വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോൺ: മീഡിയ അപ്പസ്തോലൻ

റോസാ കാർഡോണ, ഇറ്റലിയിലെ കെരാസ്‌കോ എന്ന് പേരുള്ള ഒരു ഗ്രാമത്തിൽ ഒന്നാം ക്ലാസ്സിലെ 88 കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറായിരുന്നു. ഒരു ദിവസം പെട്ടെന്ന് ടീച്ചർ കുട്ടികളോട് പറഞ്ഞു, ഓരോരുത്തരും അവർക്ക് വലുതാകുമ്പോൾ ആരായിതീരണം എന്ന് പറയാൻ.

കുറച്ചു പേർ അത് കളിയായെടുത്ത് ചിരിച്ചുകൊണ്ട് നിന്നെങ്കിലും കുറച്ചുപേർ പറയാൻ തുടങ്ങി അവർക്ക് ആരാകണമെന്ന്. ” എനിക്ക് ഒരു കൃഷിക്കാരൻ ആവണം “, “എനിക്ക് കുറെ ആടുമാടുകൾ വേണം “…” എനിക്ക് ടീച്ചറിനെ പോലെ ഒരു ടീച്ചർ ആവണം ” ഇങ്ങനെ ഓരോരുത്തരും പറഞ്ഞു തുടങ്ങി. മിണ്ടാതെ നിൽക്കുന്ന ആറുവയസ്സുകാരൻ ജെയിംസ് അൽബേരിയോണിനെ കണ്ട് അവർ ചോദിച്ചു ” നീയോ ജെയിംസേ? നീ താറാവിനെ വളർത്താൻ പോവാണോ?’

അവന്റെ മറുപടി പെട്ടെന്നായിരുന്നു. “എനിക്കൊരു പുരോഹിതനാവണം” ഒരു നിമിഷം അവിടെ ആകെ നിശബ്ദത പരന്നു. പിന്നെ കുട്ടികൾ അലറിവിളിച്ച് അവനെ കളിയാക്കാൻ തുടങ്ങി. “എന്തൊരു മണ്ടനാ..”.. ” ഇവനേ പണിയെടുക്കാൻ മടിയാ “…” എടാ മടിയാ ” എന്നൊക്കെ അവർ വിളിച്ചു കൂവി. ടീച്ചർ ഗൗരവത്തോടെ എല്ലാവരോടും നിശബ്ദരാകാൻ പറഞ്ഞു. അവൾ അവനെ അഭിനന്ദിച്ചു. വാത്സല്യത്തോടെ പുറത്തു തട്ടി, അവന് ഒരു പുരോഹിതനായിതീരാൻ കഴിയുമെന്നും അതിനായി നല്ലവണ്ണം പഠിക്കാനും പറഞ്ഞു.

ക്‌ളാസിലുള്ളവർക്ക് അവനോട് ബഹുമാനം തോന്നി, അവനെ കൂട്ടുകാരനാക്കാൻ പിന്നെ മത്സരമായിരുന്നു. ഇതെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, “ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കിൽ നീ നന്നായി ജീവിച്ചു കാണിക്കണം. നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാൾ കൂടുതലായി നീ മുതിർന്നവരെ അനുസരിക്കണം ” ജെയിംസ് അതെല്ലാം സീരിയസായി തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേകൂടി നന്നായി.

മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രവർത്തനം സാധ്യമാണെന്ന് ഒരു നൂറ്റാണ്ടിനപ്പുറം വിശ്വസിച്ച, മാസ് കമ്മ്യൂണിക്കേഷന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ, അതിനായി അഹോരാത്രം പ്രയത്നിച്ച, സെന്റ് പോൾസ് എന്ന അന്നത്തെ ഏറ്റവും വലിയ കത്തോലിക്ക പ്രസിദ്ധീകരണശാല, സൊസൈറ്റി ഓഫ് സെന്റ് പോൾ പോലുള്ള അനേകം തുടക്കങ്ങൾക്ക് ചുക്കാൻ പിടിച്ച, ‘ഈ കാലഘട്ടത്തിലെ ആശ്ചര്യം’ എന്ന് പോൾ ആറാമൻ പാപ്പയും ‘പുതുസുവിശേഷവൽക്കരണത്തിന്റെ ആദ്യത്തെ അപ്പസ്തോലൻ’ എന്ന് ജോൺപോൾ രണ്ടാമൻ പാപ്പയും വിശേഷിപ്പിച്ച, മീഡിയ അപ്പസ്തോലൻ എന്ന് ലോകമെങ്ങും അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോൺ.

