Rev. Fr. Joy Parackal MCBS (1951-2022)

നാളെ (10- 08-2023) ബഹു പാറയ്ക്കൽ ജോയി
അച്ചൻ്റെ ഒന്നാം ചരമവാർഷികം

ജീവിതരേഖ

ജനനം : 02-08-1951

സെമിനാരി പ്രവേശനം : 10-06-1968

ആദ്യവ്രതവാഗ്ദാനം: 17-05-1971

നിത്യവ്രതവാഗ്ദാനം : 07-05-1975

തിരുപ്പട്ട സ്വീകരണം: 14-03-1978

മരണം : 10-08-2022

മാതൃ ഇടവക : പാലാ രൂപതയിലെ കരിമ്പാനി

ശാന്തനും സൗമ്യനുമായ ദിവ്യകാരുണ്യ മിഷനറിയായിരുന്നു ഫാ. ജോയി പാറയ്ക്കൽ, ദിവ്യകാരുണ്യ മിഷനറി സഭാപിതാക്കന്മാരുടെ മാതൃകാപരമായ ജീവിതത്തിൽ ആകൃഷ്ടനായി സന്യാസം സ്വീകരിച്ചയാൾ, എം സി ബി എസ്-ൽ ചേരും മുമ്പേ എം സി ബി എസ് നെ സ്നേഹിച്ചയാൾ, സമാനതകളില്ലാത്ത മിഷൻ പ്രവർത്തന ശൈലിക്ക് ഉടമയായ മിഷനറി, ഷിമോഗാ മിഷന്റെ ശിൽപികളിലൊരാൾ, നിരവധി ഇടവകകളിലെ അജപാലകൻ, ശാന്തനായ സമർപ്പിതൻ എന്നിങ്ങനെ വിവിധ വിശേഷണങ്ങളാൽ അടയാളപ്പെടുത്താവുന്ന ജീവിതമായിരുന്നു പ്രിയപ്പെട്ട ജോയി അച്ചന്റേത്.

എം സി ബി എസ് സന്യാസ സമൂഹത്തിന്റെ സ്ഥാപക പിതാക്കന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജോയി അച്ചൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം MCBS -ൽ തന്നെ ചേരാൻ തീരുമാനിച്ചു.

ഫാ. മാത്യു കണിപ്പള്ളിയുടെ കീഴിൽ നവസന്യാസ പരിശീലനം നടത്തി.

1978 മാർച്ച് 14-ന് ആലുവാ സ്റ്റഡി ഹൗസിൽ വച്ച് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൻ്റെ കൈവയ്പു ശുശ്രൂഷവഴി ജോയി അച്ചൻ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു.

ഷിമോഗ മിഷൻ 1978-ൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പേ ജോയി അച്ചൻ അവിടെയെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു. അങ്ങനെ ഷിമോഗ മിഷനിലെ ആദ്യ മിഷനറിമാരിൽ ഒരാളായി അദ്ദേഹം മാറി.

ഫാ. തോമസ് പട്ടേരിയുമൊത്ത് ഇടുവള്ളി എന്ന സ്ഥലത്ത് താമസിച്ച്, ഷിമോഗ ജില്ലയിൽ മലയാളികളുള്ള മറ്റു കേന്ദ്രങ്ങൾ കണ്ടെത്തുക എന്ന വലിയ ദൗത്യമായിരുന്നു ജോയി അച്ചന്റെ മുമ്പിൽ ഉണ്ടായിരുന്നത്. ആദ്യകാലത്ത് കാളവണ്ടിയിലും കാൽനടയായും പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ അദ്ദേഹം തീഷ്ണമായി പരിശ്രമിച്ചു.. പിന്നീട് യാത്ര ഒരു മോട്ടോർ സൈക്കിളിലായിരുന്നു ഷിമോഗയുടെ ഉൾപ്രദേശങ്ങളിൽ ആടുകളെ തേടിയിറങ്ങിയ ഒരു നല്ല ഇടയനായിരുന്നു ജോയി അച്ചൻ. കന്നട ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം അദ്ദേഹത്തിന്റെ യാത്രകൾക്ക് കരുത്തേകി.

1978 മുതൽ 1987 വരെയുള്ള ആ കാലഘട്ടത്തിലായിരുന്നു ഷിമോഗ മിഷനിലെ ആനവട്ടി, നാഗവള്ളി, റിപ്പൺപെട്ട, ഷിമോഗ, ഇൻഡുവള്ളി, സാഗർ, മസ്തിക്കട്ടെ എന്നീ മിഷൻ സെന്ററുകൾ ആരംഭിക്കുന്നത്. ഷിമോഗ മിഷന്റെ തുടക്കത്തിലെ അച്ചന്റെ അദ്ധ്വാനം, എംസിബിഎസ്-ന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത മിഷനറി ചൈതന്യത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു.

1988-ൽ ജോയി അച്ചൻ ചങ്ങനാശ്ശേരി അതിരൂപതയിലെ ചേന്നംകരി പള്ളിയിൽ അജപാലന
ശുശ്രൂഷക്കായി നിയമിതനായി.

1991-ൽ ചങ്ങനാശേരി അതിരൂപതയിലെതന്നെ കരുവാറ്റ പള്ളിയിൽ വികാരിയായി.

1996-ൽ ചെന്നായപ്പാറ ദിവ്യഹൃദയാശ്രമത്തിലെ സുപ്പീരിയറായി.

1997-ൽ ഫിലിപ്പൈൻസിൽ ഉപരിപഠനത്തിനുപോയ ജോയി അച്ചൻ മനിലയിലെ സെന്റ് തോമസ് യൂണിവേഴ്സിറ്റിയിൽ നിന്നും തിയോളജിയിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കി. അതിനു ശേഷം 2000-2001 വർഷങ്ങളിൽ ഇറ്റലിയിലെ ഓർത്തോണയായിരുന്നു അച്ചൻ്റെ അടുത്ത കർമ്മഭൂമി.

2001-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അച്ചൻ, 2004 വരെ സത്താറ സോളാപ്പൂർ മിഷനിലെ ലോനന്ദിലും 2004 മുതൽ 2006 വരെ ചങ്ങനാശേരി അതിരൂപതയിലെ കോട്ടാങ്കലും 2008 മുതൽ 2010 വരെ കാഞ്ഞിരപ്പള്ളി രൂപതയിലെ നിർമ്മലഗിരി, കുമളി, എലിവാലിക്കര എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു.

2010 മുതൽ 2015 വരെ ആനിക്കാട് ഹോളി ഫാമിലി ആശ്രമത്തിന്റെ സുപ്പീരിയറായിരുന്നു.

2015-2016 കാലഘട്ടത്തിൽ തിരുവനന്തപുരം എമ്മാവൂസ് ഹൗസിലും തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ പല്ലാതുരുത്ത് ഇടവകയിലും അച്ചൻ തന്റെ ശുശ്രൂഷകൾ തുടർന്നു.

2018-ൽ ജോയി അച്ചൻ പുതുവേലി എംസിബിഎസ് ഹൗസിലെ അംഗമായി. അപ്പോഴേക്കും വിവിധ രോഗങ്ങൾ അച്ചനെ അലട്ടിത്തുടങ്ങിയിരുന്നു. കിഡ്നി, കരൾ സംബന്ധമായ അസുഖമായിരുന്നു അച്ചനെ വലച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സക്കും വിശ്രമത്തിനുമായി ആദ്യം എമ്മാവൂസ് പ്രൊവിൻഷ്യൾ ഹൗസിലേക്കും പിന്നീട് കാസാ ഫ്രത്തേലിയിലേക്കും അച്ചൻ എത്തി.

വിവിധ രോഗങ്ങളുടെയും വേദനകളുടേതുമായിരുന്നു അച്ചന്റെ അന്തിമകാലമെങ്കിലും സ്വാഭാവികമായ ശാന്തതയും പുഞ്ചിരിയും അദ്ദേഹം കൈവിട്ടില്ല. സമൂഹത്തിലെ പൊതു പ്രാർത്ഥനാവേളകളും ഭക്ഷണവേളകളും അദ്ദേഹം ഒരിക്കലും ഒഴിവാക്കുമായിരുന്നില്ല. മറ്റു വൈദികരുമായും ബ്രദേഴ്സുമായും ജോലിക്കാരുമായും നല്ല ബന്ധം പുലർത്താൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. സഭയുടെ വളർച്ചയെക്കുറിച്ചും വിവിധ കർമ്മ രംഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

2022 ആഗസ്റ്റ് 10-ന് അച്ചന്റെ ആരോഗ്യാവസ്ഥ മോശസ്ഥിതിയിൽ എത്തിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനാൽ വൈകിട്ട് നാലു മണിയോടെ പ്രൊവിൻഷ്യാളച്ചൻ
റവ. ഫാ. ജോസഫ് ചൊവ്വേലിക്കുടിയിൽ, ജോയി അച്ചന് രോഗീലേപനം നൽകി. രാത്രി 10
മണിയോടെ ജോയി അച്ചൻ നിത്യതയിലേക്ക് യാത്രയായി.

ബഹു. ജോയി പാറയ്ക്കൽ അച്ചന്റെ 72 വർഷങ്ങൾ നീണ്ടുനിന്ന ഈ ഭൂമിയിലെ ജീവിതത്തിൽ 52 വർഷങ്ങൾ സന്യാസജീവിതത്തിലൂടെയും 44 വർഷങ്ങൾ പൗരോഹിത്യജീവിതത്തിലൂടെയും അദ്ദേഹം ദൈവത്തെ മഹത്വപ്പെടുത്തി, സഭാ സ്ഥാപകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിൽ ആലക്കളം അച്ചൻ്റെ പ്രേഷിതചൈതന്യവും പറേടം അച്ചൻ്റെ അജപാലന ചൈതന്യവും നിറഞ്ഞു നിന്നിരുന്നു.

ആരവങ്ങളോ, ആഡംബരങ്ങളോ ഇല്ലാതെ ശാന്തമായും നിശബ്ദമായും അദ്ദേഹം ഈ ഭൂമിയിൽ ജീവിച്ചു. ഒടുവിൽ നിശബ്ദസഹനത്തിലൂടെ ഈ ഭൂമിയിലെ തന്റെ ദൗത്യം പൂർത്തിയാക്കി അദ്ദേഹം കടന്നുപോയി. ഏങ്കിലും ദിവ്യകാരുണ്യ മിഷനറി സന്യാസ സമുഹത്തിലെ മഹാമിഷനറിമാരുടെ ഗണത്തിൽ അദ്ദേഹത്തിന്റെ പേര് എക്കാലവും ആദ്യ നിരയിൽ ഉണ്ടായിരിക്കും.

ബഹു. ജോർജ് കടുപ്പാറയിൽ അച്ചൻ ജോയി അച്ചനെക്കുറിച്ചെഴുതിയ അനുസ്മരണത്തിൻ്റെ ഹ്രസ്വരൂപം.

Advertisements
Rev. Fr Joy Parackal MCBS
Rev. Fr Joy Parackal MCBS
Advertisements

Leave a comment