വിശുദ്ധ തോമസ് അക്വീനാസ്: The Angelic Doctor

St. Thomas Aquinas: The Angelic Doctor

വിശുദ്ധ തോമസ് അക്വീനാസിന് ലഭിച്ചിട്ടുള്ള പേരുകളിൽ ചിലത് മാത്രമാണ് Prince of theologians, perennial (ചിരഞ്ജീവിയായ) philosopher, universal patron of Catholic schools, colleges, and educational institutions- തുടങ്ങിയവ.

മരിച്ചു 49 കൊല്ലങ്ങൾ പൂർത്തിയാവുമ്പോഴേക്ക് 1323ൽ തോമസ് അക്വീനാസിനെ വിശുദ്ധപദവിയിലേക്കുയർത്തവേ ജോൺ ഇരുപത്തിരണ്ടാം പാപ്പ പറഞ്ഞു, “അദ്ദേഹത്തിന്റെ എഴുത്തുകളിൽ വ്യക്തമാക്കിയിട്ടുള്ള ദൈവശാസ്ത്രപരമായ പ്രസ്താവനകൾ പരിഗണിക്കുമ്പോൾ ഓരോന്നും ഓരോ അത്ഭുതങ്ങളാണ്”. വീണ്ടും പാപ്പ പറഞ്ഞു, ” മറ്റേതൊരു വേദപാരംഗതനേക്കാളും തോമസ് സഭക്ക് വിജ്ഞാനം പകർന്നു, മാത്രമല്ല ഒരാൾക്ക് തന്റെ ജീവിതകാലം മുഴുവനുള്ള പഠനങ്ങളിൽ നിന്ന് നേടാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്ന് ഒരേയൊരു കൊല്ലം കൊണ്ട് ലഭിക്കും “.

സഭ വിശുദ്ധ തോമസ് അക്വീനാസിന് നൽകുന്ന പ്രാധാന്യം, അദ്ദേഹത്തിന്റെ ശരീരം പ്രത്യേക ബഹുമതികളോടെ ടുളൂസിലെ പള്ളിയിലേക്ക് മാറ്റിയ ദിവസമായ ജനുവരി 28 ലേക്ക് അദ്ദേഹത്തിന്റെ തിരുന്നാൾ മാറ്റിയതിൽ നിന്ന് വ്യക്തമാണ്. ആ വിശുദ്ധജീവിതം ദൈവസന്നിധിയിൽ വിലയം പ്രാപിച്ച മാർച്ച്‌ 7 ആയിരുന്നു വിശുദ്ധ തോമസ് അക്വീനാസിന്റെ തിരുന്നാൾ ദിവസം ആയി ആദ്യമൊക്കെ കൊണ്ടാടിയിരുന്നത്. പക്ഷെ പലപ്പോഴും അത് നോമ്പ് ദിവസങ്ങളിൽ വന്നതുകൊണ്ട് ശരിയായി ആഘോഷിക്കാൻ കഴിയാതിരുന്നതിനാൽ ആണ് പിന്നീട് തിയ്യതി മാറ്റിയത്.

49 വയസുള്ളപ്പോൾ മരണമടഞ്ഞിട്ടും വിശുദ്ധൻ എഴുതിയതെല്ലാം നോക്കിയാൽ 20 വലിയ വാള്യങ്ങളുണ്ടാവും. അതിൽ ഏറ്റവും പ്രധാനമായ Summa Theologica യിൽ കത്തോലിക്കാ തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും സംസ്കാരങ്ങളുടെയും വിസ്മയകരവും ആധികാരികവുമായ സമന്വയം കാണാൻ സാധിക്കും. ” യുക്തിയും വിശ്വാസവും, സ്വാഭാവികമായതും അമാനുഷികതയും എല്ലാം അതിശയകരമായി സമന്വയിപ്പിച്ചിരിക്കുന്നു, എല്ലാ മാനുഷികശാസ്ത്രങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യൻ ദൈവത്തിലേക്കെത്താൻ ഹേതുവാകുന്നു എന്ന പോലെ “. ട്രെന്റ് കൗൺസിലിൽ ഈ പുസ്തകം വിശുദ്ധ ബൈബിളിന്റെ അടുത്തായി തന്നെ വെച്ചിരുന്നു.

വിശുദ്ധ തോമസ് അക്വീനാസ് angelic doctor എന്ന് വിളിക്കപ്പെടാൻ കാരണം ദൈവത്തെ അത്രമാത്രം സ്നേഹിക്കുകയും ദാഹിക്കുകയും ചെയ്ത അദ്ദേഹം ശരീരത്തിന്റേതായ എല്ലാ വശീകരണത്തെയും വീരോചിതമായി തിരസ്കരിച്ചതുകൊണ്ടാണ്. മനസ്സ് ശാന്തമായി സൂക്ഷിക്കാനും ദൈവികസത്യങ്ങളിലേക്കും പ്രകൃതിയിലേക്കും ഊളിയിട്ടിറങ്ങാനും അത് തോമസിനെ സഹായിച്ചു.

