St. Maria Faustina Kowalska | വി. മേരി ഫൗസ്റ്റീന

ഏപ്രിൽ 30, 2000. തന്റെ കരുണയുടെ സെക്രട്ടറി എന്ന് ഈശോ വിശേഷിപ്പിച്ച പോളണ്ടുകാരിയായ സിസ്റ്റർ മേരി ഫൗസ്റ്റീന കൊവാൽസ്‌കയെ മറ്റൊരു പോളണ്ടുകാരൻ വിശുദ്ധ ജോൺപോൾ പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സുന്ദരമുഹൂർത്തം. ഈസ്റ്ററിന്റെ രണ്ടാമത്തെ ഞായറാഴ്ച ആയിരുന്ന അന്ന്, ഇനിമുതൽ ആഗോളസഭ ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായറാഴ്ചകളെല്ലാം ദൈവകാരുണ്യ ഞായർ ആയി ആചരിക്കുമെന്ന് പിതാവ് പ്രഖ്യാപിച്ചു.

ആയിരക്കണക്കിന് മനുഷ്യരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന സെന്റ് പീറ്റേഴ്സ് സ്കയറിനെ സാക്ഷിനിർത്തി പാപ്പ പ്രസംഗത്തിനിടയിൽ പറഞ്ഞു… “നമ്മുടെ ഈ കാലഘട്ടത്തിന് വേണ്ടി ദൈവം തന്ന ഒരു ദാനമായി സിസ്റ്റർ ഫൗസ്റ്റീനയുടെ ജീവിതത്തെയും സാക്ഷ്യത്തെയും ആഗോളസഭക്ക് ഇന്ന് നൽകുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്… ഈശോ ഫൗസ്റ്റീനയോട് പറഞ്ഞു,’ദൈവകാരുണ്യത്തിലേക്ക് ശരണത്തോടെ മനുഷ്യകുലം പിന്തിരിയാത്തിടത്തോളം കാലം അത്‌ സമാധാനം കണ്ടെത്തുകയില്ല’… സിസ്റ്റർ ഫൗസ്റ്റീനയുടെ നാമകരണം ഒരു പ്രത്യേക കാര്യം വിളിച്ചുപറയുന്നു. ഇതിലൂടെ പുതിയ സഹസ്രാബ്ദത്തിലേക്ക്, എല്ലാ മനുഷ്യരിലേക്കും, ഒരു സന്ദേശം പകർന്നുകൊടുക്കാൻ ഞാനാഗ്രഹിക്കുന്നു.

പരിശുദ്ധ പിതാവ് തുടർന്നു: ” ആഴത്തിൽ സ്നേഹിക്കാൻ നമുക്ക് എളുപ്പമല്ല. ആ സ്നേഹം പഠിച്ചെടുക്കണമെങ്കിൽ ദൈവസ്നേഹമെന്ന രഹസ്യത്തിലേക്ക് നമ്മൾ പ്രവേശിക്കണം. അവനെ നോക്കിക്കൊണ്ട്, പിതാവിന്റേതായ അവന്റെ ഹൃദയവുമായി ഒന്നായിക്കൊണ്ട് നമ്മുടെ സഹോദരന്മാരെയും സഹോദരികളെയും പുതിയൊരു കണ്ണുകൊണ്ട് കാണാൻ സാധിക്കും, നിസ്വാർത്ഥമായി, ഐക്യദാർഢ്യത്തോടെ,ദയയോടെ, ക്ഷമയോടെ. ഇതെല്ലാം കരുണയാണ് ! ദൈവകരുണയുടെ സന്ദേശം പരോക്ഷമായി ഓരോ മനുഷ്യനുമുള്ള മൂല്യത്തിന്റെ സന്ദേശമാണ്. ഓരോ വ്യക്തിയും ദൈവത്തിന്റെ കണ്ണിൽ വിലപ്പെട്ടവനാണ്..വിലപ്പെട്ടവളാണ്. ക്രിസ്തു അവന്റെ ജീവൻ നമുക്കൊരോരുത്തർക്കുമായി നൽകി..പിതാവ് എല്ലാവർക്കും അവന്റെ ആത്മാവിനെ തന്ന് അവനിലേക്ക് അടുപ്പിക്കുന്നു…

