“എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം, പക്ഷേ എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കൂ, അപ്പോൾ പിന്നെ ഞാൻ നിന്നെ നിരസിക്കില്ല”.
പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം ഈ വാക്കുകളിൽ വ്യക്തമാണ്. സഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി തിരഞ്ഞുവന്നപ്പോഴും ഈ സ്നേഹമാണ് പിടിച്ചുനിൽക്കാൻ വിശുദ്ധനെ സഹായിച്ചത്. 1918 മുതൽ 1968 വരെ അൻപതുകൊല്ലത്തോളം അദ്ദേഹം പഞ്ചക്ഷതങ്ങൾ വഹിച്ചു, ക്രിസ്തുവിനെ പീഡിപ്പിച്ച, വേദനയുളവാക്കുന്ന, രക്‌തമൊലിക്കുന്ന, മുറിവുകൾ.. സഹനങ്ങൾ ശാരീരികം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള പ്രസിദ്ധി മൂലം, ഒന്ന് കാണാനും അദ്ദേഹത്തിന്റെ അടുത്ത് കുമ്പസാരിക്കാനുമായി ഇടതടവില്ലാതെ പ്രവഹിക്കുന്ന ജനം, ഇതിനിടയിൽ മേലധികാരികളുടെയും പ്രാദേശികവും വത്തിക്കാനിൽ നിന്നുമൊക്കെയുള്ള സംശയദൃഷ്ടിക്കാരുടെ ഇടപെടലുകൾ.
എന്തായിരുന്നു വിശുദ്ധൻ അനുഭവിച്ച വിഷമങ്ങളുടെയെല്ലാം കാരണം? പാപികൾ ദൈവത്തിലേക്ക് തിരിച്ചുവരണമെന്നും ലോകം രക്ഷപ്പെടണമെന്നൊക്കെയുള്ള അദ്ദേഹത്തിന്റെ ഇടതടവില്ലാത്ത പ്രാർത്ഥന.
അനേകം നിയന്ത്രണങ്ങളാണ് പാദ്രെ പിയോയുടെ മേൽ അടിച്ചേൽപ്പിച്ചത്. പഞ്ചക്ഷതങ്ങൾ ആരെയെങ്കിലും കാണിക്കാനോ സന്ദർശകരെ സ്വീകരിക്കാനോ പൊതുവായി കുർബ്ബാന അർപ്പിക്കാനോ കുർബ്ബാന 30-40 മിനിറ്റിൽ കൂടാനോ പാടില്ലെന്ന കഠിനനിയന്ത്രണങ്ങൾ. അദ്ദേഹം എല്ലായ്പ്പോഴും അനുസരിച്ചു, സന്തോഷത്തോടെ തന്നെ.
പിത്താശയത്തിൽ ഒരു ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ ബോധം കെടുത്തുന്നതിനു അദ്ദേഹം വിസമ്മതിച്ചു. അതിന്റെ കാരണം ചോദിച്ചപ്പോൾ പാദ്രെ പിയോ പറഞ്ഞത് ഇതായിരുന്നു, ആരും കാണരുതെന്ന് അധികാരികൾ വിലക്കിയ പഞ്ചക്ഷതങ്ങൾ അദ്ദേഹത്തിന് ബോധമില്ലാത്തപ്പോൾ ഡോക്ടർ എങ്ങാനും കാണാൻ ശ്രമിച്ചാലോ? അദ്ദേഹത്തിന്റെ അനുസരണയുടെ ആഴം നമ്മെ വിസ്മയിപ്പിക്കും. രണ്ട് മണിക്കൂർ നേരത്തേക്ക് പച്ചശരീരത്തിൽ കത്തി കയറ്റുന്ന, തുന്നിക്കെട്ടുന്ന വേദന അദ്ദേഹം സഹിച്ചു. കണ്ണുനീർ ധാരധാരയായി പ്രവഹിച്ചു. കരഞ്ഞുകൊണ്ട് പറഞ്ഞു, ” യേശുവേ, സഹിക്കേണ്ടതെങ്ങനെയെന്നു എനിക്കറിയില്ലെങ്കിൽ എന്നോട് ക്ഷമിക്കണേ “. അവസാനം വേദനയുടെ ആധിക്യം കൊണ്ട് അദ്ദേഹം ബോധരഹിതനായി.
