ഇക്കഴിഞ്ഞ ഏപ്രിൽ 12ന് വെളിപാടിന്റെ കന്യകയുടെ (Our Lady of Revelation) ദർശനത്തിന്റെ എഴുപത്തി ആറാം വാർഷികം റോമിൽ കാര്യമായി ആഘോഷിച്ചു. പോപ്പിനെ കൊല്ലാൻ അവസരം നോക്കി നടന്ന, കത്തോലിക്ക സഭയെ തരം കിട്ടുമ്പോഴെല്ലാം അവഹേളിച്ചിരുന്ന ഒരു പ്രോട്ടസ്റ്റന്റുകാരനായ റെയിൽവേ ജോലിക്കാരനാണ് പരിശുദ്ധ അമ്മ ദർശനം കൊടുത്തത്. സാവൂളിനെ പൗലോസ് ആക്കിയ പോലെ, ബ്രൂണോ കൊർണാക്കിയോളയെ കത്തോലിക്കനായി മാറ്റിയ ആ ദർശനം ഇങ്ങനെ ആയിരുന്നു..
ഏപ്രിൽ 12, 1947. ഈസ്റ്റർ കഴിഞ്ഞു വന്ന ശനിയാഴ്ച. മഴയോ മഞ്ഞോ ഇല്ലാതെ, നല്ല സൂര്യപ്രകാശമുള്ള ആ ദിവസം ബ്രൂണോ തന്റെ മൂന്ന് മക്കളെയും കൊണ്ട് ഒന്ന് ചുറ്റിയടിച്ചു വരാൻ തീരുമാനിച്ചു. പുറത്തുപോയി കുട്ടികളെ ഒന്ന് സന്തോഷിപ്പിക്കുന്നതിനൊപ്പം വേറെ ഒരുദ്ദേശവും ഉണ്ട്.
സെവൻത്ത് ഡേ അഡ്വന്റിസ്റ്റ് എന്ന ഒരു പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ അംഗമാണ് പുള്ളി. കത്തോലിക്കനായി ജനിച്ചെങ്കിലും ഒരു പ്രോട്ടസ്റ്റന്റുകാരനായി മാറി എന്ന് മാത്രമല്ല, അടുത്ത സെപ്റ്റംബർ 8ന്, മാതാവിന്റെ ജനനതിരുന്നാൾ ദിവസം പോപ്പ് പീയൂസ് പന്ത്രണ്ടാമനെ വധിക്കാനും ഒരു പദ്ധതി ഇട്ടിട്ടുള്ള ആളാണ് ഈ ബ്രൂണോ. ചില്ലറക്കാരനൊന്നുമല്ല കേട്ടോ.
ഇപ്പോൾ പോകുന്ന കാര്യം എന്താണെന്ന് വെച്ചാൽ, അടുത്ത ദിവസം റെഡ് ക്രോസ്സ് സ്ക്വയറിൽ ആളുടെ ഒരു പ്രസംഗമുണ്ട് . മാതാവിന്റെ അമലോൽഭവവും സ്വർഗ്ഗാരോപണവും അസംബന്ധമാണ്, കത്തോലിക്കാ സഭയും പോപ്പും ശരിയല്ല, വിശുദ്ധ കുർബ്ബാനക്ക് അത്ര സവിശേഷതകൾ ഒന്നുമില്ല… ഇങ്ങനെ പോകുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. അതിന് ഉപോൽബലകമായി, തന്റെ പക്കലുള്ള പ്രോട്ടസ്റ്റന്റ് ബൈബിളിൽ നിന്ന് കുറച്ച് വാക്യങ്ങളും തപ്പി എടുക്കണം. ഇതൊക്കെ സമാധാനമായി ഒന്ന് ഇരുന്നു എഴുതാൻ പറ്റുന്ന സ്ഥലവും കൂടി നോക്കിയാണ് ഈ യാത്ര. തന്റെ പിന്നീടുള്ള ജീവിതത്തെ മുഴുവൻ സ്വാധീനിക്കാൻ പോകുന്ന യാത്രയാണ് അതെന്ന് ബ്രൂണോ അപ്പോൾ അറിഞ്ഞതേയില്ല.
