കുരിശിന്റെ വിശുദ്ധ പോൾ | St. Paul of the Cross

കുരിശിന്റെ വിശുദ്ധ പോൾ (St. Paul of the Cross)

പാഷനിസ്റ് സഭ സ്ഥാപിച്ച ഈ വിശുദ്ധൻ ഇറ്റലിയിലെ ഒവാടയിൽ 3 ജനുവരി 1694 ൽ ലൂക്കിന്റെയും ആൻ മേരിയുടെയും പതിനാറു മക്കളിൽ ഒരുവനായാണ് ജനിച്ചത്. തികഞ്ഞ ഭക്തിയിൽ ജീവിച്ചിരുന്ന മാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ വിശുദ്ധരുടെ ജീവചരിത്രം മക്കൾക്ക് വായിച്ചുകൊടുക്കുക പതിവായിരുന്നു. അതിനു ശേഷം അവന്റെ അമ്മ മക്കളെ നോക്കി പറയും,” “നിങ്ങളെയെല്ലാവരെയും നമ്മുടെ കർത്താവ് വിശുദ്ധരാക്കട്ടെ”. പാവകൾക്ക് പകരം ആ അമ്മ അവരുടെ കയ്യിൽ വെച്ചുകൊടുത്തത് ക്രൂശിതരൂപമാണ്. പോളിന്റെ കുഞ്ഞു ഹൃദയത്തെ ക്രൂശിതരൂപം വളരെയേറെ സ്വാധീനിച്ചതിന്റെ ഫലമായി ക്രൂശിതനായ യേശുവിന് തന്റെ ജീവിതം മുഴുവൻ സമർപ്പിക്കുമെന്ന് അവൻ തീരുമാനമെടുത്തു.

യേശുവിന്റെ പീഡകളെ ഓർത്തു ചെറുപ്പം തൊട്ടേ പോൾ ധ്യാനത്തിൽ മുഴുകുമായിരുന്നു. 6-7 മണിക്കൂർ വരെ പ്രാർത്ഥന നീണ്ടുപൊയിരുന്നു. വഞ്ചനയെയും , കുറ്റപ്പെടുത്തലിനെയും, ചാട്ടവാറടിയെയും, പരിഹാസത്തേയും ,കുരിശിലെ പീഡകളെയുമൊക്കെ ഈശോ ക്ഷമയോടെ സഹിച്ചതും ലോകത്തിന്റെ പാപങ്ങൾ ഏറ്റെടുത്തു ഈശോ കുരിശിൽ മരിച്ചതും എല്ലാം ഓർത്ത് വിരക്തിയുടെയും ശൂന്യവൽക്കരണത്തിന്റെയും പാത ശീലിച്ചു.

ചെറുപ്പത്തിൽ പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഭാരമുള്ള ഒരു ബെഞ്ച് കാലിൽ വീണു. ചോരയൊലിക്കുന്ന മുറിവുണ്ടായിട്ടും അവൻ കരഞ്ഞില്ല. ദൈവം അയച്ച ഒരു റോസപ്പൂവെന്നാണ് അവൻ അതിനെ വിളിച്ചത്.

പോളിന് 10 വയസ്സായപ്പോൾ ജോൺ ബാപ്റ്റിസ്റ്റ് എന്ന അവന്റെ സഹോദരന്റെ കൂടെ അവനെ ഒരു പുരോഹിതസുഹൃത്തിനൊപ്പം താമസിക്കാൻ പറഞ്ഞുവിട്ടു. അവർ അവിടെ നിന്ന് ഇറ്റാലിയനും ലാറ്റിനുമോക്കെ വായിക്കാനും എഴുതാനും പഠിച്ചു. പ്രായച്ഛിത്തജീവിതത്തിന്റെ ഭാഗമായി കിടക്കക്കു പകരം മരപ്പാളികൾ വെക്കാനും തലയിണക്കു പകരം ഇഷ്ടിക വെക്കാനും ദീര്ഘനേരം പ്രാർത്ഥിക്കാനും ശീലിച്ചു.

