തപസ്സു ചിന്തകൾ 34

തപസ്സു ചിന്തകൾ 34

മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം

വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാർത്ത തിരുനാൾ വി.പോൾ ആറാമൻ പാപ്പ

ഇന്നു മംഗള വാർത്താ തിരനാൾ ദിനമാണ്. ദൈവപുത്രൻ്റ മനുഷ്യാവതാരത്തെക്കുറിച്ച് ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോടു യെസ് പറയുന്നതുമാണ് ഈ തിരുനാളിൻ്റെ കേന്ദ്രം.

അർദ്ധരാത്രിയിൽ മറിയം പ്രാർത്ഥനയിൽ ഏകയായി മുഴുകിയിരിക്കുന്ന സമയത്താണ് മുഖ്യ ദൂതനായ ഗബ്രിയേൽ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടുന്നതും പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ദൈവമാതാവാകാൻ സമ്മതം ആരായുന്നതും എന്നാണ് സഭാപാരമ്പര്യം. അപ്പസ്തോലന്മാരിൽ നിന്നു നേരിട്ട് ലഭിച്ച പാരമ്പര്യത്തിൻ്റെ വാഹകനും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനുമായ വിശുദ്ധ ഇരണേവൂസ് നസറത്ത് ഏദൻ്റെ പ്രതിരൂപമാണന്നു നമ്മെ പഠിപ്പിക്കുന്നു. ഏദൻ തോട്ടത്തിൽ ഇരുട്ടിൻ്റെ മാലാഖയും ഒരു കന്യകയും തമ്മിലും നസ്രത്തിൽ പ്രകാശത്തിൻ്റെ മാലാഖയും ഒരു കന്യകയും തമ്മിലും സംഭാഷണം നടത്തുന്നു. രണ്ടു സന്ദർഭങ്ങളിലും മാലാഖമാരായിരുന്നു ആദ്യം സംസാരിച്ചത്.സർപ്പം ഹവ്വായോടു ചോദിച്ചു : ” തോട്ടത്തിലെ ഒരു വൃക്‌ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?” (ഉല്‍പത്തി 3 : 1)ഈ ചോദ്യത്തിൽ അക്ഷമയും തിന്മ ചെയ്യാനുള്ള പ്രേരണയും കാണാൻ കഴിയും.

മറുവശത്ത് പ്രകാശത്തിൻ്റെ മാലാഖ പുതിയ ഹവ്വായായ നസറത്തിലെ കന്യകയെ സമീപിക്കുന്നത് എത്ര ശാന്തതയോടും ആദരവോടും കൂടിയാണ് : ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!

(ലൂക്കാ 1 : 28 ) ഈ ഭാഷയിൽ സ്വർഗ്ഗമാണ് സംസാരിക്കുന്നതെന്നു വ്യക്തമായിരുന്നു.

ദൈവഹിതത്തോട്,

‘ഇതാ, കര്‍ത്താവിന്‍റെ ദാസി,’ എന്നു പ്രത്യുത്തിരിച്ചാണ് മറിയം ദൈവമാതാവെന്ന വിശേഷണത്തിന് അര്‍ഹയാകുന്നത്. ദൈവമാതൃത്വം കുരിശിൻ ചുവട്ടിൽ പൂർണ്ണതയിലെത്തുന്നു. ദൈവഹിതത്തോട് ഇതാ കർത്താവിൻ്റെ ദാസൻ/ദാസി എന്നു പറഞ്ഞാലേ ദൈവപുത്ര/പുത്രി സ്ഥാനത്തേക്കു നാം ഉയരുകയുള്ളു.

ദൈവത്തിൻ്റെ പുത്രനും പുത്രിയും ആകാനുള്ള സുവർണ്ണാവസരമാണ് നോമ്പുകാലം. കർത്താവിൻ്റെ ദാസന്മാർക്കും ദാസികൾക്കും മാത്രമേ കുരിശിൻ്റെ വഴിയെ നടക്കാൻ കഴിയു.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment