റോമിലെ വിശുദ്ധ ഫ്രാൻസെസ് | March 9

മാർച്ച്‌ 9, റോമിലെ വിശുദ്ധ ഫ്രാൻസെസ് ന്റെ തിരുന്നാൾ ദിവസമാണ്. ഒരു സന്യാസിനി ആകാൻ ഏറെ ആഗ്രഹിച്ചിച്ചെങ്കിലും മാതാപിതാക്കളുടെ സമ്മതം കിട്ടാഞ്ഞത് കൊണ്ട് ഈ വിശുദ്ധക്ക് കുടുംബിനി ആകേണ്ടി വന്നു.

‘ഒരു വിവാഹിതയായ സ്ത്രീ ദൈവത്തെ തൻറെ വീട്ടുജോലികളിൽ കണ്ടുമുട്ടാനായി അൾത്താരയിൽ വിട്ടിട്ടു പോരണം’ എന്ന് പറഞ്ഞത് ഈ വിശുദ്ധയാണ്, അതായത് മർത്തായാകാനും മറിയമാകാനും ഒരേസമയം അവൾക്ക് സാധ്യമാണ് ജോലികൾ ഈശോയുടെ കൂടെ ചെയ്യുമ്പോൾ.

അവൾ ദൈവസാന്നിധ്യത്തിലാണ് എപ്പോഴും ജീവിച്ചത്. അവൾക്ക് തുണയായി കിട്ടിയ കാവൽമാലാഖയെ ജീവിതത്തിലെ നീണ്ട ഒരു കാലയളവിൽ അവൾക്ക് കാണാമായിരുന്നു. അവൾക്ക് ചുറ്റും ഒരു ദിവ്യപ്രകാശം ഉണ്ടായിരുന്നതു കൊണ്ട് രാത്രിയിൽ പ്രാർത്ഥനകൾ പുസ്തകത്തിൽ നോക്കി ചൊല്ലാൻ വേറെ ഒരു വെളിച്ചത്തിന്റെ ആവശ്യമില്ലായിരുന്നു.

പ്രലോഭനങ്ങളിൽ കാവൽമാലാഖ അവൾക്ക് സംരക്ഷണമായി, നല്ല കാര്യങ്ങളിലേക്ക് അവളെ നയിച്ചു. എന്തെങ്കിലും തെറ്റ് ചെയ്‌താൽ അവളുടെ ദൃഷ്ടിയിൽ നിന്ന് മാലാഖ മാഞ്ഞുപോയി, ദൈവദൂഷണമോ ചീത്തവാക്കുകളോ അവളുടെ സാന്നിധ്യത്തിൽ ആരെങ്കിലും പറഞ്ഞാൽ മാലാഖ വേദനയോടെ അതിന്റെ മുഖം പൊത്തി…

യുദ്ധവും കലാപദുരിതങ്ങളുമൊക്കെ നഗരങ്ങളിൽ സാധാരണ കാഴ്ചയായിരുന്ന 1384ൽ, സമ്പന്നരായ പോൾ ബൂസ്സോയുടെയും ജേക്കോബെല്ലയുടെയും മകളായി റോമിലെ ട്രാസ്‌റ്റെവെരെയിൽ ഫ്രാൻസസ് ജനിച്ചു. ടൈബർ നദീതീരത്തുള്ള ചെറ്റപ്പുരകളിൽ താമസിക്കുന്ന പാവപ്പെട്ടവർക്ക് സഹായവുമായി തന്റെ അമ്മ പോവുമ്പോൾ കുഞ്ഞുഫ്രാൻസെസ് കൂടെ പോയി. അക്കാലങ്ങളിൽ പാവപ്പെട്ടവരെ സഹായിക്കുന്ന സന്യാസസമൂഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതുപോലെ സമ്പന്നകുടുംബങ്ങളുടെ കാരുണ്യത്തിലാണ് പാവപ്പെട്ടവർ കഴിഞ്ഞിരുന്നത്.

വിശുദ്ധരുടെ ജീവചരിത്രങ്ങൾ വായിക്കാൻ ഫ്രാൻസെസ് ഏറെ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് ഈജിപ്ഷ്യൻ മരുഭൂമികളിൽ കഴിഞ്ഞിരുന്ന സന്യാസിമാരെക്കുറിച്ച്. അവരുടെ കഠിനപ്രായശ്ചിത്തരീതികൾ അനുകരിക്കാനും അവൾ ശ്രമിച്ചു. അവളുടെ കുമ്പസ്സാരക്കാരൻ അവളോട് പറഞ്ഞു,

“എത്ര ചെറുതാണെങ്കിലും നീ ചെയ്യുന്നതെല്ലാം ദൈവത്തിന് സമർപ്പിക്കുക. കൂടെക്കൂടെ സമർപ്പണം നവീകരിക്കുക. അങ്ങനെ, ഒരിക്കൽ ദൈവത്തിന് നൽകാനായി ശ്രേഷ്ഠമായ ഒരു ബലിയുണ്ടാകും നിന്റേതായി “.