..അല്ലയോ ഫൗസ്റ്റീന, ഈ കാലഘട്ടത്തിന് ദൈവം നൽകിയ, ആഗോളസഭക്ക് പോളണ്ട് നൽകിയ സമ്മാനമേ, ദൈവകാരുണ്യത്തിന്റെ ആഴത്തെപ്പറ്റി ഞങ്ങൾക്ക് ഒരവബോധം നേടിത്തരണമേ. അതിന്റെ സജീവാനുഭവം ഞങ്ങൾക്കുണ്ടാകുവാൻ, ഞങ്ങളുടെ സഹോദരങ്ങളുടെയിടയിൽ അതിന് സാക്ഷ്യം വഹിക്കാൻ, ഞങ്ങളെ നീ സഹായിക്കണമേ. ഇന്ന് നിന്നോടൊത്ത്, ഉത്ഥാനം ചെയ്ത നാഥന്റെ മുഖത്ത് ദൃഷ്ടികൾ ഉറപ്പിച്ചുകൊണ്ട് നിന്റെ പ്രത്യാശാപൂർണ്ണമായ സമർപ്പണത്തിന്റെ പ്രാർത്ഥന ഞങ്ങളും സ്വന്തമാക്കട്ടെ ; ഉറച്ച ശരണത്തോടെ ഞങ്ങളും പറയുന്നു : യേശുവേ ഞങ്ങളങ്ങയിൽ ശരണപ്പെടുന്നു “.

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പ്രേഷിത എന്നാണ് ജോൺപോൾ രണ്ടാമൻ പാപ്പ സിസ്റ്റർ ഫൗസ്റ്റീനയെ വിളിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങളുടെ ഇടവേളയിലാണ് ക്രിസ്തു തന്റെ കരുണയുടെ സന്ദേശം അവളെ ഏൽപ്പിച്ചത്. ആ ഭീകരകാലഘട്ടത്തിൽ ജീവിച്ചിരുന്നവർക്ക് മാത്രമല്ല എല്ലാ കാലത്തും അനിവാര്യമായതാണത്. തന്റെ സ്നേഹത്തെ ഉപേക്ഷിച്ച് വിട്ടുപോയ ധൂർത്തപുത്രൻ തിരിച്ചുവരാൻ കാത്തിരുന്ന് വാരിപ്പുണരുന്ന പിതാവിനെ തിരുവചനത്തിലൂടെ പുത്രൻ കാണിച്ചുതന്നിട്ടു പോലും ആ കരുണയെ അവിശ്വസിക്കുന്നവർക്കായി തന്റെ ദൈവകരുണയുടെ പ്രവാചികയിലൂടെ വ്യക്തമായ സന്ദേശങ്ങൾ ഈശോ നൽകി. “എന്റെ മകളെ, ഞാൻ സ്നേഹത്തിന്റെയും കരുണയുടെയും മൂർത്തീഭാവമാണെന്ന് ലോകത്തോട് പറയുക “. കന്യാമഠത്തിന് പുറത്തു പോയി വേലയെടുക്കാത്ത ആ മിസ്റ്റിക് കന്യാസ്ത്രീയുടെ പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും സെറാഫിനോട് കിടപിടിയ്ക്കുന്ന സ്നേഹതീക്ഷ്ണതയിലൂടെയും ആയിരക്കണക്കിന് ആത്മാക്കളാണ് അവൾ ജീവിച്ചിരിക്കെ തന്നെ ദൈവകരുണയിലൂടെ രക്ഷപ്പെട്ടത്.

“പഴയനിയമത്തിൽ ഞാൻ ഇടിമിന്നലുകളുമായി പ്രവാചകന്മാരെ എന്റെ ജനത്തിന്റെ പക്കലേക്കയച്ചു. ഇന്ന് ഞാൻ എന്റെ കരുണയുമായി നിന്നെ മനുഷ്യകുലം മുഴുവനിലേക്കുമായി അയക്കുന്നു. വേദനിക്കുന്ന മനുഷ്യരാശിയെ ശിക്ഷിക്കുവാനല്ല, പ്രത്യുത മാറോടണച്ചു അതിനെ സുഖപ്പെടുത്താൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ നിർബന്ധിക്കുമ്പോൾ മാത്രമാണ് ശിക്ഷിക്കേണ്ടി വരുന്നത്…നീതിയുടെ ദിവസത്തിന് മുൻപ് കാരുണ്യത്തിന്റെ ദിവസം ഞാൻ നൽകുന്നു”.

അവളുടെ ദൗത്യം മൂന്ന് വിധത്തിലായിരുന്നു.

ആദ്യത്തേത്, ഓരോ മനുഷ്യന് നേർക്കുമുള്ള ദൈവത്തിന്റെ കരുണ നിറഞ്ഞ സ്നേഹത്തെ പറ്റി തിരുവചനങ്ങളിൽ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ ലോകത്തെ ഓർമ്മിപ്പിക്കുക..

രണ്ടാമത്തേത്, ലോകം മുഴുവനും വേണ്ടി പ്രത്യേകിച്ച് പാപികൾക്കായി ദൈവകാരുണ്യഭക്തിയുടേതായ പുതിയ മാർഗ്ഗങ്ങളിലൂടെ -ദൈവകരുണയുടെ ചിത്രം വണങ്ങുക, പുതുഞായറാഴ്ച ദൈവകരുണയുടെ തിരുന്നാൾ ആചരിക്കുക, കരുണക്കൊന്ത ചൊല്ലുക, മൂന്ന് മണിക്ക് ദൈവകരുണയുടെ മണിക്കൂറിന്റെ പ്രാർത്ഥന ചൊല്ലുക..തുടങ്ങിയവയിലൂടെ – ദൈവകരുണ യാചിക്കുക.

മൂന്നാമത്തേത്, ലോകത്തോട് ദൈവകരുണയെപ്പറ്റി പ്രഘോഷിക്കാനും ദൈവകരുണ യാചിക്കാനും നല്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നതിലൂടെ ക്രിസ്തീയപൂർണ്ണത കൈവരിക്കാൻ പരിശ്രമിക്കാനുമൊക്കെയായി ദൈവകരുണയുടെ അപ്പസ്തോലികപ്രസ്ഥാനങ്ങൾക്ക് തുടക്കമിടുക..

ദൈവത്തിൽ കുഞ്ഞുങ്ങളുടേത് പോലെയുള്ള വിശ്വാസവും ശരണവും വെക്കുന്നത്, ദൈവഹിതം പ്രവർത്തിച്ചു കൊണ്ട് അത്‌ വെളിവാക്കുന്നത് , അയൽക്കാരന് നേരെയുള്ള കരുണ ഇതെല്ലാമാണ് ചട്ടങ്ങളിൽ പെടുന്നത്. ഇന്ന് ലോകം മുഴുവനിലുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഈ യത്നത്തിലുണ്ട്.

ഈശോ ഫൗസ്റ്റീനക്ക് കൊടുത്ത ഒരു ദർശനത്തിൽ…”ഈശോയെ തൂണിൽ കെട്ടിയിരിക്കുന്നു. വസ്ത്രങ്ങൾ മാറ്റി ചമ്മട്ടി കൊണ്ടടി തുടങ്ങി. നാല് പുരുഷന്മാർ മാറി മാറി അവിടുത്തെ അടിച്ചു.എന്റെ ഹൃദയം സ്തംഭിച്ചപോലെയായി…” മനുഷ്യരുടെ അശുദ്ധപാപങ്ങൾ മൂലമുള്ള കഠിനപീഡയായിരുന്നു അത്‌. ‘നീ കണ്ടതിലും വലിയ വേദന ഞാൻ സഹിച്ചുകൊണ്ടിരിക്കുന്നു”. അവിടുന്ന് പറഞ്ഞു. ‘മനുഷ്യകുലത്തിന്റെ ഇന്നത്തെ അവസ്ഥ കാണുക’..” ഒരു നിമിഷം..ഭീകരകാഴ്ചകൾ ഞാൻ കണ്ടു. ചമ്മട്ടിയടിച്ചവർ ഇതാ മാറി ; വേറെ മനുഷ്യർ അവിടുത്തെ നിർദാക്ഷിണ്യം അടിക്കാൻ തുടങ്ങി. ഇവരോ പുരോഹിതർ, സന്ന്യാസിനിസന്ന്യാസികൾ, സഭയിലെ ഉന്നതർ, അൽമായർ തുടങ്ങിയവർ….ആദ്യത്തെ ചമ്മട്ടിയടിയേറ്റപ്പോൾ ഈശോ നിശബ്ദനായി വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. എന്നാൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവർ തുടർന്നപ്പോൾ അവിടുന്ന് കണ്ണുകളടച്ചു. ഹൃദയത്തിൽ നിന്ന് അവിടുന്ന് പറഞ്ഞു,”നോക്കൂ, ഈ പീഡനം എന്റെ മരണത്തെക്കാൾ കഠിനമാണ്…”