1884 ഏപ്രിൽ 4 ന് ആണ് മൈക്കിൾ അൽബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളിൽ നാലാമത്തവൻ ആയി ഇറ്റലിയിൽ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവൻ ജനിച്ചത്. ആരോഗ്യം തീരെയില്ലാതെ വളരെ ചെറുതായിരുന്ന അവനെ, കിട്ടുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാൽ വേഗം തന്നെ പള്ളിയിൽ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു.

കൃഷിക്കാരായിരുന്ന അപ്പനും ചേട്ടന്മാർക്കും രാത്രിയിൽ കൃഷിസ്ഥലത്ത് പണിചെയ്യാൻ വെളിച്ചത്തിനായി റാന്തൽ വിളക്ക് പിടിക്കാൻ ഏൽപ്പിച്ചത് കുഞ്ഞുജെയിംസിനെ ആയിരുന്നു. ഉറക്കചടവ് കൊണ്ട് ചിലയിടത്ത് നിന്നുപോകുന്ന അവനോട് അമ്മ ഉറക്കെ വിളിച്ചുപറയും. “എടാ വെളിച്ചം കൊണ്ടുവാ ” അതൊരു പ്രവാചകമൊഴി ആയിരുന്നെന്നു ആ അമ്മ അറിഞ്ഞുകാണില്ല. ഈ യുഗത്തിന്റെ അപ്പസ്തോലനായി ദൈവം വിളിച്ചവനായിരുന്നു അവൻ.

വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പൻ അവനെ സെമിനാരിയിൽ ചേർത്തു. ആദ്യകാലങ്ങളിൽ വളരെ തീക്ഷ്‌ണതയോടെ, പഠിക്കുന്നതിലും പ്രാർത്ഥനയിലും നിയമങ്ങൾ അനുസരിക്കുന്നതിലും തിരുത്തലുകൾ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. നാലുകൊല്ലങ്ങൾ കൊണ്ട് എല്ലാം മാറിമറിഞ്ഞു. ഉള്ളടക്കമൊന്നും ശ്രദ്ധിക്കാതെ കയ്യിൽ കിട്ടുന്ന പുസ്തകങ്ങളും ആനുകാലികങ്ങളുമെല്ലാം വായിക്കാൻ തുടങ്ങി. പഠിപ്പിലും പ്രാർത്ഥനയിലും താല്പര്യം കുറഞ്ഞു. അവന്റെ അധ്യാപകരും ആത്മീയോപദേഷ്ടാക്കളും പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും രക്ഷയില്ലെന്ന് കണ്ട് അവനോട് അവർ പറഞ്ഞു, ” എന്റെ മോനെ, നിനക്ക് സെമിനാരി അല്ല പറഞ്ഞിട്ടുള്ളത്. വേറെ എന്തെങ്കിലും നോക്കൂ “. 1900 ഏപ്രിലിൽ അവൻ വീട്ടിൽ തിരിച്ചെത്തി.

താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനിൽ കത്തിപടർന്നു. അപ്പനെയും ചേട്ടന്മാരുടെയും കൂടെ കൃഷിപ്പണി ചെയ്ത് നടക്കാൻ അവന് കഴിഞ്ഞില്ല. അവന്റെ ഇടവക വികാരി മോണ്ടർസീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുർബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂർവാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചൻ അവനെ ഉപദേശിച്ചു. അതെ കൊല്ലം വീണ്ടും ആൽബയിലെ സെമിനാരിയിൽ അവൻ ചേർന്നു. ഒരു കാളവണ്ടിയിലാണ് തന്റെ പിതാവിനോപ്പം ജെയിംസ് അവിടേക്ക് പോയത്.

പുതിയ നൂറ്റാണ്ടിന് പുതിയ അപ്പസ്തോലൻ

ഡിസംബർ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി 4-5 മണിക്കൂറോളം ജെയിംസ് മുട്ടിൽ നിന്ന് പ്രാർത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവൻ തീക്ഷ്‌ണമായ പ്രാർത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് അവന് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടിൽ പുതിയ ചില കാര്യങ്ങൾ ചെയ്യാൻ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി.

പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആർത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ മാധ്യമങ്ങൾക്കും ആളുകളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. “അതെന്റെ കടമയായി എനിക്ക് തോന്നി”..അദ്ദേഹം പിന്നീട് എഴുതി, ” എന്നെപ്പോലെ ചിന്തിക്കുന്ന വ്യക്തികളോട് സഹകരിച്ചു കൊണ്ട് സഭയെയും പുതുനൂറ്റാണ്ടിലെ ആളുകളെയും മാസ് കമ്മ്യൂണിക്കേഷന്റെ സാധ്യതകളിലൂടെ സേവിക്കുക എന്നത്.. അങ്ങനെയൊരാശയം തുടക്കത്തിലൊക്കെ ആകെ ചിന്താക്കുഴപ്പത്തിൽ ആക്കിയെങ്കിലും പിന്നീട് കൂടുതൽ വ്യക്തമായി വന്നു, അവസാനം.. കാലം ചെല്ലും തോറും അതിന് ഏകദേശരൂപം കൈവന്നു”.

സെമിനാരിയിൽ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനൻ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. “എല്ലാറ്റിനെയും ദൈവത്തിന് മുന്നിൽ ധ്യാനത്തിനും പ്രാർത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാൻ, ആരാധിക്കാൻ, നന്ദി പറയാൻ, പരിഹാരം ചെയ്യാൻ, താഴ്മയോടെ പ്രാർത്ഥിക്കാൻ…എല്ലാം ഞാൻ പഠിച്ചത് കാനൻ കിയെസയിൽ നിന്നായിരുന്നു”. ആശയങ്ങൾ ഒരുപാട് മനസ്സിൽ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങൾ നൽകി നയിച്ചു. കാനൻ കിയെസ ഇപ്പോൾ ധന്യപദവിയിലാണ് .

ഡോൺബോസ്ക്കോയുടെ ചുവടുകളിൽ

അനാരോഗ്യം പലപ്പോഴും തളർത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂർത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സിൽ, ജൂൺ 29, 1907 ൽ ആൽബയിലെ കത്തീഡ്രലിൽ പുരോഹിതനായി അഭിഷിക്തനായി. ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1908 കളുടെ അവസാനത്തിൽ ബിഷപ്പ്, ജെയിംസിനെ സെമിനാരി വിദ്യാർത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. അതിനൊപ്പം അവൻ ആരാധനാക്രമവും, അജപാലന ദൈവശാസ്ത്രവും (pastoral theology ), ആചാരക്രമങ്ങളും പഠിപ്പിച്ചു.

ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോൾ ഫാദർ അൽബേരിയോൺ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു. “അസിസ്റ്റന്റ് ഇടവക വികാരിയുടെ പണി എനിക്ക് പറ്റുന്നില്ല ” “പിന്നെ നിനക്ക് ഇടവക വികാരിയാണോ ആവേണ്ടത്?” സുഹൃത്ത് ചോദിച്ചു. “അതിനും താഴെ ‘.. “പിന്നെ നിനക്ക് ആരാണ് ആവേണ്ടത്?”..” ശരിക്കും എനിക്കറിയില്ല, പക്ഷേ ഡോൺ ബോസ്‌കോ ഒക്കെ ചെയ്തപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേർത്ത് അപ്പസ്തോലികവേലകൾക്കായി അവരെ ഒരുക്കാൻ എനിക്ക് ഇഷ്ടമാണ്. വെറുതെ നിർദ്ദേശങ്ങൾ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തിൽ ക്രിസ്ത്യാനികളെ വാർത്തെടുക്കാൻ അവനരെ ഒരുക്കാനായിട്ട്”.