21 വയസ്സുള്ളപ്പോൾ തുർക്കികളുടെ ആക്രമണത്തെ ചെറുക്കാനായി ക്രിസ്ത്യൻ വളണ്ടിയർമാരെ സൈന്യത്തിലേക്ക് ആവശ്യമുണ്ടെന്ന് പ്രസംഗമദ്ധ്യേ പറയുന്ന കേട്ടു. ഈശോക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കാനാഗ്രഹിച്ച് പോൾ സൈന്യത്തിൽ ചേർന്നു വെനീസിലെക്ക് പരിശീലനത്തിനായി പോയി. ഈ വിളിയല്ല അവനുള്ളതെന്നു ഒരു ദിവസം സക്രാരിയിൽ നിന്ന് സ്വരം കേട്ടതനുസരിച്ച് അവൻ വീട്ടിലേക്ക് തിരിച്ചു പോയി.

1718 ൽ വിശുദ്ധന് ഒരു ദർശനമുണ്ടായി. ഇപ്പോൾ പാഷനിസ്റ് സന്യാസസഭയിലുള്ളവർ ധരിക്കുന്ന വസ്ത്രം പോലെ കറുത്ത മേലങ്കി യും ലെതർ ബെല്‍ട്ടും അണിഞ്ഞു തന്നെത്തന്നെ കണ്ടു. അതിന്റെ മുൻവശത്ത് ഒരു ഹൃദയവും അതിന്റെ മുകളിൽ ഒരു കുരിശടയാളവും ഹൃദയത്തിനുള്ളിൽ യേശുക്രിസ്തുവിന്റെ പീഡാസഹനം എന്നെഴുതിയിരിക്കുന്നതും കണ്ടു. അതിനൊപ്പം ഈ സ്വരവും കേട്ടു, “ഈശോയുടെ തിരുനാമം ആലേഖനം ചെയ്തിരിക്കുന്ന ഹൃദയം എത്ര പരിശുദ്ധിയുള്ളതായിരിക്കണമെന്നു കാണിക്കുന്നതിനാണ് ഇത് “.

രണ്ടു വർഷം കഴിഞ്ഞ് ഒരു കപ്പൂച്ചിൻ ആശ്രമത്തിലിരിക്കുമ്പോൾ അന്നത്തെ ദർശനത്തിന്റെ അർത്ഥം വെളിപ്പെട്ടു കിട്ടാൻ വേണ്ടി പോൾ പ്രാർത്ഥിച്ചു. വീട്ടിലേക്കു പോകുന്ന വഴി അന്ന് ദർശനത്തിൽ കണ്ട വസ്ത്രം അണിഞ്ഞ നിലയിൽ പരിശുദ്ധ അമ്മയെ കണ്ടു. തൻറെ മകന്റെ പീഡാസഹനത്തേയും മരണത്തെയും ഓർമിച്ചു പരിഹാരം ചെയ്യുന്ന ഒരു സന്യാസസഭ സ്ഥാപിക്കാൻ വേണ്ടി ആളുകളെ ഒന്നിച്ചു കൂട്ടാൻ പരിശുദ്ധ അമ്മ പറഞ്ഞു.

ബിഷപ്പ്, ദർശനത്തെ ദൈവത്തിൽ നിന്നുള്ളതാണെന്ന് ഉറപ്പിച്ച് അതേ വസ്ത്രം പോളിനെ അണിയിച്ചു. തുടർന്ന് പങ്കെടുത്ത 40 ദിവസത്തെ ധ്യാനത്തിനിടയിൽ പോൾ സഭയുടെ നിയമസംഹിത എഴുതിയുണ്ടാക്കി. ‘യേശുവിന്റെ ദരിദ്രർ’ എന്നാണ് സഭക്ക് ആദ്യമിട്ട പേരെങ്കിലും പിന്നീട് അത് ‘പാഷനിസ്റ്സ്’ എന്നാക്കി മാറ്റി . പോൾ തൻറെ സഹോദരൻ ജോൺ ബാപ്ടിസ്റ്റുമായി ചേർന്ന്‌ കർശനവും തീക്ഷ്ണവുമായ ജീവിതത്തിനു തുടക്കം കുറിച്ചു.

പോളിന്റെ വിളിക്കു തടസ്സങ്ങൾ നിരവധിയായിരുന്നു. സഹോദരനൊഴികെ എല്ലവരും വിട്ടുപോയി. പോപ്പ് ഇന്നസെന്റ് III നെ കാണാൻ ശ്രമിച്ചപ്പോൾ അധികൃതർ കയറ്റി വിട്ടില്ല . പോൾ മാതാവിന്റെ ബസിലിക്കയിൽ കയറി ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ച് എപ്പോഴും പ്രസംഗിച്ചോളാമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് തൻറെ സമൂഹത്തെ പരിശുദ്ധ അമ്മക്ക് സമർപ്പിച്ചു.സഭ സ്ഥാപിച്ചു കൊള്ളാൻ 1724ൽ പോപ്പ് വാക്കാൽ സമ്മതം നൽകി. 1727 ൽ പോപ്പ് ബെനഡിക്ട് പതിമൂന്നാമൻ രണ്ടു സഹോദരങ്ങളെയും വൈദികരായി അഭിഷേകം ചെയ്തു. നിയമാവലിക്ക് അംഗീകാരം കിട്ടാൻ 1741 വരെ 17 കൊല്ലം വീണ്ടും കാത്തിരിക്കേണ്ടി വന്നു.

50 കൊല്ലത്തിലധികം പോൾ ഇറ്റലിയുടെ തളരാത്ത മിഷനറി ആയിരുന്നു. ദൈവം ധാരാളം കൃപകൾ നൽകി വിശുദ്ധനെ ഉയർത്തി. പുരോഹിതനായതിനു ശേഷം ‘കുരിശിന്റെ പോൾ’ എന്ന് എഴുത്തുകളിൽ ഒപ്പിടാൻ തുടങ്ങി. മനുഷ്യർക്ക് സ്വർഗ്ഗത്തിലിടം ലഭിക്കാൻ വേണ്ടി നമ്മുടെ പാപങ്ങൾക്ക് പകരമായി സഹിക്കാൻ ഈശോയെ പ്രേരിപ്പിച്ച അതിരുകളില്ലാത്ത സ്നേഹം ആയിരുന്നു പോളിന്റെ പ്രസംഗങ്ങളുടെ കേന്ദ്രബിന്ദു.

പ്രവചനവരം, ഒരേസമയത്ത് പല സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള വരം, അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള വരം എന്നിങ്ങനെ അനുഗ്രഹീതനായിരുന്ന വിശുദ്ധന്റെ ജീവിതകാലത്ത് തന്നെ അനേകായിരങ്ങൾ വിശുദ്ധന്റെ പ്രസംഗം കേൾക്കാനും വിശുദ്ധനെ കാണാനുമൊക്കെയായി തിക്കിത്തിരക്കിയിരുന്നു. മരിച്ച കുട്ടിയെ ജീവിപ്പിച്ചതടക്കം ധാരാളം അത്ഭുതങ്ങൾ കുരിശിന്റെ വിശുദ്ധ പോൾ വഴിയായി ദൈവം പ്രവർത്തിച്ചിട്ടുണ്ട്.

പ്രകൃതിശക്തികൾ പോലും വിശുദ്ധൻ ക്രൂശിതരൂപം കാണിക്കുമ്പോൾ അനുസരിച്ചിരുന്നു. ഒരിക്കൽ സാന്താഫ്ളൂറയിൽ വിശുദ്ധന്റെ പ്രസംഗം കേൾക്കാൻ ആളുകൾ പള്ളിക്കുള്ളിൽ തടിച്ചുകൂടി . പള്ളിക്കുപുറത്തും അനേകായിരങ്ങൾ നിന്ന് വിശുദ്ധനെ ശ്രവിച്ചു കൊണ്ടിരുന്നു. ഇരുകൂട്ടർക്കും കേൾക്കാൻ വേണ്ടി വിശുദ്ധ പോൾ പള്ളിവാതിൽക്കൽ നിന്ന് പ്രസംഗിച്ചു കൊണ്ടിരുന്നു. ശാന്തവും പ്രകാശമാനവുമായ അന്തരീക്ഷം പെട്ടെന്ന് കറുത്തിരുണ്ടു, തുള്ളിക്കൊരുകുടം എന്നപോലെ മഴ പെയ്യാൻ തുടങ്ങി. ആളുകൾ തലങ്ങും വിലങ്ങും ഓടി. പിശാചിന്റെ പണി ആണെന്നു മനസ്സിലാക്കിയ വിശുദ്ധൻ ക്രൂശിതരൂപമെടുത്തു നീട്ടിപ്പിടിച്ചു പ്രാർത്ഥിച്ചു . ഉടനെ മഴ നിന്നു. ആളുകൾ തിരിച്ചുവരുമ്പോൾ, നനഞ്ഞു കുതിർന്നിരുന്ന തങ്ങളുടെ വസ്ത്രങ്ങൾ കണ്ണടച്ചു തുറക്കുമ്പോഴേക്ക് ഉണങ്ങിയതു കണ്ട് അമ്പരന്നു.

മറ്റൊരിക്കൽ പുറത്തു പ്രസംഗിക്കുമ്പോൾ പതിവുപോലെ വലിയൊരു പുരുഷാരം ചുറ്റിനും ഉണ്ടായിരുന്നു. പെട്ടെന്ന് മഴയും കാറ്റും എങ്ങുനിന്നെന്നില്ലാതെ വീശിയടിച്ചു. വിശുദ്ധൻ സമയം കളയാതെ ക്രൂശിതരൂപം ഉയർത്തി പ്രാർത്ഥിച്ചു. ചുറ്റിനും മഴ പെയ്തെങ്കിലും ഒരു തുള്ളി പോലും ആരുടേയും മേൽ വീണില്ല.

ഒരിക്കൽ വിശുദ്ധന് ഒരു മിഷന്റെ ഭാഗമായി കപ്പലിൽ പോവേണ്ടതുണ്ടായിരുന്നു. പക്ഷെ ഒരു കപ്പലിന്റെ ക്യാപ്റ്റനെ സമീപിച്ചപ്പോൾ കൊടുങ്കാറ്റു കാരണം കപ്പലിനു നാശം സംഭവിച്ചെന്നും കരയിൽ കപ്പലുറച്ചു പോയെന്നുമാണ് അയാൾ പറഞ്ഞത്‌. വിഷമിക്കാനില്ലെന്നും ദൈവകൃപയാൽ യാത്രക്ക് കൊഴപ്പമൊന്നും വരില്ലെന്നും പറഞ്ഞുകൊണ്ട് വിശുദ്ധൻ ക്രൂശിതരൂപമെടുത്തു ഇടതു കൈകൊണ്ട് കപ്പലിന് നേരെ നീട്ടിപ്പിടിച്ചു് വലതുകൈ കൊണ്ട് കപ്പൽ കടലിലേക്കിറക്കാൻ തള്ളുന്നവരുടെ കൂടെ തള്ളി. അടുത്ത നിമിഷം കപ്പൽ കടലിലേക്കിറങ്ങി. അത്രയും കുറച്ചു പേര് എത്ര ശക്തിയെടുത്തു തള്ളിയാലും കപ്പൽ അനങ്ങില്ലെന്നത് തീർച്ചയാണെന്നത് കൊണ്ട് ആ അത്ഭുതം കണ്ട് എല്ലാവരും വിസ്മയിച്ചു. വിശുദ്ധന് എത്തേണ്ട സ്ഥലം എത്തി കപ്പലിൽ നിന്ന് എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ കപ്പൽ രണ്ടായി പിളർന്നു കടലിൽ താണു.

രണ്ടു കാളയെ പൂട്ടുകയായിരുന്ന കർഷകന്റെ അടുത്തുകൂടെ നടന്നുപോവുകയായിരുന്ന വിശുദ്ധൻ കാളയോടുള്ള ദേഷ്യം കൊണ്ട് കർഷകൻ ദൈവനിന്ദ പറയുന്നതു കേട്ടു. ഉപദേശിക്കാൻ ചെന്ന വിശുദ്ധന് നേരെ കർഷകൻ തോക്കു നീട്ടി. തോക്കിനെ കണ്ടു പരിഭ്രമിച്ചതിൽ കൂടുതൽ ദൈവനിന്ദ കേട്ടതിൽ വിഷമിച്ച വിശുദ്ധൻ ക്രൂശിതരൂപം കാളകൾക്കു നേരെ നീട്ടികൊണ്ടു പറഞ്ഞു,”നിങ്ങൾ ഈ കുരിശിനെ ബഹുമാനിക്കാത്തതുകൊണ്ട് ഇവരത് ചെയ്യും” എന്ന് പറഞ്ഞു. പാദുവായിലെ അന്തോണീസ് പുണ്യവാളനെ കഴുത അനുസരിച്ചതു പോലെ കാളകൾ ക്രൂശിതരൂപം കണ്ട് മുട്ടിന്മേൽ വീണു വണങ്ങി. ഇതുകണ്ട കർഷകൻ തോക്കു താഴെയിട്ട് മാപ്പു ചോദിച്ചു നല്ല കുമ്പസാരം കഴിച്ചു .

വിശുദ്ധൻ പൂക്കളോടും പുല്ലിനോടും എല്ലാം സംസാരിച്ചു. അവരോടുകൂടെ ഈശോയെ ആരാധിച്ചു. ഒരു കുഞ്ഞിനെപ്പോലെ പരിശുദ്ധ അമ്മയോട് നിഷ്കളങ്ക ഭക്തിയായിരുന്നു പോളിന്. എളിമ ആയിരുന്നു വിശുദ്ധന്റെ ഏറ്റവും വലിയ ശക്തി. ഏറ്റവും മോശമായ വസ്ത്രവും ഷൂവും ഏറ്റവും മോശമായ മുറിയും തനിക്കുവേണ്ടി തിരഞ്ഞെടുത്തു. സ്വന്തം ഭക്ഷണം മിക്കപ്പോഴും പാവങ്ങൾക്കെടുത്തു കൊടുത്തു. പുതിയ സന്യാസഭവനങ്ങൾ നിർമ്മിക്കുമ്പോൾ അഹങ്കരിക്കാതെ ദൈവത്തിന്റെ കാരുണ്യത്തെ പ്രകീത്തിച്ചു.

വിശുദ്ധന്റെ ഹൃദയമിടിപ്പ് അസാധാരണമായ താളത്തിലായിരുന്നു, വെള്ളിയാഴ്ചകളിൽ അത് കൂടുതൽ ശക്തിയാർജിച്ചിരുന്നു. ഹൃദയത്തിന്റെ ഭാഗത്തുള്ള വസ്ത്രം കത്തിപോകുമെന്നു തോന്നിക്കുമാറ് അവിടം അത്രയ്ക്ക് ചൂടുപിടിച്ചിരുന്നു. 40 കൊല്ലത്തോളം വിശുദ്ധന്റെ ആത്മാവിൽ വരൾച്ചയും ഇരുട്ടും ബാധിച്ചിരുന്നു. ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ കടന്നുപോകുമ്പോഴും, കണ്ടുമുട്ടുന്നവർക്ക് ഈശോയുടെ സ്നേഹം പകർന്നു കൊടുക്കാനും ഈശോ അവരോടൊത്തു യാത്ര ചെയ്യുന്നുണ്ടെന്നോർമ്മിപ്പിച്ചു പ്രതീക്ഷ പകരാനും വിശുദ്ധൻ ഒട്ടും അമാന്തം കാണിച്ചില്ല.

തന്റെ അവസാനദൗത്യമായി റോമിൽ ട്രസ്‌റ്റെവെറെയിലെ മാതാവിന്റെ പള്ളിയിൽ പ്രസംഗിച്ചത് വളരെ ബുദ്ധിമുട്ടോടുകൂടെയായിരുന്നു. ഒക്ടോബർ 7 1775 ൽ രോഗീലേപനവും ദിവ്യകാരുണ്യവും സ്വീകരിച്ച വിശുദ്ധന്റെ ആത്മാവ് ഒക്ടോബർ 18 നു ഈശോയുടെ പീഡാനുഭവവായന കേട്ടുകൊണ്ടിരിക്കവേ സ്വർഗ്ഗത്തിലേക്ക് യാത്രയായി. ഒരു മനോഹരമായ തിളക്കം ആ മുഖത്ത് നിറഞ്ഞു. ഒരു ചെറുപുഞ്ചിരി ചുണ്ടിൽ തങ്ങി നിന്നു.

1852 ൽ പോപ്പ് പീയൂസ് IX കുരിശിന്റെ വിശുദ്ധ പോളിനെ വാഴ്ത്തപ്പെട്ടവനായി ഉയർത്തി . അതേ പോപ്പ് തന്നെ ജൂൺ 29 1867 ൽ വിശുദ്ധനായും പ്രഖ്യാപിച്ചു.

പാഷനിസ്റ്റ് സമൂഹത്തിലൂടെ ഇന്നും അനേകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന കുരിശിന്റെ വിശുദ്ധ പോളിന്റെ തിരുന്നാൾ സ്നേഹപൂർവ്വം നേരുന്നു.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s