The Book of 1 Kings, Chapter 20 | 1 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

Advertisements

1 രാജാക്കന്മാർ, അദ്ധ്യായം 20

സിറിയായുമായിയുദ്ധം

1 സിറിയാരാജാവായ ബന്‍ഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികള്‍ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേര്‍ന്നു. അവന്‍ ചെന്നു സമരിയായെ വളഞ്ഞ് ആക്രമിച്ചു.2 അവന്‍ പട്ടണത്തിലേക്കു ദൂതന്‍മാരെ അയച്ച് ഇസ്രായേല്‍രാജാവായ ആഹാബിനെ അറിയിച്ചു: ബന്‍ഹദാദ് അറിയിക്കുന്നു,3 നിന്റെ വെള്ളിയും സ്വര്‍ണവും എന്‍േറതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്.4 ഇസ്രായേല്‍ രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതുപോലെ തന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്.5 അവന്റെ ദൂതന്‍മാര്‍ വന്നു വീണ്ടും പറഞ്ഞു; ബന്‍ഹദാദ് അറിയിക്കുന്നു, നിന്റെ വെള്ളിയും സ്വര്‍ണവും ഭാര്യമാരും പുത്രന്‍മാരും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ.6 നാളെ ഈ നേരത്തു ഞാന്‍ എന്റെ സേവകന്‍മാരെ അയയ്ക്കും. അവര്‍ നിന്റെ അരമ നയും സേവകന്‍മാരുടെ വീടുകളും പരിശോധിച്ച് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോരും.7 അപ്പോള്‍ ഇസ്രായേല്‍രാജാവ് എല്ലാ ശ്രേഷ്ഠന്‍മാരെയും വിളിച്ചുകൂട്ടി പറഞ്ഞു: ഇതാ; ഇവന്‍ നമ്മെ നശിപ്പിക്കാന്‍ ഒരുങ്ങുന്നു. അവന്‍ ദൂതന്‍മാരെ അയച്ച് എന്റെ ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, വെള്ളി, സ്വര്‍ണം ഇവയെല്ലാം ആവശ്യപ്പെട്ടു. ഞാന്‍ എതിര്‍ത്തില്ല.8 ശ്രേഷ്ഠന്‍മാരും ജനവും പറഞ്ഞു: അവന്‍ പറയുന്നതു കേള്‍ക്കരുത്. സമ്മതിക്കുകയുമരുത്.9 അതിനാല്‍, ആഹാബ് ബന്‍ഹദാദിന്റെ ദൂതന്‍മാരോടു പറഞ്ഞു: എന്റെ യജമാനനായരാജാവിനെ അറിയിക്കുക; ഈ ദാസനോട് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്യാം; എന്നാല്‍, ഇതു സാധ്യമല്ല. ദൂതന്‍മാര്‍ മടങ്ങിച്ചെന്നു വിവരമറിയിച്ചു.10 ബന്‍ഹദാദ് വീണ്ടും പറഞ്ഞയച്ചു. എന്റെ അനുയായികള്‍ക്ക് ഓരോപിടി വാരാന്‍ സമരിയായിലെ മണ്ണു തികഞ്ഞാല്‍ ദേവന്‍മാര്‍ എന്നെ കഠിനമായി ശിക്ഷിക്കട്ടെ.11 ഇസ്രായേല്‍രാജാവ് പറഞ്ഞു: ബന്‍ഹദാദ് രാജാവിനോടു പറയുക, പടയ്ക്കു മുന്‍പല്ല പിന്‍പാണു വമ്പുപറയേണ്ടത്.12 ബന്‍ഹദാദും നാടുവാഴികളും കൂടാരങ്ങളില്‍ കുടിച്ചുമദിക്കുമ്പോഴാണ് ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടനെ അവന്‍ സൈന്യത്തിനു പുറപ്പെടാന്‍ ആജ്ഞ നല്‍കി. അവര്‍ നഗരത്തിനെതിരേ നിലയുറപ്പിച്ചു.13 അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ മഹാസൈന്യത്തെനീ കണ്ടില്ലേ? അതിന്റെ മേല്‍ നിനക്കു ഞാന്‍ ഇന്നു വിജയം നല്‍കും; ഞാനാണ് കര്‍ത്താവ് എന്നു നീ അറിയും.14 ആ ഹാബ് ചോദിച്ചു: ആരാണ് പൊരുതുക? പ്രവാചകന്‍ പറഞ്ഞു: കര്‍ത്താവ് കല്‍പിക്കുന്നു; ദേശാധിപതികളുടെ സേവകന്‍മാര്‍യുദ്ധംചെയ്യട്ടെ. ആഹാബ് ചോദിച്ചു: ആരാണ് തുടങ്ങേണ്ടത്? നീതന്നെ, പ്രവാചകന്‍ പ്രതിവചിച്ചു.15 രാജാവ് ദേശാധിപതികളുടെ സേവകന്‍മാരെ അണിനിരത്തി. അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരുണ്ടായിരുന്നു. അവരുടെ പിന്നില്‍ ഏഴായിരം പേര്‍ വരുന്ന ഇസ്രായേല്‍സൈന്യം നിരന്നു.16 അവര്‍ ഉച്ചനേരത്തു പുറപ്പെട്ടു; അപ്പോള്‍ ബന്‍ഹദാദും അവന്റെ പക്ഷംചേര്‍ന്നമുപ്പത്തിരണ്ടു നാടുവാഴികളും കൂടാരങ്ങളില്‍ മദ്യപിച്ച് ഉന്‍മത്തരായിക്കൊണ്ടിരുന്നു.17 ദേശാധിപതികളുടെ സേവകന്‍മാര്‍ ആദ്യം പുറപ്പെട്ടു. കാവല്‍ സംഘം മടങ്ങിച്ചെന്ന് സമരിയായില്‍ നിന്നു സൈന്യം വരുന്നുണ്ടെന്നു ബന്‍ഹദാദിനെ അറിയിച്ചു.18 അവന്‍ കല്‍പിച്ചു: അവര്‍ വരുന്നതു സമാധാനത്തിനാണെങ്കിലുംയുദ്ധത്തിനാണെങ്കിലും അവരെ ജീവനോടെ പിടിക്കുവിന്‍.19 ദേശാധിപതികളുടെ സേവകന്‍മാരും അവരുടെ പിന്നില്‍ സൈന്യവും നഗരത്തില്‍ നിന്നു പുറപ്പെട്ടു.20 ഓരോരുത്തരും തനിക്കെതിരേ വന്നവനെ വധിച്ചു. സിറിയാക്കാര്‍ പലായനം ചെയ്തു; ഇസ്രായേല്‍ അവരെ പിന്‍തുടര്‍ന്നു. സിറിയാരാജാവായ ബന്‍ഹ ദാദ് കുതിരപ്പുറത്തു കയറി ഏതാനും കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.21 ഇസ്രായേല്‍രാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും സ്വന്തമാക്കി; സിറായാക്കാര്‍ കൂട്ടക്കൊലയ്ക്കിരയായി.22 പ്രവാചകന്‍ വീണ്ടും ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: ശക്തി സംഭരിക്കുക; കാര്യങ്ങള്‍ ശ്രദ്ധയോടെ ആസൂത്രണം ചെയ്യുക. സിറിയാരാജാവ് അടുത്ത വസന്തകാലത്ത് ആക്രമിക്കും.23 സേവകന്‍മാര്‍ സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിന്റെ ദേവന്‍മാര്‍ ഗിരിദേവന്‍മാരാണ്. അതുകൊണ്ടാണ് അവര്‍ നമ്മെക്കാള്‍ പ്രബലരായത്. സമതലത്തില്‍വച്ചുയുദ്ധംചെയ്താല്‍, അവരെ നിശ്ചയമായും കിഴടക്കാം.24 ഒരുകാര്യംകൂടി ചെയ്യണം, നാടുവാഴികളെ സ്ഥാനത്തുനിന്നു മാറ്റി, പകരം സൈന്യാധിപന്‍മാരെ നിയമിക്കുക.25 നഷ്ടപ്പെട്ടത്ര വലിയ സൈന്യത്തെ അണിനിരത്തണം – കുതിരയ്ക്കു കുതിര, രഥത്തിനു രഥം. നമുക്കവരെ സമതലത്തില്‍വച്ചു നേരിടാം. നിശ്ചയമായും നമ്മള്‍ വിജയം വരിക്കും. ബന്‍ഹദാദ് അവരുടെ അഭിപ്രായം സ്വീകരിച്ച്, അങ്ങനെ ചെയ്തു.26 വസന്തത്തില്‍ ബന്‍ഹദാദ് സിറിയാക്കാരെ സജ്ജീകരിച്ച് ഇസ്രായേലിനെതിരേയുദ്ധം ചെയ്യാന്‍ അഫേക്കിലേക്കു പോയി.27 ഇസ്രായേല്‍ക്കാരും സന്നാഹങ്ങളോടുകൂടി അവര്‍ക്കെതിരേ വന്നു. ദേശം നിറഞ്ഞുനിന്ന സിറിയാക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടു ഗണമായി താവളമടിച്ച ഇസ്രായേല്‍സൈന്യം ചെറിയരണ്ട് ആട്ടിന്‍പറ്റംപോലെ തോന്നി.28 അപ്പോള്‍ ഒരു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിന്റെ അടുത്തെത്തി പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു; കര്‍ത്താവ് ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍ , ഞാന്‍ ഈ വലിയ സൈന്യത്തെനിന്റെ കൈയില്‍ ഏല്‍പിച്ചുതരും. ഞാനാണു കര്‍ത്താവെന്ന് നീ അറിയും.29 സൈന്യങ്ങള്‍ ഏഴുദിവസം മുഖാഭിമുഖമായി പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാം ദിവസംയുദ്ധം തുടങ്ങി. ഇസ്രായേല്‍ക്കാര്‍ ഒറ്റദിവസംകൊണ്ട് ഒരുലക്ഷം സിറിയന്‍ഭടന്‍മാരെ വധിച്ചു.30 അഫേക്ക് നഗരത്തിലേക്കു പലായനം ചെയ്ത ശേഷിച്ച ഇരുപത്തേഴായിരം ഭടന്‍മാരുടെമേല്‍ പട്ടണത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ബന്‍ഹദാദ് നഗരത്തിലെ ഒരു ഉള്ളറയില്‍ ഓടിയൊളിച്ചു.31 സേവകന്‍മാര്‍ അവനോടു പറഞ്ഞു: ഇസ്രായേല്‍രാജാക്കന്‍മാര്‍ ദയയുള്ളവരാണെന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്, ചാക്കുടുത്തു തലയില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിന്റെ അടുത്തേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കുക. അവന്‍ അങ്ങയുടെ ജീവന്‍ രക്ഷിച്ചേക്കാം.32 അവര്‍ ചാക്കുടുത്തു തലയില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിനെ സമീപിച്ചു പറഞ്ഞു: തന്റെ ജീവന്‍ രക്ഷിക്കണമെന്ന് അങ്ങയുടെ ദാസന്‍ ബന്‍ഹദാദ്‌യാചിക്കുന്നു. ആഹാബ് പ്രതിവചിച്ചു: അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അവന്‍ എന്റെ സഹോദരനാണ്.33 ബന്‍ഹദാദിന്റെ സേവകന്‍മാര്‍ ഒരു ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. സഹോദരന്‍ എന്ന് ആഹാബ് പറഞ്ഞപ്പോള്‍ അവര്‍ അതു ശുഭലക്ഷണമായി എടുത്തു പറഞ്ഞു: അതേ, അങ്ങയുടെ സഹോദരന്‍ ബന്‍ഹദാദ്. ആ ഹാബ് കല്‍പിച്ചു: പോയി അവനെ കൊണ്ടുവരുവിന്‍. ബന്‍ഹദാദ് വന്നപ്പോള്‍ ആഹാബ് അവനെ തന്നോടൊപ്പം രഥത്തില്‍ കയറ്റി.34 ബന്‍ഹദാദ് ആഹാബിനോടു പറഞ്ഞു: എന്റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്നു പിടിച്ചെടുത്ത പട്ടണങ്ങള്‍ ഞാന്‍ മടക്കിത്ത രാം, എന്റെ പിതാവ് സമരിയായില്‍ ചെയ്ത തുപോലെ അങ്ങ് ദമാസ്‌ക്കസില്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചാലും. ആഹാബ് പ്രതിവചിച്ചു: ഈ കരാറനുസരിച്ച് നിന്നെ വിട്ടയയ്ക്കുന്നു. അവന്‍ ഒരു ഉടമ്പടിചെയ്ത് ബന്‍ഹദാദിനെ വിട്ടയച്ചു.

ആഹാബിനെതിരേ പ്രവചനം

35 പ്രവാചകഗണത്തില്‍പ്പെട്ട ഒരുവന്‍ മറ്റൊരുവനോട് എന്നെ അടിക്കുക എന്ന് കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ആവ ശ്യപ്പെട്ടു. അവന്‍ വിസമ്മതിച്ചു.36 അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: കര്‍ത്താവിന്റെ കല്‍പന അനുസരിക്കായ്കയാല്‍ ഇവിടെനിന്നു പോയാലുടനെ നിന്നെ ഒരു സിംഹം കൊല്ലും. അവന്‍ പുറപ്പെട്ടയുടനെ ഒരു സിംഹം എതിരേവന്ന് അവനെ കൊന്നു.37 അവന്‍ വേറൊരാളെ സമീപിച്ചു പറഞ്ഞു: എന്നെ അടിക്കുക. അവന്‍ അടിച്ചു മുറിവേല്‍പിച്ചു.38 അതിനുശേഷം പ്രവാചകന്‍ അവിടെനിന്നുപോയി. അവന്‍ ആളറിയാത്തവിധം മുഖംമൂടി രാജാവിനെ കാത്തു വഴിയില്‍നിന്നു.39 രാജാവ് കടന്നുപോയപ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: ഈ ദാസന്‍യുദ്ധക്കളത്തില്‍ പടപൊരുതാന്‍പോയി; അപ്പോള്‍ ഒരു പടയാളി ഒരാളെ എന്റെ അടുത്തുകൊണ്ടുവന്നു പറഞ്ഞു, ഇവനെ കാത്തുകൊള്ളുക, ഇവന്‍ രക്ഷപെട്ടാല്‍ പകരം നിന്റെ ജീവന്‍ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍, ഒരു താലന്ത്‌വെള്ളി ഈടാക്കും.40 എന്നാല്‍, അങ്ങയുടെ ഈ ദാസന്‍ പല കാര്യങ്ങളില്‍ വ്യാപൃതനായിരുന്നതിനാല്‍ അവന്‍ രക്ഷപെട്ടു. ഇസ്രായേല്‍രാജാവ് പറഞ്ഞു: നീ നിശ്ചയിച്ചവിധിതന്നെ നിനക്കിരിക്കട്ടെ.41 അവന്‍ തല്‍ ക്ഷണം മുഖംമൂടിയിരുന്നതുണി അഴിച്ചുമാറ്റി. പ്രവാചകന്‍മാരില്‍ ഒരുവനാണ് അവനെന്ന് ഇസ്രായേല്‍രാജാവിനു മനസ്‌സിലായി.42 പ്രവാചകന്‍ രാജാവിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഞാന്‍ നശിപ്പിക്കാന്‍ ഉഴിഞ്ഞിട്ടിരുന്നവനെ നീ വിട്ടയച്ചു. എന്നാല്‍, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും എടുക്കപ്പെടും.43 ഇസ്രായേല്‍രാജാവ് ദുഃഖാകുലനായി സമരിയായിലെ കൊട്ടാരത്തിലേക്കു മടങ്ങി.

Advertisements

The Book of 1 Kings | 1 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah
Advertisements
`1 Kings 19, 1-18
Advertisements
Advertisements

Leave a comment