തപസ്സു ചിന്തകൾ 1

തപസ്സു ചിന്തകൾ 1

ക്ഷമിക്കുന്നതിൽ മടുക്കാത്ത ദൈവം

“നമ്മളോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുക്കുന്നില്ല; അവൻ്റെ കരുണ തേടുന്നതിൽ നമ്മളാണ് മടുക്കുന്നത് ” ഫ്രാൻസീസ് മാർപാപ്പ.

ദൈവത്തിൻ്റെ സ്നേഹത്തിനും ക്ഷമയ്ക്കും പരിധികളില്ല. ക്ഷമിക്കുന്ന ദൈവസ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും അതിൽ നീന്തിക്കുളിക്കാനുമുള്ള ക്ഷണമാണ് നോമ്പുകാലം നൽകുന്നത്. നമ്മൾ എത്ര തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിലും അവനോട് എത്രമാത്രം മറുതലിച്ചട്ടുണ്ടെങ്കിലും ദൈവം നമ്മളോടു ക്ഷമ കാണിക്കുന്നത് ഒരേയൊരു കാരണത്താലാണ്; അവൻ നമ്മെ സ്നേഹിക്കുന്നു. നമ്മുടെ പാപങ്ങൾക്കപ്പുറം അവൻ നമ്മെ സ്നേഹിക്കുന്നു. “എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്‌; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും.” (ജറെമിയാ 31 : 3 )

ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മളോടുള്ള അവൻ്റെ സ്നേഹം,അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍ക്കുന്നതിൽ (യോഹ 3 : 16) അടങ്ങിയിരിക്കുന്നു.

മനുഷ്യനായി അവതരിച്ച ദൈവമാണ് ഈശോ മിശാഹാ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് രക്ഷ നേടിത്തരുവാൻ കുരിശിൽ ബലിയായി. അതു വഴി നമ്മുടെ പാപങ്ങൾക്കുള്ള സമ്പൂർണ്ണ യാഗമായി അവൻ മാറി. ദൈവം” നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ്‌ സ്‌നേഹം.” (1 യോഹ 4 : 10)

ദൈവത്തിൻ്റെ സ്നേഹം നമ്മുടെ ജീവിതത്തിൽ അനുഭവ വേദ്യമായോ? അത് ഉൾകൊള്ളുവാൻ നമ്മുടെ ജീവിതത്തെ വേണ്ടത്ര ഒരുക്കിയോ?

നോമ്പിൻ്റെ ആദ്യ ദിനത്തിൽ നമുക്കു ആത്മപരിശോധന നടത്താം. അനുതാപമുള്ള ഹൃദയത്തോടെ നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു ഒരിക്കലും മടുപ്പില്ലാത്ത ദൈവകാരുണ്യത്തിൽ നമുക്കു വിലയം പ്രാപിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment