May 30 | വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ അവളെ അഭിമുഖീകരിച്ച, ശത്രുക്കളായ ഇംഗ്ലീഷ് സൈനികർ അവളെ ഓർലീൻസിലെ കന്യക എന്ന് വിളിച്ചു. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽ വേരൂന്നിയ അവളുടെ അസാമാന്യധൈര്യവും മരണത്തിനുമുൻപിൽ പോലും പതറാതെ ദൈവേഷ്ടം നടപ്പിലാക്കാനുള്ള അവളുടെ സന്നദ്ധതയും കാരണം അവൾ ലോകമെങ്ങും അറിയപ്പെടുന്നു .

ഏത് ബുദ്ധിമുട്ടിനെയും അഭിമുഖീകരിക്കാനും വെല്ലുവിളികൾ തരണം ചെയ്യാനുമായി ദൈവത്തിൽ നിന്ന് ശക്തി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ നല്ല കഴിവുകൾ എങ്ങനെ ഉപയോഗിക്കാം എന്നതിന് തിളങ്ങുന്ന മാതൃകയായി യുവാക്കളും യുവതികളും ജോവാൻ ഓഫ് ആർക്കിനെ നോക്കികാണുന്നു.

വടക്കുകിഴക്കൻ ഫ്രാൻസിലെ മനോഹരമായ ഷാമ്പെയ്ൻ പ്രവിശ്യയിൽ ഡോറമി എന്ന ഗ്രാമത്തിലാണ് അഞ്ചു മക്കളിൽ ഏറ്റവും താഴെയുള്ളവളായി 1412 ജനുവരി 6ന് ജൊവാൻ ജനിക്കുന്നത്. അവളുടെ പിതാവ് ജാക്ക്വസ് ദ് ആർക്ക് നല്ലൊരു ക്രിസ്ത്യാനിയും കർഷകനുമായിരുന്നു. ഒരു മേയറിന് തുല്യമായ സ്ഥാനമാണ് ആൾക്കുണ്ടായിരുന്നത്. ഒരു പുരോഹിതന്റെ സഹോദരിയായിരുന്ന അമ്മ ഇസബെൽ ഭക്തയായ സ്ത്രീ ആയിരുന്നു.

ചുറുചുറുക്കോടെ ഓടിനടന്ന് പണിയെടുത്തിരുന്ന, എല്ലാവരുമായി കൂട്ടുകൂടിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു ജൊവാൻ . അന്നത്തെ ഭൂരിഭാഗം ആൾക്കാരുടെ പോലെ അവൾ സ്‌കൂളിൽ പോയില്ല , എഴുത്തും വായനയും പഠിച്ചില്ല, പക്ഷേ പ്രാർത്ഥനകൾ അറിയാമായിരുന്നു. വിശുദ്ധരെ പറ്റിയുള്ള വിവരണങ്ങൾ സാകൂതം കേട്ടിരുന്നു. കാടിനുള്ളിലെ പരിശുദ്ധ അമ്മയുടെ ചാപ്പൽ ആയിരുന്നു അവൾക്കിരിക്കാൻ ഏറ്റവും ഇഷ്ടപെട്ട സ്ഥലം. അവൾ മരിച്ച് 25 വർഷങ്ങൾക്ക് ശേഷം , 1456 ൽ അവളെ കുറ്റവിമുക്തയാക്കാനുള്ള നടപടികൾ നടക്കുമ്പോൾ അവിടെയുള്ള പുരോഹിതരും അവളുടെ കളിക്കൂട്ടുകാരും പ്രാർത്ഥനയോടുള്ള അവളുടെ ഇഷ്ടത്തെക്കുറിച്ചും മുടങ്ങാതെ പള്ളിയിൽ പോകുന്നതിനെക്കുറിച്ചും രോഗികളോടുള്ള അവളുടെ ദയാവായ്‌പിനെക്കുറിച്ചും വഴിയാത്രക്കാരോട് കാണിക്കാറുള്ള അനുഭാവത്തെക്കുറിച്ചുമൊക്കെ സാക്ഷ്യപ്പെടുത്തി.

സന്തോഷകരമായ ജീവിതം കുട്ടിക്കാലത്ത് അവൾക്കുണ്ടായെങ്കിലും ‘ശതവത്സരയുദ്ധം’ എന്ന പേരിൽ അറിയപ്പെട്ട, നൂറുകണക്കിന് വർഷങ്ങൾ നീണ്ടു നിന്ന യുദ്ധം ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ അപ്പോൾ നടക്കുകയായിരുന്നു. നിരന്തരമായ അധിനിവേശങ്ങളും യുദ്ധങ്ങളും പട്ടാളറെയ്ഡുകളുമൊക്കെ നിത്യസംഭവമായി. ജൊവാൻ ജനിക്കുമ്പോൾ യുദ്ധം തുടങ്ങി എഴുപത്തഞ്ച് കൊല്ലത്തോളം ആയിട്ടുണ്ടായിരുന്നു. പല സ്ഥലങ്ങളിലേക്ക് മാറി മാറി താമസിക്കേണ്ടി വന്നു , അവളുടെ അടുത്തുള്ള പള്ളി അഗ്നിക്കിരയായി.

അക്കാലത്ത് ചാൾസ് ഏഴാമൻ , അതായത് ഡോഫിൻ (ഫ്രാൻസിൽ രാജസിംഹാസനത്തിന്റെ അടുത്ത അവകാശിയെ വിളിക്കുന്ന പേര് ) ശരിയായ തീരുമാനങ്ങളെടുക്കാതെ യുദ്ധത്തിൽ നിന്ന് അകന്നുനിൽക്കുന്ന ആളായിരുന്നു. ഇംഗ്ലീഷ് സൈന്യം ഫ്രാൻസിൽ മുന്നേറി റീംസ് നഗരം പിടിച്ചെടുത്തപ്പോൾ ഡോഫിൻ നിരാശനായി കാരണം അവിടെയാണ് ഫ്രഞ്ച് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങ് നടക്കാറുള്ളത്. അവിടെ തന്നെ അത് നടന്നില്ലെങ്കിൽ ഫ്രഞ്ച് ജനത തന്നെ അംഗീകരിക്കില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ജൊവാൻ , ചില ശബ്ദങ്ങൾ അവൾക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നത്‌ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവളെ പിന്നീടങ്ങോട്ട് നയിക്കാനും ദൈവം ഭരമേല്പിച്ച ദൗത്യം നടപ്പിലാക്കാൻ സഹായിക്കാനായും ആ ശബ്ദം കൂടെത്തന്നെ ഉണ്ടായിരുന്നു. ഒരു വേനൽക്കാലത്ത് ഉച്ചകഴിഞ്ഞ് അവൾ പൂന്തോട്ടത്തിൽ പണിയുമ്പോൾ അപരിചിതമായ ഒരു ശബ്ദം അവളെ മുകളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. ശോഭയേറിയ ഒരു പ്രകാശം അവളുടെ തലയ്ക്കു മുകളിൽ കണ്ടു.

” ജൊവാൻ, ദൈവത്തിന്റെ പ്രിയമകളെ , പള്ളിയിൽ കൂടെക്കൂടെ പോവുക , നല്ലവളായിരിക്കുക. ദൈവം അതാവശ്യപ്പെടുന്നു”.

ദൈവം താൻ വഴി എന്തോ ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. “ എന്റെ കർത്താവേ”, അവൾ പറഞ്ഞു.”കൂടെക്കൂടെ ഞാൻ പള്ളിയിൽ പൊയ്ക്കോളാം. നിനക്കിഷ്ടമുള്ളത്ര കാലത്തോളം ഒരു കന്യകയായി ജീവിച്ചോളാം”.

സാവധാനം, ആ ശബ്ദങ്ങൾ വഴിയായി അവളുടെ ദൗത്യം ദൈവം വെളിപ്പെടുത്തി. അവളുടെ ഗ്രാമം വിട്ട് അവൾ പുറത്തേക്കിറങ്ങണം,ചാൾസ് ഏഴാമനെ റീംസിലേക്ക് നയിക്കണം, കിരീടധാരണം നടത്തണം, അവളുടെ രാജ്യത്തെ സ്വതന്ത്രമാക്കണം.

”ഞാൻ ഒരു പാവം പെൺകുട്ടി മാത്രമാണ്. എനിക്ക് കുതിരസവാരിയോ യുദ്ധമോ അറിയില്ല”. അവൾ പറഞ്ഞു.

“പോകൂ, ദൈവത്തിൻറെ പുത്രി”, മറുപടി വന്നു. ‘പോകൂ , ഞാനായിരിക്കും നിന്റെ സഹായകൻ”.

അവൾക്ക് പതിനാറു വയസ്സായപ്പോൾ ആ ശബ്ദം കൂടുതൽ നിർബന്ധിക്കാനും പ്രേരിപ്പിക്കാനും തുടങ്ങി. “വാക്‌ളേഴ്സിൽ റോബർട്ട് ഡി ബാദ്രികോർട്ടിനടുത്തേക്ക് പോവുക, നിന്നെ ഡോഫിനടുത്തേക്ക് നയിക്കാനുള്ള വിശ്വസ്തരായ പടയാളികളെ അവൻ തരും”.

ചാൾസിന്റെ ഭാഗത്തു നിന്ന് പൊരുതുന്ന ഒരു പ്രഭുവായിരുന്നു റോബർട്ട് . ഡ്യൂറൻഡ് ലക്‌സാർട്ട് എന്ന് പേരുള്ള ഒരു ബന്ധുവിന്റെ കൂടെ 1428 മെയ് മാസത്തിൽ ഡോറെമിയിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള ആ സ്ഥലത്തേക്ക് പോയി.

“പ്രഭോ , അങ്ങേക്കായി ഒരു സന്ദേശമുണ്ട്. ശത്രുക്കളുണ്ടെങ്കിലും ഡോഫിന് രാജാവാകാൻ സാധിക്കും. അഭിഷേകത്തിനും കിരീടധാരണത്തിനും ഞാൻ രാജാവിനെ നയിക്കും”.

റോബർട്ട് അതുകേട്ട് ആർത്തുചിരിച്ചു. ഈ കുട്ടിക്കളിക്ക് അവൾക്ക് രണ്ടടി കൊടുക്കാനായി അവളെ അവളുടെ മാതാപിതാക്കളുടെ അടുത്ത് കൊണ്ടുപോകാൻ അവളുടെ ബന്ധുവിനോട് പറഞ്ഞു. അവൾക്ക് തല്ക്കാലം തിരിച്ചുപോകേണ്ടി വന്നു.

1428 ഒക്ടോബർ ആകുമ്പൊഴേക്ക് ഇംഗ്ലീഷ് സൈന്യം ഓർലീൻസ് വളഞ്ഞ് ഭക്ഷണത്തിനും മറ്റും ഉപരോധം ഏർപ്പെടുത്തി. ഓർലീൻസ് വീണാൽ ഫ്രാൻസ് കീഴടങ്ങേണ്ടി വരും എന്ന സ്ഥിതിയായി.

ജൊവാൻ രണ്ടാം വട്ടം റോബർട്ടിന്റെ അടുത്തെത്തി. “ഡോഫിനടുത്തേക്ക് പോകാൻ വളരെയേറെ പ്രാവശ്യം ദൈവം എന്നോടാവശ്യപ്പെട്ടു. അദ്ദേഹം എനിക്ക് തരുന്ന ആളുകളെക്കൊണ്ട് ഓർലീൻസിനെതിരെയുള്ള ഉപരോധം എടുത്തുകളയാനും , ഡോഫിനെ റീംസിലേക്ക് കൊണ്ടുപോയി രാജാവായി വാഴിക്കാനും എനിക്ക് സഹായിക്കാൻ പറ്റും” അവളെ ഡോഫിനടുത്തേക്ക് ( ചാൾസ് ഏഴാമന്റെ അടുത്തേക്ക് ) പറഞ്ഞയക്കാൻ ഇപ്രാവശ്യം റോബർട്ട് സമ്മതിച്ചു.