ഡോൺ ബോസ്‌കോക്ക് യുവാക്കളോടുള്ള സ്നേഹം അവന് പ്രചോദനമായിരുന്നു. തന്റെ അനുയായികളോട് പിന്നീട് ഇടക്ക് പറയുമായിരുന്നു, ” നമ്മുടെ സംരക്ഷണത്തിലുള്ള യുവാക്കളോട് ഡോൺ ബോസ്കോയുടെ രീതിയിൽ നമുക്ക് പെരുമാറാം”. ടൂറിനിലെ സലേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡോൺബോസ്‌കോയുടെ രീതികൾ പഠിക്കാനായി സെമിനാരിയിൽ നിന്ന് ഒരാളെ അദ്ദേഹം പറഞ്ഞുവിട്ടിരുന്നു. ക്രിസ്ത്യൻ സാഹിത്യം എല്ലാവരിലേക്കും എത്തിക്കാൻ ഡോൺബോസ്‌കോക്കും ഉത്സാഹമായിരുന്നു. ഫാദർ ജെയിംസ് അൽബേരിയോൺ തന്റെ പ്രത്യേക അപ്പസ്തോലികദൗത്യമായി അത് സ്വീകരിച്ചു.

പൗളൈൻ കുടുംബത്തിന്റെ സ്ഥാപകൻ (Pauline Family)

യുവവൈദികനായിരിക്കെ തന്നെ അൽബേരിയോൺ പുസ്തകങ്ങൾ എഴുതാനും Gazetta d’Alba എന്ന രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങൾ എഴുതാനും തുടങ്ങിയിരുന്നു. 1912ൽ ‘pastoral notes ‘ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. അന്നുവരെ ഇറ്റലിയിൽ അത് കേട്ടുകേൾവി ഇല്ലായിരുന്നു.

സെപ്റ്റംബർ 12, 1913 ൽ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തിൽ മുഴുവനായും ഫാദർ ജെയിംസ് അൽബേരിയോണിന് മനസ്സർപ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാൻസിസ് റേ Gazetta d’Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ജെയിംസിനെ ആക്കിക്കൊണ്ട് ബാക്കി എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും അവനെ സ്വാതന്ത്രനാക്കി. അവൻ തുടങ്ങിവെച്ച വേലയിലേക്ക് മുഴുവനായി ശ്രദ്ധിച്ചോളാൻ പറഞ്ഞു.

മുടക്കുമുതലോ കൂടെ ആളുകളോ പ്രത്യേക പരിശീലനമോ ആവശ്യമായ അറിവോ ഇല്ലാതെ, ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച് ഇറങ്ങിതിരിച്ച ഫാദർ അൽബേരിയോൺ കഠിന പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി, നിർമാണത്തിലും വിതരണത്തിലും കിടപിടിക്കാൻ വേറെ ആരുമില്ലാത്ത, ലോകത്തിൽ അന്നത്തെ ഏറ്റവും വലിയ പബ്ലിഷിങ് ഹൌസ് ആയ സെന്റ് പോൾസ് ( St Paul’s) സ്ഥാപിച്ചു. St. paul’s നെ പോലെ വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിൾ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയുംചെയ്തിരുന്നില്ല. Faminglia Crustiana ക്ക്, വേറൊരു ക്രിസ്ത്യൻ മാസികക്കും ഇല്ലാത്ത പോലെ, 1.4 മില്യൺ വരിക്കാരാണ് അന്നുണ്ടായിരുന്നത്.

ഓഗസ്റ് 20, 1914 ൽ ഫാദർ അൽബേരിയോൺ, സാധാരണ ചുറ്റുപാടിൽ നിന്നും വരുന്ന ചെറുപ്പക്കാർക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആൽബയിൽ ഒരു ‘പ്രിന്റിംഗ് സ്കൂൾ’ തുടങ്ങി. ഇതായിരുന്നു society of St. Paul ന്റെ, അദ്ദേഹം തുടങ്ങിയ ഒൻപത് സ്ഥാപനങ്ങളിൽ ആദ്യത്തേതിന്റെ, തുടക്കം. സോഷ്യൽ കമ്മൂണിക്കേഷനുള്ള (സമൂഹവുമായുള്ള ആശയവിനിമയം) എല്ലാ മാർഗ്ഗങ്ങളും സാധ്യമാകുന്ന തരത്തിൽ അതിന്റെയെല്ലാം സ്കോപ്പ് വളരെ വലുതായിരുന്നു. ഇതെല്ലാം കൂടിചേർന്ന് ‘ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങൾ ഇവയുടെയെല്ലാം നവീകരണം ‘ എന്ന ദൗത്യവുമായി Pauline Family ആയിത്തീർന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികൾ സവിശേഷവും പരംപൂരകങ്ങളും എന്ന നിലയിൽ വ്യത്യസ്തങ്ങളായിരുന്നു.

പെൺകുട്ടികളെ തയ്യൽ പഠിപ്പിക്കാനായി വന്ന, ഇപ്പോൾ ‘ ധന്യ ‘ എന്ന് വിളിക്കപ്പെടുന്ന മദർ ടെക്ല തെരേസ മെർലോയുടെ സഹായത്തോടെ ‘the daughters of St. Paul’ ജൂൺ 15, 1915 ൽ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് ‘Sister Disciples of the Divine Master ‘ ന് തുടക്കമായി. അവരിൽ ഒരു ഗ്രൂപ്പിനോട്, ചീത്ത പ്രസ്സുകൾ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താൻ ആവശ്യപ്പെട്ടു.

1908 മുതൽ, ഇടവകളിൽ പുരോഹിതർക്ക് ഒപ്പം വേല ചെയ്യാൻ സാധിക്കുന്ന കന്യസ്ത്രീസഭ സ്ഥാപിക്കുന്നതിനെ പറ്റി ചിന്തിക്കുന്നുണ്ടായിരുന്നു. അതിന് കഴിഞ്ഞത് 1938, ഒക്ടോബർ 7 ന് ‘ Institute of the Sisters of Jesus the Good Shepherd’ ( pastorelle sisters) ന്റെ സ്ഥാപനത്തോടെയാണ്. 1959ൽ പുരോഹിത – സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി the Sisters of the Queen of the Apostles സ്ഥാപിച്ചു.

സമൂഹത്തിലെ പല തുറകളിൽ ഉള്ളവർക്ക് കന്യാവ്രതവും ദാരിദ്ര്യവും അനുസരണയും പിഞ്ചെന്ന് സ്നേഹത്തിലൂടെ നാഥന് പൂർണ്ണസമർപ്പണം ചെയ്യാൻ സാധ്യമാകുന്ന തരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നാല് സഭകൾ കൂടെ സ്ഥാപിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ സഭാപിതാവെന്ന നിലയിൽ ഫാദർ ജെയിംസ് അൽബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യൽ കമ്മ്യൂണിക്കേഷനുള്ള മാർഗ്ഗങ്ങളെ കുറിച്ചുള്ള ഡിക്രി കൗൺസിൽ അംഗീകരിച്ചതിന് ശേഷം അദ്ദേഹം എഴുതി, ” മാസ് മീഡിയയുടെ അപ്പസ്തോലേറ്റ്, നമ്മുടെ അപ്പസ്തോലേറ്റ്, അംഗീകരിക്കപ്പെട്ടു, പ്രശംസിക്കപ്പെട്ടു, സാർവ്വത്രികസഭയുടെ കർത്തവ്യമായി അത് വിലയിരുത്തപ്പെട്ടു. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എക്യുമെനിക്കൽ കൗൺസിലിനെ നയിച്ച പരിശുദ്ധാത്മാവ് വാഴ്ത്തപ്പെടട്ടെ, അത്രയും ഗൗരവത്തോടെയുള്ള ആ തീർപ്പിനെ എല്ലാവരും വേണ്ടപോലെ പിഞ്ചെല്ലാനുള്ള കൃപ പരിശുദ്ധാത്മാവ് ചൊരിയട്ടെ “.

