September 21 | St. Matthew, the Apostle | വിശുദ്ധ മത്തായി

ചുങ്കം പിരിച്ചുകൊണ്ടിരിക്കെ ചുറ്റുമുള്ളവരുടെ വെറുപ്പും ദൈന്യതയും കാണാതിരിക്കാൻ നിസ്സംഗതയുടെ മുഖംമൂടിയണിഞ്ഞ്, മനസ്സിൽ പൊടിയുന്ന കരുണ തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. ഹേറോദേസ് അന്തിപ്പാസിനു വേണ്ടി കഫർണാമിൽ ആളുകളെ പിഴിഞ്ഞ് ചുങ്കം പിരിച്ചിരുന്ന ലേവിയെ കാണുമ്പോഴേ ആളുകൾ പുച്ഛത്തോടെ മുഖം തിരിച്ചിരുന്നു.

വിശുദ്ധ മത്തായിയുടെ തിരുന്നാളായ ഇന്ന്, ഈ ചുങ്കക്കാരനോട്‌ ആളുകൾക്കുണ്ടായിരുന്ന വെറുപ്പിനെപ്പറ്റിയാണ്‌ ചിന്തിച്ചുതുടങ്ങിയെങ്കിലും താമസിയാതെ അത് ചെന്നുനിന്നത് ഈശോയുടെ പരിധിയില്ലാത്ത കരുണയിലാണ്. മനുഷ്യന്റെ ബാഹ്യഭാവമോ അവസ്ഥകളോ നോക്കാതെ ഹൃദയത്തിനുള്ളിലേക്ക് നോക്കുന്നവൻ ; തങ്ങളാണ് സമൂഹത്തിൽ വലിയവരും മാനിക്കപ്പെടേണ്ടവരും എന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ അടുത്തേക്ക് പോകാതെ മറ്റുള്ളവരുടെ വെറുപ്പിനും അവഗണനക്കും പാത്രമായവരുടെ അടുത്തേക്ക് നടന്നടുക്കുന്നവൻ. ആരും സ്നേഹിക്കാനില്ലാത്തവരുടെ സ്നേഹമാകുന്നവൻ.

‘എന്നെ അനുഗമിക്കുക’ എന്ന സ്നേഹപൂർണ്ണമായ ആജ്ഞ കേട്ടതും, ഏറെനാളായി അതിനെപ്പറ്റി കൂലങ്കഷമായി ചിന്തിച്ചു തീരുമാനിച്ചിരുന്ന പോലെ, എല്ലാം വിട്ട് ഒറ്റപോക്കാണ്‌ ലേവി ഈശോയുടെ പിന്നാലെ. സ്നേഹത്തോടെ ആകർഷിക്കുന്ന ആ കണ്ണുകളും ആർദ്രതയുള്ള സ്വരവും അത്രമേൽ അവനെ കീഴ്പ്പെടുത്തി. ഇത്രയും നാളും ആളുകളുടെ ആട്ടും തുപ്പും കല്ലേറും കൊണ്ടിട്ടും തോന്നാത്തത് അപ്പോൾ തോന്നി, തന്റെ തൊഴിൽ ഉപേക്ഷിക്കാൻ. ഒരു വിരുന്നിനുള്ള പണം മാത്രം കയ്യിൽ വെച്ച് ബാക്കിയെല്ലാം പാവങ്ങൾക്ക് കൊടുത്തിരിക്കണം.

പക്ഷേ, ആ വിരുന്നിൽ പങ്കെടുത്തതിന്… താൻ കാരണം ഈശോ ഫരിസേയരുടെ പഴികേട്ടപ്പോൾ, ഈശോയെ വിരുന്നിന് ക്ഷണിച്ച് വിഷമത്തിലാക്കണ്ടായിരുന്നു എന്ന് തോന്നി അവന്. ദേഷ്യവും അപമാനവും ഗുരു തന്നോട് ഇനി എന്തുപറയുമെന്ന ഭയവുമായി നിന്ന ലേവിക്ക് ഒരിക്കലും മറക്കാനാവാത്ത വാക്കുകൾ പറഞ്ഞാണ് ഗുരു അവനെ പ്രതിരോധിച്ചത്. “ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്!”

ആ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അഭിമാനവുമാണ് ലേവിക്കുണ്ടായത്. തന്നോടൊപ്പം നിന്ന ഗുരുവിന് വേണ്ടി, മത്തായി ആയി മാറിയ ലേവിക്ക് ജീവൻ വരെ വെടിയാനും പ്രയാസമുണ്ടായില്ല. അവന്റെ സ്നേഹം രുചിച്ചറിഞ്ഞവർക്ക് അവന് വേണ്ടി എന്തൊക്കെ ഉപേക്ഷിച്ചാലും മതിയാവില്ല. പ്രിയ അപ്പസ്തോലനും സുവിശേഷകനും രക്തസാക്ഷിയുമൊക്കെയായി സഭയുടെ നെടുംതൂൺ ആയി മാറിയ വിശുദ്ധ മത്തായി സുവിശേഷത്തിലൂടെ കാണിച്ചത് പ്രവചനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണമായ രക്ഷകനായ യേശുവിനെയാണ്. യേശുവിന്റെ ജീവചരിത്രം മുഴുവനായി അവതരിപ്പിക്കുക എന്നതായിരുന്നില്ല ലക്ഷ്യം, ജൂതന്മാരുടെ പാരമ്പര്യങ്ങളിലും സ്വാധീനത്തിലും പെട്ടുകിടന്ന ക്രിസ്ത്യാനികളെ അതിൽനിന്നും മോചിപ്പിച്ച് ഏകീകരിക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു .

താൻ വന്നത് പാപികളെ വിളിക്കാനാണെന്ന് വ്യക്തമായി പറഞ്ഞ ഈശോ, അവന്റെ സന്നിധിയിലേക്ക് ചെല്ലാൻ, സഹായത്തിനായി അവനെ ഒന്ന് വിളിക്കാൻ, നമുക്ക് എത്ര വലിയ ആത്മവിശ്വാസമാണ് തരുന്നത്. ‘ഇനിയും എന്തിന് നിങ്ങൾ മടിക്കുന്നു എന്നെ സമീപിക്കാൻ?’ എന്നല്ലേ അവൻ ചോദിക്കുന്നത്.

“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” എന്ന് പറഞ്ഞു വിളിക്കുന്ന യേശുവിനെ കാണിച്ചുതന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം അവസാനിക്കുന്നത്, ‘യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ‘ എന്ന അളവില്ലാത്ത പ്രത്യാശ പകരുന്ന, assurance തരുന്ന യേശുവിന്റെ വാക്കുകളോടെയാണ്.

സത്യസന്ധതയോ നേരോ ഇല്ലാതെ പണം സമ്പാദിച്ചിരുന്നവനിൽ നിന്ന് വിശുദ്ധിയുടെ ഔന്നത്യത്തിലേക്കുയർന്ന വിശുദ്ധ മത്തായിയെ പറ്റി ബെനഡിക്റ്റ് പാപ്പ 2006ൽ പറഞ്ഞു, ” വിശുദ്ധ മത്തായിയുടെ രൂപത്തിൽ സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ശരിക്കുമൊരു വിപരീതസത്യമാണ് ; വിശുദ്ധിയിൽ നിന്ന് ബഹുദൂരം അകലെയാണെന്ന് തോന്നിപ്പിക്കുന്നവർക്ക് പോലും ദൈവത്തിന്റെ കാരുണ്യസ്വീകാര്യതയുടെ ഉത്തമോദാഹരണമാകാനും അവരുടെ ജീവിതത്തിൽ ആ കാരുണ്യത്തിന്റെ അത്ഭുതകരമായ ഫലങ്ങളുടെ നേർക്കാഴ്ചക്ക് സാക്ഷ്യമേകാനും കഴിയും”.

Happy Feast of St. Matthew, the Apostle and Evangelist

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment