ദൈവത്തിന് നമ്മളെ വിധിക്കാൻ കഴിയുമോ?

യുഗാന്ത്യത്തിൽ, കോടിക്കണക്കിന് ആളുകൾ ദൈവത്തിന്റെ സിംഹാസനത്തിന് മുൻപിൽ അണിനിരന്നു. മുൻനിരയിലുള്ള കുറച്ചു ഗ്രൂപ്പുകൾ വീറോടും വാശിയോടും ദേഷ്യത്തോടും കൂടി മറ്റ് ഗ്രൂപ്പുകൾക്ക് നേരെ തിരിഞ്ഞ് ചോദിക്കുകയാണ്,

“ദൈവത്തിന് എങ്ങനെ നമ്മളെ വിധിക്കാൻ കഴിയുമെന്നാണ് പറയുന്നത്? നമ്മുടെ സഹനത്തെക്കുറിച്ച് എന്താണ് അവന് അറിയാവുന്നത് ? “പ്രായം കുറഞ്ഞ ഒരു ഇരുണ്ട മുടിക്കാരി എഴുന്നേറ്റു നിന്ന് ചോദിച്ചു. അവളുടെ കുപ്പായത്തിന്റെ കൈ അവൾ വലിച്ചുകീറിയപ്പോൾ അവിടെ ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ നമ്പർ എല്ലാവരും കണ്ടു. “ഞങ്ങൾ ഭീകരതയിലൂടെ, പ്രഹരങ്ങളിലൂടെ, എണ്ണമറ്റ പീഡനങ്ങളിലൂടെ മരണത്തിലേക്ക് പോയി !”

“അപ്പോൾ ഇതോ?” ഒരു വേറൊരു ഗ്രൂപ്പിൽ നിന്ന് ഒരു കറുത്ത മനുഷ്യൻ എഴുന്നേറ്റ്, കയറിട്ടു മുറുക്കി വികൃതമായ പാട് അവന്റെ കഴുത്തിൽ കാണിച്ചിട്ട് പറഞ്ഞു, “കറുത്തവരായിപ്പോയി എന്ന ഒറ്റ കാരണത്താൽ ആണ് ഞങ്ങളെ പീഡിപ്പിച്ചത്”.

മറ്റൊരു കൂട്ടത്തിൽ നിന്ന് ഗർഭിണിയായ ഒരു സ്കൂൾകുട്ടി എണീറ്റ്നിന്ന് പറഞ്ഞു, “എന്തിനാണ് ഞാൻ ചവിട്ടിയരക്കപ്പെട്ടത്? എന്റെ കുറ്റമായിരുന്നില്ല അത്”.

കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന ആ മൈതാനത്തിലെ ആയിരക്കണക്കിന് ഗ്രൂപ്പുകളിലെ ഓരോരുത്തർക്കും ദൈവം ഭൂമിയിൽ അനുവദിച്ച തിന്മകളെ കുറിച്ച് പരാതിയുണ്ടായിരുന്നു. മാധുര്യവും, പ്രകാശവും നിറഞ്ഞൂ നിൽക്കുന്ന, വിശപ്പും വെറുപ്പും കണ്ണുനീരുമില്ലാത്ത സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവം എത്ര ഭാഗ്യവാനാണ്! ഭൂമിയിൽ മനുഷ്യർ അനുഭവിച്ചു കൂട്ടുന്നതിനെക്കുറിച്ച് ദൈവത്തിന് എന്തറിയാം? അവൻ എപ്പോഴും സുരക്ഷിതനാണല്ലോ. അവർ പരസ്പരം പറഞ്ഞു.

അങ്ങനെ, അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടിന്റെ കാഠിന്യത്തെ മുൻനിർത്തി, ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ ലീഡറെ തിരഞ്ഞെടുത്തു. അതിൽ ജൂതനുണ്ടായിരുന്നു, കറുത്തവനുണ്ടായിരുന്നു, ഹിരോഷിമയിൽ നിന്നുള്ളവൻ ഉണ്ടായിരുന്നു… അങ്ങനെ പലരും. അവർ ഒത്തുകൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. അവരെ ഓരോരുത്തരെയും വിധിക്കാൻ യോഗ്യത വേണമെങ്കിൽ, അവർ സഹിച്ചതിലൂടെയൊക്കെ ദൈവവും കടന്നുപോകണം. ഒരു സാദാ മനുഷ്യനായി ദൈവം ഭൂമിയിൽ ജീവിക്കണം!