പതിനൊന്നു വയസ്സായപ്പോഴേക്ക് അവളുടെ ജീവിതം ദൈവത്തിനായി സമർപ്പിക്കാൻ വലിയ ആഗ്രഹമുണ്ടായി ഫ്രാൻസെസിന്. അത് നടക്കില്ലെന്ന് അവളുടെ മാതാപിതാക്കൾ അറുത്തുമുറിച്ച് തന്നെ പറഞ്ഞു. 1396ൽ അവൾക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ റോമിലെ പൊൻസിയാനി കൊട്ടാരത്തിലെ ആന്ഡ്രുവിന്റെ മകനായ ലോറൻസിന് അവളെ വിവാഹം ചെയ്തുകൊടുത്തു.

ലോറൻസിന്റെ മൂത്ത സഹോദരനായ പോളിന്റെ ഭാര്യ വനേസ്സയുമായി ഫ്രാൻസെസ് സൗഹൃദത്തിലായി. പ്രാർത്ഥനയും ധ്യാനവും പാവങ്ങളോടുള്ള പരിചരണവും കുടുംബകാര്യങ്ങളും ഒന്നിച്ചു കൊണ്ടുപോവാൻ വനേസ്സ ഫ്രാൻസെസിനെ പ്രോത്സാഹിപ്പിച്ചു. ലളിതമായ വസ്ത്രം ധരിച്ച്, ദരിദ്രരെ സഹായിക്കാനും ഹോളി സ്പിരിറ്റ്‌ ആശുപത്രിയിൽ പോയി രോഗികളെ പരിചരിക്കാനും അവർ സമയം കണ്ടെത്തി. കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാൻ കഴിയാതെ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ നഗരമേധാവികളോട് അപേക്ഷിച്ചു. ആദ്യമൊക്കെ കൊട്ടാരത്തിൽ എതിർപ്പുകളുണ്ടായെങ്കിലും കാലങ്ങൾ കഴിയവേ അവരുടെ ഭർത്താക്കന്മാരും ഈ പുണ്യകർമ്മങ്ങളിൽ അവരെ പിന്താങ്ങി.

ഫ്രാൻസെസ് തന്റെ കുടുംബകാര്യങ്ങളിൽ വീഴ്ച വരുത്താതെ അതും ഒന്നിച്ചു തന്നെ കൊണ്ടുപോയി. ബാപ്ടിസ്റ്റ്, ഇവാൻജലിസ്റ്റ് എന്നീ രണ്ട് ആൺമക്കളും ആഗ്നസ് എന്ന മകളും ലോറൻസ്- ഫ്രാൻസെസ് ദമ്പതികൾക്കുണ്ടായി.

ആഭ്യന്തരയുദ്ധങ്ങൾ കൊടുമ്പിരി കൊണ്ട സമയം ഫ്രാൻസെസിന്റെ കുടുംബം കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. ഭർത്താവിന് ഗുരുതരമുറിവേൽക്കുകയും മൂത്തമകൻ ബന്ദിയാക്കപെടുകയും താഴെയുള്ള മകനെ പ്ളേഗ് ബാധയിൽ നഷ്ടപ്പെടുകയും വീട് അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടും സമ്പത്ത് കൈവിട്ടുപോയിട്ടും ഫ്രാൻസെസ് ദൈവത്തെ തള്ളിപറഞ്ഞില്ല.വിഷമിച്ചു തളർന്നിരുന്നില്ല. അവളും വനേസ്സയും കൂടി നഗരത്തിലൂടെ യാത്ര ചെയ്ത് പ്ളേഗ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ എടുത്തുകൊണ്ടു വന്ന് സംസ്കരിച്ചു. മരിക്കുന്നവരെയും രോഗികളെയും ആശ്വസിപ്പിച്ചു. ധാന്യങ്ങൾ സംഭരിച്ച് പാവങ്ങളെ ഊട്ടി.

‘എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ വരുന്ന മാലാഖമാരെ ഞാൻ കാണുന്നു’ എന്ന വാക്കുകളോടെയാണ് മകനായ ഇവാഞ്ചലിസ്റ്റ് മരിച്ചത്’. പിന്നീട്, മകളായ ആഗ്നസും മരിച്ചുപോയി.

1414 ൽ യുദ്ധം അവസാനിച്ചു ശാന്തതയുണ്ടായി. പുതിയ വീട് തട്ടിക്കൂട്ടി. ബാപ്റ്റിസ്റ്റ് വിവാഹം കഴിച്ചു. ക്ഷാമത്തിന്റെയും യുദ്ധത്തിന്റെയും രോഗങ്ങളുടെയും ഇടയിൽ ഫ്രാൻസെസ് ചെയ്ത നല്ല കാര്യങ്ങൾ നഗരവാസികളുടെയെല്ലാം ആദരവ് പിടിച്ചുപറ്റിയിരുന്നു.

അനേകം കുലീനവനിതകൾ ദൈവത്തെപ്രതി അവൾ ചെയ്യുന്ന നല്ല കാര്യങ്ങളിൽ പങ്കുചേർന്നു. തന്റെ കൂടെ ഫ്രാൻസെസ് വീട്ടിൽ തന്നെ താമസിക്കുമെങ്കിൽ, അവൾ സന്യാസമൂഹം സ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്ന് ലോറൻസ് പറഞ്ഞതോടെ 1424ൽ ഫ്രാൻസെസ് അൽമായസ്ത്രീകൾക്കായി ‘ഒബ്ലേറ്റ്സ് ഓഫ് മേരി’ സ്ഥാപിച്ചു. അത് പിന്നീട് ഒബ്ലേറ്റ്സ് ഓഫ് ടോർ ഡേ സ്പെച്ചി എന്നറിയപ്പെട്ടു. ആഗ്നസ് ഡി ലെലിസ് സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. നിയമാവലി ഒന്നും അവർക്കുണ്ടായിരുന്നില്ല, ദൈവത്തിനായും പാവങ്ങൾക്കായുമുള്ള സ്വയം സമർപ്പണം മാത്രം.

1436ൽ ഭർത്താവായ ലോറൻസിന്റെ മരണശേഷം കൊട്ടാരം വിട്ട്, ടോർ ഡേ സ്പെച്ചിയിലേക്ക് എന്നേക്കുമായി പോകാൻ ഫ്രാൻസെസ് തീരുമാനിച്ചു. അഗാധമായ എളിമയോടെ കാൽനടയായി, കഴുത്തിൽ ഒരു കയർ ചുറ്റിക്കൊണ്ട് സന്യാസഭവനത്തിലേക്ക് ചെന്ന അവളെ സഭാസമൂഹം സന്തോഷത്തോടെ എതിരേറ്റു. ആഗ്നസ് ഡി ലെലിസ് സുപ്പീരിയർ സ്ഥാനം ഫ്രാൻസെസിന് കൈമാറി, ഫ്രാൻസെസ് അത് ഏറെ എതിർത്തെങ്കിലും. ദൈവത്തിനും പാവങ്ങൾക്കുമായി ജീവിതം സമർപ്പിക്കണമെന്ന് പതിനൊന്നാം വയസ്സിൽ അവൾ കണ്ട സ്വപ്നം അങ്ങനെ അമ്പത്തിരണ്ടാം വയസ്സിൽ പൂവണിഞ്ഞു.

1440ൽ തന്റെ പുത്രനായ ബാപ്റ്റിസ്റ്റിനെയും ഭാര്യയെയും സന്ദർശിച്ച് ഭവനത്തിലേക്ക് മടങ്ങവേ അവൾക്ക് തീരെ സുഖമില്ലാതായി. വഴിക്ക് വെച്ച് അവളുടെ അവസ്ഥ കണ്ട ആത്മീയോപദേഷ്ടാവ് തിരിച്ചു മകന്റെ വീട്ടിലേക്ക് മടങ്ങാൻ അവളോട് പറഞ്ഞു. എഴു ദിവസം അങ്ങനെ രോഗാവസ്ഥയിൽ തുടർന്നു. മാർച്ച്‌ ഒൻപതിന്, അവൾ പറഞ്ഞിരുന്ന പോലെ തന്നെ നിത്യസന്നിധിയിലേക്ക് അവൾ യാത്രയായി. ഈ ഭൂമിയിൽ അവസാനമായി കണ്ണടക്കുന്നതിന് മുൻപ് അവൾ മന്ത്രിച്ചു , “ദൂതൻ തന്റെ ദൗത്യം പൂർത്തിയാക്കി, അവനെ അനുഗമിക്കാൻ ഇതാ എന്നെ വിളിക്കുന്നു “.

സാന്തമരിയ നുവോവ പള്ളിയിൽ മൂന്നു ദിവസം അവളുടെ ശരീരം പൊതുദർശനത്തിനായി വെച്ചു. കരുണയോടെ തങ്ങളെ പരിചരിച്ചിരുന്ന അവൾക്ക് കണ്ണീരിൽ പൊതിഞ്ഞു വിടചൊല്ലാനായി റോമാനഗരം മുഴുവൻ ഒഴുകിയെത്തി. പള്ളിയുടെ ചാപ്പലിൽ അവളെ അടക്കം ചെയ്തു.

1608ൽ ഫ്രാൻസെസ് വിശുദ്ധപദവിയിലേക്കുയർന്നു. സാന്ത മരിയ നുവോവ ഇപ്പോൾ അറിയപ്പെടുന്നത് ചർച്ച് ഓഫ് സാന്ത ഫ്രാൻസെസ്ക റൊമാന എന്നാണ്. വിവാഹത്തിനായി വധൂവരന്മാർ ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്ന പള്ളി, നല്ലൊരു മകളും ഭാര്യയും അമ്മയും വിധവയും മനുഷ്യസ്നേഹിയും ആയിരുന്ന റോമിലെ വിശുദ്ധ ഫ്രാൻസെസിന്റെ പേരിൽ സമർപ്പിക്കപ്പെട്ട പള്ളി.

വിശുദ്ധ പാദ്രെ പിയോ , വിശുദ്ധ ജെമ്മ ഗല്‍ഗാനി, വിശുദ്ധ ഫൗസ്റ്റീന തുടങ്ങിയ വിശുദ്ധർ അവരുടെ ജീവിതകാലത്ത് കാവൽമാലാഖയെ കണ്ടുകൊണ്ടിരുന്ന പോലെ ഫ്രാൻസെസിനും അതിന് കഴിഞ്ഞു. പ്രലോഭനങ്ങളിലും പേടിപ്പെടുത്തുന്ന സാഹചര്യങ്ങളിലും സഹായത്തിനും, ഈശോയുടെ അടുക്കൽ നമുക്ക് വേണ്ടി മാധ്യസ്ഥം പറയാനും, നമ്മെ വഴി നടത്താനും, കൂടെ പ്രാർത്ഥിക്കാനും, പള്ളിയിലേക്ക് എത്താൻ വൈകിയാൽ നമ്മുടെ നിയോഗങ്ങൾ കൊടുത്തു നമുക്ക് മുൻപേ പള്ളിയിലെത്താനും… ഇങ്ങനെ എത്രയെത്ര കാര്യങ്ങൾക്ക് നമ്മുടെ സന്തതസഹചാരിയായ കാവൽമാലാഖാമാർ നമുക്ക് സഹായമാണ്‌. നമ്മൾ പാപത്തിലകപ്പെടുമ്പോൾ അവർ ഏറെ വേദനിക്കുന്നു.

കാവൽമാലാഖയോട് ഉള്ളിൽ സംസാരിക്കുന്നത് നമുക്കും ശീലമാക്കാം. നമ്മുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും സംരക്ഷണം വിശ്വസിച്ചേൽപിക്കാം. നമ്മുടെ മക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ അവരുടെ കാവൽ മാലാഖമാരോട് റെക്കമെൻറ് ചെയ്യാനും നമ്മുടെ മാലാഖക്ക് സാധിക്കും. നമുക്കറിയാത്ത ആത്മീയവും ശാരീരികവുമായ എത്രയോ അപകടങ്ങളിൽ നിന്ന് അവർ നമ്മെ രക്ഷിച്ചിട്ടുണ്ടാകും. അവരോട് നന്ദിയുള്ളവരായിരിക്കാം.

പരസ്നേഹപ്രവൃത്തികളിൽ മുഴുകുമ്പോഴും കുടുംബകാര്യങ്ങളിലും (തന്നെ ഭരമേല്പിച്ചിരിക്കുന്ന കാര്യങ്ങളിൽ ) ദൈവസാന്നിധ്യാവബോധത്തിലും ഒപ്പം ശ്രദ്ധ ചെലുത്തിയ റോമിലെ വിശുദ്ധ ഫ്രാൻസെസിനെ മാതൃകയാക്കാം.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a comment