‘പശ്ചാത്താപം’ എന്ന വാക്കിന്റെ ശരിയായ അർത്ഥം, നിർണ്ണായകമായ ഒരു തീരുമാനമെടുക്കൽ, പൂർണമായ മാറ്റം, സമ്പൂർണ സമർപ്പണം എന്നതൊക്കെ ആണെന്ന് കാണിച്ചു തരുന്ന ഒരു വിശുദ്ധയുടെ തിരുന്നാളാണ് ഫെബ്രുവരി 22ന് തിരുസഭ നിശ്ചയിച്ചിട്ടുള്ളത്. പ്രലോഭനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്കും പ്രലോഭനങ്ങളിൽ പെട്ടുഴലുന്ന മറ്റുള്ളവർക്കായി പ്രാർത്ഥിക്കാനും വേണ്ടി നമുക്ക് മാധ്യസ്ഥം യാചിക്കാൻ കഴിയുന്ന വിശുദ്ധയാണ് കൊർട്ടോണയിലെ വിശുദ്ധ മാർഗ്ഗരറ്റ്.
ദൈവത്തിന് മാത്രമേ നമ്മുടെ ആഗ്രഹങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്താനും അവനിൽ മാത്രമേ ശരിയായ സന്തോഷവും സമാധാനവും മനുഷ്യർക്ക് കണ്ടെത്താനും കഴിയുകയുള്ളു എന്നവൾ മനസ്സിലാക്കി. ഇറ്റലിയിലെ ടസ്കണി പ്രവിശ്യയിലുള്ള കൊർട്ടോണ മലനിരകളിൽ നിന്ന് മാർഗ്ഗരറ്റ് ഒരു ദീപസ്തംഭം പോലെ നമുക്ക് മുന്നിൽ പ്രകാശിക്കുന്നു.
രണ്ടാം മഗ്ദലേന എന്നവൾ വിളിക്കപ്പെടുന്നുണ്ടെങ്കിൽ, അതവളുടെ നേരത്തെയുള്ള പാപജീവിതം കൊണ്ടല്ല, മറിച്ച് അവൾ ദൈവത്തിലേക്ക് തിരിച്ചുവന്നത് അത്രയധികം സ്നേഹത്താലും അവന്റെ കാരുണ്യത്തിലും ദയയിലുമുള്ള പൂർണമായ ആത്മവിശ്വാസത്തിലുമാണെന്നതു കൊണ്ടാണത്.
“ഞാൻ നിന്നെ ജ്വലിക്കുന്ന ഒരു വെളിച്ചമാക്കിയിരിക്കുന്നു “, കർത്താവ് പിന്നീടൊരിക്കൽ അവളോട് പറഞ്ഞു, “ഇരുട്ടിലിരിക്കുന്നവർക്ക് പ്രകാശമാകാൻ. ഞാൻ നിന്നെ പാപികൾക്ക് മാതൃകയാക്കി നൽകുന്നു, പശ്ചാത്തപിക്കുന്ന പാപിയെ എന്റെ കാരുണ്യം എങ്ങനെ കാത്തുനിൽക്കുന്നു എന്ന് നിന്നിൽ അവർ കാണാനായി ; കാരണം ഞാൻ നിന്നോട് കരുണയുള്ളവനായിരുന്നതു പോലെ അവരോടും കരുണയുള്ളവനായിരിക്കും”.
