1 സാമുവൽ, അദ്ധ്യായം 16
ദാവീദിന്റെ അഭിഷേകം
1 കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്ലെഹെംകാരനായ ജസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.2 സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.3 ജസ്സെയെയും ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീ അഭിഷേകംചെയ്യണം.4 കര്‍ത്താവ് കല്പിച്ചതുപോലെ സാമുവല്‍ പ്രവര്‍ത്തിച്ചു. അവന് ബേത്ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്ഠന്മാര് ഭയപരവശരായി അവനെ കാണാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങയുടെ വരവ് ശുഭസൂചകമോ?5 അതേ, അവന് പറഞ്ഞു, ഞാന്‍ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിന് എന്നോടൊത്തു വരുവിന്‍. അനന്തരം, അവന് ജസ്സെയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് ബലിയര്‍പ്പണത്തിനു ക്ഷണിച്ചു.6 അവന് വന്നപ്പോള്‍ സാമുവല്‍ ഏലിയാബിനെ ശ്രദ്ധിച്ചു. കര്‍ത്താവിന്റെ അഭിഷിക്തനാണ് മുന്പില് നില്‍ക്കുന്നതെന്ന് അവനു തോന്നി.7 എന്നാല്‍, കര്‍ത്താവ് സാമുവലിനോടു കല്പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്കരിച്ചതാണ്. മനുഷ്യന് കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന് ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.8 ജസ്സെ അബിനാദാബിനെ സാമുവലിന്റെ മുന്പില് വരുത്തി. ഇവനെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്ന് സാമുവല്‍ പറഞ്ഞു.9 പിന്നെ ജസ്സെ ഷമ്മായെ വരുത്തി. കര്‍ത്താവ് തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവന് പറഞ്ഞു.10 ജസ്സെ തന്റെ ഏഴു പുത്രന്മാരെ സാമുവലിന്റെ മുന്പില് കൊണ്ടുവന്നു. അവന് ജസ്സെയോടു പറഞ്ഞു: ഇവരെയാരെയും കര്‍ത്താവ് തിരഞ്ഞെടുത്തിട്ടില്ല.11 നിന്റെ പുത്രന്മാര് എല്ലാവരുമായോ എന്ന് സാമുവല്‍ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന് ആടുകളെ മേയിക്കാന്‍പോയിരിക്കുകയാണ്. അവന് പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ സാമുവല്‍ ആവശ്യപ്പെട്ടു. അവന് വന്നിട്ടേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി.12 പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവന് സുന്ദരനായിരുന്നു. കര്‍ത്താവ് കല്പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന് തന്നെ. സാമുവല്‍ അവനെ സഹോദരന്മാരുടെ മുന്പില്വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു.13 അന്നുമുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെ മേല്‍ ശക്തമായി ആ വസിച്ചു. സാമുവല്‍ റാമായിലേക്കു പോയി.
ദാവീദ് സാവൂളിനോടൊന്നിച്ച്
14 കര്‍ത്താവിന്റെ ആത്മാവ് സാവൂളിനെ വിട്ടുപോയി. അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അവനെ പീഡിപ്പിച്ചു.15 സാവൂളിന്റെ ഭൃത്യന്മാര് അവനോടു പറഞ്ഞു: ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു.16 ആകയാല്‍, കിന്നരം വായനയില്‍ നിപുണനായ ഒരുവനെ അന്വേഷിക്കാന്‍ അങ്ങ് അടിയങ്ങള്‍ക്കു കല്പന തരണം. ദുരാത്മാവ്, അങ്ങയില്‍ ആവസിക്കുമ്പോള്‍ അവന് കിന്നരം വായിച്ച് അങ്ങേക്ക് ആശ്വാസം നല്‍കും.17 കിന്നരവായനയില് നിപുണനായ ഒരുവനെ തേടിപ്പിടിക്കാന്‍ സാവൂള്‍ ഭൃത്യന്മാരോടു കല്പിച്ചു.18 ബേത്ലെഹെംകാരനായ ജസ്സെയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഭൃത്യരില്‍ ഒരുവന് പറഞ്ഞു. അവന് കിന്നരവായനയില് നിപുണനും പരാക്രമിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും, കോമളനുമാണ്; കര്‍ത്താവ് അവനോടുകൂടെയുണ്ട്.19 സാവൂള്‍ ജസ്സെയുടെ അടുത്ത് ദൂതന്മാരെവിട്ട് ആട്ടിടയനായ നിന്റെ മകന് ദാവീദിനെ എന്റെയടുക്കല്‍ അയയ്ക്കുക എന്ന് അറിയിച്ചു.20 ജസ്സെ ഒരു കഴുതയുടെ പുറത്ത്, കുറെഅപ്പം, ഒരു പാത്രം വീഞ്ഞ്, ഒരാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്റെ മകന് ദാവീദു വശം സാവൂളിനു കൊടുത്തയച്ചു.21 ദാവീദ് സാവൂളിന്റെ അടുക്കലെത്തി സേവനമാരംഭിച്ചു. സാവൂളിന് അവനെ വളരെയധികം ഇഷ്ടപ്പെട്ടു. ദാവീദ് അവന്റെ ആയുധവാഹകനായിത്തീര്‍ന്നു.22 സാവൂള്‍ ജസ്സെയുടെയടുക്കല്‍ ആളയച്ച് ദാവീദിനെ എനിക്കിഷ്ടപ്പെട്ടു, അവന് ഇവിടെ നില്ക്കട്ടെ എന്ന് അറിയിച്ചു.23 ദൈവം അയച്ച ദുരാത്മാവ് സാവൂളില്‍ പ്രവേശിക്കുമ്പോഴൊക്കെ ദാവീദ് കിന്നരം വായിക്കും. അതുവഴി അവന് ആശ്വാസവും സുഖവും ലഭിക്കുകയും ദുരാത്മാവ് അവനെ വിട്ടുമാറുകയും ചെയ്തിരുന്നു.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