വിശുദ്ധ തോമസിന്റെ പേനയിലേക്കുള്ള ചിന്തകളുടെ കുത്തൊഴുക്കിന് കാരണമായത് , ആഴമുള്ള പഠനത്തിനും ഏകാഗ്രതക്കും കഴിവുള്ള അച്ചടക്കമുള്ള മനസ്സ് മാത്രമല്ല ഭക്തിതീക്ഷ്‌ണതയുള്ള ജീവിതത്തിന്റെയും ഫലമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന റെജിനാൾഡ് സഹോദരനോട് വിശുദ്ധൻ പറഞ്ഞിട്ടുണ്ട്, പുസ്തകങ്ങളിൽ നിന്നല്ല, പ്രാർത്ഥനയിൽ നിന്നും ധ്യാനത്തിൽ നിന്നാണ് അദ്ദേഹം കൂടുതൽ കാര്യങ്ങൾ പഠിച്ചതെന്ന്.

1273ൽ, മരിക്കുന്നതിന് ഒരു വർഷം മുൻപ്, നേപ്പിൾസിലെ ഒരു ഡൊമിനിക്കൻ ആശ്രമത്തിൽ കുരിശുരൂപത്തിന് മുൻപിൽ പ്രാർത്ഥനാനിരതനായി നിൽക്കവേ തോമസ് ഒരു സ്വരം കേട്ടു, ” നീയെന്നെ കുറിച്ച് വളരെ നന്നായി എഴുതി തോമസ്. എന്ത് പ്രതിഫലമാണ് നിനക്ക് വേണ്ടത്? “

“അങ്ങയെ അല്ലാതെ വേറൊന്നും വേണ്ട കർത്താവേ ” എന്നായിരുന്നു തോമസിന്റെ മറുപടി!!

*****

ഡൊമിനിക്കൻ സഭയിൽ തോമസ് നോവിസ് ആയി ചേർന്നത് അറിഞ്ഞ് ആകെ വിഷമിച്ച വീട്ടുകാർ തോമസിനെ പിടിച്ചുകൊണ്ടുവന്ന് ഒരു വർഷത്തോളം തടവിലാക്കി. അക്വീനോ പ്രഭുവിന്റെ മകൻ ഒരു ഭിക്ഷക്കാരനെ പോലെ നടക്കുകയോ? അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മൂത്ത സഹോദരി മറോറ്റ തന്നെ അവസാനം ഒരു ബെനഡിക്ടൈൻ സന്യാസിനിയാവുകയാണുണ്ടായത് . ഒരാൾ എങ്ങനെയാണ് വിശുദ്ധനാകുന്നതെന്ന് ചോദിച്ച സഹോദരിയോട് തോമസ് പറഞ്ഞത് ‘ അതിനായി ആഗ്രഹിച്ചുകൊണ്ട് ‘ എന്നായിരുന്നു.

അവന്റെ മനസ്സിളക്കാൻ സഹോദരർ ഒരു സുന്ദരിയെ മുറിയിലേക്ക് കയറ്റിവിട്ടു. കത്തിജ്വലിക്കുന്ന വിറകുകഷ്ണം നെരിപ്പോടിൽ നിന്ന് വലിച്ചെടുത്ത് തോമസ് അവളെ ഓടിച്ചു. അതിലെ തീ കെടുത്തി കരി കൊണ്ട് വാതിലിൽ കുരിശുവരച്ചു. ദൈവത്തിന്റെ സംരക്ഷണത്തിന് നന്ദി പറഞ്ഞു. പിന്നീടൊരിക്കലും ശരീരത്തെകുറിച്ചുള്ള പ്രലോഭനം തനിക്കുണ്ടായിട്ടില്ലെന്ന് മരണകിടക്കയിൽ റെജിനാൾഡ് സഹോദരനോട്‌ അദ്ദേഹം വെളിപ്പെടുത്തി.

പരീസിലെ പഠനകാലത്ത് കൂടെ പഠിക്കുന്നവർ തോമസിനെ മിണ്ടാക്കാള എന്ന് കളിയാക്കിയപ്പോൾ മഹാനായ ആൽബർട്ട് അന്നേ പറഞ്ഞു, ‘ ഇപ്പോൾ നിങ്ങൾ അവനെ മിണ്ടാക്കാള എന്ന് വിളിക്കുന്നു. പക്ഷെ ഒരു ദിവസം ഈ മിണ്ടാക്കാള അമറും, ലോകം മുഴുവനും കേൾക്കുമാറ്”.

