Easter Message: എന്നും അവൻ നമ്മോട് കൂടെ

Resurrection HD | Easter HD

“Christianity hasn’t failed, it has never been tried” പറഞ്ഞത് ജി. കെ. ചെസ്റ്റർട്ടൻ ആണ്. ശരിയല്ലേ? യഥാർത്ഥ ക്രിസ്ത്യാനികളായി അന്നുതൊട്ടിങ്ങോളം നമ്മൾ അടക്കമുള്ള അവന്റെ അനുയായികൾ ഭൂരിഭാഗവും ജീവിച്ചിരുന്നെങ്കിൽ ക്രിസ്തുമതം ഏത് ലെവലിൽ ആയിരുന്നേനെ.

അവൻ പറഞ്ഞതും ചെയ്തതുമെല്ലാം (വിശുദ്ധവാരത്തിൽ പ്രത്യേകിച്ച് ) നമ്മൾ മറന്നിട്ടില്ലെന്ന് സ്വയം ഓർമ്മപ്പെടുത്തായി വീണ്ടും വീണ്ടും പറയുമെങ്കിലും, ‘നമ്മളൊക്കെ മനുഷ്യരല്ലേ?’, ‘ലോകത്തിന്റെ ഒപ്പം പിടിച്ചു നിക്കണ്ടേ?’, ‘പ്രാക്ടിക്കൽ ആവണ്ടേ?’ ‘ഇതൊക്കെ നോക്കി ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ?’ ‘പകരത്തിനു പകരം’ എന്നൊക്കെയുള്ള ഒഴികഴിവുകളിൽ, ഒരു വിഭാഗത്തെയും ഒഴിവാക്കാതെയുള്ള സ്നേഹിക്കലുകളും മറുകവിൾ കാണിച്ചുള്ള ക്ഷമിക്കലും അരുതാത്ത ഇഷ്ടങ്ങൾ വേണ്ടെന്നു വെച്ച് അനുദിനം കുരിശു ചുമന്നുള്ള ജീവിതവുമൊക്കെ കാറ്റിൽ പറക്കും. എന്തിനേറെ, അൻപതു ദിവസത്തെ നോമ്പ് മുറിക്കുന്നത് തന്നെ സർവ്വകാല മദ്യവിൽപ്പനയിൽ റെക്കോർഡ് ഇട്ടുകൊണ്ടായിരിക്കും.

എന്നാൽ നമ്മുടെ ഗുരുവും കർത്താവുമായവൻ, അവൻ പറഞ്ഞത് ചെയ്തുകാണിച്ചവനും അവൻ ചെയ്തത് പറഞ്ഞുതന്നവനുമാണ്. അവനെ കേൾക്കാനും അനുസരിക്കാനും സന്നദ്ധരായവരുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്നവനാണ്. എങ്ങനെയാണ് എണ്ണമറ്റ പീഡകളേറ്റ് കാൽവരിയിൽ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങിക്കിടന്നു മരിച്ച ആ യേശുവിൽ നിന്ന് സമയവും ദൂരവും കൊണ്ട് ഇത്രയും അകലെയായ നമ്മളെ നൂറ്റാണ്ടുകൾക്കിപ്പുറവും അവന് സ്വാധീനിക്കാൻ കഴിയുന്നത്? (ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ കുറച്ചു ചിന്തകൾ ചേർത്ത് ചുരുക്കിപറയട്ടെ )

അവന്റെ പഠിപ്പിക്കലുകൾ വഴി അവൻ നമ്മെ സ്വാധീനിക്കുന്നു.

പ്ളേറ്റോ, അരിസ്റ്റോട്ടിൽ ഒക്കെ ഏതെൻസിൽ പറഞ്ഞു നടന്ന കാര്യങ്ങൾ, വിശുദ്ധ അഗസ്റ്റിനും തോമസ് അക്വീനാസുമൊക്കെ ദൈവമഹത്വത്തെ പറ്റി എഴുതിവെച്ച കാര്യങ്ങൾ, ജോർജ് വാഷിങ്ടൻ, എബ്രഹാം ലിങ്കൺ മുന്നോട്ടു വെച്ച ആശയങ്ങൾ ഒക്കെ അറിയാൻ നമുക്ക് അവർ ജീവിച്ച കാലഘട്ടങ്ങളിൽ ജീവിക്കേണ്ടി വന്നിട്ടില്ല. സ്വർഗീയവിജ്ഞാനം നിറഞ്ഞ യേശുവിന്റെ വചനങ്ങൾ മുഴങ്ങി മറഞ്ഞു പോകാതെ നാല് സുവിശേഷകന്മാർ പിടിച്ചെടുത്ത് നമുക്ക് സമ്മാനിച്ചപ്പോൾ ആ തിരുവചനങ്ങൾ പഴയതിനെയും പുതിയതിനെയും ബന്ധിപ്പിക്കുന്ന, അവന്റെ ഭൂമിയിലെ ജീവിതത്തെയും നമ്മുടെ ആധുനിക അസ്തിത്വത്തെയും യോജിപ്പിക്കുന്ന ആദ്യത്തെ കണ്ണിയായി.