ഓസ്റ്റിയക്ക് പോകാൻ ആണ് ബ്രൂണോ തുനിഞ്ഞതെങ്കിലും അവിടേക്കുള്ള ട്രെയിൻ എങ്ങനെയോ മിസ്സായതുകൊണ്ട് ട്രേ ഫൊണ്ടാനെ എന്ന സ്ഥലത്തേക്ക് വിട്ടു. വിശുദ്ധ പൗലോസിന്റെ ശിരഛേദം നടന്ന സ്ഥലമാണത്. നിറയെ യൂക്കാലിപ്റ്റസ് മരങ്ങൾ നിറഞ്ഞ ശാന്തമായ പാർക്ക് പോലുള്ള ആ സ്ഥലത്തിന്റെ ചില ഭാഗങ്ങളിൽ , അബോർഷന് വിധേയമാകുന്ന ഭ്രൂണങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ടുതള്ളുന്ന പതിവുമുണ്ടായിരുന്നു അക്കാലത്ത്. കുട്ടികൾ ഒരു ഗുഹയുടെ (ഗ്രോട്ടോ) സമീപത്തേക്ക് പോകുന്നത് കണ്ട് ബ്രൂണോ പറഞ്ഞു ‘അവിടെ അഴുക്കായിരിക്കും. അങ്ങോട്ട് പോണ്ട’.
നാല് വയസ്സുള്ള ജീയൻഫ്രാങ്കോയെയും ഏഴ് വയസ്സുള്ള കാർലോയെയും പത്ത് വയസ്സുള്ള മകൾ ഈസൊലയെയും അവരുടെ പാട്ടിന് കളിക്കാൻ വിട്ടിട്ട് ബ്രൂണോ തന്റെ ബൈബിളും നോട്ടുബുക്കും എടുത്ത് എഴുതാനിരുന്നു. കത്തോലിക്ക കുടുംബത്തിൽ ജനിച്ച് ആദ്യകുർബ്ബാന സ്വീകരണം കഴിഞ്ഞിരുന്നെങ്കിലും ബ്രൂണോ കത്തോലിക്ക വിശ്വാസി ആയൊന്നുമല്ല ജീവിച്ചിരുന്നത്. കത്തോലിക്കയായ തന്റെ ഭാര്യയെയും വിശ്വാസത്തിൽ ജീവിക്കാൻ അനുവദിച്ചിരുന്നും ഇല്ല. മിലിട്ടറിയിൽ ആയിരുന്ന സമയത്താണ് പ്രോട്ടസ്റ്റന്റ് ആയി മാറുന്നത്. അന്ന് അവർ വരുന്ന വഴിക്ക് പരിശുദ്ധ അമ്മയുടെ ഒരു രൂപത്തിനടിയിൽ കന്യകാമാതാവ് എന്ന് എഴുതിവെച്ചിരിക്കുന്ന കണ്ട് അയാൾ ഒരു പെൻസിൽ എടുത്ത് എഴുതി. ‘നീ കന്യകയുമല്ല മാതാവുമല്ല ‘.
ചിന്തിച്ചും എഴുതിയും ഇരുന്ന ബ്രൂണോ കളിക്കാൻ പോയ മക്കളെ തിരഞ്ഞു പോയി. ഗ്രോട്ടോയുടെ അടുത്തേക്ക് ചെന്നപ്പോൾ ഇളയമകൻ ജീയൻഫ്രാങ്കോ മുട്ടുകുത്തി ഒരിടത്തേക്ക് തന്നെ കണ്ണുകളുറപ്പിച്ചു കൊണ്ട് പറയുന്നു ‘ബ്യൂട്ടിഫുൾ ലേഡി , ബ്യൂട്ടിഫുൾ ലേഡീ ‘. ബ്രൂണോക്ക് ഒന്നും മനസ്സിലായില്ല. അയാൾ ഉറക്കെ തന്റെ മകളെ വിളിച്ചു , ‘ ഈസൊല, ഇവിടെ വരൂ ‘. അപ്പോഴും ഫ്രാങ്കോ ‘ബ്യൂട്ടിഫുൾ ലേഡി’ എന്ന് ഒരു പ്രാർത്ഥന പോലെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. മകൾ വന്നപ്പോൾ ബ്രൂണോ ചോദിച്ചു , ” നീ ഇവനെ ഏതെങ്കിലും ബ്യൂട്ടിഫുൾ ലേഡിയുടെ കളി പഠിപ്പിച്ചോ?” ” ഇല്ല പപ്പ, ഒന്നും പഠിപ്പിച്ചില്ലല്ലോ ” അവൾ പറഞ്ഞു. ” പിന്നെ ഇവൻ എന്താണീ പറഞ്ഞു കൊണ്ടിരിക്കുന്നത്? ആരെങ്കിലും ഇങ്ങോട്ട് വന്നു കാണുമോ? ” അവൾ ഗ്രോട്ടോയുടെ ഉള്ളിൽ ഒന്ന് നടന്നു നോക്കി. “ആരുമില്ലല്ലോ പപ്പാ ” എന്ന് പറഞ്ഞു പുറത്തേക്ക് നടക്കാൻ നോക്കിയതും എന്തോ ഒന്ന് കണ്ട് അവളുടെ കയ്യിലുണ്ടായിരുന്ന പൂക്കൾ നിലത്തു വീണു. അവളും ഫ്രാങ്കോയുടെ അപ്പുറത്ത് മുട്ടുകുത്തി പറയാൻ തുടങ്ങി ‘ ബ്യൂട്ടിഫുൾ ലേഡി ‘!
അവർ തന്നെ വട്ടാക്കുന്ന എന്തെങ്കിലും കളിക്കുകയാണോ എന്ന് ബ്രൂണോക്ക് തോന്നി. അങ്ങോട്ടേക്ക് വന്ന കാർലോയോട് അയാൾ പറഞ്ഞു, ‘എനിക്ക് നാളേക്ക് കുറേ എഴുതാനുണ്ട്. നീ കളിച്ചോളൂ, പക്ഷേ ഗ്രോട്ടോയുടെ അടുത്തേക്ക് പോണ്ട’ ‘ഈ കളി എനിക്കറിയില്ലല്ലോ’ എന്നും പറഞ്ഞു ചേച്ചിയുടെയും അനിയന്റെയും അടുത്തേക്ക് പോയ കാർലോ പെട്ടെന്ന് നിന്നു. ഗ്രോട്ടോയുടെ നേർക്ക് തിരിഞ്ഞു മുട്ടുകുത്തി കൈ കൂപ്പിപ്പിടിച്ചു .പിന്നെ മൂന്ന് പേരും ഒന്നിച്ചു പറയാൻ തുടങ്ങി ‘ ബ്യൂട്ടിഫുൾ ലേഡി, ബ്യൂട്ടിഫുൾ ലേഡി ‘… ബ്രൂണോ ആകെ അങ്കലാപ്പിലായി. ബലം പ്രയോഗിച്ചു അവരെ അവിടുന്ന് കൊണ്ടുപോവാമെന്നു വിചാരിച്ചെങ്കിലും ഓരോരുത്തരെ തൊട്ടപ്പോഴും ടൺ കണക്കിന് ഭാരമുള്ള മാർബിൾ പ്രതിമ പോലെ ഉറച്ചിരിക്കുന്നു. അനക്കാൻ പോലും കഴിയുന്നില്ല. ബ്രൂണോയെ ഭയം കീഴ്പ്പെടുത്താൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
കുട്ടികൾ പാരവശ്യത്തിൽ അകപ്പെട്ട പോലെ നിർനിമേഷരായി നിൽക്കുന്നത് കണ്ട് ശരിക്കും ഭയപ്പെട്ടതുകൊണ്ട് ഗത്യന്തരമില്ലാതെ ബ്രൂണോ കൊർണാക്കിയോള തന്റെ കണ്ണും കയ്യും മുകളിലേക്കുയർത്തി പറഞ്ഞു “എന്റെ ദൈവമേ, എന്നെ സഹായിക്കൂ”. പെട്ടെന്ന് ഒരു സ്വർഗ്ഗീയാനുഭവം ബ്രൂണോക്കുണ്ടായി. രണ്ട് കൈകൾ ബ്രൂണോയുടെ മുഖത്തിന് നേരെ വരുന്നത് അയാൾ കണ്ടു. കണ്ണിൽ നിന്ന് ചെതുമ്പൽ പോലെ എന്തോ ആ കൈകൾ പൊഴിച്ചു കളഞ്ഞു. കുട്ടികളും പരിസരവുമൊക്കെ കണ്ണിൽ നിന്ന് മറഞ്ഞു. അതുവരെ ഉണ്ടാവാത്ത പോലെ അലൗകികമായ സന്തോഷം ഉള്ളിൽ അലയടിച്ചു. ഗുഹക്കുള്ളിലാകെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞൂ. അവിടെ മധ്യത്തിലായി സ്വർഗീയ സൗന്ദര്യമുള്ള ഒരു സ്ത്രീ പ്രകാശിക്കുന്ന പാറയുടെ മുകളിൽ നില്ക്കുന്നു!
അവളുടെ വസ്ത്രം ഇങ്ങനെയായിരുന്നു. വെള്ള അങ്കി ധരിച്ചിരുന്നതിന് മേലെയുള്ള പിങ്ക് നിറത്തിലുള്ള അരപ്പട്ട വലതുഭാഗത്ത് കുറച്ചു താഴേക്ക് തൂങ്ങികിടന്നിരുന്നു. പച്ച നിറത്തിലുള്ള മേലങ്കി ശിരസ്സു മുതൽ നിന്നും പാദം വരെ ഒഴുകിക്കിടന്നു. അവളുടെ നെഞ്ചോടു ചേർത്ത വലതുകയ്യിൽ ഇരുണ്ട ചട്ടയുള്ള ഒരു പുസ്തകമുണ്ടായിരുന്നു, ഇടതുകൈ അതിനോട് ചേർത്തുതന്നെ വെച്ചിരുന്നു. അതിശയകരമായ ഒരു കാഴ്ച! അവൾ സംസാരിക്കാൻ തുടങ്ങി,
” ഞാൻ പരിശുദ്ധ ത്രിത്വത്തിന്റേതാകുന്നു. ഞാൻ പിതാവിന്റെ മകളും പുത്രന്റെ അമ്മയും പരിശുദ്ധാത്മാവിന്റെ മണവാട്ടിയും ആലയവുമാണ്. ഞാൻ വെളിപാടിന്റെ കന്യകയാണ്. നീ എന്നെ പീഡിപ്പിക്കുന്നു. അത് നിർത്താൻ സമയമായി”

അവളുടെ ശബ്ദം ശ്രുതിമധുരമായിരുന്നു, ഹൃദയത്തിലേക്ക് നേരെ എത്തുന്ന പോലെയായിരുന്നു. സൗന്ദര്യം വർണ്ണിക്കാൻ വാക്കുകൾ പോരാ. അവളിൽ നിന്ന് വന്ന പ്രകാശം അസാധാരണമായിരുന്നു, സൂര്യൻ തന്നെ ഗ്രോട്ടോയിലേക്ക് വന്ന പോലെ. അവൾ തന്റെ ഇടതു കൈ തറയിൽ കിടക്കുന്ന കീറിയ കറുത്ത വസ്ത്രത്തിലേക്കും (പുരോഹിതന്റെ കറുത്ത ഉടുപ്പ്) അതിന് മീതെയുള്ള പൊട്ടിയ കൃരിശുരൂപത്തിലേക്കും ചൂണ്ടിക്കൊണ്ട് അത് സഭയുടെ സഹനവും വൈദികരുടെ അധഃപതനവുമാണ് അർത്ഥമാക്കുന്നതെന്ന് പറഞ്ഞു. ബ്രൂണോയോട് കുഞ്ഞാടുകളുടെ കൂട്ടത്തിലേക്ക്, രക്ഷയുടെ മാർഗ്ഗത്തിലേക്ക് (കത്തോലിക്കസഭയിലേക്ക്) തിരിച്ചുവരാൻ ആഹ്വാനം ചെയ്തു.
“ധാരാളം പ്രാർത്ഥിക്കുക. പാപികളുടെയും അവിശ്വാസികളുടെയും മാനസാന്തരത്തിനായും എല്ലാ ക്രിസ്ത്യാനികളുടെയും ഐക്യത്തിനും വേണ്ടി ദിവസേന കൊന്ത ചൊല്ലുക . വിശ്വാസത്തോടെയും സ്നേഹത്തോടെയും ചൊല്ലുന്ന ‘നന്മ നിറഞ്ഞ മറിയമേ’ ജപങ്ങൾ ഈശോയുടെ ഹൃദയത്തിലെത്തുന്ന സ്വർണ്ണ അമ്പുകളാണ്”. പരിശുദ്ധ അമ്മ പറഞ്ഞു. അവിശ്വാസികളുടെ മാനസാന്തരത്തിനായി, തിന്മയുടെ അതിപ്രസരമുള്ള ആ സ്ഥലത്ത് അനേകം അത്ഭുതങ്ങൾ നടക്കുമെന്ന് അവൾ പറഞ്ഞു. ബ്രൂണോക്കും മറ്റു വിശ്വാസികൾക്കും സന്ദേശങ്ങൾ നൽകിയതിന്റെ കൂടെ പോപ്പിന് കൈമാറാനായി രഹസ്യസന്ദേശവും നൽകി.
തന്റെ സ്വർഗ്ഗാരോപണത്തിൽ വിശ്വസിക്കാതിരുന്ന കത്തോലിക്കസഭയുടെ ആ ധൂർത്തപുത്രനോട്, 1950ൽ പന്ത്രണ്ടാം പീയൂസ് പാപ്പ പരിശുദ്ധ കന്യകയുടെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിന് മുൻപായി തന്നെ അവൾ പറഞ്ഞു , “എന്റെ ശരീരം നശിക്കാൻ വിടാൻ കഴിയുമായിരുന്നില്ല. എനിക്കായി എന്റെ മകൻ മാലാഖമാരോടൊപ്പം വന്നു”.
പരിശുദ്ധ അമ്മ പറഞ്ഞതുപോലെ തന്നെ അവിടത്തെ അഴുക്കുപിടിച്ച, തിന്മയുടെ അന്തരീക്ഷം അത്ഭുതങ്ങൾക്ക് വഴിമാറി. സന്ദർശകർക്ക് അനേകം രോഗശാന്തികളുണ്ടായി. അമ്മ മുന്നറിയിപ്പ് കൊടുത്തിരുന്ന പോലെ ബ്രൂണോക്ക് ഏറെ സഹിക്കേണ്ടിയും വന്നു. ദർശനത്തിന്റെ പേരിലും കത്തോലിക്കാവിശ്വാസി ആയതിന്റെ പേരിലും പരിഹസിക്കാനും അപമാനിക്കാനും ഏറെപ്പേരുണ്ടായി. പോലീസും സൈക്ക്യാട്രിസ്റ്റുമൊക്കെ കുട്ടികളെയടക്കം ചോദ്യം ചെയ്‌തു, പരിശോധനകൾക്ക് വിധേയമാക്കി. എങ്കിലും ബ്രൂണോ പിടിച്ചു നിന്നു, ഏറെ പ്രാർത്ഥിക്കാറുമുണ്ടായിരുന്നു.