മഠത്തിലെ മറ്റ് കന്യസ്ത്രീകളിൽ നിന്നുള്ള എണ്ണമറ്റ കുത്തുവാക്കുകളും നിന്ദനവും രോഗവും ആത്മീയ പീഡനങ്ങളും സാത്താന്റെ നിന്ദനങ്ങളും എല്ലാം പാപികളുടെ ആത്മരക്ഷക്കായും അതുവഴി ഈശോക്ക് ആശ്വാസം നൽകുന്നതിനായും അവൾ ഏറ്റെടുത്തു. ഒരു ആദ്യവെള്ളിയാഴ്ച, കുർബ്ബാനസ്വീകരണത്തിന് മുൻപായി ലഭിച്ച ദർശനത്തിൽ വലിയൊരു കുസ്തോദി അവളുടെ മുൻപിലേക്ക് വന്നു. അത് നിറയെ ആയിരത്തോളം ചെറിയ ഓസ്തികൾ. ഒരു സ്വരം അവൾ കേട്ടു, “ഈ നോമ്പുകാലത്ത് യഥാർത്ഥ അനുതാപത്തിന്റെ കൃപ നീ നേടിക്കൊടുത്ത പാപികൾ സ്വീകരിച്ച തിരുവോസ്തികളാണിവ”.

“ഓ എന്റെ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിൽ എന്നെ വെല്ലാൻ ഞാൻ ആരേയും അനുവദിക്കില്ല”..ഈ പറച്ചിലിൽ അടങ്ങിയിട്ടുണ്ട് അവളുടെ എല്ലാ സമർപ്പണവും. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ തിരിച്ചൊന്നും പറയാതെ സഹിക്കുന്നത് കണ്ട് മറ്റുള്ളവർ വിചാരിച്ചിട്ടുണ്ട് ഒന്നുകിൽ ഇവൾ ഒരു മണ്ടി അല്ലെങ്കിൽ പുണ്യവതി. അവളുടെ മുഖം പ്രസന്നമായി കണ്ട ഒരു ദിവസം ഒരു സിസ്റ്റർ അവളോട് പറഞ്ഞു, “സിസ്റ്ററിന്റെ മുഖം പ്രസന്നമായിരിക്കുന്നല്ലോ. ദൈവം നിനക്ക് സഹനങ്ങൾക്ക് പകരം ആശ്വാസമായിരിക്കും തരുന്നത്”. ” സഹോദരി, നിനക്ക് തെറ്റി”. ഫൗസ്റ്റീന പറഞ്ഞു. “ഞാൻ വളരെ സഹിക്കുമ്പോഴാണ് എന്റെ സന്തോഷം അധികമാകുന്നത്. സഹനം കുറയുമ്പോൾ എന്റെ ആനന്ദവും കുറയുന്നു”.ഇത് കേട്ട് ആ സിസ്റ്റർ അത്ഭുതപ്പെട്ടു. അപ്പോൾ ഫൗസ്റ്റീന പറഞ്ഞു, ” നമ്മൾ വളരെ സഹിക്കുമ്പോൾ, നാം ദൈവത്തെ സ്നേഹിക്കുന്നുവെന്നു കാണിക്കാനുള്ള വലിയ അവസരമാണത്. കാരണം അല്പമായാൽ ദൈവത്തെ നമ്മുടെ സ്നേഹം കാണിക്കാൻ ചെറിയ അവസരം മാത്രമേ നമുക്ക് കിട്ടുന്നുള്ളു. ഒട്ടും സഹനമില്ലാത്തപ്പോൾ നമ്മുടെ സ്നേഹം ശ്രേഷ്ഠമോ നിർമ്മലമോ ആകുന്നുമില്ല.ദൈവകൃപയാൽ സഹനം ആനന്ദമായി മാറുന്ന ഒരു അവസ്ഥ നമുക്ക് നേടാൻ പറ്റും. കാരണം സ്നേഹത്തിന് നമ്മുടെ ആത്മാക്കളിൽ അത്തരം കാര്യങ്ങൾ നിറവേറ്റാൻ സാധിക്കും”.