അവന്റെ ജീവിതമാതൃക വഴി

സീസറിന്റെയും നെപ്പോളിയന്റെയും സൈനികമാതൃകകൾ, വിൻസെന്റ് ഡി പോളിന്റെയും ഡോൺബോസ്‌കോയുടെയുമൊക്കെ വിശുദ്ധ ജീവിതത്തിന്റെ മാതൃകകൾ, കൊളംബസിന്റെയും മഗല്ലന്റെയുമൊക്കെ സാഹസകൃത്യങ്ങൾ, എണ്ണമറ്റ പ്രചോദനനാത്മക ജീവിതങ്ങൾ നമുക്കറിയാം. അതിലൊക്കെ ഉപരിയായി, നമ്മുടെ കർത്താവും നമ്മൾ പിന്തുടരേണ്ട വിശുദ്ധജീവിതത്തിന്റെ മനോഹരമായ മാതൃക അവന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നിട്ടുണ്ട്. കുരിശിൽ തറച്ചവരോട് പോലും ക്ഷമിച്ച , എളിമയുടെയും ശാന്തതയുടെയും ആൾരൂപമായ, നീണ്ട പ്രാർത്ഥനകളിൽ മുഴുകിയിരുന്ന, സഹനത്തിന്റെ പാരമ്യത്തിലും നമുക്കായി സ്വയം അർപ്പിച്ച, ശത്രുക്കളെ പോലും സ്നേഹിച്ച ഈശോ, അനന്തകാലങ്ങളായി എങ്ങനെയുള്ള ജനത്തെ ആണ് ദൈവം ആഗ്രഹിച്ചിരുന്നതെന്ന് നമ്മളെ കാണിച്ചു തന്നു.

ഇതിലും വിട്ട് വേറൊന്നില്ലാതെ, മറ്റു മനുഷ്യരും ചെയ്തിട്ടുള്ള ഈ രണ്ട് വഴിയിലൂടെ മാത്രമാണ് ഈശോ നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും ഉത്തേജിപ്പിച്ചിരുന്നതെങ്കിൽ ക്രിസ്തുമതം ഭൂമിയിൽ ജീവിച്ചു മരിച്ച ഒരു മനുഷ്യന്റെ ഓർമ്മ മാത്രമായി പോയേനെ. മറ്റു മതങ്ങളെക്കാൾ പ്രത്യേകത അതിനു പറയാൻ ഉണ്ടാവില്ലായിരുന്നു. കാരണം എത്ര ശ്രേഷ്ഠമായ ജീവിതമാണെങ്കിലും വെറുതെ ഓർമ്മ കൊണ്ടു മാത്രം ആളുകളെ സ്വാധീനിക്കുന്നതിന് പരിധിയുണ്ട്. പാപത്തിന് അടിപ്പെട്ടിരിക്കുന്ന മനുഷ്യർക്ക് ഭൂതകാലത്തെ പറ്റി അത്രയൊക്കെയേ ഓർത്തുവെക്കാൻ പറ്റൂ.

ഭാഗ്യത്തിന് ക്രിസ്തുമതം ഒരു ഓർമ്മക്ക് അപ്പുറമാണ്, കാരണം നമ്മുടെ കർത്താവ് ഒരു മനുഷ്യൻ മാത്രമായിരുന്നില്ല, അവൻ സത്യദൈവവും കൂടെ ആയിരുന്നു. ദൈവം ആയിരുന്നത് കൊണ്ട്, മറ്റുള്ളവരെ പോലെ പഠിപ്പിക്കലും ജീവിതമാതൃകയും കൊണ്ട് മാത്രമല്ല, അവന് മാത്രം അവകാശപ്പെട്ട മൂന്നാമതൊരു വഴി കൂടെ ഉണ്ടായി മറ്റുള്ളവരെ സ്വാധീനിക്കാൻ. ഉണ്ടായിരുന്ന സമ്പത്തും പദവിയും ആശയങ്ങളും ജീവചരിത്രങ്ങളും എല്ലാം ബാക്കിയാക്കി മറ്റു മനുഷ്യർ മണ്മറഞ്ഞപ്പോൾ എന്നേക്കും ബാക്കി നിൽക്കുന്ന കല്പനയും അവന്റെ ജീവിതമാതൃക പിന്തുടരാൻ നമ്മെ സഹായിക്കുന്ന അവന്റെ ആത്മാവിനെയും തന്നിട്ടാണ് അവൻ പോയത്.അവന്റെ പഠിപ്പിക്കലിലൂടെ അവൻ സത്യം മാത്രമല്ല, അവന്റെ മാതൃകയിലൂടെ അവൻ വഴി മാത്രമല്ല, അവൻ നമ്മുടെ രക്ഷകനും വീണ്ടെടുത്തവനും ആകുന്നതിലൂടെ അവൻ നമ്മുടെ ജീവനുമാണ്.