താടിക്കാരൻ സഹോദരനാവാൻ
1887 മെയ് 25ന് ഗ്രാസിയോ ഫോർജിയോണെ, മരിയ ജുസെപ്പ ദെ ന്യൂൺസിയോ എന്നിവരുടെ മകനായി ജനിച്ചു, അടുത്ത ദിവസം മാമോദീസ നൽകി ഫ്രാൻസെസ്കോ എന്ന് പേരിട്ടു. ഇറ്റലിയിൽ ബെനെവെന്തോ പ്രൊവിൻസിലെ പിയെത്രേൽചിനയിലാണ് അവർ താമസിച്ചിരുന്നത്. കഠിനാദ്ധ്വാനികളായ, സരളഹൃദയരായ, സംഗീതസാന്ദ്രമായി ആഘോഷങ്ങൾ നടത്തിയിരുന്ന കൂട്ടരായിരുന്നു അവിടത്തുകാർ.
അഞ്ചുവയസ്സുള്ളപ്പോൾ ആരോ ദൈവദൂഷണം പറയുന്നത് കേട്ട ഫ്രാൻസെസ്കോ വാതിലിനു പിന്നിൽ ഒളിച്ച് വിതുമ്പി. ദൈവത്തെ അപമാനിക്കുന്നത് ആ നിഷ്കളങ്കഹൃദയത്തിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പള്ളിയിൽ പോവാൻ അവന് വളരെയിഷ്ടമായിരുന്നു. പള്ളിപരിപാടികൾ ഒന്നുപോലും വിട്ടുകളയുമായിരുന്നില്ല. മതബോധനക്‌ളാസ്സുകൾ കൂടി, അൾത്താരശുശ്രൂഷി ആവാൻ നേരത്തെ തന്നെ പഠിച്ചു. പത്തുവയസുള്ളപ്പോൾ ആദ്യകുർബ്ബാനസ്വീകരണം നടന്നു. ചീത്തവാക്കുകൾ പറയുന്ന കുട്ടികളുടെ കൂടെ കൂടിയിരുന്നില്ല.ചെറുപ്രായത്തിൽ തന്നെ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും കാവൽമാലാഖയുടെയും ദർശനങ്ങൾ ലഭിച്ചിരുന്നു. ആട് മേയ്ക്കാൻ പോകുമ്പോൾ ധാരാളം ജപമാലകൾ ചൊല്ലിയിരുന്ന അവൻ പരിത്യാഗപ്രവൃത്തികളും വിട്ടുകളഞ്ഞില്ല.
1898ൽ ഒരു കപ്പുച്ചിൻ സഹോദരൻ ഭക്ഷണം യാചിക്കുന്നവനായി പിയെത്രേൽചിനയിലേക്ക് വന്നു. സഹോദരൻ കാമിലോ. നീണ്ട താടിമീശയും പുറകിൽ ഒരു സഞ്ചിയും ഉണ്ടായിരുന്ന അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെട്ടു. ഫ്രാൻസെസ്കോയുടെ അമ്മ ധാരാളം ഗോതമ്പ് ആൾക്ക് കൊടുത്തു. അദ്ദേഹം കണ്ണിൽ നിന്ന് മറയും വരെ ഫ്രാൻസെസ്കോ നോക്കിനിന്നു. എന്നിട്ട് തിരിഞ്ഞു അപ്പനോട് പറഞ്ഞു, “എനിക്കൊരു പുരോഹിതനാവണം, കുറെ താടിയുള്ള ഒരു പുരോഹിതൻ “. “തീർച്ചയായും” അവന്റെ പിതാവ് പറഞ്ഞു.
പ്രാർത്ഥനയുടെ മനുഷ്യൻ
1903 ജനുവരി 6ന് കപ്പുച്ചിൻ സഹോദരരുടെ മൈനർ സഭയിൽ നോവീഷ്യെറ്റിൽ ചേർന്നു. ഫ്രാൻസിസ്കൻ സഭാവസ്ത്രവും സഹോദരൻ പിയോ എന്ന പേരും സ്വീകരിച്ചു. 1910, ഓഗസ്റ് 10 ന് പൗരോഹിത്യസ്വീകരണം നടന്നു . 1916, ജൂലൈ 28ന് സാൻ ജോവാനി റോത്തോന്തോയിൽ എത്തി, പിന്നീട് മരണം വരെ അവിടെയായിരുന്നു.
പാദ്രേ പിയോയുടെ ജീവിതം വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. എല്ലാം ആഗ്രഹിച്ചതും ചെയ്തതും വിശ്വാസത്തിന്റെ വെളിച്ചത്തിലായിരുന്നു. ദൈവത്തോടുള്ള സംസാരത്തിൽ പകലും രാത്രിയുടെ നല്ലൊരു ഭാഗവും ചിലവഴിച്ചു.
അദ്ദേഹം പറയാറുണ്ട്, ” പുസ്തകങ്ങളിൽ നാം ദൈവത്തെ അന്വേഷിക്കുന്നു. പ്രാർത്ഥനയിൽ നമ്മൾ അവനെ കണ്ടെത്തുന്നു. ദൈവത്തിന്റെ ഹൃദയം തുറക്കുന്ന താക്കോലാണ് പ്രാർത്ഥന. പ്രാർത്ഥിക്കുന്ന ഒരു സാധു സഹോദരൻ ആവണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം “.
