പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ

(ധന്യനായ ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ ‘Walk with God’ എന്ന പുസ്‌തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനശ്രമം)

അടഞ്ഞ വാതിലുകൾ

നമ്മൾ സാധാരണയായി മനുഷ്യരെ അവർ ചെയ്ത തിന്മയുടെ പേരിൽ വിധിക്കുന്നു , പക്ഷെ ചെയ്യാത്ത നന്മയുടെ പേരിൽ അങ്ങനെ ചെയ്യുന്നത് അപൂർവ്വമാണ്. കണക്കിലെടുക്കാത്ത തിന്മ ഒരുവന്റെ ജീവിതത്തിൽ പലതും ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, അയാൾക്ക് സത്യസന്ധതയില്ല എന്ന കാര്യം പാവങ്ങളോട് കരുണയുണ്ടെന്നതിന്റെ പേരിൽ ശ്രദ്ധിക്കാതെ പോകാം. പക്ഷെ ചെയ്യാൻ ബാക്കിയായ നന്മ പലപ്പോഴും എയ്തുകഴിഞ്ഞ അമ്പ് പോലെയാണ്. സ്‌കൂൾ ദിനങ്ങൾ, യുവത്വം, പഠിക്കാനുള്ള അവസരങ്ങൾ, മാതാപിതാക്കൾക്കുള്ള പരിശീലനം -ഇതിനൊക്കെ അതാതിന്റെ സമയങ്ങൾ ഉണ്ട് , പിന്നീട് വസന്തകാലം പോലെ അതെല്ലാം കടന്നു പോകുന്നു . അവിടെയെല്ലാം ‘അടഞ്ഞ വാതിലുകൾ ‘ പോലുള്ള ഒന്നുണ്ട്.

പത്തു കന്യകമാരുടെ ഉപമയിൽ , ആവശ്യത്തിന് സ്വഭാവശുദ്ധിയൊക്കെ എല്ലാവർക്കും കൈമുതലായുണ്ട്. പക്ഷെ അഞ്ചു പേർ ബുദ്ധിമതികളും അഞ്ചുപേർ ബുദ്ധിശൂന്യകളും ആയിരുന്നു. വിവാഹസമയം വന്നപ്പോൾ, ആവശ്യത്തിന് എണ്ണ കരുതാനുള്ള ഒരവസരവും അഞ്ചു പേർ ഉപയോഗപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. പിന്നെ ‘വാതിലുകൾ അടക്കപ്പെടുന്ന’ നിമിഷം വന്നു ചേർന്നു. കിഴക്കൻ ഭാഗങ്ങളിലൊക്കെ, വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അതിഥികൾ എല്ലാവരും എത്തിക്കഴിഞ്ഞാലുടൻ വാതിലുകൾ അടക്കുന്ന പതിവുണ്ടായിരുന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്നത് പോലെ , ‘ഒരു ശത്രുവും അകത്തായതുമില്ല ,ഒരു മിത്രവും പുറത്തായതുമില്ല’. എണ്ണ നിറഞ്ഞിരിക്കേണ്ട വിളക്കുകൾ ശൂന്യമായിരുന്നു. അവസരം നഷ്ടപ്പെട്ടുപോയി.

എണ്ണ കഴിഞ്ഞു പോയത് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തതുകൊണ്ടായിരുന്നില്ല. അങ്ങനെ ഒരു തിന്മയും ബുദ്ധിശൂന്യരുടെ മേൽ ആരോപിക്കപ്പെട്ടിരുന്നില്ല. കഠിനാദ്ധ്വാനത്തിന്റെ ആവശ്യകതയെ അവർ പരിഹസിച്ചിരുന്നില്ല ; അവർ പക്ഷെ അശ്രദ്ധയുള്ളവരായിരുന്നു , അക്കാരണം കൊണ്ട് അവർ ‘ബുദ്ധിശൂന്യരെന്ന്’ വിളിക്കപ്പെട്ടു.

വെളുത്ത മതിലുകൾ കാലക്രമേണ ഇരുണ്ടതായി തീരുന്നു. ചലിക്കാത്ത ക്ലോക്കുകൾ ‘ സമയം കടന്നുപോയികൊണ്ടിരിക്കുന്നു ‘ എന്ന് ഓർമ്മിപ്പിക്കുന്നതേയില്ല. മോട്ടോർ വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നത് അവഗണിക്കുന്നവർ വിളക്കുകളിൽ എണ്ണ നിറക്കാതിരുന്നവരെപോലെയാണ് , അവർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. കുളത്തിലെ വെള്ളം ഒരിക്കലും ഇളകാതിരുന്നാൽ അതിൽ പച്ചപ്പാട കെട്ടുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. മനുഷ്യസ്വഭാവം ചീത്തയാക്കാൻ പ്രത്യേകിച്ചൊരു ദൂഷ്യസ്വഭാവവും വേണമെന്നില്ല. അവഗണന, അല്ലെങ്കിൽ നിസ്സംഗത മാത്രം മതി.

തടിച്ച എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു മെലിഞ്ഞ മനുഷ്യൻ പുറത്തു വരാൻ ശ്രമിക്കുന്നുണ്ടെന്ന് പറയാറുണ്ട്. ശരിയായ ആഹാരക്രമം ഒഴിവാക്കുന്നത് കൊണ്ട് ആ മെലിഞ്ഞ മനുഷ്യൻ ഒരിക്കലും പുറത്തു വരുന്നില്ല. കൊഴുപ്പ്‌ , അജ്ഞത, ദൃഢമായ പേശികൾ , മദ്യത്തോടുള്ള താല്പര്യം എല്ലാം ഓരോ ദിവസവും ഇഴഞ്ഞിഴഞ്ഞു നമ്മിലേക്ക്‌ വരുന്നത്, നമ്മുടെ വിളക്കുകൾ ആദ്യം പുകയാനും പിന്നേ മിന്നി കത്താനും അവസാനം അണഞ്ഞു പോവാനും ഇടയാക്കുന്നു. ജെറീക്കോയിലേക്കുള്ള വഴിയിൽ മുറിവേറ്റുകിടന്നവനെ കടന്നു പോയവർ വലിയ പാപമൊന്നും ചെയ്തെന്നു പറഞ്ഞിട്ടില്ല, പക്ഷെ അവർ കടന്നുപോയെന്ന് മാത്രം. അവരെന്തു തെറ്റാണ് ചെയ്തതെന്ന് ചോദിച്ചിട്ട് ഒരു കാര്യവുമില്ല. അവർ തെറ്റൊന്നും ചെയ്തില്ല ; പക്ഷെ ശരിയായി ചെയ്യേണ്ടിയിരുന്നത് അവർ ചെയ്തുമില്ല. അവർ ‘ മറുവശത്തു കൂടെ പൊയ്ക്കളഞ്ഞു’. സുവിശേഷത്തിലെ ധനവാൻ ഗുരുതരമായ തെറ്റൊന്നും ചെയ്തതായി പറഞ്ഞിട്ടില്ല. അവൻ തൻറെ വാതിൽക്കൽ കിടക്കുന്ന ഭിക്ഷക്കാരനെ സഹായിക്കാനുള്ള അവസരങ്ങൾ അവഗണിച്ചു കളഞ്ഞെന്ന് മാത്രം. അന്ത്യദിനത്തിലും, തിന്മ ചെയ്തവർക്കുള്ള കുറ്റപത്രത്തിൽ അവഗണന ആയിരിക്കും കൂടുതലും രേഖപ്പെടുത്തിയിരിക്കുന്നത് , എന്തെന്നാൽ അവർ വിശക്കുന്നവരെ കണ്ടു ; പക്ഷെ കഴിക്കാൻ കൊടുത്തില്ല. ദാഹിക്കുന്നവരെ കണ്ടു ; പക്ഷെ കുടിക്കാൻ കൊടുത്തില്ല.