കർഷകദമ്പതികളുടെ മകളായി 1247ൽ ജനിച്ച പെൺകുട്ടിക്ക് ലാറ്റിനിൽ ( margarita) മുത്ത് എന്നർത്ഥം വരുന്ന മാർഗ്ഗരറ്റ് എന്നവർ പേരിട്ടു. വളരെ സുന്ദരിയായിരുന്ന അവൾ, ഉള്ള സാഹചര്യങ്ങളിൽ തൃപ്തിയില്ലാത്തവളായി വളർന്നു. എഴുവയസ്സിൽ അമ്മ മരിച്ചതിനു ശേഷം വന്ന രണ്ടാനമ്മക്ക് തീരെ സ്നേഹമില്ലാത്തിയിരുന്നു. വീട്ടിൽ കിട്ടാത്ത സ്നേഹം അവൾ പുറത്ത് അന്വേഷിച്ചു തുടങ്ങി. സുന്ദരിയായ അവളെ വലയിലാക്കാൻ ഓഫറുകളുമായി ധാരാളം ചെറുപ്പക്കാർ ഉണ്ടായിരുന്നതുകൊണ്ട് പതിനേഴു വയസ്സാകുമ്പോഴേക്ക് മോശമല്ലാത്ത ചീത്തപ്പേരും സ്വന്തമാക്കി.
ഒരു കുലീനകുടുംബത്തിലെ ചെറുപ്പക്കാരൻ അവളെ വീട്ടുപണിക്കായി ക്ഷണിച്ചു. വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന മാർഗ്ഗരറ്റ് സന്തോഷത്തോടെ അവിടേക്ക് പോയി. സമ്മാനങ്ങളിലൂടെ അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിച്ച ആ ചെറുപ്പക്കാരന്റെ ഉദ്ദേശങ്ങൾ മനസ്സിലാക്കാതെ അയാളുടെ മകന്റെ അമ്മയായി അവൾ കുറച്ചുകഴിയുമ്പോഴേക്കും.
ഓരോ പ്രാവശ്യം വിവാഹത്തിന്റെ കാര്യം പറയുമ്പോഴും അയാൾ ഒഴിഞ്ഞുമാറി. തന്റെ ദയനീയ അവസ്ഥ മാർഗ്ഗരറ്റിന് ബോധ്യമായി. സ്വാതന്ത്ര്യം കൊതിച്ച അവൾ ഇപ്പോൾ അടിമത്തത്തിലായിരിക്കുന്നു. അവളുടെ തിന്മ നിറഞ്ഞ ജീവിതവും അവളെ വേട്ടയാടി. ദൈവഭയത്തോടെ, ദൈവഹിതപ്രകാരം ജീവിക്കാമായിരുന്നു എന്നവൾക്ക് തോന്നി. കൊട്ടാരത്തിന്റെ മുറ്റത്ത് വരുന്ന പാവപ്പെട്ടവരെ സഹായിക്കുന്ന പോലുള്ള കാര്യങ്ങൾ ചെറുതായി അവൾ ചെയ്യാൻ തുടങ്ങിയെങ്കിലും പുറമെ അവൾ അത് കാണിച്ചില്ല. നന്മ ഉപദേശിക്കാൻ വന്നവരെ ശ്രവിക്കാൻ നിന്നില്ല. നന്നായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് യാത്ര ചെയ്തിരുന്ന അവൾ ആളുകൾ അവളെപറ്റി അടക്കം പറയുന്നത് കെട്ടില്ലെന്ന് നടിച്ചു.
അവൾക്ക് 27 വയസ്സാകുന്നത് വരെ അങ്ങനെ തുടർന്നു. പെട്ടെന്നൊരു ദിവസം എല്ലാം മാറിമറിഞ്ഞു. അവളുടെ യജമാനൻ ( കുഞ്ഞിന്റെ പിതാവ് ) ഒരു യാത്ര പോയിട്ട് കുറച്ചു ദിവസമായിട്ടും തിരിച്ചു വന്നില്ല. അവസാനം അയാളുടെ സന്തതസഹചാരി ആയിരുന്ന വേട്ടനായ മാത്രം തിരിച്ചു വന്ന് അവളുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി. കാട്ടിൽ ഒരിടത്ത് കുറേ ചുള്ളികമ്പിന്റെ അടിയിൽ അയാളുടെ ശവശരീരം മറച്ചു വെച്ചിരുന്നു. ആരാണ് ആ കൃത്യം ചെയ്തതെന്ന് ഒരു തെളിവും ഉണ്ടായില്ല.