” വിശുദ്ധ കുർബ്ബാന ആയിരുന്നു അദ്ദേഹത്തിന്റെ ദിവസത്തിന്റെ ഹൃദയം എന്ന് പറയാവുന്നത്, അദ്ദേഹം എപ്പോഴും കരുതലോടെ ചിന്തിച്ചിരുന്ന കാര്യം, ബലിയർപ്പകനും ബലിയുമായ ഈശോയോട് ഒന്നാകുന്ന നിമിഷങ്ങൾ ” 1999, may 3ന് റോമിൽ വലിയൊരു ജനാവലിയോട് സംസാരിക്കവേ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു.
1918 സെപ്റ്റംബർ 20 ന് വിശുദ്ധ ബലിക്ക് ശേഷം ക്രൂശിതരൂപത്തിന് മുന്നിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന് പഞ്ചക്ഷതങ്ങൾ ലഭിക്കുന്നത്…..” ആന്തരികവും ബാഹ്യവുമായ ഇന്ദ്രിയങ്ങൾ നിശ്ചലമായി, ആത്മാവിന്റെ ചലനങ്ങൾ നിലച്ച് ശാന്തമായി. പൂർണ്ണമായ നിശബ്‍ദത എന്നെ വലയം ചെയ്തു. അപ്പോൾ ഞാനൊരു ദിവ്യരൂപത്തെ കണ്ടു…ആ രൂപത്തിന്റെ കയ്യിൽ നിന്നും കാലിൽ നിന്നും പാർശ്വത്തിൽ നിന്നും രക്തം പ്രവഹിച്ചിരുന്നു. ആ കാഴ്ച എന്നെ ഭയചകിതനാക്കി…..ദർശനം അവസാനിക്കുമ്പോൾ എന്റെ കയ്യിൽ നിന്നും പാദത്തിൽ നിന്നും പാർശ്വത്തിൽനിന്നും രക്തം വരുന്നെന്നു ഞാൻ മനസ്സിലാക്കി. അന്ന് എനിക്കുണ്ടായതും ഇപ്പോൾ ഏതാണ്ട് എല്ലാ ദിവസവും അനുഭവിക്കുന്നതുമായ വേദന സങ്കൽപ്പിച്ചു നോക്കു. ഹൃദയത്തിലെ മുറിവിൽ നിന്ന് മിക്കപ്പോഴും രക്തം വന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് വ്യാഴാഴ്ച ഉച്ചതിരിയുന്നതോടു കൂടി.. ശനിയാഴ്ച വരെ”.
മറ്റുള്ളവർക്കായി ജീവിച്ചവൻ
പാദ്രെ പിയോയുടെ ജീവിതത്തിലെ അസാധാരണ സംഭവം പഞ്ചക്ഷതങ്ങൾ മാത്രമായിരുന്നില്ല.അനേകം അത്ഭുതങ്ങൾ അദ്ദേഹം വഴിയായി നടന്നു. ഈശോയോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടും ശുദ്ധീകരണാത്മാക്കളോടും കാവൽമാലാഖയോടുമൊക്കെ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ഇതുവരെ കാണാത്ത മനുഷ്യരുടെ ഹൃദയം വായിക്കാനറിയുന്ന കുമ്പസ്സാരക്കാരനായിരുന്നു. ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ കണ്ടവരുണ്ട്. അദ്ദേഹത്തിന്റെ കുർബ്ബാനയിൽ പങ്കെടുക്കാനും കുമ്പസാരിക്കാനും ബാൻഡേജിട്ട കൈ കാണാനുമൊക്കെയായി ഓടിയണഞ്ഞ ആയിരങ്ങൾക്ക് പാദ്രേ പിയോ ദൈവത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു.
50 ൽ പരം വർഷങ്ങൾ, കുമ്പസാരിക്കാനും ഉപദേശത്തിനായും ആശ്വാസവചനങ്ങൾക്കായും തന്നെ തേടിയെത്തിയ എണ്ണമറ്റ മനുഷ്യരെ സ്വാഗതം ചെയ്തുകൊണ്ട് അയൽക്കാരനോടുള്ള സ്നേഹം പിയോ അച്ചൻ പ്രകടമാക്കി. എല്ലായിടത്തും മനുഷ്യർ അദ്ദേഹത്തെ വളഞ്ഞു വീർപ്പുമുട്ടിച്ചു. പള്ളിയിലും സാക്രിസ്റ്റിയിലും താമസസ്ഥലത്തുമൊക്കെ അവർ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം എല്ലാവർക്കും എല്ലാമായിരുന്നു പ്രത്യേകിച്ച് ദരിദ്രർക്ക്, നിരാശയിൽ ഉഴലുന്നവർക്ക്, രോഗികൾക്ക് . ഒരു കൈ എപ്പോഴും പോക്കറ്റിലെ ജപമാലയിൽ ആയിരുന്നു. നാൽപ്പതോളം ജപമാലകൾ പാദ്രെ പിയോ ഒരു ദിവസം ചൊല്ലിയിരുന്നു.
