനോട് ജോസഫിനെ അകലെയുള്ള ഏതെങ്കിലും ആശ്രമത്തിൽ അതീവജാഗ്രതയിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചു. അവനെ അന്വേഷിച്ചെത്തുന്ന ജനങ്ങൾ ആ സ്ഥലം കണ്ടെത്തുമ്പോൾ മറ്റൊന്നിലേക്ക് മാറ്റും. അങ്ങനെ നാല് കൊല്ലത്തോളം തുടർന്നു. 1657ൽ അവന്റെ പഴയ കൺവെൺഷ്വൽ ആശ്രമത്തിലെത്തിച്ചു. ഓസിമോയിലെ ആശ്രമത്തിൽ ഒരു സ്വകാര്യ ചാപ്പലുള്ള ചെറിയ മുറിയിൽ അവനെ ആക്കി. നിർദ്ധിഷ്ട സഭാധികാരികൾക്ക് മാത്രമേ അവിടേക്ക് പ്രവേശനമുണ്ടായുള്ളു. അപ്പോഴേക്കും ജോസഫിന്റെ ജീവിതം തന്നെ തുടർച്ചയായ ധ്യാനവും പാരവശ്യങ്ങളും ( ecstacy) ആയി രൂപാന്തരപ്പെട്ടിരുന്നു. ജനനം മുതലേ എല്ലാവരാലും പരിത്യജിക്കപ്പെട്ട ആ ജീവിതം ദൈവത്തിലേക്ക് കൂടുതൽ കൂടുതൽ ഒന്നായി.

ഓസിമോയിൽ നിന്ന് പിന്നെങ്ങോട്ടും ജോസഫ് പോയില്ല. 1663ൽ തുടരേത്തുടരേ അവന് പനിയുണ്ടായി. സ്വർഗ്ഗരോഹണതിരുന്നാൾ വരെ ദിവ്യബലിയർപ്പിച്ചിരുന്നു. പിന്നീട് രോഗക്കിടക്കയിൽ തന്നെ കഴിഞ്ഞുകൂടിയെങ്കിലും ദിവ്യകാരുണ്യസ്വീകരണം മുടക്കിയിരുന്നില്ല. അവസ്ഥ മോശമായപ്പോൾ അന്ത്യകൂദാശ നൽകി. 1663, സെപ്റ്റംബർ 18ന് പുഞ്ചിരിയുള്ള മുഖത്തോടെ വിശുദ്ധ പൗലോസിന്റെ ഈ വാചകങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കെ തന്റെ സ്നേഹനാഥന്റെ അടുക്കലേക്ക് യാത്രയായി “എന്റെ ആഗ്രഹം, മരിച്ചു ക്രിസ്തുവിനോട് കൂടെ ആയിരിക്കാനാണ് ” ( ഫിലിപ്പി 1:23). പോപ്പ് ക്ലെമന്റ് എട്ടാമനാണ് ജോസഫ് കൂപ്പർത്തീനോയെ വിശുദ്ധനായി നാമകരണം ചെയ്തത്.

വിമാനങ്ങൾ കേട്ടുകേൾവി പോലുമില്ലായിരുന്നു അക്കാലത്ത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ വിമാനങ്ങൾ കണ്ടുപിടിക്കപ്പെട്ടപ്പോൾ വൈമാനികരുടെയും വ്യോമയാത്ര ചെയ്യുന്നവരുടെയും മധ്യസ്ഥനാകുവാൻ ജോസഫ് കൂപ്പർത്തീനോയെക്കാൾ യോഗ്യനായ വേറെ വിശുദ്ധനില്ലായിരുന്നു എന്നത് വേറെ കാര്യം. അതുപോലെ പഠനത്തിൽ മികച്ചവരാകുവാൻ വിഡ്ഢിയെന്ന് പഴി കെട്ടിരുന്ന ജോസഫ്‌ തന്നെ വിദ്യാർത്ഥികൾക്ക് മധ്യസ്ഥൻ. പണിക്കാർ തള്ളിക്കളഞ്ഞ കല്ലിനെ മൂലക്കല്ലാകുന്ന മാജിക് ദൈവം ആവർത്തിക്കുന്നു.

ജനനം മുതലേ അവഗണനയും പരിഹാസവും ഏറ്റുവളർന്നെങ്കിലും ജോസഫിനെ അത് തളർത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്തില്ല. വിധിവൈപരീത്യങ്ങളുടെ നടുവിൽ അവൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല കൂടുതലായി ദൈവത്തെ സ്നേഹിച്ചു. ദൈവസ്നേഹത്തിൽ ആമഗ്നനായി പരിസരബോധം ഇല്ലാതെയാവുന്ന അത്രക്ക്. ദൈവഹിതത്തിന് എളിമയോടെ കീഴടങ്ങി ആവുന്നത്ര തന്നെത്തന്നെ താഴ്ത്തി. അതിനാൽ സ്വർഗ്ഗത്തിൽ മാത്രമല്ല ഭൂമിയിലും അവനെ കർത്താവ്‌ മറ്റുള്ളവരെക്കാൾ ഉയർത്തി.തന്നെത്താൻ താഴ്ത്തപ്പെടുന്നവർ ഉയർത്തപ്പെടുമെന്നതിനു ഈ പറക്കുന്ന വിശുദ്ധൻ എത്ര നല്ല ഉദാഹരണമാണ് !

Happy Feast of St. Joseph of Cupertino

ജിൽസ ജോയ് ✍️

Advertisements
Advertisements
St. Joseph of Cupertino in Ecstasy (1762) by Felice Boscaratti
Advertisements
St. Joseph of Cupertino
Advertisements

Leave a comment