അവന്റെ ജീവൻ പണ്ടെന്നോ കുരിശിൽ വെച്ച് നമ്മളെ വിട്ടുപിരിഞ്ഞതല്ല, നമ്മുടെ ജീവിതങ്ങളെ വാസയോഗ്യമാക്കിക്കൊണ്ട്, ആനന്ദപ്രദമാക്കിക്കൊണ്ട്, നമ്മുടെ കൂടെ തന്നെ ഉള്ളതാണ്. ബേദ്ലഹേമിലേക്കോ കാൽവരിയിലേക്കോ നോക്കേണ്ട, ജ്ഞാനികളും ഇടയന്മാരും കുരിശിൽ തറക്കുന്നവരും ശതാധിപനുമൊക്കെ ഇപ്പോഴും അവന്റെ കാലുകൾക്കടുത്തുണ്ട്. നിത്യനായവനിൽ ഭൂതകാലമില്ലല്ലോ. ‘ഇന്നലെയും ഇന്നും നാളെയും’ ആയവന് ഓർമ്മകൾ വേണ്ട. ഗലീലിയിലേക്കും കാൽവരിയിലേക്കും ഇവിടുന്ന് അധികദൂരമില്ല, കാരണം ദൈവമായ അവൻ നമ്മുടെ ഹൃദയങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ കൂടാരമടിച്ചിരിക്കുകയാണ് – കാരണം അവൻ നിത്യജീവനാണ്.

അവന്റെ ഉയിർപ്പ് എല്ലാം ‘പുതിയത്’ ആക്കി. സഭ ‘പുതിയ’ ഇസ്രായേൽ ആയി, ഓരോ മനുഷ്യനും ‘പുതിയ സൃഷ്ടി’ ആയി. അത് എന്നോ സംഭവിച്ചത് അല്ല, ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു. നിർജ്ജീവമായ (പാപം നിറഞ്ഞ ) ഭൂതകാലത്തിൽ നിന്ന് നന്മയിലേക്ക്, പുതിയ സൃഷ്ടിയിലേക്ക് ഒരാൾ ജനിക്കുമ്പോൾ വിശ്വാസപ്രമാണം അവൻ ആവർത്തിക്കുകയാണ്,

‘I believe in the resurrection of the body’- ‘ശരീരത്തിന്റെ ഉയിർപ്പിൽ ഞാൻ വിശ്വസിക്കുന്നു’.

ഞാൻ എന്റെ സ്വന്തമല്ല, ഞാൻ അവന്റെയാണ്. ഏത് മനുഷ്യനാണ് വ്യക്തിപരമായ ജീവിതത്തിൽ ആയിരം പ്രാവശ്യം വീഴാത്തതും അത്രയും

വട്ടം ഉയിർത്തെണീക്കാത്തതും? കല്ലറയിൽ അടക്കപ്പെടാത്തത്? ഓരോ വട്ടവും നമ്മൾ കുമ്പസാരത്തിനായി മുട്ട് മടക്കുമ്പോൾ നമ്മുടെ കർത്താവിന്റെ കുരിശുമരണത്തെ നമ്മൾ ഏറ്റുപറയുന്നു, എന്നിട്ട് മരിച്ചവരിൽ നിന്ന് ഉയിർത്തെണീക്കുന്നു.

ഈശോ നമ്മുടെ കൂടെയുണ്ട് എപ്പോഴും എന്ന സന്ദേശം തന്നെയല്ലേ ഒഴിഞ്ഞ അവന്റെ കല്ലറ നമുക്ക് തരുന്നത്. ദൈവമായി, നമ്മുടെ സോദരനായി, സുഹൃത്തായി, എന്നും അവൻ നമ്മോട് കൂടെ..

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Resurrection PNG HD
Resurrection PNG
Advertisements

Leave a comment