1 സാമുവൽ, അദ്ധ്യായം 5
പേടകം ഫിലിസ്ത്യരുടെ ഇടയില്‍
1 ഫിലിസ്ത്യര്‍ ദൈവത്തിന്റെ പേടകംകൈവശപ്പെടുത്തി. എബ്നേസറില്‍നിന്ന് അഷ്ദോദിലേക്ക് കൊണ്ടുപോയി.2 അവിടെ ദാഗോന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു.3 അടുത്ത ദിവസം പ്രഭാതത്തില്‍ അഷ്ദോദിലെ ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്റെ ബിംബം കര്‍ത്താവിന്റെ പേടകത്തിനു മുന്പില് നിലത്തു മറിഞ്ഞുകിടക്കുന്നതു കണ്ടു. അവര്‍ അതെടുത്ത്യഥാപൂര്‍വം സ്ഥാപിച്ചു.4 പിറ്റേന്നും അവര്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്റെ ബിംബം കര്‍ത്താവിന്റെ പേടകത്തിനു മുന്പില് മറിഞ്ഞുകിടക്കുന്നു. ദാഗോന്റെ തലയും കൈകളും അറ്റ് വാതില്‍പ്പടിയില്‍ കിടക്കുന്നു. ഉടല്‍മാത്രം അവശേഷിച്ചിരുന്നു.5 അതുകൊണ്ടാണ് ദാഗോന്റെ പുരോഹിതന്മാരും അവിടെ പ്രവേശിക്കുന്ന മറ്റുള്ളവരും അഷ് ദോദിലുള്ള ദാഗോന്റെ വാതില്‍പ്പടിയില്‍ ചവിട്ടാത്തത്.6 കര്‍ത്താവിന്റെ കരം അഷ്ദോദിലുള്ള ജനങ്ങള്‍ക്കെതിരേ പ്രബലമായി. അവിടുന്ന് അവരെ ഭയപ്പെടുത്തി. അഷ്ദോദിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് കുരുക്കള്വരുത്തി അവരെ കഷ്ടപ്പെടുത്തി.7 ഇതുകണ്ട് അഷ് ദോദിലെ ജനങ്ങള്‍ പറഞ്ഞു: ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയില്‍ ഇരിക്കേണ്ടാ. അവിടുത്തെ കരം നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്റെയുംമേല്‍ പ്രബലപ്പെട്ടിരിക്കുന്നു.8 അവര്‍ ആള യച്ച് ഫിലിസ്ത്യപ്രഭുക്കന്മാരെയെല്ലാം വിളിച്ചുകൂട്ടി, ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം നാം എന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചു. ഗത്തിലേക്കു കൊണ്ടുപോകാമെന്ന് അവര്‍ പറഞ്ഞു. ദൈവത്തിന്റെ പേടകം അവര്‍ അങ്ങോട്ടു കൊണ്ടുപോയി.9 അവിടെ എത്തിയപ്പോള്‍ കര്‍ത്താവ് ആ നഗരത്തെയും ശിക്ഷിച്ചു. ജനങ്ങള്‍ സംഭ്രാന്തരായി, ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍ മൂലം കഷ്ടപ്പെട്ടു.10 അതിനാല്‍ ദൈവത്തിന്റെ പേടകം അവര്‍ എക്രോണിലേക്കയച്ചു. എന്നാല്‍ പേടകം എക്രോണിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ മുറവിളികൂട്ടി. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാന്‍ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു!11 അവര്‍ വീണ്ടും ഫിലിസ്ത്യപ്രഭുക്കന്മാരെ വിളിച്ചുകൂട്ടി. ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാന്‍ അതു തിരിച്ചയയ്ക്കുക എന്നു പറഞ്ഞു. സംഭ്രാന്തി നഗരത്തെ മുഴുവന്‍ ബാധിച്ചു. കാരണം, ദൈവം അവരെ കഠിനമായി ശിക്ഷിച്ചുകൊണ്ടിരുന്നു.12 മരിക്കാതെ അവശേഷിച്ചവരെ കുരുക്കള്‍ ബാധിച്ചു. നഗരവാസികളുടെ നിലവിളി ആകാശത്തിലേക്കുയര്‍ന്നു.
The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

