ഞങ്ങളുടെ പള്ളിയിൽ ഇന്നലെ ‘Hope’ മൂവി പ്രീമിയർ ഷോ ഉണ്ടായിരുന്നു. എല്ലാവരും കാണേണ്ട ഒരു സിനിമയാണേ. കുടുംബസമേതം തന്നെ കാണണം. കാരണം എല്ലാവർക്കുമുള്ള മെസ്സേജ് ഉണ്ട് ഇതിൽ. അത് മാത്രമല്ല വളരെ നന്നായി തന്നെ എടുത്തിട്ടുണ്ട് മൂവി.
2-3 ആഴ്ചകളായി കുർബ്ബാന കഴിഞ്ഞുള്ള അറിയിപ്പുകളിൽ ഇതിനെപ്പറ്റി ഫാദർ പറയുന്നുണ്ടായിരുന്നു. പേര് കേട്ടപ്പോൾ ആദ്യം ഞാൻ വിചാരിച്ചത് ഇത് ഏതോ ഇംഗ്ലീഷ് ഫിലിം ആണെന്നാ. എന്തോ, ഞാൻ ഈ മൂവിയെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല. പക്ഷേ സിനിമയുടെ പോസ്റ്ററിൽ സിജോയ് വർഗ്ഗീസിനെയും ലെനയെയും ഒക്കെ കണ്ടപ്പോഴാണ് ഇത് മലയാളത്തിൽ എടുത്ത സിനിമയാണെന്ന് മനസ്സിലായത്.
പക്ഷേ ഇവിടെ ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത പ്രിന്റ് ആയിരുന്നെ. പല ഭാഷക്കാർ ആണല്ലോ ഇവിടെ ഒന്നിച്ചു കാണുന്നെ. നമ്മുടെ മലയാളത്തിലെ ഡയലോഗ് ഡെലിവറിയുടെ ആ ഒരു സുഖം കിട്ടിയില്ല. എന്നിട്ടുപോലും സിനിമ വളരെ touching ആയിരുന്നു.ഒട്ടും ലാഗ് തോന്നാതെ, അതേ സമയം കുറച്ചു നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒന്ന്. പ്രധാന അഭിനേതാക്കളെല്ലാം വളരെ നന്നായി അഭിനയിച്ചിട്ടുമുണ്ട്. ഇത് ഒരു മൂവി റിവ്യൂ ഒന്നുമല്ല. എനിക്ക് അത് അറിയേം ഇല്ല. പക്ഷേ ‘Hope’ നെ പറ്റി പറയേണ്ട ഒരു കടമ എനിക്കുണ്ടെന്നു തോന്നി.
എന്താ പറയാ? കാണുന്നത് യുവജനങ്ങളോ മാതാപിതാക്കളോ വയോധികരോ ആരുമായിക്കോട്ടെ, ഹൃദയത്തിൽ പതിയുന്ന സിനിമ. ആഴമുള്ള ദൈവവിശ്വാസമില്ലാത്തവർക്ക് അത്, ജോലിയിൽ അല്ലെങ്കിൽ പണമുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് കുടുംബത്തിന് സമയം കൊടുക്കാത്ത, സ്നേഹം പ്രകടിപ്പിക്കാൻ മെനക്കെടാത്ത കുടുംബനാഥന്മാരാണെങ്കിൽ അത്, കുടുംബാംഗങ്ങൾക്കായി അത്രയൊന്നും പ്രാർത്ഥിക്കാത്ത, അവരിലേക്ക് വിശ്വാസം പകരാത്ത അമ്മമാരാണെങ്കിൽ അത്, മരണാനന്തര ജീവിതത്തെ പറ്റി ചിന്തിക്കാതെ നശ്വരകാര്യങ്ങൾക്ക് വേണ്ടി മാത്രം ഓടുന്ന ആളുകളാണെങ്കിൽ, നമ്മുടെ ചുറ്റുമുള്ള ലാസർമാരെ കാണാതെ നമ്മുടെ കാര്യം നോക്കി ജീവിക്കുന്ന ധനവാന്മാരാണ് എങ്കിൽ അത്, ഒരു പ്രത്യാശയുമില്ലാതെ മരിച്ചവരെ പറ്റി ഓർത്ത് നിരന്തരം കണ്ണീരോഴുക്കുന്നതിൽ നിന്ന് മോചനം വേണമെങ്കിൽ അത്…. എന്ന് വേണ്ട ഒരു സമ്പൂർണ്ണ പാക്കേജ് ആണ് ഈ സിനിമ!!
ഇത്ര ചെലവ് വരുമെന്ന് ഇതിന്റെ അണിയറപ്രവർത്തകർ വിചാരിച്ചിരുന്നില്ലെങ്കിലും കോടികൾ ആയി അവസാനം ആയപ്പോഴേക്ക്. ഒരുപാട് പേരുടെ കയ്യിൽ നിന്ന് വായ്പ വാങ്ങിയൊക്കെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. തൽക്കാലം തിയേറ്റർ റിലീസിനുള്ള സാമ്പത്തികം ഇല്ലാത്തതു കൊണ്ട് പള്ളികളിലും കോളേജുകളിലുമൊക്കെ പ്രൊജക്റ്റർ വെച്ച് പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് തോന്നുന്നു. എന്തായാലും ഈ സംരംഭം വിജയിക്കണമെന്നും ഒരുപാട് പേർക്ക് ആത്മീയാനുഗ്രഹങ്ങൾ ഇത് വഴി കിട്ടുന്നതിനൊപ്പം നിർമ്മാതാക്കൾക്ക് നഷ്ടം ഉണ്ടാകരുതെന്നാഗ്രഹിക്കുന്നു, കുറേ പേർക്ക് പൈസ തിരിച്ചു കൊടുക്കാനുണ്ട് അവർക്ക്.
ജോയ് കല്ലൂക്കാരൻ ആണ് സംവിധാനം ചെയ്തതും സ്ക്രിപ്റ്റ് എഴുതിയതും. 1993ൽ ഒരു ധ്യാനത്തിലൂടെ വലിയ ആന്തരിക പരിവർത്തനം ഉണ്ടായ അദ്ദേഹം അപ്പോൾ മുതൽ നോർത്ത് ഇന്ത്യ മിഷനുകളിലെ സജീവ അംഗമാണ്. സുവിശേഷ പ്രഘോഷണത്തിൽ സിനിമക്കുള്ള പ്രാധാന്യം മനസ്സിലാക്കി ഒരു കൂട്ടം ആളുകൾ ഇതിനായി മുന്നിട്ടിറങ്ങിയപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ ദൈവത്തിന്റെ കരുതൽ അവർ കാണുകയായിരുന്നു.
താഴെയുള്ള ലിങ്ക് നോക്കിയാൽ ശാലോം ടീവിയിൽ ഈ സിനിമയെപ്പറ്റി വന്ന ഒരു വീഡിയോ കാണാം. അത് കണ്ടാൽ ശരിക്കും ഒരു ഐഡിയ കിട്ടും ഫിലിമിനെ പറ്റി. https://youtu.be/OejJqdp4OIc
അപ്പോൾ എല്ലാവരും കാണണേ. നഷ്ടമാവില്ല ആ സമയം. ലഭിക്കാനുള്ളതോ ഒരു പിടി നല്ല തീരുമാനങ്ങളും പിന്നെ മാറ്റമില്ലാത്ത ‘Hope’ ഉം. അതെ പ്രത്യാശ തന്നെ
ജിൽസ ജോയ്