വിശുദ്ധ ബൊനവെഞ്ചറിനൊപ്പമാണ് തോമസിന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. ഒരു അധ്യാപകനായും പ്രാസംഗികനായും അദ്ദേഹത്തിന്റെ ഖ്യാതി പരന്നു. സഭയുടെ പ്രശ്നങ്ങൾക്ക് പ്രതിവിധികൾ തോമസിനോട് ആരായപ്പെട്ടു. രാജാക്കന്മാരും മാർപ്പാപ്പമാരും കർദ്ദിനാൾമാരും മെത്രാന്മാരും മേലധികാരികളും ഒന്നുപോലെ അദ്ദേഹത്തിന്റെ ഉപദേശം തേടി. തോമസിന്റെ ബുദ്ധിവൈഭവവും ഗ്രാഹ്യവും കണ്ട് എല്ലാവരും അതിശയിച്ചു.ഒരേ സമയം അനേകം സെക്രട്ടറിമാരാണ് അദ്ദേഹം പറയുന്നത് എഴുതി എടുത്തിരുന്നത്.

ആർച്ചുബിഷപ്പാവാനുള്ള ക്ലമെന്റ് നാലാം പാപ്പയുടെ ക്ഷണം തോമസ് നിരസിച്ചു. എളിമ കൊണ്ട് മാത്രമല്ല തന്റെ വിളി അതിനല്ല എന്നുകൂടെ തോന്നിയിരുന്നത് കൊണ്ട്. കോർപ്പസ് ക്രിസ്റ്റിയുടെ തിരുന്നാളിനായി പുതിയ പ്രാർത്ഥനകളും കുർബ്ബാനയും രചിക്കാൻ ഊർബ്ബൻ നാലാം പാപ്പ തോമസിനെയാണ് ഏല്പിച്ചത്. ഗ്രിഗറി പത്താമൻ പാപ്പ ലിയോൺസിലെ രണ്ടാം കൗൺസിലിലേക്ക് തോമസിനെ ക്ഷണിച്ചു.

1273ൽ പൊടുന്നനെ തോമസ് എഴുത്ത് നിർത്തി. ഡിസംബർ 6 ന് നേപ്പിൾസിൽ കുർബ്ബാനക്കിടയിൽ സ്വർഗീയവെളിപാട് കിട്ടിയ അദ്ദേഹം റെജിനാൾഡ് സഹോദരനുമായി പങ്കുവെച്ചു, ” എന്റെ അവസാനം അടുത്തിരിക്കുന്നു. എനിക്ക് ലഭിച്ച വെളിപാടുകളുമായി തട്ടിച്ചുനോക്കുമ്പോൾ ഞാൻ എഴുതിക്കൂട്ടിയതെല്ലാം ഇപ്പോൾ വൈക്കോലിന് സമമായി തോന്നുന്നു”.

1274ൽ ലിയോൺസിലേക്കുള്ള യാത്രാ മദ്ധ്യേ വിശുദ്ധന്റെ ആരോഗ്യസ്ഥിതി വളരെ മോശമായി. ഫോസ്സനോവയിലെ സിസ്റ്റേഴ്സിയൻ സന്യാസികളുടെ ആശ്രമത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി പരിചരിച്ചു. ഉത്തമഗീതത്തിലെ വരികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം പറയാൻ അവർ നിർബന്ധിച്ചു.

‘ എന്നെ കൊണ്ടുപോവുക , നമുക്ക് വേഗം പോകാം. രാജാവ് തന്റെ മണവറയിലേക്ക് എന്നെ കൊണ്ടുവന്നിരിക്കുന്നു. ഞങ്ങൾ നിന്നിൽ ആനന്ദിച്ചുല്ലസിക്കും’…മണവാളൻ മണവാട്ടിയെ വിളിക്കുന്നു. തോമസിന് തന്റെ വ്യാഖ്യാനം മുഴുവനാക്കാൻ കഴിഞ്ഞില്ല. മണവാളൻ തിടുക്കത്തിൽ തന്നെ അദ്ദേഹത്തെ തന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വിശുദ്ധ കുർബ്ബാന എഴുന്നെള്ളിച്ചു കൊണ്ടുവന്നപ്പോൾ തോമസ് കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു : “ഞാൻ നോക്കികണ്ടതും പഠിച്ചതും അധ്വാനിച്ചതും ആരുടെ സ്നേഹത്തെപ്രതി ആയിരുന്നുവോ, ആ അങ്ങയെ, എന്റെ വീണ്ടെടുപ്പിന്റെ സമ്മാനത്തെ, ഞാൻ സ്വീകരിക്കുന്നു.ഞാൻ പ്രസംഗിച്ചതും പഠിപ്പിച്ചതും നിനക്കായാണ്”. അദ്ദേഹത്തിന്റെ അവസാനമണിക്കൂറുകൾ പാരവശ്യങ്ങളാലും സ്വർഗീയദർശനങ്ങളാലും അനുഗ്രഹിക്കപ്പെട്ടതായിരുന്നു. മാർച്ച്‌ 7, 1274ന് വിശുദ്ധൻ സ്വർഗ്ഗസന്നിധി പൂകി.

Happy Feast of St.Thomas Aquinas

ജിൽസ ജോയ് ✍️

Advertisements
Advertisements
St Thomas Aquinas
Advertisements
Advertisements

Leave a comment