വിശുദ്ധ ഡോൺ ബോസ്കോ | St. John Bosco

“ദൈവം അദ്ദേഹത്തിന് ബുദ്ധിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനുമൊപ്പം കടൽത്തീരത്തെ മണലിനോളം വിസ്തൃതിയുള്ള ഒരു ഹൃദയവും കൊടുത്തു” ഈ വാക്കുകളുടെ അകമ്പടിയോടെയാണ് സഭ വിശുദ്ധ ജോൺ ബോസ്‌കോയുടെ തിരുന്നാൾ ആഘോഷിക്കാൻ നമ്മെ ക്ഷണിക്കുന്നത്, തൻറെ ആത്മീയ പുത്രന്മാരും പുത്രിമാരും വഴിയായി ഡോൺ ബോസ്‌കോ എന്നാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്.

സൂക്ഷ്മബുദ്ധിയും വിസ്മയിപ്പിക്കുന്ന ഓർമ്മയും നല്ല കൈക്കരുത്തും പോലുള്ള അനേക കഴിവുകൾ കൊണ്ട് ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായിരുന്നു ഡോൺബോസ്‌കോ. സ്കൂൾദിനങ്ങളിൽ, തന്റെ കൂട്ടുകാരെ, വലിച്ചു കെട്ടിയ കയറിലൂടെ നടന്നും വടി കയ്യിൽ ബാലൻസ് ചെയ്തും കുഞ്ഞു ജാലവിദ്യകൾ കാണിച്ചും രസിപ്പിച്ചിരുന്നവൻ. എന്നിട്ട് അവരെ ജപമാല ചൊല്ലാൻ ക്ഷണിക്കും, ഞായറാഴ്ച കുർബ്ബാനയിൽ കേട്ട പ്രസംഗം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കും. കാസ്റ്റൽനോവോയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വയലിനും പിയാനൊയും ഓർഗണും വായിക്കൻ പഠിച്ചു. തയ്യൽപണിയും കൊല്ലപ്പണിയും പഠിച്ചു.

ബഹുമുഖപ്രതിഭയായ ഡോൺബോസ്‌കോക്ക് തന്റെ കഴിവുകൾ പിൽക്കാലത്ത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു. ഓരോ ശാസ്ത്രത്തെക്കുറിച്ചുമുള്ള അഗാധമായ അറിവിനാൽ (ലൗകികവും ആത്മീയവും) അതാത് വിഷയത്തിലെ വിദഗ്ദരെ പോലും അദ്ദേഹം വിസ്മയിപ്പിച്ചു. തെരുവ് കുട്ടികളോടും അനാഥകുട്ടികളോടും, സാമ്പത്തിക ആവശ്യങ്ങൾക്കായി സമീപിച്ചിരുന്ന സമൂഹത്തിലെ ഉന്നതരോടും ഒരേ വിധത്തിൽ സ്നേഹപൂർവ്വം പെരുമാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തൻറെ സകല കഴിവുകളും ഡോൺബോസ്‌കോ ദൈവത്തിനു വേണ്ടിയും, ദരിദ്രരുടെയും ഉപേക്ഷിക്കപ്പെട്ട യുവത്വത്തിന്റെയും അപ്പസ്തോലനാവുക എന്ന ദൗത്യത്തിനു വേണ്ടിയും ഉപയോഗിച്ചു. രണ്ടു വയസ്സാവുമ്പോഴേക്ക് അപ്പനില്ലാതെയായ അദ്ദേഹം, ആയിരക്കണക്കിന് യുവാക്കളുടെ അപ്പനായി മാറി. നിരവധി കടമ്പകൾ മറികടന്നുകൊണ്ട് പതിനഞ്ചാം വയസ്സിൽ മാത്രമാണ് അദ്ദേഹത്തിന് സ്‌കൂളിൽ പോകാൻ കഴിഞ്ഞത് എങ്കിലും നിരവധി ടെക്നിക്കൽ , അക്കാഡമിക് , ബോർഡിങ് സ്‌കൂളുകൾ അനേകം അദ്ദേഹം സ്ഥാപിച്ചു. ഉള്ള ആശ്രമങ്ങളും കന്യാസ്ത്രീമഠങ്ങളും പൂട്ടിക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുമ്പോൾ, 1859ൽ വിശുദ്ധ ഡോൺബോസ്കോ സലേഷ്യൻ സമൂഹത്തിന് ( salesian society for men ) രൂപം കൊടുത്തു. The institute of the Daughters of Mary, Help of Christians, for women (1872), 1876 ൽ സലേഷ്യൻ സഹകാരികളുടെ സഭ എന്നിവ സ്ഥാപിച്ചു.