ഏപ്രിൽ 12, 1980ൽ പരിശുദ്ധ അമ്മയുടെ സന്ദർശനത്തിന്റെ മുപ്പത്തി മൂന്നാം വാർഷികത്തിൽ ട്രേ ഫൊണ്ടാനെയിൽ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ദിവ്യബലി നടക്കവേ 25 വൈദികർ അടക്കം 3000 പേരെ സാക്ഷി നിറുത്തി, ഫാത്തിമയിലെ അത്ഭുതത്തിന് സമാനമായി സൂര്യൻറെ ചലനത്തിന് എല്ലാവരും സാക്ഷികളായി. സൂര്യൻ ഭൂമിയുടെ നേർക്ക് നീങ്ങിവരുന്നതായും വളരെ വലുതായി കാണപ്പെടുകയും ഉണ്ടായി. സൂര്യനും നക്ഷത്രങ്ങളുമൊക്കെ ചേർന്ന് കുരിശിന്റെയും IHS ന്റയും രൂപമെടുത്തു. അരമണിക്കൂറോളം അത്ഭുതം നീണ്ടുനിന്നു. മന്ദോഷ്ണരായിരുന്ന ധാരാളം ക്രൈസ്തവരിൽ ആന്തരിക പരിവർത്തനമുണ്ടായി അവർ കുമ്പസാരിച്ചു.
1982 ലെ വാർഷികത്തിന് ഒരിക്കൽ കൂടി അത് സംഭവിച്ചു. കണ്ണിന് ഒരു പ്രശ്നവുമില്ലാതെ ആളുകൾക്ക് സൂര്യനെ നേരിട്ട് നോക്കാൻ കഴിഞ്ഞു രണ്ടു പ്രാവശ്യവും. ആദ്യത്തെ പ്രാവശ്യത്തെ അത്ഭുതം സാക്ഷ്യപ്പെടുത്തിയത് അൽമായരാണെങ്കിൽ ഇപ്രാവശ്യം വൈദികരായിരുന്നു. വൈദികർക്ക് വേണ്ടി വെളിപാടിന്റെ കന്യക കൊടുത്തിരുന്ന സന്ദേശം ഇങ്ങനെയായിരുന്നു : വെളിപ്പെടുത്തപ്പെട്ട വിശ്വാസസത്യങ്ങളിൽ അവർ ആഴമായി വിശ്വസിക്കേണ്ടതാണ്, പഠിപ്പിക്കാനുള്ള സഭയുടെ അധികാരത്തിൽ വലിയ അനുസരണം കാണിക്കുക, ആളുകളുമായി ഇടപെടുമ്പോൾ ജാഗ്രതയോടെ വിവേകം കാണിക്കുക, വിശുദ്ധവും മാന്യവുമായ ജീവിതരീതി പിന്തുടരുക.
ഡിസംബർ 9,1949 ൽ പരിശുദ്ധ പിതാവ് റോമിലെ ട്രാം ഡ്രൈവർമാരെ തന്റെ ഒപ്പം കൊന്ത ചൊല്ലാൻ ക്ഷണിച്ചപ്പോൾ ബ്രൂണോ കൊർണാക്കിയോള, ഒരു കാലത്ത് താൻ കൊല്ലാൻ ആഗ്രഹിച്ച പോപ്പ് പീയൂസ് പന്ത്രണ്ടാമനെ പോയി കണ്ടു. “തലവനായ പോപ്പിനോടൊപ്പം ഇത് കത്തോലിക്കാസഭയുടെ മരണമാണ് ” എന്ന് ഒരു പേജിൽ എഴുതിവെച്ചിരുന്ന ബൈബിളും കൊല്ലാനായി കരുതി വെച്ച കഠാരയും കൂടെ കൊണ്ടുപോയി.
