ന്യായാധിപന്മാർ, അദ്ധ്യായം 13
സാംസന്റെ ജനനം
1 ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ മുന്പില് തിന്മചെയ്തു. അവിടുന്ന് അവരെ നാല്പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളില്‍ ഏല്പിച്ചു.2 സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു.3 കര്‍ത്താവിന്റെ ദൂതന് അവള്‍ക്കുപ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.4 അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്.5 നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന് ജനനം മുതല്‍ ദൈവത്തിനു നാസീര്‍വ്രതക്കാര നായിരിക്കും. അവന് ഫിലിസ്ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കും.6 അവള് ഭര്‍ത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷന് എന്റെ അടുത്തുവന്നു. അവന്റെ മുഖം ദൈവദൂതന്‍േറ തുപോലെ പേടിപ്പെടുത്തുന്നതാണ്. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന് പേരു പറഞ്ഞതുമില്ല.7 അവന് എന്നോടു പറഞ്ഞു: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലന് ആജീവനാന്തം ദൈവത്തിന് നാസീര്‍വ്രതക്കാരനായിരിക്കും.8 മനോവ കര്‍ത്താവിനോട് പ്രാര്‍ഥിച്ചു. കര്‍ത്താവേ, അങ്ങ് അയച്ച ദൈവപുരുഷന് വീണ്ടും ഞങ്ങളുടെയടുക്കല്‍ വന്ന് ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ ഇടയാക്കണമേ!9 മനോവയുടെ പ്രാര്‍ഥന ദൈവംകേട്ടു. വയലില്‍ ആയിരിക്കുമ്പോള്‍ ദൈവദൂതന് വീണ്ടും സ്ത്രീയുടെ അടുത്തുവന്നു. ഭര്‍ത്താവായ മനോവ അവളോടുകൂടെ ഉണ്ടായിരുന്നില്ല.10 അവള് പെട്ടെന്ന് ഓടിച്ചെന്ന് ഭര്‍ത്താവിനോടു പറഞ്ഞു: എന്റെ യടുത്തു കഴിഞ്ഞദിവസം വന്ന ആള് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.11 മനോവ എഴുന്നേറ്റു ഭാര്യയുടെ പിന്നാലെ ചെന്ന് അവനോടുചോദിച്ചു: ഇവളോടു സംസാരിച്ചവന് നീയോ? അവന് പറഞ്ഞു: ഞാന്‍ തന്നെ.12 അപ്പോള്‍ മനോവ ചോദിച്ചു: നിന്റെ വാക്കുകള്‍ നിറവേറുമ്പോള്‍, ബാലന്റെ ജീവിത ചര്യ എങ്ങനെയായിരിക്കണം? അവന് എന്താണ് ചെയ്യേണ്ടത്?13 കര്‍ത്താവിന്റെ ദൂതന്‍മനോവയോടു പറഞ്ഞു: ഞാന്‍ സ്ത്രീയോടു പറഞ്ഞതെല്ലാം അവള് പാലിക്കട്ടെ.14 മുന്തിരിയില്‍ നിന്നുള്ളതൊന്നും അവള് ഭക്ഷിക്കരുത്. വീഞ്ഞോ ലഹരിപദാര്‍ഥമോ കുടിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. ഞാന്‍ അവളോട് കല്പിച്ചതൊക്കെ അവള് പാലിക്കണം.15 മനോവ കര്‍ത്താവിന്റെ ദൂതനോട് പറഞ്ഞു: ഞാന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകംചെയ്യുന്നതുവരെ നില്ക്കണമേ!16 കര്‍ത്താവിന്റെ ദൂതന് പറഞ്ഞു: നീ പിടിച്ചു നിറുത്തിയാലും നിന്റെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല. എന്നാല്‍, നീ പാകംചെയ്യുന്നെങ്കില്‍ അത് കര്‍ത്താവിനു ദഹനബലിയായി അര്‍പ്പിക്കുക. കര്‍ത്താവിന്റെ ദൂതനാണ് അവനെന്നു മനോവ അറിഞ്ഞിരുന്നില്ല.17 അവന് കര്‍ത്താവിന്റെ ദൂതനോട് നിന്റെ പേര് എന്ത്, നീ പറഞ്ഞതു സംഭവിക്കുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കണമല്ലോ എന്നു പറഞ്ഞു. ദൂതന് അവനോടു ചോദിച്ചു:18 എന്റെ പേര് അദ്ഭുത കരമായിരിക്കെ നീ അതു ചോദിക്കുന്നതെന്തിന്? അപ്പോള്‍, മനോവ ആട്ടിന്‍കുട്ടിയെകൊണ്ടുവന്ന്19 ധാന്യബലിയോടുകൂടെ അദ്ഭുതം പ്രവര്‍ത്തിക്കുന്നവനായ കര്ത്താവിന് പാറപ്പുറത്തുവച്ച് അര്‍പ്പിച്ചു.20 ബലിപീഠത്തില്‍നിന്ന് അഗ്നിജ്വാല ആകാശത്തിലേക്ക് ഉയര്‍ന്നു. മനോവയും ഭാര്യയും നോക്കി നില്‍ക്കെ കര്‍ത്താവിന്റെ ദൂതന് ബലിപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അവര്‍ നിലത്തു കമിഴ്ന്നുവീണു.21 അവന് മനോവയ്ക്കും ഭാര്യയ്ക്കും പിന്നീട് പ്രത്യക്ഷപ്പെട്ടില്ല. അത് കര്‍ത്താവിന്റെ ദൂതന് ആയിരുന്നെന്ന് മനോവയ്ക്ക് വ്യക്തമായി.22 മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചായും മരിക്കും.23 അവള് പറഞ്ഞു: നമ്മെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കില്‍, കര്‍ത്താവ് നമ്മുടെ കൈയില്‍നിന്നു ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയോ ഇക്കാര്യങ്ങള്‍ കാണിച്ചുതരുകയോ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല.24 അവള് ഒരു പുത്രനെ പ്രസവിച്ചു. സാംസണ് എന്ന് അവനു പേരിട്ടു. കുട്ടി വളര്‍ന്നു; കര്‍ത്താവ് അവനെ അനുഗ്രഹിച്ചു.25 സോറായ്ക്കും എഷ്താവോലിനും മധ്യേയുള്ള മഹനേദാനില്‍ വച്ച് കര്‍ത്താവിന്റെ ആത്മാവ് അവനില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation

