‘എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല’…
ശരിയാണ്. മനുഷ്യർക്കെന്തറിയാം? ഒലിവ് മലയുടെ അടുത്ത് സമ്മേളിച്ച്, മലയടിവാരത്തിലൂടെ ജെറുസലേം ദേവാലയത്തിനടുത്തേക്ക് ജനക്കൂട്ടത്തിനൊപ്പം ഈശോയെ കഴുതപ്പുറത്തിരുത്തി ആർപ്പുവിളിയോടെ ആനയിക്കുമ്പോൾ ശിഷ്യന്മാരെല്ലാം ആഹ്ലാദതിമിർപ്പിലായിരുന്നു. ഇസ്രായേലിന്റെ രാജാവിന് എല്ലാവരും ഹോസാന പാടുമ്പോൾ , പക്ഷെ യേശു കെട്ടിരുന്ന പ്രതിധ്വനി ‘അവനെ ക്രൂശിക്കുക’ എന്നും കൂടെയായിരിക്കണം.
തന്റെ സമയം വന്നുചേർന്നല്ലോ എന്ന്, ഇനിയൊരു തിരിച്ചുപോക്കില്ലെന്ന്, താൻ ജീവന് തുല്യം സ്നേഹിച്ച ജനത്തിനാൽ പരിത്യക്തനായി തന്റെ ജീവൻ അർപ്പിക്കപ്പെടാൻ പോകുന്നു.. എന്നൊക്കെ അവന്റെ ഉള്ളിൽ മിന്നിമറഞ്ഞിരിക്കും.
ഭൂമിയിലെ നേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസുമൊക്കെ ഭൂരിപക്ഷത്തിനൊപ്പമാണ് എപ്പോഴും. എന്നാൽ കർത്താവിന്റെ നാമത്തിൽ വന്നവൻ, വഴി തെറ്റിയ ഒരു കുഞ്ഞാടിനായി 99നേയും വഴിയിൽ വിടുന്നവനാണ്. കൂടെ വലിയൊരു കൂട്ടമുള്ളപ്പോഴും, മുറിവേറ്റ ഹൃദയമുള്ള സക്കേവൂസിനെ തേടി പോയവനാണ് . അവന്റെ വീട്ടിൽ സമയം ചിലവിടുമ്പോൾ, തന്നെ പിന്തുടർന്നിരുന്ന കൂട്ടമെവിടെ പോയിട്ടുണ്ടാവും എന്നവൻ ആകുലനാകുന്നില്ല.
മറിയം തൈലാഭിഷേകം ചെയ്യുമ്പോൾ, പാപിനിയായ സ്ത്രീയോട് കരുണ കാണിക്കുമ്പോൾ, തിക്കിതിരക്കുന്ന ജനക്കൂട്ടത്തിനിടയിലും രക്തസ്രാവക്കാരി സ്ത്രീയെ ഗൗനിക്കുമ്പോൾ, സാബത്തിലും സൗഖ്യം കൊടുക്കുമ്പോൾ, നിങ്ങൾക്കും വേണമെങ്കിൽ എന്നെ വിട്ടുപോകാമെന്ന് ശിഷ്യരോട് പറയുമ്പോൾ, ചുങ്കക്കാരോട് അനുഭാവം കാണിക്കുമ്പോൾ, വേദനയുടെ പാരമ്യത്തിലും നല്ല കള്ളനെ ആശ്വസിപ്പിക്കുമ്പോൾ…. ഭൂരിപക്ഷം ആളുകൾ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന് കരുതാതെ ചിലരുടെ മുറിവുകളിലേക്ക്, ഒറ്റപ്പെട്ട വ്യക്തികളിലേക്ക്, ശ്രദ്ധ കേന്ദ്രീകരിക്കുന്ന യേശുവിനെ കാണാം.
വ്യക്തിപരമായി നമ്മളെ സ്നേഹിക്കുന്ന ഈശോയെ നമുക്കും സ്നേഹിക്കണ്ടേ പേർസണൽ ആയി? കുരിശിൽ കിടന്ന് അവന്റെ കണ്ണുകൾ തിരയുന്നത് ജനക്കൂട്ടത്തെ ഒന്നായി അല്ല നമ്മളെ ഓരോരുത്തരെയും പ്രത്യേകം അന്വേഷിക്കുകയാണ്. ആ പ്രത്യേകമുള്ള സ്നേഹത്തിനായാണ്, നമ്മുടെ ആത്മാക്കൾക്കായാണ് അവന്റെ ദാഹം.
ഈ വിശുദ്ധ ആഴ്ചയിൽ കുറച്ചൂടെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിച്ചാലോ അവനെ? നമ്മെ ഓരോരുത്തരെയും തിരിച്ച് തിരിച്ചു കാണുന്ന El Roi ആണവൻ (ഉല്പത്തി 16:13) . നമ്മളെ കാണുന്ന അവനെ നമുക്കും കാണണ്ടേ? പരിഗണിക്കണ്ടേ? കുറച്ചൂടി അവനെ സ്നേഹിക്കാൻ അവന്റെ തന്നെ അനുഗ്രഹം യാചിക്കാം. ആ എക്സ്ട്രാ മൈൽ നടക്കാൻ പരിശുദ്ധാത്മാവിന്റെ സഹായം ചോദിക്കാം. മാതാവിന്റെ വിമലഹൃദയത്തിലേക്ക് അപേക്ഷ സമർപ്പിക്കാം.
ജിൽസ ജോയ്