ആർക്കെങ്കിലും തന്നോട് സംസാരിക്കാനുണ്ടോ എന്ന് പാപ്പ ചോദിച്ചപ്പോൾ ബ്രൂണോ ‘ ഉവ്വ് പിതാവേ’ എന്ന് മറുപടി പറഞ്ഞു. പാപ്പ മുന്നോട്ടാഞ്ഞ്, അവന്റെ തോളിൽ കൈ വെച്ചു ചോദിച്ചു, “എന്താണത് എന്റെ മകനെ?” തേങ്ങികരഞ്ഞു കൊണ്ട് ബ്രൂണോ ‘പോപ്പിന്റെ മരണം’ എന്ന് കൊത്തിവെച്ച കഠാരയും പ്രോട്ടസ്റ്റന്റ് ബൈബിളും പോപ്പിനെ ഏൽപ്പിച്ചു മാപ്പപേക്ഷിച്ചു. പിതാവ് അതെല്ലാം മേടിച്ച്, ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു, “പ്രിയ മകനെ, അതുകൊണ്ട് സഭക്ക് ഒരു പുതിയ രക്തസാക്ഷിയെ ലഭിക്കുകയും ക്രിസ്തുവിന് അവന്റെ സ്നേഹത്തിന്റെ ജയവുമുണ്ടാകുമെന്നല്ലാതെ നിനക്ക് വേറൊന്നും നേടാൻ കഴിയുമായിരുന്നില്ല”.
പിന്നീട് അതേ പോപ്പ് തന്നെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വെളിപാടിന്റെ കന്യകയുടെ രൂപം ആശിർവദിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഇറ്റലിയിലും ഓസ്ട്രേലിയയിലും അമേരിക്കയിലുമായി മൂന്നിടങ്ങളിലും.മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ചാപ്പൽ നിർമ്മിക്കാൻ മാർപ്പാപ്പ അനുവദിച്ചു. മിഷനറീസ് ഓഫ് ഡിവൈൻ റെവലേഷൻ സന്യാസസമൂഹം ഇന്ന് അതെല്ലാം നോക്കി നടത്തുന്നു.
2001, ജൂൺ 22ന് ആണ് ബ്രൂണോ കൊർണാക്കിയോള മരിക്കുന്നത്. ഒരു സാക്ഷ്യമായി, പ്രാർത്ഥനയായി ബ്രൂണോ ജീവിച്ചു. സഭയെ പീഡിപ്പിച്ചിരുന്നവനിൽ നിന്ന്, മാനസാന്തരപ്പെട്ട് കത്തോലിക്കനായെന്ന് മാത്രമല്ല സുവിശേഷത്തിന്റെ പരിമളം എങ്ങും പരത്തുക കൂടി ചെയ്ത മറ്റൊരു പൗലോസ് ആയി ബ്രൂണോ മാറുമെന്ന് പരിശുദ്ധ അമ്മ പറഞ്ഞിരുന്നു. വെളിപാടിന്റെ കന്യക പറഞ്ഞ കാര്യങ്ങളെല്ലാം ഇന്നും പ്രസക്തം തന്നെ. ഈ തൊഴുത്തിൽ പെടാത്ത ആളുകളെയും തനിക്ക് കൊണ്ടുവരേണ്ടതുണ്ട് എന്ന് ഈശോ പറഞ്ഞതുപോലെ തന്നെ സഭയെ പീഡിപ്പിക്കുന്ന അകത്തോലിക്കരെ പോലും അവളിലേക്ക് കരുണയോടെ വിളിക്കുന്നു.
ജിൽസ ജോയ്