1988ൽ അദ്ദേഹം മരിച്ചതിന്റെ ശതാബ്‌ദിയുടെ സമയത്ത് ജോൺപോൾ രണ്ടാമൻ പാപ്പ, വിശുദ്ധ ഡോൺബോസ്‌കോയെ യുവജനതയുടെ പിതാവും അധ്യാപകനുമായി പ്രഖ്യാപിച്ചു . “അദ്ദേഹം വിശുദ്ധനായ ഒരു അധ്യാപകനായിരുന്നു, ഫ്രാൻസിസ് സാലസ് എന്ന വിശുദ്ധനായ മാതൃകയിൽനിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു, വിശുദ്ധ ജോസഫ് കഫാസോയെ ആത്മീയോപദേഷ്ടാവായി സ്വീകരിച്ച വിദ്യാർത്ഥിയായി, തൻറെ കുട്ടികളുടെ ഇടയിൽനിന്ന് ഡൊമിനിക് സാവിയോയെപോലൊരു വിശുദ്ധനെ ഉണ്ടാക്കിയെടുക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു”.

വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ വാഴ്ത്താൻ ഉപയോഗിച്ച തിരുവചനം വിശുദ്ധ ഡോൺബോസ്കോക്ക് നന്നായി ഇണങ്ങുന്നതാണ്, ‘താൻ അനേകം ജനതകളുടെ പിതാവാകുമെന്ന് പ്രതീക്ഷക്ക് സാധ്യത ഇല്ലാതിരുന്നിട്ടും പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു’

ജോൺ ബോസ്‌കോ ഓഗസ്റ്റ് 16, 1815 ൽ ഇറ്റലിയിൽ കാസ്റ്റൽനോവോക്ക് അടുത്ത് ബെച്ചിയിൽ ഒരു പാവപ്പെട്ട കർഷകകുടുംബത്തിലാണ് ജനിച്ചത്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അവന്റെ പിതാവ് മരിച്ചതിനുശേഷം മമ്മ മാർഗ്ഗരറ്റ് വളരെ ബുദ്ധിമുട്ടിയാണ് മക്കളെ വളർത്തികൊണ്ടുവന്നത്. അവളുടെ സജീവ വിശ്വാസം, ദൈവാശ്രയത്വബോധം, തീക്ഷ്‌ണമായ പ്രാർത്ഥന, ആത്മശക്തി…ഇതൊക്കെയാണ് ഏത് ബുദ്ധിമുട്ടിലും ആ അവളെ മുന്നോട്ട് നയിച്ചത്. അവളുടെ തണലിൽ വളർന്ന ജോണും അതെല്ലാം അതേപടി പകർത്തി.

ഡോൺ റുവ എഴുതി, ” സാധാരണയിൽ കവിഞ്ഞ ഒരു ബുദ്ധിമുട്ട് ഏതെങ്കിലും കാര്യത്തിൽ അദ്ദേഹം അഭിമുഖീകരിച്ചാൽ, സാധാരണയിൽ കൂടുതൽ ആനന്ദമുള്ളവനായി അദ്ദേഹം കാണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ദൈവത്തിലുള്ള വിശ്വാസം അത്രയധികമായിരുന്നു”.

പ്രശ്നങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോൾ ഡോൺ ബോസ്‌കോ ഇങ്ങനെ ആവർത്തിച്ചിരുന്നതായി കർദ്ദിനാള്‍ കാളിയെരോ സാക്ഷ്യപ്പെടുത്തുന്നു, “ഇസ്രയേലിലൊരു ദൈവമുണ്ട്- അതിനാൽ ഒന്നും നമ്മെ ആകുലപ്പെടുത്താതിരിക്കട്ടെ, ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ”.

അഞ്ചുപൈസ പോലും തന്റെ കീശയിലില്ലെങ്കിലും വലിയ കാര്യങ്ങൾ ഡോൺ ബോസ്കോ തുടങ്ങി വെച്ചിരുന്നു. കോൺട്രാക്ടർമാർക്കും സാധനങ്ങൾ എത്തിക്കുന്നവർക്കുമൊക്കെ ഉറപ്പായിരുന്നു എല്ലാം കുഴപ്പമില്ലാതെ പോകുമെന്ന്. “പൈസ ലഭിക്കുമെന്നതിൽ ഒരു സംശയവുമില്ലായിരുന്നു. കുറച്ച് താമസിച്ചെന്നൊക്കെ വരുമെങ്കിലും വേറെ ഒരു പ്രശ്നവുമുണ്ടാവില്ല കാരണം ദൈവപരിപാലന അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. ഡോൺ ബോസ്കോയുടെ വാക്കിന് കറൻസിയെക്കാൾ വിലയുണ്ടായിരുന്നു”

വൈദികനാകാൻ പോകുന്ന ഡോൺബോസ്ക്കോയോട് അമ്മ മാർഗ്ഗരറ്റ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ് , “എല്ലാറ്റിനും ഉപരിയായി നാം ദൈവത്തെ കാണണം.ഞാൻ നിന്നോട് ഒന്നും ചോദിക്കുന്നില്ല, നിന്നിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല.ഞാൻ ദരിദ്രയായി ജനിച്ചു, ദരിദ്രയായി ജീവിച്ചു, ഒരു ദരിദ്രയായി മരിക്കാനും ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ നീ ഒരു ധനികനായ വൈദികനായി തീർന്നാൽ ഞാൻ ഒരിക്കലും നിന്റെയടുത്തു വരില്ല”. ഒരു വിശുദ്ധനെ വളർത്തിയ അമ്മ!

ഡോൺബോസ്‌കോ വൈദികവസ്ത്രം സ്വീകരിച്ച ദിവസം ആ അമ്മ മകനോട് പറഞ്ഞു ” ഈ വസ്ത്രങ്ങളല്ല നിന്നെ പുരോഹിതനാക്കേണ്ടത് , നിന്റെ ഗുണങ്ങളാണ്. ഇക്കാര്യത്തിൽ നിനക്ക് സംശയമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ വസ്ത്രം ഉപേക്ഷിക്കേണ്ടതാണ്. തൻറെ കർത്തവ്യങ്ങൾ നന്നായി നിർവഹിക്കാത്ത ഒരു പുരോഹിതനാകുന്നതിനേക്കാൾ എന്റെ മകൻ ഒരു സാധാരണ കർഷകനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് . നീ പരിശുദ്ധ മാതാവിനായി സ്വയം സമർപ്പിക്കണം”.

” നീ ഈ ലോകത്തിലേക്ക് വന്നപ്പോൾ ഞാൻ നിന്നെ അമ്മയുടെ സംരക്ഷണത്തിനേല്പിച്ചു. നീ പഠിക്കാൻ പോയപ്പോൾ അവളോട് ഭക്തിയുള്ളവനായിരിക്കാൻ ഞാൻ നിന്നോട് പറഞ്ഞു. നിന്നെ മുഴുവനായും അവൾക്ക് കൊടുക്കാനാണ് ഇപ്പോൾ ഞാൻ പറയുന്നത്. അവളോട് ഭക്തിയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും നീ ഒരു പുരോഹിതനായികഴിയുമ്പോൾ അവളിലേക്ക് ആളുകളെ തിരിക്കാനായി നിന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കുകയും ചെയ്യുക”.

ഡോൺബോസ്‌കോ വൈദികനായ ദിവസം മമ്മ മാർഗ്ഗരറ്റ് ഇങ്ങനെ ഉപദേശിച്ചു,” ജോൺ , നീ ഇപ്പോൾ ഒരു പുരോഹിതനായിരിക്കുകയാണ്. നീ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുകയാണ്. നീ പഠിച്ച പുസ്തകങ്ങളൊന്നും ഈ അമ്മ വായിച്ചിട്ടില്ല. എങ്കിലും ഞാൻ ഒരു കാര്യം പറയട്ടെ, വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ തുടങ്ങുന്നതോടെ നിനക്ക് ഒരുപാട് പീഡനങ്ങളും ഉണ്ടാകും. പെട്ടെന്നൊന്നും നിനക്കത് തിരിച്ചറിയാൻ കഴിയില്ല. പക്ഷെ ക്രമേണ അമ്മ പറഞ്ഞത് ശരിയാണല്ലോ എന്ന് നിനക്ക് തോന്നും. ഇപ്പോൾ മുതൽ ആത്മാക്കളെ രക്ഷിക്കുന്നതിനെകുറിച്ചായിരിക്കണം നിന്റെ ചിന്തകൾ”

“എന്റെ അമ്മയുടെ മടിയിലിരുന്നാണ് ഞാൻ കൊന്ത ചൊല്ലാൻ പഠിച്ചത്” ഡോൺബോസ്‌കോ ഓറട്ടറിയിലെ കുട്ടികളോട് പറയുമായിരുന്നു.അവരുടെ എല്ലാ ഭവനങ്ങളിലും കൊന്ത ചൊല്ലണമെന്നുള്ളത് ഡോൺബോസ്കോക്ക് നിർബന്ധമായിരുന്നു. എല്ലാ വർഷവും ഒക്ടോബറിൽ ബെച്ചിയിലേക്ക് ഡോൺ ബോസ്കോ പരിശുദ്ധ അമ്മയുടെ ചാപ്പലിലേക്ക് വിശുദ്ധൻ കുട്ടികളെ കൊണ്ടുപോയിരുന്നു. പോകുന്ന വഴിക്കുള്ള ഗ്രാമങ്ങളിലെ ആളുകളെയെല്ലാം അവരുടെ പാട്ടുകൾ കൊണ്ടും ബാൻഡ് കൊണ്ടും രസിപ്പിച്ചിരുന്നു. ദൈവവിളിയുള്ള കുട്ടികളെ കണ്ടെത്താനുള്ള സമയം കൂടി ആയിരുന്നു ഡോൺ ബോസ്കോക്ക് അത്. എത്രയോ പേർ അദ്ദേഹത്തിന്റെ സ്നേഹനിർബന്ധത്തിലും പ്രോത്സാഹനത്തിലും മാതൃകയിലും ആകൃഷ്ടരായി വൈദികരായി. എത്രയോ പേരെ തന്റെ പ്രസംഗങ്ങൾ കൊണ്ട് വിശുദ്ധിയിലേക്കും ദൈവവിളിയിലേക്കും വഴി തിരിച്ചു വിട്ടു.

എങ്കിലും ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം . യുവജനങ്ങളെയും കുട്ടികളെയും സ്‌നേഹിച്ച് ഈശോയിലേക്കടുപ്പിച്ചിരുന്ന ഡോൺ ബോസ്‌കോ കുഞ്ഞുങ്ങളോട് പറഞ്ഞു,” ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു. എന്റെ കയ്യിൽ ഒരു കഷണം റൊട്ടിയെഉള്ളുവെങ്കിലും അത് നിങ്ങൾക്കായി ഞാൻ നൽകും. നിങ്ങൾ ആർത്തുവിളിച്ചു ലജ്ജയും ഭയവുമില്ലാതെ കളിച്ചു രസിക്കു. പാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. അത്രയേ എനിക്ക് വേണ്ടൂ”.

ഇന്ന് ഡോൺ ബോസ്‌കോയുടെ പേര് പരിശുദ്ധ അമ്മയുടെ പേരിനോട് ചേർന്നിരിക്കുന്നു ‘ The Madonna of Don Bosco’ എന്ന്കൂടെ പരിശുദ്ധ അമ്മ അറിയപ്പെടുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലൂടെ വിശുദ്ധ ഡോൺ ബോസ്കോ ആളുകളെ സക്രാരിയിലേക്ക്, പരിശുദ്ധ കുർബ്ബാനയിലേക്ക് നയിച്ചു. മൂന്ന് സ്മാരകങ്ങൾ പരിശുദ്ധ അമ്മയുടെ പേരിൽ ഉണ്ടാക്കി, ടൂറിനിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പേരിൽ ഒരു ബസിലിക്ക, ക്രിസ്ത്യാനികളുടെ ആവശ്യമായ മറിയത്തിന്റെ മക്കൾ എന്ന പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് അവൾക്ക് ജീവിക്കുന്ന സ്മാരകമായി, പിന്നീട് ‘ sons of Mary ‘ എന്ന പേരിൽ വൈകി ദൈവവിളി കിട്ടുന്നവർക്കായും ഒരു പദ്ധതി.

തന്റെ ജീവിതകാലം മുഴുവൻ യുവജനങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ടായിരുന്നു ഡോൺ ബോസ്കോ ദൈവികപദ്ധതികളോട് സഹകരിച്ചത്.

” കർത്താവ്‌ എന്നെ അയച്ചത് യുവജനങ്ങൾക്ക് വേണ്ടിയാണ് അതുകൊണ്ട് ഞാൻ ബാക്കിയെല്ലാം മാറ്റിവെച്ച് എന്റെ ആരോഗ്യം അവർക്കായി നൽകണം “.

“എന്റെ അവസാനശ്വാസം വരേയ്ക്കും എന്റെ പാവപെട്ട മക്കൾക്കായി ഞാൻ എന്നെത്തന്നെ നൽകുമെന്ന് ഞാൻ ദൈവത്തിന് വാക്ക് കൊടുത്തിട്ടുണ്ട്’.

” നിങ്ങൾക്ക് വേണ്ടി ഞാൻ പഠിക്കുന്നു, നിങ്ങൾക്ക് വേണ്ടി ഞാൻ ജോലി ചെയ്യുന്നു, നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കുന്നു, എന്റെ ജീവൻ പോലും നിങ്ങൾക്കായി ഞാൻ തരും “.

അവരെ ഓരോരുത്തരെയും വ്യക്തിപരമായി അദ്ദേഹം സ്നേഹിച്ചു. പിതാവായ ദൈവത്തിന്റെയും നല്ലിടയന്റെയും സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ പിതൃവാത്സല്യത്തിൽ പ്രതിഫലിച്ചത്. വിശുദ്ധന്റെ അധ്യാപനം, യുക്തിയിലും വിശ്വാസത്തിലും സ്നേഹപൂർണ്ണമായ കരുണയിലും അധിഷ്ഠിതമായിരുന്നു. അത് ആ അധ്യാപകനെ, ഏതവസ്ഥയിൽ കാണപ്പെടുന്ന യുവാക്കളെയും ക്രിസ്തുവിൽ വെളിവാക്കപ്പെട്ട മനുഷ്യത്വത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കാനും ദൈവത്തിന്റെ മകനായി ജീവിക്കാൻ സഹായിക്കാനും പ്രാപ്തനാക്കി.

1888 ജനുവരി 31, പുലർച്ചെ 4.45 ന് ഡോൺ ബോസ്കോ ശാന്തനായി ദൈവസന്നിധിയിലേക്ക് പോയി. ” എന്റെ മക്കളോട് പറയണം ഞാനവരെ സ്വർഗ്ഗത്തിൽ കാത്തിരിക്കും” എന്ന് മൂന്ന് ദിവസം മുൻപ് അദ്ദേഹം മന്ത്രിച്ചിരുന്നു.

1934, ഏപ്രിൽ 1, ഈസ്റ്റർ ഞായറാഴ്ച, ഡോൺ ബോസ്കോയെ വിശുദ്ധനായി പ്രഖ്യാപിക്കവേ പീയൂസ് പതിനൊന്നാം പാപ്പ ഇങ്ങനെ പറഞ്ഞു, “അദ്ദേഹത്തിന്റെ ജീവിതത്തിൽ, പ്രകൃത്യാതീതമായവ സ്വാഭാവികമായി , അസാധാരണമായത് സാധാരണമായി “.

Happy Feast of St John Bosco

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment