The Book of 1 Samuel, Chapter 7 | 1 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

Advertisements

1 സാമുവൽ, അദ്ധ്യായം 7

1 കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന് കര്‍ത്താവിന്റെ പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തില്‍ എത്തിച്ചു. അത് സൂക്ഷിക്കുന്നതിന് അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അവര്‍ അഭിഷേകം ചെയ്തു.

സാമുവല്‍ന്യായാധിപന്‍

2 കര്‍ത്താവിന്റെ പേടകം അവിടെ ഏറെക്കാലം, ഇരുപതു വര്‍ഷത്തോളം, ഇരുന്നു. ഇസ്രായേല്‍ ജനം കര്‍ത്താവിങ്കലേക്കു തിരിഞ്ഞു വിലപിച്ചു കൊണ്ടിരുന്നു.3 അപ്പോള്‍ സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയേണ്ടതിന് അന്യദേവന്‍മാരെയും അസ്താര്‍ത്തെദേവതകളെയും ബഹിഷ്‌കരിക്കണം. നിങ്ങളെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെമാത്രം ആരാധിക്കുവിന്‍. ഫിലിസ്ത്യരുടെ കരങ്ങളില്‍നിന്ന് അവിടുന്നു നിങ്ങളെ രക്ഷിക്കും.4 അങ്ങനെ, ഇസ്രായേല്യര്‍ ബാലിന്റെയും അസ്താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്‌കരിച്ച്, കര്‍ത്താവിനെമാത്രം ആരാധിച്ചു.5 സാമുവല്‍ പറഞ്ഞു: ഇസ്രായേല്‍ മുഴുവന്‍മിസ്പായില്‍ ഒരുമിച്ചു കൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിക്കാം.6 അവര്‍ മിസ്പായില്‍ ഒരുമിച്ചുകൂടി. വെള്ളം കോരി കര്‍ത്താവിന്റെ സന്നിധിയില്‍ പകര്‍ന്നു. ആദിവസം മുഴുവന്‍ അവര്‍ ഉപവസിച്ചു. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപം ചെയ്തുപോയി എന്ന് അവര്‍ ഏറ്റുപറഞ്ഞു. മിസ്പായില്‍വച്ചാണ് സാമുവല്‍ ഇസ്രായേല്‍ജനത്തെന്യായപാലനം ചെയ്യാന്‍ തുടങ്ങിയത്.7 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ ഇസ്രായേ ല്യരെ ആക്രമിക്കാന്‍ പുറപ്പെട്ടു.8 ഇസ്രായേല്‍ക്കാര്‍ ഭയചകിതരായി. ഫിലിസ്ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ കര്‍ത്താവിനോട് നിരന്തരം പ്രാര്‍ഥിക്കണമേ എന്ന് അവര്‍ സാമുവലിനോട് അപേക്ഷിച്ചു.9 സാമുവല്‍ മുലകുടി മാറാത്ത ഒരാട്ടിന്‍കുട്ടിയെ സമ്പൂര്‍ണ ദഹനബലിയായി കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. അവിടുന്ന് അവന്റെ പ്രാര്‍ഥന ശ്രവിച്ചു.10 സാമുവല്‍ ദഹനബലി അര്‍പ്പിച്ചുകൊണ്ടിരിക്കവേ ഫിലിസ്ത്യര്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ അടുത്തുകൊണ്ടിരുന്നു. കര്‍ത്താവ് ഭയങ്കരമായ ഒരിടിനാദം മുഴക്കി ഫിലിസ്ത്യരെ സംഭ്രാന്തരാക്കി. അവര്‍ പലായനം ചെയ്തു.11 ഇസ്രായേല്യര്‍ മിസ്പായില്‍നിന്ന് ബത്ത്കാര്‍വരെ അവരെ പിന്തുടര്‍ന്നു വധിച്ചു.12 അനന്തരം, സാമുവല്‍ മിസ്പായ്ക്കും ജഷാനായ്ക്കും മധ്യേ ഒരു കല്ലു സ്ഥാപിച്ചു. ഇതുവരെ കര്‍ത്താവ് നമ്മെ സഹായിച്ചു എന്ന്പറഞ്ഞ് ആ സ്ഥലത്തിനു എബ്‌നേ സര്‍ എന്നുപേരിട്ടു.13 അങ്ങനെ ഫിലിസ്ത്യര്‍ കീഴടങ്ങി. പിന്നീടൊരിക്കലുംഅവര്‍ ഇസ്രായേല്‍ദേശത്തു കാലുകുത്തിയിട്ടില്ല. സാമുവലിന്റെ കാലമത്രയും കര്‍ത്താവിന്റെ കരം ഫിലിസ്ത്യര്‍ക്കെതിരേ ബലപ്പെട്ടിരുന്നു.14 എക്രോണ്‍ മുതല്‍ ഗത്ത്‌വരെ ഫിലിസ്ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ ഇസ്രായേലിനു തിരികെക്കൊടുത്തു. ഇസ്രായേല്യര്‍ തങ്ങളുടെ പ്രദേശമെല്ലാം ഫിലിസ്ത്യരില്‍നിന്നു വീണ്ടെടുത്തു. ഇസ്രായേല്യരും അമോര്യരും തമ്മില്‍ സമാധാനമുണ്ടായി.15 സാമുവല്‍ തന്റെ ജീവിതകാലമത്രയും ഇസ്രായേലില്‍ നീതിപാലനം നടത്തി.16 ബഥേല്‍, ഗില്‍ഗാല്‍, മിസ്പാ എന്നീ സ്ഥലങ്ങള്‍ വര്‍ഷംതോറും സന്ദര്‍ശിച്ച് അവിടെയും അവന്‍ നീതിപാലനം നടത്തിയിരുന്നു.17 അനന്തരം, തന്റെ ഭവനം സ്ഥിതിചെയ്തിരുന്ന റാമായിലേക്ക് അവന്‍ മടങ്ങിപ്പോയി. അവിടെയും നീതിപാലനം നടത്തുകയും കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിക്കുകയും ചെയ്തു.

Advertisements

The Book of 1 Samuel | 1 സാമുവൽ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
David
Advertisements
King Saul
Advertisements
Advertisements

Leave a comment