ഫാ. സ്റ്റാൻ സാമി: NIA തെളിവുകൾ കൃത്രിമം

സെബി മാത്യു

ന്യൂഡൽഹി: ഫാ. സ്റ്റാൻ സാമിക്കെതിരേ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. അമേരിക്കയിലെ ഫോറൻസിക് സ്ഥാപനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സാമി 2020ൽ ജയിലിൽ കഴിയവേ മരിക്കുകയായിരുന്നു.

നക്സൽ ഗൂഢാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നും സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വച്ച ഇലക്‌ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നാണ് ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്.

ഫാ. സ്റ്റാൻ സാമിയുടെ അഭിഭാഷകരാണ് തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കു നൽകിയത്. മാവോയിസ്റ്റുകൾ എഴുതിയ കത്തുകൾ എന്ന് എൻഐഎ വാദിച്ചത് ഉൾപ്പെടെ 44 രേഖകളാണ് പരിശോധിച്ചത്. 2014 മുതൽ അഞ്ചു വർഷംകൊണ്ട് ഫാ. സ്റ്റാൻ സാമിയുടെ കംപ്യൂട്ടർ ഹാക്ക് ചെയ്താണ് ഈ കത്തുകൾ ഉൾപ്പെടെ സൃഷ്ടിച്ചതെന്നാണ് കണ്ടെത്തൽ. 2019ൽ അദ്ദേഹം അറസ്റ്റ് ചെയ്യുന്നതു വരെ ഹാക്കർ ഈ കംപ്യൂട്ടറിൽ കൃത്രിമം നടത്തിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

സ്റ്റാൻസാമിയുടെ മരണത്തിന് 17 മാസത്തിനു ശേഷമാണ് അദ്ദേഹത്തിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതായിരുന്നു എന്ന വിവരം പുറത്തു വരുന്നത്. നെറ്റ്‌വയർ എന്ന മാൽവെയർ ഉപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ കംപ്യൂട്ടർ ഹാക്ക് ചെയ്തത് എന്നാണ് ആഴ്സണൽ കണ്‍സൾട്ടിംഗ് വ്യക്തമാക്കുന്നത്. 2014 ഒക്ടോബർ 19നാണ് ഹാക്കർ അദ്ദേഹത്തിന്‍റെ കംപ്യൂട്ടറിലേക്ക് കടന്നുകയറിയത്. നിരന്തരം നിരീക്ഷിക്കുകയും വ്യാജ മെയിലുകൾ ഉൾപ്പെടെ നിക്ഷേപിക്കുകയും ചെയ്തതായും പറയുന്നു.

എൻഐഎ ഹാജരാക്കിയ തെളിവുകളിൽ 2017ൽ ഫാ. സ്റ്റാൻ സാമി വിജയൻ ദാദ എന്നയാളോട് മുതിർന്ന ബിജെപി നേതാക്കൾക്കെതിരേ ആക്‌ഷനെടുക്കാൻ ആവശ്യപ്പെട്ട് എഴുതിയ കത്തുണ്ടായിരുന്നു. ഈ കത്ത് ഹാക്കർ സ്റ്റാൻ സാമിയുടെ കംപ്യൂട്ടറിൽ നിക്ഷേപിച്ചതാണെന്നും ആഴ്സണൽ കണ്‍സൾട്ടിംഗ്സ് വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധമുള്ള പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ആൾബലവും ആയുധബലവും വിവരിക്കുന്ന ഒരു രേഖയും എൻഐഎ കുറ്റപത്രത്തിൽ ഉണ്ട്. ഇതും ഹാക്കർ കടത്തിവിട്ടതാണെന്നും ആഴ്സണലിന്‍റെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

കംപ്യൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്നു എന്നു പറയുന്ന ഫോൾഡറുകളിൽ ഒന്നുപോലും ഫാ. സ്റ്റാൻ സാമി ഒരിക്കൽ പോലും തുറന്നു പോലും നോക്കിയിരുന്നില്ല. തെളിവായി ഹാജരാക്കിയ മറ്റു പല ആശയവിനിമയങ്ങളും അദ്ദേഹം നേരിട്ടു നടത്തിയെന്നതിനും തെളിവില്ലെന്നും ആഴ്സണൽ വ്യക്തമാക്കുന്നു.

ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട റോണ വിൽസൻ, സുരേന്ദ്ര ഗാഡ്‌ലിംഗ് എന്നിവർക്കെതിരേ സമർപ്പിച്ച തെളിവുകളും വ്യാജമാണെന്ന് ആഴ്സണൽ കണ്ടെത്തിയിട്ടുണ്ട്. ഫാ. സ്റ്റാൻ സാമിയുടെ കംപ്യൂട്ടർ ആക്രമിച്ച അതേ ഹാക്കർ തന്നെയാണ് ഇവർ രണ്ടു പേരുടെയും കംപ്യൂട്ടറുകളിലും കൃത്രിമം നടത്തിയത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു എൻഐഎ ഹാജരാക്കിയ കത്തുകൾ അടക്കമുള്ള തെളിവുകളെല്ലാം തന്നെ ഫാ. സ്റ്റാൻ സാമി നിഷേധിക്കുകയും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജാർഖണ്ഡിൽ പ്രവർത്തിച്ചിരുന്ന ജസ്യൂട്ട് വൈദികനായിരുന്ന ഫാ. സ്റ്റാൻ സാമി ജയിലിനുള്ളിൽ നരകതുല്യ യാതനകൾ അനുഭവിച്ചാണ് മരണമടഞ്ഞത്. കടുത്ത പാർക്കിൻസണ്‍ രോഗം ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാൻ ഒരു സിപ്പർ വേണമെന്ന ആവശ്യം പോലും ദീർഘകാലം പരിഗണിച്ചിരുന്നില്ല. 83-ാം വയസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s