ഏറെ ദുഖിതയായ മാർഗരറ്റ് അതിനുശേഷം കൊട്ടാരത്തിൽ നിന്ന് കുഞ്ഞിനെ എടുത്ത് അവളുടെ വീട്ടിലേക്ക് പോയി. അവളുടെ പിതാവ് വിചാരിച്ചു അവൾ ഇനിയെങ്കിലും അവിടെ അടങ്ങിയൊതുങ്ങി കഴിയുമെന്ന്. പക്ഷേ അതായിരുന്നില്ല സ്ഥിതി. കഴിഞ്ഞകാല പാപങ്ങൾക്ക് പരസ്യമായി പരിഹാരം ചെയ്യാൻ ആഗ്രഹിച്ചുകൊണ്ട് അവൾ കഴുത്തിനു ചുറ്റും കയറ് ധരിച്ചു പള്ളിയിൽ പോയി. പള്ളിയിലേക്ക് കടന്നുവരുന്ന എല്ലാവരുടെയും പുച്ഛം സമ്പാദിച്ചു കൊണ്ട് പള്ളിവാതിലിൽ നിലയുറപ്പിച്ചു. അവളുടെ തെറ്റുകൾ പരസ്യമായി വിളിച്ചു പറഞ്ഞ് കുമ്പസാരിക്കുക കൂടെ ചെയ്തു.
അവളുടെ പിതാവിനും രണ്ടാനമ്മക്കും സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു അത്. അവരവളെ കുഞ്ഞിനൊപ്പം പുറത്താക്കി. എങ്ങോട്ട് പോണമെന്നറിയാതെ മരത്തിനു ചുവട്ടിലിരുന്ന അവൾ അവസാനം ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിലേക്ക് പോയി. അവർ അവളെ അലിവോടെ സ്വാഗതം ചെയ്തു. അവൾക്കഭയം നൽകി.
അവൾ തന്റെ പാപങ്ങളോർത്ത് ഏറെ കരഞ്ഞു. രണ്ട് ഫ്രാൻസിസ്കൻ സഹോദരർ അവൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അതിലൊരാൾ അവളുടെ കുമ്പസാരക്കാരനും അവളുടെ മരണശേഷം അവളുടെ ജീവചരിത്രകാരനും ആയി.
അവൾക്കും കുഞ്ഞിനും ജീവിക്കാനാവശ്യമായ പണത്തിനായി സമ്പന്നരായ സ്ത്രീകളെ അവൾ പരിചരിച്ചു. പിന്നീട് പാവപ്പെട്ട രോഗികൾക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് ഒരു സ്ഥാപനത്തിൽ താമസിച്ചു. മറ്റുള്ളവരുടെ കരുണയിൽ ഭിക്ഷ സ്വീകരിച്ച് അവൾ ജീവിച്ചു. അങ്ങനെ കിട്ടുന്നതും കൂടെ മറ്റുള്ളവർക്കായി പങ്കുവെച്ചു.ഫ്രാൻസിസ്കൻ സഭക്കാർ മൂന്ന് വർഷത്തിന് ശേഷം അവളെ വിശുദ്ധ ഫ്രാൻസിസിന്റെ മൂന്നാം സഭയിലേക്ക് സ്വീകരിച്ച് സഭാവസ്ത്രം നൽകി. അവളുടെ മകനെ സ്കൂളിൽ അയച്ചു, പിന്നീട് അവനും ഫ്രാൻസിസ്കൻ സഭയിൽ ചേരുകയാണുണ്ടായത്.
മാർഗ്ഗരറ്റിന് വിശുദ്ധിയിൽ അഭിവൃദ്ധിപ്പെടാൻ വേറെ തടസ്സമൊന്നും പിന്നെ ഇല്ലായിരുന്നു. അവളുടെ പ്രാർത്ഥനാജീവിതം ശക്തിപ്പെട്ടതിനൊപ്പം പാവങ്ങളോടുള്ള സ്നേഹപ്രവൃത്തികളും വർദ്ധിച്ചു.1286ൽ ബിഷപ്പിന്റെ അനുവാദത്തോടെ അവൾ ഒരു ആശുപത്രി ആരംഭിച്ചു. The poverelle (The poor ones) എന്നാണ് അവിടെ ശുശ്രൂഷിക്കുന്ന സഹോദരിമാരുടെ സഭാസമൂഹത്തെ വിളിച്ചത്. ആശുപത്രിയിലും മറ്റുമായി പാവങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കായി Cofraternity of Our Lady of Mercy for ladies എന്ന പേരിൽ ഒരു സഹോദര്യസംഘവും അവൾ തുടങ്ങി.
അവളുടെ പരിഹാരപ്രവൃത്തികളുടെ പേരിലാണ് മാർഗ്ഗരറ്റ് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. വളരെ കുറച്ചേ അവൾ ഉറങ്ങിയുള്ളു. രാത്രിസമയം പ്രാർത്ഥനയിലും ധ്യാനത്തിലുമാണ് കൂടുതലും ചിലവഴിച്ചത്. ഉറങ്ങുമ്പോൾ അത് വെറും നിലത്തായിരുന്നു. ഒരു ചെറിയ അപ്പവും പാകം ചെയ്യാത്ത പച്ചക്കറികളുമായിരുന്നു ഭക്ഷണം. ഒരിക്കൽ വില കൂടിയ വസ്ത്രങ്ങളും രത്നങ്ങളും അണിഞ്ഞിരുന്ന അവൾ പാവപ്പെട്ടവരുടെ പഴന്തുണി ധരിച്ചു. പഴയ ഇഷ്ടങ്ങളെല്ലാം ഉപേക്ഷിച്ചു. മരണം വരെ തനിക്കും തന്റെ ശരീരത്തിനുമിടയിലുള്ള പോരാട്ടം നിലനിൽക്കുമെന്നവൾ പറഞ്ഞു. ശരീരത്തിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാൻ അവൾ ഇഷ്ടപ്പെട്ടില്ല.
അവളുടെ ആത്മപരിത്യാഗങ്ങൾ ഉടലെടുത്തത്, തന്റെ സ്നേഹവും കരുതലും സംരക്ഷണവും സാവധാനം അവൾക്ക് മനസ്സിലാക്കികൊടുത്ത ദൈവത്തിനോടുള്ള അടുപ്പത്തിന്റെ അഗാധതയിൽ നിന്നായിരുന്നു. അവൾ ദൈവത്തിനായി മാത്രം ജീവിച്ചു. അവൻ തന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നവൾ അറിഞ്ഞു.
1297 ൽ മാർഗ്ഗരറ്റ് മരിക്കുമ്പോൾ അവൾക്ക് 50 വയസ്സായിരുന്നു. അവസാനത്തെ 23 വർഷങ്ങൾ മാതൃകാപരിഹാരാർത്ഥിയായി അവൾ ജീവിച്ചു. അവളുടെ കുമ്പസാരക്കാരനച്ചൻ പറഞ്ഞത്, അവളുടെ ശവകുടിരത്തിൽ, നടന്നിട്ടുള്ള ശാരീരികവും ആന്തരികവുമായ അത്ഭുതങ്ങൾ, ആൾക്ക് വ്യക്തിപരമായി അറിയാവുന്നത് മാത്രം രേഖപ്പെടുത്തിയാൽ തന്നെ ഒരുപാട് വാല്യങ്ങൾ വേണ്ടിവരും എന്നാണ്. 1728ൽ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ഇപ്പോഴും കൊർട്ടോണയിൽ അവളുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്നു എന്നത് അവിടത്തുകാർ വലിയ ബഹുമതിയായി കരുതുന്നു.
ജിൽസ ജോയ്