കാര്യങ്ങൾ അറിഞ്ഞ ഡോഫിൻ ( നിയുക്തരാജാവ് – ചാൾസ് ഏഴാമൻ ) അവൾ എത്തിച്ചേരാൻ കാത്തുനിന്നു പക്ഷെ താൻ ഇരിക്കേണ്ടിടത്ത് മറ്റൊരാളെ ഇരുത്തി ഒരു സാധാരണ പ്രഭുവിനെപ്പോലെ മറ്റുള്ളവർക്കിടയിൽ നിന്നു.തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത അവളെ ഒന്ന് പരീക്ഷിക്കാനായിട്ടാണ് അത് ചെയ്തത് . എന്നാൽ ജൊവാൻ നേരെ ചെന്നത് ശരിയായ ചാൾസ് ഏഴാമന്റെ അടുത്തേക്ക് തന്നെയാണ്. അവളെ പരിചയപ്പെടുത്തിയതിന് ശേഷം അദ്ദേഹത്തിനല്ലാതെ അതുവരെ വേറെ ആർക്കും അറിയാത്ത ഒരു രഹസ്യം കാതിൽ പറഞ്ഞു. അതുകൂടെ ആയപ്പോൾ അവളെ വിശ്വാസമായെങ്കിലും പണ്ഡിതന്മാരായ ഒരു കൂട്ടം പുരോഹിതരുടെ അടുത്തേക്ക് അവരാൽ പരീക്ഷിക്കപ്പെടാൻ അവളെ അയച്ചു. മൂന്ന് ആഴ്ചത്തെ പരിശോധനകൾക്ക് ശേഷം, അവളുടെ ആത്മാർ‌ത്ഥതയേയും നന്മയെയും അവർ പുകഴ്ത്തി സംസാരിച്ചു. ചാൾസ് അവൾക്ക് തിളങ്ങുന്ന പടച്ചട്ടയും ഒരു ചെറിയ സൈന്യത്തെയും കൊടുത്തു. ജോവാന്റെ ആഗ്രഹപ്രകാരം ഒരു ബാനർ ഉണ്ടാക്കി. അതിൽ ഈശോയുടെയും മറിയത്തിന്റെയും പേരും രണ്ടു മാലാഖമാർ പിതാവായ ദൈവത്തിന് ലില്ലിപ്പൂ കൊടുക്കുന്ന ചിത്രവും ഉണ്ടായിരുന്നു ( ഫ്രാൻസിന്റെ രാജകീയ ചിഹ്നം).

ഇംഗ്ലീഷ് സേനയെ മുറിച്ചുകടന്ന് മെയ് 8, 1429 ൽ ജൊവാൻ ഓർലീൻസിൽ എത്തി. കത്തുന്ന ടോർച്ചുകൾ എടുത്ത് തെരുവിലേക്കിറങ്ങി അർദ്ധരാത്രി ജനങ്ങൾ അവളെ വരവേറ്റു. അവർ സന്തോഷത്തോടെ അവൾക്കുനേരെ കൈവീശി , ദൈവത്തിന് നന്ദിയർപ്പിച്ചു. ഓർലീൻസ് സ്വതന്ത്രമാക്കിയതിന് ശേഷം നാല് യുദ്ധങ്ങളിൽ കൂടി ജൊവാൻ ഇംഗ്ലീഷ് സൈന്യത്തെ പരാജയപ്പെടുത്തി, ചാൾസ് ഏഴാമന് കിരീടധാരണത്തിനായി റീംസിലെക്കെത്താൻ വഴിയൊരുക്കി. ജൂലൈ 17, 1429 ന് റീംസിലെ കത്തീഡ്രലിൽ വെച്ച് ചാൾസ് ഏഴാമന്റെ കിരീടധാരണം നടന്നു. മനോഹരമായ അവളുടെ ബാനർ പിടിച്ച് ജൊവാൻ സമീപത്തുണ്ടായിരുന്നു.

അടുത്ത വർഷം മെയ് 13 ന് ബർഗണ്ടി സൈനികഉപരോധത്തിൽ നിന്ന് ഫ്രാൻസിലെ ഒരു പട്ടണത്തെ മോചിപ്പിക്കാൻ ജൊവാൻ സൈന്യത്തെ നയിച്ചു, പക്ഷെ അത് വിജയിച്ചില്ല. അവൾക്കും കുറച്ചു പടയാളികൾക്കും രക്ഷപ്പെടാൻ കഴിയുന്നതിനു മുൻപ് ഉയർത്തുപാലം നീക്കപ്പെട്ടു. ബർഗണ്ടിക്കാരുടെ കയ്യിൽ അകപ്പെട്ട ജൊവാനെ അവർ ശത്രുക്കളായ ഇംഗ്ലീഷുകാർക്ക് വലിയ വിലക്ക് വിറ്റു.

ജൊവാൻ എല്ലാവരാലും തിരസ്കരിക്കപ്പെട്ടു. ചാൾസ് രാജാവ് വേണ്ടത്ര ഇടപെടലൊന്നും അവളെ വിട്ടുകിട്ടാൻ വേണ്ടി നടത്തിയില്ല. വർദ്ധിച്ചുവന്ന അവളുടെ ജനസമ്മതിയിൽ നേരിയ ഭയവും രാജാവിന് തോന്നിയിരിക്കണം. രാജ്യത്തെ മോചിപ്പിക്കാനായി ദൈവത്തിന്റെ ഉപകരണമായി വന്ന ആ 19 വയസ്സുള്ള പെൺകുട്ടി ദുരാരോപണങ്ങളുടെയും ഒറ്റിക്കൊടുക്കലിന്റെയും ഇരയായി. ദൈവം പോലും കൈവിട്ടെന്നു തോന്നുന്നത്ര പരിത്യക്തമായ അവസ്ഥയിലൂടെ ക്രൂരമായ വിചാരണ നേരിടേണ്ടി വന്നു. തടവറയിൽ അടക്കപ്പെട്ട ജൊവാൻ ആറുമാസം തടങ്കലിൽ കിടന്നു. കൊഷോൺ എന്ന മെത്രാനായിരുന്നു ജഡ്ജി. വെറും പ്രഹസനങ്ങൾ മാത്രമായ ചോദ്യശരങ്ങൾ അവൾ നേരിട്ടു.

ഫ്രഞ്ച് ജനത അവൾ ചെയ്ത സഹായങ്ങൾ മറന്നു. ആരും അവൾക്കുവേണ്ടി വാദിക്കാനില്ല. ദൈവം ദർശനങ്ങളും വെളിപാടുകളും നൽകുന്നില്ല. നിസ്സഹായതയോടെ നിന്ന അവൾ പെട്ടെന്ന് ഒരു കാഴ്ച കണ്ടു. പീലാത്തോസിന്റെ മുൻപിൽ മുൾക്കിരീടവും ചുവപ്പുവസ്ത്രവും ധരിച്ചുനിൽക്കുന്ന ഈശോ. അവിടുത്തെ മുഖത്തേറ്റ തുപ്പൽ പോലും അവൾ കണ്ടു.

റൂവനിലെ സഭാകോടതി അവളിൽ കുറ്റം കണ്ടുപിടിക്കാൻ കിണഞ്ഞു ശ്രമിച്ചു. വലിയ ദൈവശാസ്ത്രപരമായ ചോദ്യങ്ങളാൽ അവളെ ആശയക്കുഴപ്പത്തിലാക്കി. സന്ദേശങ്ങൾ ദൈവത്തിൽ നിന്നല്ലായിരുന്നെന്നും സ്വയം കെട്ടിച്ചമച്ചതാണെന്നും അവൾ ഒരു മന്ത്രവാദിനി ആണെന്നും ആരോപിച്ചു, അവൾ കേട്ട സ്വരം പൈശാചികമാണെന്ന് സമ്മതിച്ചാൽ സഭ സഹായിക്കുമെന്നും അല്ലെങ്കിൽ ചുട്ടുകരിക്കുമെന്നും മെത്രാൻ ഭീഷണിപ്പെടുത്തി. ആണിന്റെ വസ്ത്രം ധരിച്ചതിനും കുറ്റപ്പെടുത്തി. തെറ്റുകൾ സമ്മതിച്ചാൽ വിലക്കുകൾ മാറ്റി കൂദാശകൾ സ്വീകരിക്കാം. വിചാരണ പലദിവസങ്ങൾ നീണ്ടുപോയി.

ഒരിക്കൽ അവളെ ഒരു ശവപ്പറമ്പിലേക്ക് കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ച പുരോഹിതൻ കൂടെ ഉണ്ടായിരുന്നു. ദുർമന്ത്രവാദം , പാഷണ്ഡത തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു. ഒടുവിൽ ഒരു ഹിപ്നോട്ടിസ്റ്റിനെ പോലെ കോഷോൺ മെത്രാൻ “നീ മന്ത്രവാദിനിയാണ് ; അത് നീ സമ്മതിച്ചു കഴിഞ്ഞു” എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഒരു വേള അവൾക്ക് മാനസികനില തന്നെ തകരാറിലായപോലെ അവൾ മെത്രാൻ പറഞ്ഞത് സമ്മതിച്ചു. ദൈവത്തിനും മുകളിലാണ് സഭ എന്ന് പുലമ്പി. വായിക്കാനറിയാത്ത അവളെ കോഷോൺ മെത്രാൻ എഴുതി തയ്യാറാക്കിയ കടലാസ്സിൽ ഒപ്പുവെപ്പിച്ചു. തടവറയിലേക്ക് തിരിച്ചുകൊണ്ടുപോയി. അവളുടെ കുറ്റസമ്മതമില്ലാതെ അവളെ മരണത്തിനു വിധിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.

മെയ് 30 , 1431 ന് ന് തടവറ തുറന്നു. വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ അവസരം നൽകി. ചങ്ങലകളാൽ കെട്ടപ്പെട്ടു നിൽക്കുന്ന അവൾ ജനങ്ങളോട് പറഞ്ഞു, ” ഇവിടെ കൂടിനിൽക്കുന്ന നിങ്ങളോട് എന്തെങ്കിലും ഉപദ്രവം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതിനു മാപ്പപേക്ഷിക്കുന്നു. എന്നോട് ചെയ്തതിനും ചെയ്യുന്നതിനും ഞാനും മാപ്പുതരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങളോടപേക്ഷിക്കുന്നു”.

ഒരു കുരിശ് ചോദിച്ചുവാങ്ങി അവൾ ഹൃദയത്തോട് ചേർത്തുപിടിച്ചു.വൈക്കോൽ കൂട്ടിയിട്ടതിന് മധ്യേ 19 വയസ്സുള്ള ആ പെൺകുട്ടിയെ നിർത്തി തീകൊളുത്തി. അഗ്നി അവളെ വിഴുങ്ങി. തീനാളങ്ങൾ ഉയർന്നപ്പോൾ “യേശുവേ ” എന്നവൾ മന്ത്രിച്ചുകൊണ്ടിരുന്നു , മരിച്ചു അവന്റെ കരവലയത്തിലാകുന്നത് വരെ.

മരണത്തിന് ശേഷം ചാരം സെയ്ൻ നദിയിൽ ഒഴുക്കി കളഞ്ഞു. 23 കൊല്ലങ്ങൾക്ക് ശേഷം അവളുടെ അമ്മയും രണ്ട് സഹോദരന്മാരും കൂടെ അവളുടെ കേസ് വീണ്ടും വിചാരണ നടത്താൻ ആവശ്യപ്പെട്ടു. കലിസ്റ്റസ് മൂന്നാമൻ പാപ്പ തന്നെ സാക്ഷികളും രേഖകളും പരിശോധിക്കാൻ ഒരു സമിതിയെ നിയമിച്ചു. അതിന്റെ ഫലമായി 1456 ജൂലൈ 7ന് ആദ്യത്തെ വിചാരണയും വിധിയും അസാധുവാക്കി ജൊവാൻ ഓഫ് ആർക്കിനെ സഭയുടെ വിശ്വസ്തയായ , ഉത്തമയായ മകളായി വിധി പുറപ്പെടുവിച്ചു. 1920 ൽ വിശുദ്ധയായി ഉയർത്തപ്പെട്ട ജൊവാനെ 1922 ൽ ഫ്രാൻസിന്റെ മധ്യസ്ഥയായി പ്രഖ്യാപിച്ചു.

അവളുടെ വിസ്മയിപ്പിക്കുന്ന ധൈര്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ബെർണാഡ് ഷായുടെ നാടകത്തിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതിൽ അവൾ പറയുന്നു ” എന്റെ ഒറ്റപ്പെടൽ എന്റെ കരുത്തുമാകാം. ദൈവത്തിന്റെ കൂടെ തനിച്ചാകുന്നത് നല്ലതാണ്. അവന്റെ സൗഹൃദമോ ഉപദേശമോ സ്നേഹമോ എന്നെ വിട്ടുപിരിയില്ല.അവൻ പകരുന്ന ശക്തിയിൽ ഞാൻ ഇനിയും ധൈര്യപ്പെടും .. ധൈര്യപ്പെടും.. ധൈര്യപ്പെടും.. മരിക്കുന്നത് വരെ ..”

Feast Day : May 30

ജിൽസ ജോയ്✍️

Advertisements
Advertisements

Leave a comment