ഈശോ ഒരിക്കൽ പറഞ്ഞു, “എന്റെ മകളെ, നിന്റെ ഹൃദയമാണ് എന്റെ സ്വർഗ്ഗം”. ഒരു ദിവസം ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം അവളീ വാക്കുകൾ കേട്ടു, ” നീ ഞങ്ങളുടെ വാസഗേഹമാണ്”.അപ്പോൾ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം ആത്മാവിൽ അവൾക്ക് അനുഭവപ്പെട്ടു. ത്രീയെകദൈവവുമായി ഐക്യപ്പെട്ടാണ് അവൾ കഴിഞ്ഞത്. സഹനത്തിലൂടെയും ദൈവഹിതം നിറവേറ്റുന്നതിലൂടെയും ദൈവത്തെ അത്രയും പ്രീതിപ്പെടുത്തിയതുകൊണ്ട് തന്നെ, അവൾ പറയുമ്പോൾ മഴ പെയ്യിക്കാനും അവശയായി പുറത്ത് പണിയെടുക്കുന്ന സമയത്ത് സൂര്യന്റെ ചൂടിനെ മറയ്ക്കാനും, ഒരു വെള്ളിയാഴ്ചയിൽ അന്ന് മരിക്കുന്നത് കൊടിയ പാപി ആയാൽ പോലും നിത്യാഗ്നിയിലേക്ക് വീഴാതെ രക്ഷ പ്രാപിക്കണം എന്നൊക്കെയുള്ള അവളുടെ അപേക്ഷ സാധിച്ചുകൊടുക്കാനുമൊക്കെ ഈശോക്ക് സന്തോഷമായിരുന്നു.

ഏറെ നാൾ നീണ്ടുനിന്ന കഠിനപീഡകൾക്ക് ശേഷമാണ് ക്ഷയരോഗം ബാധിച്ച് 1938 ഒക്ടോബർ 5ന് സിസ്റ്റർ ഫൗസ്റ്റീന മരിക്കുന്നത്..

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർഗ്ഗനരകദൃശ്യങ്ങൾ കാണാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അവളോട് ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം ഒരിക്കൽ ഈശോ പറഞ്ഞിരുന്നു, “…നീയിപ്പോൾ കാണുന്നത് ചെറിയൊരംശം മാത്രമാണ്. എന്നിട്ടും നിന്റെ ആത്മാവ് സ്നേഹം കൊണ്ട് മോഹാലസ്യപ്പെടുന്നു. എന്റെ സർവ്വമഹത്വത്തിലും നീയെന്നെ കാണുമ്പോൾ നീയെത്രമാത്രം അത്ഭുതപ്പെടും. എന്നാൽ ഞാൻ നിന്നോട് പറയുന്നു,നിത്യജീവൻ ദിവ്യകാരുണ്യത്തിലൂടെ ഭൂമിയിൽവെച്ചുതന്നെ തുടങ്ങണം. ഓരോ കുർബ്ബാനസ്വീകരണവും നിത്യതയിൽ ദൈവവുമായി ഐക്യപ്പെടാനുള്ള സിദ്ധി വർദ്ധിപ്പിക്കുന്നു “

സ്വർഗ്ഗത്തിൽ തന്റെ പ്രിയപ്പെട്ടവൾക്ക് ഈശോ സമ്മാനിച്ച സ്വാഗതം എത്ര മഹത്തരമായിരുന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല. ഇതൊക്കെ അറിയുമ്പോൾ കൊതിയാകുന്നുണ്ട് ഈശോക്കിഷ്ടപ്പെട്ട പോലെ ജീവിക്കാനും മരിക്കാനും.

Happy Feast of St. Maria Faustina Kowalska

ജിൽസ ജോയ് ✍️

Advertisements
St. Maria Faustina Kowalska
Advertisements

Leave a comment