ജോൺ ഇരുപത്തിമൂന്നാം പാപ്പ

“Let the winds of change blow into the Church”

പ്രതീകാത്മകമായി ഒരു ജനാല തുറന്നിട്ടുകൊണ്ട് 1962ൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമിട്ട് ജോൺ ഇരുപത്തിമൂന്നാം പാപ്പ പറഞ്ഞു.

ഒക്ടോബർ 11 , കത്തോലിക്കസഭ വിശുദ്ധനായ ആ പാപ്പയുടെ തിരുന്നാൾ ആയി കൊണ്ടാടുന്നു. മറ്റു വിശുദ്ധരെപ്പോലെ , പാപ്പയുടെ ജന്മദിനമോ ചരമദിനമോ നാമകരണദിവസമോ ആയതുകൊണ്ടല്ല ഒക്ടോബർ 11 ‘നല്ല പാപ്പ’എന്ന് വിളിപ്പേരുള്ള പിതാവിന്റെ തിരുന്നാൾ ദിവസമായത്,അന്നേദിവസമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന് തുടക്കമായത് എന്നതുകൊണ്ടാണ്.

അത്രയും സുപ്രധാന പദവിയിൽ ആയിരിക്കെ പോലും നർമ്മം കലർത്തി സംസാരിക്കുന്ന സരളഹൃദയനായ പാപ്പയെ ജനങ്ങൾ ഏറെ ഇഷ്ടപ്പെട്ടു. തന്റെ പൊക്കക്കുറവിനെയും വലിയ ചെവികളെയും വണ്ണമുള്ള ശരീരപ്രകൃതത്തെയും തരം കിട്ടുമ്പോഴൊക്കെ കളിയാക്കാൻ വേറെ ഒരാളുടെ ആവശ്യം പാപ്പക്കുണ്ടായില്ല . അദ്ദേഹത്തിന്റെ നർമ്മബോധത്തിന്റെ ചില ഉദാഹരണങ്ങൾ ഇതാ …

1, ഒരിക്കൽ ഒരു ആശുപത്രി സന്ദർശിക്കവെ പാപ്പ ഒരു ബാലനുമായി സംസാരിക്കുകയായിരുന്നു. വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന പാപ്പയുടെ ചോദ്യത്തിന് അവന്റെ ഉത്തരം പോലീസ് അല്ലെങ്കിൽ മാർപ്പാപ്പ എന്നായിരുന്നു. അതുകേട്ട പാപ്പ പറഞ്ഞതിങ്ങനെ , “നിന്റെ സ്ഥാനത്തു ഞാനാണെങ്കിൽ പോലീസ് ആവാൻ പോയേനെ . പോപ്പ് ആവാൻ ആരെക്കൊണ്ടും പറ്റും. എന്നെ കണ്ടില്ലേ ?”

2, “രാത്രിയിൽ പെട്ടെന്ന് ഉറക്കമുണർന്ന് ലോകത്തിലെ നീറുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിച്ചിരിക്കുന്നത് പലപ്പോഴും എനിക്കുണ്ടാവാറുണ്ട് . അപ്പോൾ ഞാൻ വിചാരിക്കും ഇതേപ്പറ്റിയൊക്കെ പോപ്പിനോട് സംസാരിച്ചു തീരുമാനമുണ്ടാക്കണം എന്ന് . പിറ്റേന്ന് കാലത്താവും ഞാനൊർക്കുക ,അല്ലാ ഞാനല്ലേ പോപ്പ് എന്ന് !”

3, “വത്തിക്കാനിൽ എത്രപേർ ജോലി ചെയ്യുന്നുണ്ട് ?” എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പാപ്പയുടെ പെട്ടെന്നുള്ള മറുപടി ഇങ്ങനെ ” അവരിൽ ഏതാണ്ട് പകുതിയോളം പേർ ” എന്നായിരുന്നു ( ബാക്കിയുള്ളവർ ചുമ്മാ ഇരിക്കുവാണെന്ന് )

4, വത്തിക്കാനിൽ ചിലരുടെ ശമ്പളം വർദ്ധിപ്പിച്ചപ്പോൾ , അവിടത്തെ ഒരു കാവൽക്കാരന്റെ ശമ്പളം തന്റേതിന് തുല്യമായി എന്നൊരു കർദ്ദിനാൾ പരാതി പറഞ്ഞു. പാപ്പയുടെ മറുപടി, “അയാൾക്ക് പത്തു മക്കളുടെ കാര്യം നോക്കാനുണ്ട്. കർദ്ദിനാളിന് എന്തായാലും അതുണ്ടാവില്ലെന്ന് വിചാരിച്ചോട്ടെ ?”

5, ഒരു വൈകുന്നേരം പാപ്പ തന്റെ ഒരു സുഹൃത്തിനെ സന്ദർശിക്കാനായി റോമിലെ ‘Hospital of the Holy Spirit’ എന്ന് പേരുള്ള ആശുപത്രിയിൽ പോയി. അവിടെ ചെന്നതും ആശുപത്രി നടത്തുന്ന കന്യാസ്ത്രീ സ്വയം പരിചയപ്പെടുത്തി. “പരിശുദ്ധ പിതാവേ , ഞാൻ ‘Holy spirit’ ന്റെ മദർ സുപ്പീരിയർ ആണ് “.പിതാവ് പറഞ്ഞു, ” സിസ്റ്ററിന്റെ ഭാഗ്യം ! എന്താ ഒരു ജോലി ! ഞാനോ? ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ മാത്രം “.

6, മാർപാപ്പയായി സ്ഥാനമേറ്റ് അധികമാകുന്നതിന് മുൻപ് പാപ്പ റോമിലെ തെരുവിലൂടെ കടന്നുപോകവേ, ഒരു സ്ത്രീ പറഞ്ഞു ,”എന്റെ ദൈവമേ,എന്താ ഒരു തടി !” ഇത് കേട്ട പാപ്പ അവരോടു പറഞ്ഞു, ” മാഡം , മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഒരു സൗന്ദര്യമത്സരവേദി അല്ല എന്ന് താങ്കൾക്കറിയാമെന്ന് ഞാൻ വിചാരിച്ചോട്ടെ “.

7, കർദ്ദിനാളും വെനീസിന്റെ പാത്രിയാർക്കീസും ആയിരിക്കവേ ഭാവിയിലെ പോപ്പ് , ഒരു സമ്പന്നനോട് സംസാരിക്കുകയായിരുന്നു,” ഒരു കാര്യത്തിൽ നമുക്ക് സാമ്യമുണ്ട് , പൈസയുടെ കാര്യത്തിൽ . താങ്കൾക്കത് വളരെയധികമുണ്ട്, എന്റെ കയ്യിൽ ഒട്ടുമില്ല. പിന്നെ വ്യത്യാസമുള്ളത് എന്താണെന്ന് വെച്ചാൽ, എനിക്കതൊരു പ്രശ്നമേ അല്ലെന്നതാണ് “.

8,ആന്ജെലോ എന്ന് പേരുള്ള ഒരു പയ്യനെ കണ്ടപ്പോൾ പിതാവ് പറഞ്ഞു, ” എന്റെയും പേര് ഇതായിരുന്നു. പക്ഷെ അവർ അത് മാറ്റിച്ചു “.

രണ്ടാം വത്തിക്കാൻ കൗൺസിൽ തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ വത്തിക്കാനിലെ ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ , “1963 ൽ തുടങ്ങുമെന്നോ ? തികച്ചും അസാധ്യം ” പോപ്പിന്റെ മറുപടി epic ആയിരുന്നു , ” എന്നാ ശരി , നമുക്ക് 1962ൽ തുടങ്ങിക്കളയാം “. പറയുക മാത്രമല്ല , ജോൺ ഇരുപത്തിമൂന്നാം പാപ്പ അത് ചെയ്തുകാണിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിൽ കൂടുന്നു എന്ന് പ്രഖ്യാപിച്ച ദിവസം പോപ്പിന് ഉറങ്ങാൻ കഴിയുന്നുണ്ടായില്ല എന്ന് പിതാവ് പിന്നീടൊരിക്കൽ പറയുകയുണ്ടായി. അവസാനം പിതാവ് ഇങ്ങനെ സ്വയം പറഞ്ഞു , “ജ്യോവാനി , നീയെന്താ ഉറങ്ങാത്തത് ? സഭാകാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ് ? പോപ്പാണോ അതോ പരിശുദ്ധാത്മാവാണോ ? പരിശുദ്ധാത്മാവ് ആണല്ലോ അല്ലെ ? എങ്കിൽ സമാധാനമായി കിടന്നുറങ്ങു “.

അനുഭവജ്‌ഞാനമുള്ള നയതന്ത്രജ്‌ഞൻ , ആഗോളസംവാദങ്ങളുടെ ആചാര്യൻ, അനുഗ്രഹീതനായ ഇടയൻ തുടങ്ങിയ ഗുണഗണങ്ങൾ പോപ്പിന്റെ ഭരണത്തിന് തിളക്കമേറ്റി.

ആഞ്ചലോ ജൂസെപ്പെ റൊങ്കാളി ഇറ്റലിയിലെ ബർഗൊമയിലെ ദരിദ്രകർഷകകുടുംബത്തിലാണ് പിറന്നത്. ഈസ്റ്ററിനും ക്രിസ്മസിനും മാത്രം അല്പം മധുരപലഹാരം കിട്ടും. അല്ലെങ്കിൽ ഉള്ളത് പങ്കുവെച്ചു കഷ്ടിച്ച് വിശപ്പടക്കി. പള്ളിയിൽ പോകാനുള്ള വസ്ത്രവും ഷൂസും വർഷങ്ങളോളം ഒന്ന് മാത്രം. എങ്കിലുംഭക്ഷണം ആരെങ്കിലും ചോദിച്ചുവന്നാൽ കൊടുക്കാനായി അവരുടെ അമ്മ ഒരു ചെറിയ പങ്ക് മാറ്റിവെക്കുമായിരുന്നു. അത് മക്കളുടെ ഒപ്പമിരുത്തി കൊടുക്കും. സെമിനാരിയിൽ ചേരണമെന്ന് മകൻ പറഞ്ഞപ്പോൾ യാത്രാക്കൂലിക്കുള്ള പണം പോലും കയ്യിലില്ലാത്ത മാതാപിതാക്കൾ അന്ധാളിച്ചുപോയി. നാട്ടിലെ സന്മനസ്സുള്ളവരിൽ നിന്ന് പണം യാചിച്ചുമേടിച്ചാണ് മകനെ സെമിനാരിയിലേക്ക് വിട്ടത് . ആ മകൻ സഭയുടെ അമരക്കാരനായി തീർന്നു. വിശുദ്ധനും.

തീക്ഷ്ണത പിതാവിൻറെ പ്രത്യേകതയായിരുന്നു. തീക്ഷ്ണതയേറിയ ദീർഘവീക്ഷണം രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചു കൂട്ടുന്നതിലേക്ക് നയിച്ചു, അതിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ദൂരവ്യാപകമായ ഫലങ്ങളുണ്ടായി. പുരോഹിതനോ മെത്രാനോ ആർച്ചുബിഷപ്പോ കർദ്ദിനാളോ പോപ്പോ , ഏത് സ്ഥാനവും ആയിക്കൊള്ളട്ടെ, തീക്ഷ്ണതയേറിയ ഉത്തരവാദിത്വബോധം സമ്മാനിച്ച തിരക്ക് പിടിച്ച ദിനചര്യകൾ, ജോലികൾ കണിശതയോടെയും ഫലപ്രദമായും ചെയ്തുതീർക്കാൻ സഹായിച്ചു. തീക്ഷ്ണതയേറിയ നീതിബോധം ഫ്രാൻസിലെ സഭയെ തകർച്ചയിൽ നിന്ന് കരകയറ്റി. തീക്ഷ്ണമായ മനുഷ്യത്വം 24000 ജൂതന്മാരെയെങ്കിലും രക്ഷപ്പെടാന്‍ സഹായിച്ചു , ഒന്നാം ലോകമഹായുദ്ധകാലത്ത് മിലിറ്ററി ചാപ്ലയിൻ ആയി പിതാവ് ജോലി നോക്കുമ്പോൾ. വിവാദങ്ങളുടെ ഇടയിൽ സഭയെ നയിക്കുമ്പോഴും തീക്ഷ്ണമായ നർമ്മബോധം പിതാവിന്റെ കൂട്ടിനുണ്ടായിരുന്നു.തീക്ഷ്ണമായ ദൈവാശ്രയത്വബോധം പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ് വിഭാഗങ്ങളുടെ ഇടയിലും ജൂതന്മാരുടെയും മുസ്ലീങ്ങളുടെയും ഇടയിലും പുതിയ സംവാദങ്ങൾക്ക് വഴിയൊരുക്കുന്ന മാതൃകയായി പിതാവിനെ മാറ്റി.എല്ലാറ്റിനും ഉപരിയായി തീക്ഷ്ണമായ ക്രൈസ്തവഏകീകരണമെന്ന സ്വപ്നം , പിതാവിന്റെ മരണത്തോടടുത്തപ്പോൾ ” Ut unum sint” ( അവർ ഒന്നാകേണ്ടതിന് , യോഹ 17:22) എന്ന പ്രാർത്ഥന പ്രത്യേകമായി രൂപംകൊള്ളാനിടയാക്കി .

‘Pope of the Council’ , ‘The Good Pope’ … എന്നെല്ലാം അറിയപ്പെടുന്ന ജോൺ ഇരുപത്തി മൂന്നാം പാപ്പയെ 2014ൽ ജോൺപോൾ രണ്ടാമൻ പാപ്പയോടൊപ്പം വിശുദ്ധവണക്കത്തിലേക്ക് ഉയർത്തിയത് ഫ്രാൻസിസ് പാപ്പയാണ് .

Happy Feast of Pope St. John XXIII

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s