താലന്ത് മറച്ചുവെച്ച ഭൃത്യൻ അക്ഷന്തവ്യമായ ഒരു തെറ്റും ചെയ്തെന്നു പറഞ്ഞിട്ടില്ല , അവൻ അതുപയോഗിച്ചു ഒന്നും ചെയ്തില്ലെന്നതൊഴികെ. അവൻ ഒന്നിനും കൊള്ളാത്ത ഭൃത്യനായി. ഉറ കെട്ടുപോയ ഉപ്പു പുറത്തേക്കെറിഞ്ഞു കളയുക തന്നെ വേണം. ചെറുപ്പം മുതലേ എല്ലാ കല്പനകളും താൻ അനുസരിച്ചിട്ടുണ്ടെന്നു കർത്താവിനോട് പറഞ്ഞ യുവാവിന് പിന്നെയും ഒരു കുറവുണ്ടായിരുന്നു – ഒരു തിളക്കം, ഒരുത്സാഹം, മറ്റുള്ളവരിൽ ഒരു താല്പര്യം. നല്ലതെന്തെങ്കിലും കാര്യമായി ചെയ്യണമായിരുന്നു , ഉദാഹരണമായി അവൻ ധനികനായിരുന്നത് കൊണ്ട് കുറച്ചു സ്വത്തു വിറ്റു പാവങ്ങളെ സഹായിക്കാമായിരുന്നു. പറഞ്ഞതിലെല്ലാം, അവർ വിധിക്കപ്പെട്ടത് ‘ അവർ ഒന്നും ചെയ്തില്ല ‘ എന്നതുകൊണ്ടായിരുന്നു – ഒഴിഞ്ഞ വിളക്കുകൾ, കുഴിച്ചിട്ട താലന്തുകൾ ,ഫലമില്ലാത്ത നന്മകൾ , ഉപയോഗശൂന്യമായ ഉപ്പ്‌ , അവഗണിച്ചു കളഞ്ഞ സേവനങ്ങൾ…

നമ്മുടെ ധാർമിക നിർദ്ദേശങ്ങളിൽ, തെറ്റ് ചെയ്യരുത് എന്ന് ഊന്നിപ്പറയുന്നതിനൊപ്പം നല്ലതു ചെയ്യണം എന്ന് പറയാൻ മറന്നു പോകുന്നത് കൊണ്ടായിരിക്കാം ഇതിങ്ങനെയൊക്കെ ആകുന്നത് . ‘നീ ചെയ്യരുത് ‘ ( Thou shalt not ) എന്നതിൽ നിയമം ഉൾപ്പെടുന്നു . ‘ ‘നീ ചെയ്യണം ‘ ( Thou shalt) എന്നതിൽ കൃപ ഉൾപ്പെടുന്നു . അതുകൊണ്ട് നമ്മുടെ കർത്താവ് പത്തു കല്പനകളോട് പുതിയത് ഒന്ന് ചേർത്തപ്പോൾ , അത് തുടങ്ങിയത് നീ ചെയ്യണം ( Thou shalt ) എന്ന് പറഞ്ഞാണ് – ദൈവത്തെ സ്നേഹിക്കണം , അയൽക്കാരെ സ്നേഹിക്കണം… സകാരാത്മകമായ പറച്ചിൽ . ഗിരിപ്രഭാഷണത്തിൽ , അനീതി ചെയ്യുന്നവർ അവന്റെ വാക്ക് കേട്ടിട്ടും അതനുസരിച്ചു പ്രവർത്തിക്കാത്തവരാണ്. മനുഷ്യകുലം മുഴുവന്റെയും കാരുണ്യവാനായ വിധികർത്താവ് അജ്ഞതയുടെ പേരിൽ വഴി തെറ്റി പോയവരോടും പാപങ്ങളിൽ വീഴുന്നവരോടും മനസ്സലിവുള്ളവനാണ്. പക്ഷെ ‘ഒന്നും ചെയ്യാത്തവരോട് ‘ കാഠിന്യം കാണിക്കുന്നവനാണ്. മനുഷ്യരുടെ പേരിൽ ആരോപിക്കാൻ കഴിയുന്ന ഏറ്റവും മനുഷ്യത്വരഹിതമായ കാര്യം, നന്മ ചെയ്യാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാത്തതാണ് . കർമ്മം ചെയ്യുന്നതല്ല, ചെയ്യേണ്ടത് ഒഴിവാക്കുന്നതാണ് കൂടുതൽ ഗൗരവമുള്ള പാപം . സത്യത്തിൽ തിരുവചനം പറയുന്ന ആത്മാവിന്റെ നിത്യമായ നാശത്തിന്റെ വഴി ഇതാണ് : ” ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന നാം, ശിക്ഷയിൽ നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? “

Translated by

Jilsa Joy

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s