പ്രാർത്ഥനാസംഘങ്ങളെ ഇറ്റലിയിലും പുറത്തും പാദ്രെ പിയോ പ്രോത്സാഹിപ്പിച്ചു. ” പ്രാർത്ഥിക്കൂ ” അദ്ദേഹം അവരോട് പറഞ്ഞു, ” കർത്താവിനോട് എന്നോടൊപ്പം പ്രാർത്ഥിക്കൂ, കാരണം ഈലോകം മുഴുവനും നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ട്”.അതോടൊപ്പം അദ്ദേഹത്തിന്റെ കരുണയും മറ്റുള്ളവരിലേക്കൊഴുകി. സാൻ ജോവാനി റോത്തോന്തോയിൽ ഒരു ആധുനിക ആശുപത്രി സ്ഥാപിക്കാൻ അദ്ദേഹം യത്നിച്ചു, അദ്ദേഹത്തിന്റെ ഭാഷയിൽ “പീഡിതർക്ക് ആശ്വാസത്തിനായൊരു ഭവനം”. 1956 മെയ് 5ന് ആ കെട്ടിടം ഉത്ഘാടനം ചെയ്യപ്പെട്ടു.
പാദ്രെ പിയോ തന്റെ നിത്യസമ്മാനത്തിനായി 1968, സെപ്റ്റംബർ 23 ന് ഈ ലോകം വിട്ട് യാത്രയായി. തലേദിവസം സഹോദരന്മാരോട് പറഞ്ഞു, “നാളെ പ്രഭാതത്തിൽ നിങ്ങൾ എനിക്കുവേണ്ടി ബലിയർപ്പിക്കും “. “അച്ചൻ ഞങ്ങളെ വിട്ടുപോയാൽ ഞങ്ങൾക്കാരാണുള്ളത്?” എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി, “എന്റെ മരണശേഷം ഞാൻ ഇന്നുള്ളതിനേക്കാൾ കൂടുതൽ പ്രവർത്തനനിരതനായിരിക്കും. ഞാൻ ജീവിച്ചിരിക്കുമ്പോൾ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മരണശേഷം ചെയ്യും. എന്റെ സാന്നിധ്യം ഇവിടെ എന്നേക്കും ഉണ്ടായിരിക്കും” എന്നായിരുന്നു.
1999 മെയ് 2 ന് വാഴ്ത്തപ്പെട്ടവനായ അദ്ദേഹത്തെ 2002 ജൂൺ 16 ന് വിശുദ്ധ ജോൺപോൾ രണ്ടാമൻപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത് റോമാനഗരം കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തിയാണ്. . പിയെത്രൽചിനയിലെ വിശുദ്ധ പീയൂസ് എന്ന് അദ്ദേഹം വണങ്ങപ്പെടുന്നു.
1971, ഫെബ്രുവരി 20 ന് ജോൺപോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ പറ്റി ഇങ്ങനെ പറഞ്ഞു ,” എത്ര പ്രസിദ്ധിയാണ് അദ്ദേഹത്തിനുണ്ടായതെന്ന് നോക്കു, ലോകം മുഴുവനിൽ നിന്നുമുള്ള അനുയായികൾ അദ്ദേഹത്തിന്റെ ചുറ്റും കൂടി ! എന്തുകൊണ്ട്? അദ്ദേഹം ഒരു തത്വചിന്തകൻ ആയിരുന്നതുകൊണ്ടാണോ? അതോ പണ്ഡിതൻ? സമ്പന്നൻ? അല്ല, കാരണം അദ്ദേഹം എളിമയോടെ വിശുദ്ധ കുർബ്ബാനയർപ്പിച്ചു, പ്രഭാതം മുതൽ പ്രദോഷം വരെ കുമ്പസാരം കേട്ടു, അദ്ദേഹം നമ്മുടെ കർത്താവിന്റെ മുറിവുകൾ വഹിച്ചു (പറയുന്നത്ര എളുപ്പമല്ല). അദ്ദേഹം പ്രാർത്ഥനയുടെയും സഹനത്തിന്റെയും മനുഷ്യനായിരുന്നു! “
Happy Feast of St. Pius of Pietrelcina
ജിൽസ ജോയ്


