The Book of 1 Samuel, Chapter 20 | 1 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 20

ജോനാഥാന്‍ സഹായിക്കുന്നു

1 ദാവീദ് റാമായിലെ നായോത്തില്‍നിന്ന് ഓടി ജോനാഥാന്റെ അടുത്തെത്തി ചോദിച്ചു: ഞാന്‍ എന്തു ചെയ്തു? എന്താണെന്റെ കുറ്റം? എന്നെ കൊല്ലാന്‍മാത്രം എന്തു പാപ മാണ് നിന്റെ പിതാവിനെതിരേ ഞാന്‍ ചെയ്തത്?2 ജോനാഥാന്‍ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മരിക്കുകയില്ല. എന്നെ അറിയിക്കാതെ ഒരു കാര്യവും ചെറുതായാലും വലുതായാലും എന്റെ പിതാവ് ചെയ്യുകയില്ല. പിന്നെയെന്തിന് പിതാവ് ഇക്കാര്യം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല. ദാവീദ് പറഞ്ഞു:3 നിനക്ക് എന്നോടിഷ്ടമാണെന്നു നിന്റെ പിതാവിനു നന്നായി അറിയാം. അതിനാല്‍ നീ ദുഃഖിക്കാതിരിക്കാന്‍ ഇക്കാര്യം അറിയേണ്ടെന്ന് അവന്‍ വിചാരിച്ചു കാണും. നീയാണേ, ജീവനുള്ള കര്‍ത്താവാണേ, ഞാന്‍ പറയുന്നു, ഞാനും മരണവും തമ്മില്‍ ഒരടി അകലമേയുള്ളു.4 ജോനാഥാന്‍ അവനോടു പറഞ്ഞു: നീ ആവശ്യപ്പെടുന്നതെന്തും നിനക്കുവേണ്ടി ഞാന്‍ ചെയ്യാം.5 ദാവീദ് പറഞ്ഞു: നാളെ അമാവാസിയാണ്; പതിവനുസരിച്ച് ഞാന്‍ രാജാവിനോടൊത്ത് ഭക്ഷണത്തിനിരിക്കേണ്ടതാണ്. പക്‌ഷേ, മൂന്നാംനാള്‍ വൈകുന്നേരംവരെ വയലില്‍ ഒളിച്ചിരിക്കാന്‍ എന്നെ അനുവദിക്കണം.6 നിന്റെ പിതാവ് എന്നെതിരക്കിയാല്‍ ദാവീദ് തന്റെ കുടുംബം മുഴുവനും ചേര്‍ന്നുള്ള വാര്‍ഷികബലിക്ക് ബേത് ലെഹെമില്‍പോകാന്‍ അനുമതിക്കായികേണപേക്ഷിച്ചുവെന്നു പറയണം.7 അവന്‍ അതുകേട്ടു തൃപ്തനായാല്‍ ഈ ദാസന്റെ ഭാഗ്യം; കുപിതനായാല്‍, എന്നോടു തിന്‍മചെയ്യാന്‍ ഉറച്ചിരിക്കുന്നുവെന്നു മനസ്‌സിലാക്കാം.8 ആകയാല്‍, ഈ ദാസനോട് കരുണ കാണിക്കണം. നമ്മള്‍ തമ്മില്‍ കര്‍ത്താവിന്റെ നാമത്തില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ നീ തന്നെ എന്നെ കൊല്ലുക. എന്തിനാണു നിന്റെ പിതാവിന്റെ യടുക്കലേക്ക് എന്നെകൊണ്ടുപോകുന്നത്?9 ജോനാഥാന്‍ പറഞ്ഞു: അതു സംഭവിക്കാതിരിക്കട്ടെ! എന്റെ പിതാവ് നിന്നെ ദ്രോഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഞാന്‍ നിന്നോട് പറയാതിരിക്കുമോ?10 അപ്പോള്‍ ദാവീദ് ജോനാഥാനോട് ചോദിച്ചു: നിന്റെ പിതാവ് പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍, അക്കാര്യം ആരെന്നെ അറിയിക്കും?11 വരുക, നമുക്കു വയലിലേക്കു പോകാമെന്നു ജോനാഥാന്‍ പറഞ്ഞു, അവരിരുവരും പോയി.12 ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, നാളെയോ മറ്റെന്നാളോ, ഈ സമയത്ത് ഞാനെന്റെ പിതാവിനോട് ചോദിക്കുകയും അവന്‍ നിനക്കനുകൂലമാണെന്നു കണ്ടാല്‍, ഞാന്‍ വിവരമറിയിക്കുകയും ചെയ്യും.13 നിന്നെ ദ്രോഹിക്കാനാണ് എന്റെ പിതാവിന്റെ തീരുമാനമെങ്കില്‍ അതറിയിച്ച് നിന്നെ ഞാന്‍ സുരക്ഷിതനായി പറഞ്ഞയയ്ക്കും. അല്ലെങ്കില്‍, കര്‍ത്താവ് എന്നെ ശിക്ഷിക്കട്ടെ! കര്‍ത്താവ് എന്റെ പിതാവിനോടുകൂടെയായിരുന്നതുപോലെ നിന്നോടുകൂടെയുമായിരിക്കട്ടെ!14 ഞാന്‍ ജീവിച്ചിരുന്നാല്‍, കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു കാരുണ്യം കാണിക്കണം; മരിച്ചാല്‍15 എന്റെ കുടുംബത്തോടു നിനക്കുള്ള കൂറ് ഒരിക്കലും നഷ്ടപ്പെടുത്തരുത്.16 കര്‍ത്താവ് ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമുഖത്തുനിന്ന് ഉന്‍മൂലനം ചെയ്യുമ്പോള്‍ ജോനാഥാന്റെ നാമം ദാവീദിന്റെ കുടുംബത്തില്‍നിന്നു വിച്‌ഛേദിക്കരുതേ! നിന്റെ ശത്രുക്കളോടു കര്‍ത്താവ് പകരം ചോദിക്കട്ടെ.17 ദാവീദിനു തന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ ജോനാഥാന്‍ അവനെക്കൊണ്ട് സത്യംചെയ്യിച്ചു; അവന്‍ ദാവീദിനെ പ്രാണനുതുല്യം സ്‌നേഹിച്ചിരുന്നു.18 ജോനാഥാന്‍ അവനോടു പറഞ്ഞു: നാളെ അമാവാസിയാണ്. ശൂന്യമായ നിന്റെ ഇരിപ്പിടം നിന്റെ അഭാവം അറിയിക്കും.19 മറ്റെന്നാള്‍ നിന്റെ അസാന്നിധ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അന്ന് നീ ഒളിച്ചിരുന്ന സ്ഥലത്ത് കല്‍ക്കൂമ്പാരത്തിനു സമീപം മറഞ്ഞിരിക്കണം.20 അതിന്റെ ഒരുവശത്തേക്കു മൂന്ന് അമ്പ് ഉന്നം നോക്കി ഞാനെയ്യും.21 പോയി അമ്പ് എടുത്തുകൊണ്ടുവരുക എന്നു പറഞ്ഞ് ഒരു കുട്ടിയെ ഞാന്‍ അങ്ങോട്ടയയ്ക്കും. അമ്പു നിന്റെ ഇപ്പുറത്താണ്; എടുത്തുകൊണ്ടു വരുക എന്നു പറഞ്ഞു കുട്ടിയെ അയച്ചാല്‍, നിനക്ക് എഴുന്നേറ്റു വരാം; നീ സുരക്ഷിതനാണ്. അപകട മുണ്ടാവുകയില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു.22 അമ്പ് നിനക്ക് അപ്പുറത്താണെന്നു പറഞ്ഞ് കുട്ടിയെ അയച്ചാല്‍ നീ പൊയ്‌ക്കൊള്ളണം. കര്‍ത്താവു നിന്നെ അകലത്തേയ്ക്ക് അയയ്ക്കുകയാണ്.23 നാം തമ്മില്‍ ഈ പറഞ്ഞതിനു കര്‍ത്താവ് എന്നും സാക്ഷിയായിരിക്കട്ടെ!24 ദാവീദ് വയലില്‍ പോയി ഒളിച്ചിരുന്നു. അമാവാസിയായി, രാജാവ് ഭക്ഷണത്തിനിരുന്നു.25 രാജാവ് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്റെ ഇരിപ്പിടത്തിലിരുന്നു; ജോനാഥാന്‍ എതിര്‍വശത്തും, അബ്‌നേര്‍ സാവൂളിന്റെ സമീപത്തും. ദാവീദിന്റെ ഇരിപ്പിടമാകട്ടെ ഒഴിഞ്ഞു കിടന്നു.26 സാവൂള്‍ അന്ന് ഒന്നും പറഞ്ഞില്ല. ദാവീദിന് എന്തോ സംഭവിച്ചിരിക്കണം; ഒരുപക്‌ഷേ, അവന്‍ അശുദ്ധനാണ്; തീര്‍ച്ചയായും അങ്ങനെതന്നെ എന്ന് അവന്‍ കരുതി.27 അമാവാസിയുടെ പിറ്റേദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. സാവൂള്‍ പുത്രനായ ജോനാഥാനോട് ചോദിച്ചു: ജസ്‌സെയുടെ മകന്‍ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാത്തതെന്താണ്?28 ജോനാഥാന്‍ പറഞ്ഞു: ബേത് ലെഹെമിലേക്ക് പോകാന്‍ അവന്‍ എന്നോട് അനുവാദം ചോദിച്ചിരുന്നു.29 ഞങ്ങളുടെ ഭവനം നഗരത്തില്‍ ഒരു ബലിയര്‍പ്പിക്കുന്നതിനാല്‍ , ഞാന്‍ അവിടെ ഉണ്ടായിരിക്കണമെന്ന് എന്റെ സഹോദരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; ഞാന്‍ പൊയ്‌ക്കൊള്ളട്ടെ. എന്നോട് ദയ ഉണ്ടെങ്കില്‍ എന്റെ സഹോദരന്‍മാരെ പോയിക്കാണാന്‍ അനുവദിക്കണം എന്ന് അവന്‍ അപേക്ഷിച്ചു. അതുകൊണ്ടാണു രാജാ വിന്റെ വിരുന്നിന് അവന്‍ വരാതിരുന്നത്.30 അപ്പോള്‍ സാവൂളിന്റെ കോപം ജോനാഥാനെതിരേ ജ്വലിച്ചു. ദുര്‍വൃത്തയും ദുശ്ശാഠ്യക്കാരിയുമായവളുടെ പുത്രാ, നീ ജസ്‌സെയുടെ പുത്രന്റെ പക്ഷം ചേര്‍ന്നു നിന്റെയും നിന്റെ അമ്മയുടെയും നാണംകെടുത്തുകയാണെന്ന് എനിക്കറിയാം.31 അവന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്കു രാജാവാകാനോ രാജത്വം സ്ഥാപിക്കാനോ സാധിക്കുകയില്ല. അതുകൊണ്ട്, അവനെ ആ ളയച്ച് എന്റെ അടുക്കല്‍ പിടിച്ചുകൊണ്ടു വരുക. അവന്‍ മരിക്കണം.32 ജോനാഥാന്‍ചോദിച്ചു: എന്തിനവനെ വധിക്കണം? അവനെന്തു ചെയ്തു?33 സാവൂള്‍ ജോനാഥാനെ കൊല്ലാന്‍ അവന്റെ നേരേ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലാന്‍തന്നെതന്റെ പിതാവു തീരുമാനിച്ചിരിക്കയാണെന്ന് അവനു മനസ്‌സിലായി.34 അവന്‍ തീന്‍മേശയില്‍നിന്നു കോപത്തോടെ ചാടിയെഴുന്നേറ്റു. അമാവാസിയുടെ പിറ്റേദിവസമായ അന്ന് അവന്‍ ഭക്ഷണമൊന്നും കഴിച്ചില്ല. തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതുനിമിത്തം അവന്‍ ദുഃഖിച്ചു.35 പിറ്റേദിവസം രാവിലെ, ദാവീദുമായി പറഞ്ഞൊത്തിരുന്നതനുസരിച്ച്, ജോനാഥാന്‍ഒരു കുട്ടിയോടൊത്ത് വയലിലേക്കു ചെന്നു.36 ജോനാഥാന്‍ ആ കുട്ടിയോടു പറഞ്ഞു: ഞാന്‍ എയ്യുന്ന അമ്പ് ഓടിച്ചെന്നു കണ്ടെടുക്കുക. കുട്ടി ഓടുമ്പോള്‍ അവന്റെ അപ്പുറത്തേക്ക് ഒരമ്പെയ്തു.37 ജോനാഥാന്‍ എയ്ത അമ്പ് വീണിടത്തു കുട്ടി ചെന്നപ്പോള്‍ അവന്‍ കുട്ടിയോടു വിളിച്ചുപറഞ്ഞു: അമ്പ് നിന്റെ അപ്പുറത്തല്ലേ?38 ജോനാഥാന്‍ വീണ്ടും കുട്ടിയോടു വിളിച്ചു പറഞ്ഞു: അവിടെ നില്‍ക്കരുത്; ഓടുക; വേഗമാകട്ടെ. കുട്ടി അമ്പുപെറുക്കിയെടുത്ത് അവന്റെ അടുത്തെത്തി.39 ജോനാഥാനും ദാവീദിനുമല്ലാതെ കുട്ടിക്കു കാര്യമൊന്നും മനസ്‌സിലായില്ല.40 ജോനാഥാന്‍ ആയുധങ്ങള്‍ കുട്ടിയെ ഏല്‍പിച്ചിട്ട് ഇവയെല്ലാം നഗരത്തിലേക്കു കൊണ്ടുപൊയ് ക്കൊള്ളുക എന്നു പറഞ്ഞു;41 കുട്ടി പോയ ഉടനെ ദാവീദ് കല്‍ക്കൂനയ്ക്കടുത്തുനിന്ന് എഴുന്നേറ്റ് മൂന്നു പ്രാവശ്യം നിലത്തു കുമ്പിട്ടു. ജോനാഥാനും ദാവീദും പരസ്പരം ചുംബിച്ചു. ദാവീദിനു പരിസരബോധം വരുന്നതുവരെ അവര്‍ കരഞ്ഞു.42 ജോനാഥാന്‍ അവനോടു പറഞ്ഞു: സമാധാനത്തോടെ പോവുക; കര്‍ത്താവ് എനിക്കും നിനക്കും എന്റെ സന്തതികള്‍ക്കും നിന്റെ സന്തതികള്‍ക്കും മധ്യേ എന്നും സാക്ഷിയായിരിക്കട്ടെയെന്നു നമ്മള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്തിട്ടുണ്ടല്ലോ. ദാവീദ്‌യാത്രയായി. ജോനാഥാന്‍ നഗരത്തിലേക്കും മടങ്ങി.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Leave a comment