The Book of 1 Kings, Chapter 18 | 1 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

Advertisements

1 രാജാക്കന്മാർ, അദ്ധ്യായം 18

ഏലിയായും ബാലിന്റെ പ്രവാചകന്‍മാരും

1 ഏറെനാള്‍ കഴിഞ്ഞ്, മൂന്നാംവര്‍ഷം കര്‍ത്താവ് ഏലിയായോടു കല്‍പിച്ചു: നീ ആഹാബിന്റെ മുന്‍പില്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കും.2 ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു. സമരിയായില്‍ അപ്പോള്‍ ക്ഷാമം കഠിനമായിരുന്നു.3 ആഹാബ് തന്റെ കാര്യസ്ഥനായ ഒബാദിയായെ വരുത്തി, അവന്‍ വലിയ ദൈവഭക്തനായിരുന്നു.4 ജസെബെല്‍ കര്‍ത്താവിന്റെ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒബാദിയാ നൂറു പ്രവാചകന്‍മാരെ കൂട്ടിക്കൊണ്ടുപോയി, അന്‍പതുപേരെവീതം ഓരോ ഗുഹയില്‍ ഒളിപ്പിച്ചു. അവന്‍ അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ കൊടുത്തു സംരക്ഷിച്ചു.5 ആഹാബ് ഒബാദിയായോടു പറഞ്ഞു: നീ നാട്ടിലുള്ള എല്ലാ അരുവികളിലും താഴ്‌വരകളിലും ചെന്നുനോക്കുക. കുതിരകളെയും കോവര്‍കഴുതകളെയും ജീവനോടെ രക്ഷിക്കാന്‍ പുല്ലു കിട്ടിയെന്നുവരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ.6 അന്വേഷണ സൗക ര്യത്തിന് രാജ്യം രണ്ടായി വിഭജിച്ചു. ആഹാബ് ഒരു വഴിക്കും ഒബാദിയാ വേറൊരു വഴിക്കും പുറപ്പെട്ടു.7 ഏലിയാ ഒബാദിയായെ വഴിക്കുവച്ചു കണ്ടുമുട്ടി. ഒബാദിയാ അവനെ തിരിച്ചറിഞ്ഞു. താണുവണങ്ങിക്കൊണ്ട് അവന്‍ ചോദിച്ചു: പ്രഭോ, അങ്ങ് ഏലിയാ അല്ലേ?8 അവന്‍ പറഞ്ഞു: ഞാന്‍ തന്നെ. ഏലിയാ ഇവിടെയുണ്ടെന്ന് ചെന്നു നിന്റെ യജമാനനോടു പറയുക.9 അവന്‍ പറഞ്ഞു: ഈ ദാസനെ ആഹാബിന്റെ കൈയില്‍ കൊലയ്ക്ക് ഏല്‍പിക്കാന്‍ ഞാന്‍ എന്തു പാപംചെയ്തു?10 അങ്ങയുടെ ദൈവമായ കര്‍ത്താവാണേ, അങ്ങയെ അന്വേഷിക്കാന്‍ എന്റെ യജമാനന്‍ ആളയയ്ക്കാത്ത രാജ്യമോ ജനതയോ ഇല്ല. അങ്ങ് അവിടെ ഇല്ലെന്ന് മറുപടി കിട്ടുമ്പോള്‍ അങ്ങയെ കണ്ടിട്ടില്ല എന്ന് അവന്‍ ഓരോ രാജ്യത്തെയും ജനതയെയുംകൊണ്ട് സത്യം ചെയ്യിക്കുന്നു.11 അങ്ങനെയിരിക്കെ, ഏലിയാ ഇവിടെയുണ്ട് എന്ന് എന്റെ യജമാനനെ അറിയിക്കാന്‍ അങ്ങു കല്‍പിക്കുന്നല്ലോ!12 ഞാന്‍ അങ്ങയുടെ അടുത്തുനിന്നു പോയാലുടനെ കര്‍ത്താവിന്റെ ആത്മാവ് ഞാന്‍ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ കൊണ്ടുപോകും. ആഹാബിനെ ഞാന്‍ വിവരം അറിയിക്കുകയും അവന്‍ അങ്ങയെ കണ്ടെണ്ടത്താതിരിക്കുകയും ചെയ്താല്‍, അങ്ങയുടെ ഈ ദാസന്‍ ചെറുപ്പംമുതല്‍ കര്‍ത്താവിന്റെ ഭക്തനാണെങ്കിലും അവന്‍ എന്നെ വധിക്കും.13 ജസെബെല്‍ കര്‍ത്താവിന്റെ പ്രവാചകന്‍മാരെ വധിച്ചപ്പോള്‍, ഒരു ഗുഹയില്‍ അന്‍പതു പ്രവാചകന്‍മാരെ വീതം നൂറുപേരെ ഒളിപ്പിച്ച് അവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കി ഞാന്‍ സംരക്ഷിച്ചത് അങ്ങു കേട്ടിട്ടില്ലേ?14 എന്നിട്ടും, പോയി, ഏലിയാ ഇവിടെയുണ്ട് എന്ന് നിന്റെ യജമാനനോടു പറയുക എന്ന് അങ്ങ് കല്‍പിക്കുന്നു: അവന്‍ എന്നെ കൊല്ലും.15 ഏലിയാ പ്രതിവചിച്ചു: ഞാന്‍ സേവിക്കുന്ന കര്‍ത്താവാണേ, ഇന്നു ഞാന്‍ അവന്റെ മുന്‍പില്‍ ചെല്ലും, തീര്‍ച്ച.16 അപ്പോള്‍ ഒബാദിയാ ചെന്ന് ആഹാബിനെ വിവരം അറിയിച്ചു. അവന്‍ ഏലിയായെ കാണാന്‍ വന്നു.17 ഏലിയായെ കണ്ടപ്പോള്‍ ആഹാബ് ചോദിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്ന നീ തന്നെയോ ഇത്? അവന്‍ പ്രതിവചിച്ചു:18 ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, കര്‍ത്താവിന്റെ കല്‍പനകള്‍ നിരസിച്ച്, ബാല്‍ദേവന്‍മാരെ സേവിക്കുന്ന നീയും നിന്റെ പിതാവിന്റെ ഭവനവുമാണ്.19 നീ ഇസ്രായേല്‍ജനത്തെ മുഴുവന്‍ കാര്‍മല്‍ മലയില്‍ എന്റെയടുക്കല്‍ വിളിച്ചുകൂട്ടുക. ജസെബെല്‍ പോറ്റുന്ന ബാലിന്റെ നാനൂറ്റിയന്‍പതു പ്രവാചകന്‍മാരെയും, അഷേരായുടെ നാനൂറ് പ്രവാചകന്‍മാരെയും കൂട്ടിക്കൊണ്ടുവരുക.20 ആഹാബ് ഇസ്രായേല്‍ജനത്തെയും പ്രവാചകന്‍മാരെയും കാര്‍മല്‍മലയില്‍ ഒരുമിച്ചുകൂട്ടി.21 ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍വയ്ക്കും? കര്‍ത്താവാണു ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍; ബാലാണു ദൈവമെങ്കില്‍ അവന്റെ പിന്നാലെ പോകുവിന്‍. ജനം ഒന്നും പറഞ്ഞില്ല.22 ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കര്‍ത്താവിന്റെ പ്രവാചകന്‍മാരില്‍ ഞാനേ ശേഷിച്ചിട്ടുള്ളു, ഞാന്‍ മാത്രം. ബാലിനാകട്ടെ നാനൂറ്റിയന്‍പതു പ്രവാചകന്‍മാരുണ്ട്.23 ഞങ്ങള്‍ക്കു രണ്ടു കാളയെ തരുവിന്‍. ഒന്നിനെ അവര്‍ കഷണങ്ങളാക്കി വിറകിന്‍മേല്‍ വയ്ക്കട്ടെ; തീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിന്‍മേല്‍വയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല.24 നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്‌നി അയച്ചു പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമായിരിക്കുംയഥാര്‍ഥദൈവം. വളരെ നല്ല അഭിപ്രായം, ജനം ഒന്നാകെപ്രതിവചിച്ചു.25 ബാലിന്റെ പ്രവാചകന്‍മാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങള്‍ ഒരു കാളയെ ഒരുക്കിക്കൊള്ളുവിന്‍, നിങ്ങള്‍ അനേകം പേരുണ്ടല്ലോ. നിങ്ങളുടെദേവനെ വിളിച്ചപേക്ഷിക്കുവിന്‍. എന്നാല്‍, തീ കൊളുത്തരുത്.26 അവര്‍ കാളയെ ഒരുക്കി പ്രഭാതം മുതല്‍ മധ്യാഹ്‌നം വരെ ബാല്‍ദേവാ ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ എന്നു വിളിച്ചപേക്ഷിച്ചു. പ്രതികരണമുണ്ടായില്ല; ആരും ഉത്തരവും നല്‍കിയില്ല. ബലിപീഠത്തിനു ചുറ്റും അവര്‍ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു.27 ഉച്ചയായപ്പോള്‍ ഏലിയാ അവരെ പരിഹസിച്ച് പറഞ്ഞു: ഉച്ചത്തില്‍ വിളിക്കുവിന്‍. ബാല്‍ ഒരു ദേവനാണല്ലോ. അവന്‍ ദിവാസ്വപ്നം കാണുകയായിരിക്കാം; ദിനചര്യ അനുഷ്ഠിക്കുകയാവാം;യാത്രപോയതാവാം, അല്ലെങ്കില്‍ ഉറങ്ങുകയാവും, വിളിച്ചുണര്‍ത്തേണ്ടിയിരിക്കുന്നു.28 അപ്പോള്‍ അവര്‍ ശബ്ദമുയര്‍ത്തി വിളിച്ചു; ആചാരമനുസരിച്ചു വാളുകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്‍പ്പിച്ചു, രക്തം ഒഴുകി.29 മധ്യാഹ്‌നം കഴിഞ്ഞിട്ടും അവര്‍ ഉന്‍മത്തരായി വിളിച്ചുകൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവും ഉണ്ടായില്ല; ആരും ഉത്തരം നല്‍കിയില്ല. ആരും അവരുടെ പ്രാര്‍ഥന ശ്രവിച്ചില്ല.30 അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിന്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി.31 നിന്റെ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്നു കര്‍ത്താവ് ആരോട് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്‍മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ പന്ത്രണ്ട് കല്ലെടുത്തു.32 ആ കല്ലുകള്‍കൊണ്ട് അവന്‍ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. അതിനുചുറ്റും രണ്ട് അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി.33 അവന്‍ വിറക് അടുക്കി കാളയെ കഷണങ്ങളാക്കി അതിന്‍മേല്‍ വച്ചു. അവന്‍ പറഞ്ഞു: നാലുകുടം വെള്ളം ദഹനബലിവസ്തുവിലും വിറകിലും ഒഴിക്കുവിന്‍.34 അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവര്‍ അങ്ങനെ ചെയ്തു.35 ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലില്‍ വെള്ളം നിറഞ്ഞു.36 ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാപ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ഥിച്ചു: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ!37 കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന് എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!38 ഉടനെ കര്‍ത്താവില്‍ നിന്ന് അഗ്‌നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.39 ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കര്‍ത്താവുതന്നെ ദൈവം! കര്‍ത്താവുതന്നെ ദൈവം!40 ഏലിയാ അവരോടു പറഞ്ഞു: ബാലിന്റെ പ്രവാചകന്‍മാരെ പിടിക്കുവിന്‍, ഒരുവനും രക്ഷപെടരുത്. ജനം അവരെ പിടിച്ചു. ഏലിയാ അവരെ താഴെ കിഷോന്‍ അരുവിക്കു സമീപം കൊണ്ടുപോയി വധിച്ചു.

വരള്‍ച്ച അവസാനിക്കുന്നു

41 അനന്തരം, ഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. വലിയ മഴ ഇരമ്പുന്നു.42 ആഹാബ് ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പോയി. ഏലിയാ കാര്‍മല്‍മലയുടെ മുകളില്‍ കയറി; അവന്‍ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരുന്നു.43 അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കുനോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നുപറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക.44 ഏഴാം പ്രാവശ്യം അവന്‍ പറഞ്ഞു: ഇതാ കടലില്‍നിന്ന് മനുഷ്യകരത്തോളമുള്ള ചെ റിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്‌സമാകാതിരിക്കാന്‍ രഥം പൂട്ടി പുറപ്പെടുക എന്ന്ആഹാബിനോടു പറയുക.45 നൊടിയിടയില്‍ ആകാശം മേഘാവൃതമായി, കറുത്തിരുണ്ടു, കാറ്റുവീശി; വലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി.46 കര്‍ത്താവിന്റെ കരം ഏലിയായോടുകൂടെ ഉണ്ടായിരുന്നു. അവന്‍ അര മുറുക്കി, ആഹാബിനു മുന്‍പേ ജസ്രേല്‍കവാടംവരെ ഓടി.

Advertisements

The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah
Advertisements
`1 Kings 19, 1-18
Advertisements
Advertisements

Leave a comment