ആദ്യത്തെ പൗളൈൻ (Pauline) മിഷനറിമാർ ഇറ്റലിയിൽ നിന്ന് 1932 ൽ ബ്രസിലിലേക്കും അർജന്റീനയിലേക്കും അമേരിക്കയിലേക്കും പോയി. പിന്നീട് ലോകം മുഴുവനിലേക്കും. ഫാദർ അൽബേരിയോൺ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു,…

“നമ്മൾ ദൈവത്തിന്റെ കയ്യിലെ ഉപകരണങ്ങളാണ്. നമ്മൾ ദൈവത്തിന്റെ പേനകളാണ്, ദൈവത്തിന്റെ സ്വരവും. നമ്മുടെ ഭവനങ്ങൾ ദേവാലയങ്ങളായും നമ്മുടെ യന്ത്രങ്ങൾ പ്രസംഗപീഠങ്ങളായും നമ്മുടെ ജോലിസ്ഥലത്തെ ഇരിപ്പിടങ്ങൾ ബോധജ്ഞാനത്തിന്റെ സിംഹാസനങ്ങൾ ആയും മാനിക്കപ്പെടും’..

ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്

അനാരോഗ്യം അൽബേരിയോണിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, വിദ്യാർത്ഥിയായിരുന്നപ്പോഴും, സെമിനാരിയിലായിരുന്നപ്പോഴും, പുരോഹിതനായിരുന്നപ്പോഴും. അതല്ലാതെ, ആധുനിക ആശയവിനിമയത്തിന് കഴിയുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുകൊണ്ട് വഴിയും സത്യവും ജീവനുമായ തന്റെ നാഥൻ ഈശോമിശിഹായെ എല്ലാവരും അറിയണം, സ്നേഹിക്കണം എന്ന ലക്ഷ്യത്തിനായി ഓരോ ദിവസവും അനേകമണിക്കൂറുകൾ നീണ്ടിരുന്ന അദ്ദേഹത്തിന്റെ കഠിനപ്രയത്നങ്ങളെ പിന്നോട്ട് വലിക്കാൻ വേറൊന്നും ഉണ്ടായിരുന്നില്ല.

1923ൽ ശാസകോശത്തിൽ ക്ഷയരോഗം പിടിപെട്ടു. ജോലികളിൽ നിന്ന് തീർത്തും പിന്മാറി പൂർണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാൽ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടർമാർ കൊടുത്തത്. ‘ അദ്ദേഹം അതിജീവിക്കാൻ സാധ്യതയൊന്നും കാണുന്നില്ല” ആൽബയിലെ ബിഷപ്പിനോട് അവർ പറഞ്ഞു. ” ഓരോ ദിവസവും അസുഖം വഷളായി കൊണ്ടിരിക്കുന്നു”.

അത്ര ബുദ്ധിമുട്ടേറിയ ആ സമയത്താണ് കർത്താവ് ഫാദർ ജെയിംസ് അൽബേരിയോണിനെ ധൈര്യപ്പെടുത്തിയത്. ” ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട് “. തന്റെ അസുഖത്തിൽ നിന്ന് മോചിതനായപ്പോൾ ഫാദർ അൽബേരിയോൺ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. ദൈവത്തിൽ പൂർണ്ണമായും ശരണപ്പെട്ടു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകൾ ആരംഭിക്കുന്നതിന് മുൻപ് അനേകമണിക്കൂറുകൾ പ്രാർത്ഥനയിൽ ലയിച്ചിരുന്നു. അദ്ദേഹത്തിലൂടെ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങൾ കണ്ട് ലോകം വിസ്മയിച്ചു.

ഫാദർ രചിച്ച് എപ്പോഴും ചൊല്ലിക്കൊണ്ടിരുന്ന ഒരു പ്രാർത്ഥന ഇതാ… “കർത്താവായ യേശുവേ, ഞങ്ങൾ അങ്ങയുടെ തിരുവിഷ്ടത്തിന് കീഴ്പ്പെട്ട്, ഞങ്ങൾക്കായി അങ്ങ് നിശ്ചയിച്ചിരിക്കുന്ന പൂർണ്ണതയുടെ അളവിലും സ്വർഗീയമഹത്വത്തിലും എത്തേണ്ടവരും സോഷ്യൽ കമ്മ്യൂണിക്കേഷൻ എന്ന അപ്പസ്തോലിക വേലക്കായി തീക്ഷ്‌ണതയോടെ വർത്തിക്കേണ്ടവരും ആണല്ലോ. പക്ഷേ ഞങ്ങൾ ദുർബ്ബലരും അജ്ഞരും, ആത്മാവിലും അറിവിലും തീക്ഷ്ണതയിലും സമ്പത്തിലും കുറവുള്ളവരുമാണെന്ന് ഞങ്ങളറിയുന്നു. ‘എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് ചോദിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും ‘ എന്ന് പറഞ്ഞ