പക്ഷെ അവൻ ദൈവമായത് കൊണ്ടുതന്നെ സ്വയം സഹായിക്കാൻ ദൈവികശക്തികൾ ഒന്നും ഉപയോഗിക്കുകയില്ലെന്ന് അവർക്ക് ഉറപ്പു വരുത്തണം.

അവൻ ഒരു ജൂതനായിക്കോട്ടെ. അവന്റെ ജനനത്തിന്റെ ഔചിത്യവും സാധ്യതയുമൊക്കെ സംശയിക്കപ്പെടട്ടെ. പരമ്പരാഗതമായി നിലവിലിരിക്കുന്ന മത അധികാരങ്ങളുടെ കാപട്യത്തെ സമൂലമായി ഉന്മൂലനം ചെയ്യാൻ അവൻ ശ്രമിക്കട്ടെ.

ഇത് വരെ ഒരു മനുഷ്യനും കാണുകയോ കേൾക്കുകയോ രുചിക്കുകയോ ചെയ്യാത്തതിനെ പറ്റി അവൻ വിവരിക്കട്ടെ… മനുഷ്യർക്ക് ദൈവത്തെ വെളിപ്പെടുത്തി കൊടുക്കാൻ അവൻ ശ്രമിക്കട്ടെ. അവൻ തെറ്റിദ്ധരിക്കപ്പെടട്ടെ…

അവന്റെ അടുത്ത സുഹൃത്തുക്കളാൽ അവൻ വഞ്ചിക്കപ്പെടട്ടെ, അവൻ ചെയ്യാത്ത കുറ്റങ്ങൾ അവനിൽ ആരോപിക്കപ്പെടട്ടെ, ദുരാഗ്രഹവും മുൻവിധിയുമുള്ളവരാൽ അവൻ വിചാരണ ചെയ്യപ്പെടട്ടെ. അവൻ അനീതി മൂലം പീഡിപ്പിക്കപ്പെടട്ടെ..

അവസാനം… എല്ലാവരാലും ഒറ്റപ്പെടുക എന്നുവെച്ചാൽ എന്താണെന്ന് അവൻ മനസ്സിലാക്കട്ടെ, അങ്ങനെ ഒറ്റപ്പെട്ട് അവൻ മരിക്കട്ടെ, സംശയലേശമന്യേ അവൻ മരിക്കട്ടെ, അനേകമാളുകൾ അതിന് സാക്ഷ്യം വഹിക്കട്ടെ…

ലീഡർമാർ ഓരോരുത്തരായി അവൻ അനുഭവിച്ചുതീർക്കേണ്ട വിധിയുടെ തനിക്ക് പറയാനുള്ള ഭാഗം പ്രസ്താവിക്കുമ്പോൾ, കണ്ണെത്താത്ത ദൂരത്തോളമുള്ള ജനങ്ങളിൽ നിന്ന് അത് ശരിവെക്കുന്ന രീതിയിൽ പിറുപിറുപ്പ് ഉയർന്നു കൊണ്ടിരുന്നു. അവസാനത്തെ ആളും പറഞ്ഞുകഴിഞ്ഞപ്പോൾ അവിടെ നീണ്ട നിശബ്ദത പരന്നു. ആരും പിന്നെ ഒന്നും മിണ്ടിയില്ല… ആരും അനങ്ങിയില്ല.

കാരണം.. എല്ലാവരും പെട്ടെന്ന് ഓർത്തു, അവരുടെ ദൈവം എന്നേ അതെല്ലാം അനുഭവിച്ചുകഴിഞ്ഞിരുന്നെന്ന്!!

Cross Purpose.

വിവർത്തനം : ജിൽസ ജോയ്

Advertisements

Leave a comment