അങ്ങയുടെ വാക്കുകളിൽ മാത്രം ഞങ്ങൾ ആശ്രയിക്കുന്നു. ഞങ്ങളുടെ ജീവിതവും അപ്പസ്തോലേറ്റ് വഴിയായും എല്ലാത്തിനും മേലെ, എല്ലാ കാര്യങ്ങളിലും, എപ്പോഴും, ദൈവമഹത്വവും സർവ്വജനത്തിന്റെ സമാധാനവും കണ്ടെത്താനായി ഞങ്ങളെ തന്നെ അർപ്പിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു”..

ജീവിതത്തിൽ ആദ്യത്തെ 52 കൊല്ലങ്ങൾ ഫൊസ്സാനോയിലും കെരാസ്‌കോയിലും ആൽബയിലുമൊക്കെയായി ചിലവഴിച്ച അൽബേരിയോൺ 1936 ൽ റോമിലേക്ക് പോയി.

ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വർഷങ്ങളിൽ ഫാദർ അൽബേരിയോണിന് തന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തേണ്ടി വന്നു. വേദന ഒന്ന് കുറയാനായി തനിയെ നടക്കാൻ വേണ്ടി ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുമായിരുന്നു. അസുഖങ്ങളുണ്ടെങ്കിലും മുൻപൊക്കെ ഊർജ്ജസ്വലനെന്ന പോലെ ഓടിച്ചാടി നടന്നിരുന്ന തന്റെ അവസ്ഥ ഇപ്പോൾ ചലിക്കാൻ പറ്റാത്തവനെപോലെ ആയതിനെ ഏറ്റെടുത്തു കൊണ്ട് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “എന്റെ ശവക്കുഴി വരേയ്ക്കും ഞാൻ ചുമക്കേണ്ട കുരിശാണിത്”. തന്റെ അപ്പസ്തോലേറ്റിനെ കൂടുതൽ നേരമെടുത്തുള്ള പ്രാർത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘കാൽമുട്ടിന്റെ പണി ‘ കൊണ്ട് അപ്പോഴും അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു.

1971 നവംബർ 24 മുതൽ 26 വരെ അസുഖം വളരെ കൂടി. ഒരു സർപ്രൈസ് വിസിറ്റിലൂടെ തന്നെ കാണാൻ വന്ന പോൾ ആറാമൻ പാപ്പയിൽ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പിതാവ് പോയതിന് പിന്നാലെ ഫാദർ അൽബേരിയോൺ മരിച്ചു. അപ്പോൾ വൈകുന്നേരം 6.15 ആയിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ വ്യക്തമായി അടുത്തുള്ളവർ കേട്ടു. അതിങ്ങനെയായിരുന്നു, “ഞാൻ മരിക്കുകയാണ്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. സ്വർഗ്ഗം! മറിയമേ സ്വസ്തി !” റോമിൽ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദേവാലയത്തിൽ അദ്ദേഹത്തിന്റെ ശരീരം വിശ്രമിക്കുന്നു.

നമ്മെ ഓരോരുത്തരെയും അദ്ദേഹം ഓർമിപ്പിക്കുന്നു, ” ക്രിസ്തുവിന്റെ communicator ആയി, ദൈവത്തിനായി മുന്നോട്ടു നീങ്ങിയ St. Paul നെ പോലെ, എപ്പോഴും മുന്നോട്ട് പോവാൻ ശ്രമിക്കുക”

മീഡിയ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോണിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Blessed James Alberione
Advertisements
Blessed James Alberione
Advertisements

Blessed James Alberione | വാഴ്ത്തപ്പെട്ട ജെയിംസ് അൽബേരിയോൺ

Leave a comment