The Book of 2 Chronicles, Chapter 20 | 2 ദിനവൃത്താന്തം, അദ്ധ്യായം 20 | Malayalam Bible | POC Translation

Advertisements

ഏദോമിനെതിരേയുദ്ധം

1 കുറേക്കാലം കഴിഞ്ഞ് മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്ന്‌യഹോഷാഫാത്തിനെതിരേയുദ്ധത്തിനു വന്നു.2 ചിലര്‍ വന്നുയഹോഷാഫാത്തിനോടു പറഞ്ഞു: കടലിനക്കരെ ഏദോമില്‍നിന്നു ഒരു വലിയസൈന്യം നിനക്കെതിരേ വരുന്നു. ഇതാ അവര്‍ ഹാസോന്‍ താമറില്‍, അതായത് എന്‍ഗേദിയില്‍ എത്തിക്കഴിഞ്ഞു.3 അവന്‍ ഭയന്നു കര്‍ത്താവിങ്കലേക്കു തിരിയാന്‍ തീരുമാനിക്കുകയും യൂദായിലെങ്ങും ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു.4 കര്‍ത്താവിന്റെ സഹായം തേടാന്‍ യൂദാനിവാസികള്‍ ഒരുമിച്ചുകൂടി. അവര്‍ കര്‍ത്താവിനെ അന്വേഷിച്ചു യൂദായിലെ എല്ലാ നഗരങ്ങളിലുംനിന്നു വന്നു.5 ദേവാലയത്തിന്റെ മുന്‍പിലുള്ള പുതിയ അങ്കണത്തില്‍ സമ്മേളിച്ച യൂദാ- ജറുസലെം നിവാസികളെ സംബോധന ചെയ്തുകൊണ്ട്‌യഹോഷാഫാത്ത് പറഞ്ഞു:6 ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവേ, അവിടുന്നു സ്വര്‍ഗസ്ഥനായ ദൈവമാണല്ലോ. ഭൂമിയിലുള്ള സകല ജനതകളെയും അവിടുന്നാണല്ലോ ഭരിക്കുന്നത്. അങ്ങയുടെ കരം കരുത്തുറ്റതും പ്രബലവുമാണ്. അങ്ങയോട് എതിര്‍ത്തു നില്‍ക്കാന്‍ ആര്‍ക്കു കഴിയും?7 ഞങ്ങളുടെദൈവമേ, അങ്ങു സ്വന്തം ജനമായ ഇസ്രായേലിന്റെ മുന്‍പില്‍നിന്ന് ഈ ദേശത്തെനിവാസികളെ തുരത്തുകയും അങ്ങയുടെ സ്‌നേഹിതനായ അബ്രാഹത്തിന്റെ സന്തതികള്‍ക്ക് അതു ശാശ്വതാവകാശമായി നല്‍കുകയും ചെയ്തില്ലേ?8 അവര്‍ അവിടെ വസിക്കുകയും അങ്ങയുടെ നാമത്തിന് ഒരു ആലയം പണിയുകയും ചെയ്തു.9 അവര്‍ പറഞ്ഞു:യുദ്ധം, ഈതിബാധ, മഹാമാരി, ക്ഷാമം എന്നിങ്ങനെ അനര്‍ഥങ്ങള്‍ ഞങ്ങളുടെമേല്‍ പതിക്കുമ്പോള്‍, അങ്ങയുടെ നാമം അധിവസിക്കുന്ന ഈ ആലയത്തിനു മുന്‍പില്‍, അങ്ങയുടെ മുന്‍പില്‍ വന്നു ഞങ്ങള്‍ ഞങ്ങളുടെ ദുരിതങ്ങളുടെ ആഴത്തില്‍നിന്നു വിളിച്ചപേക്ഷിച്ചാല്‍ അങ്ങു ഞങ്ങളുടെ പ്രാര്‍ഥന ശ്രവിച്ചു ഞങ്ങളെ രക്ഷിക്കും.10 ഇസ്രായേല്‍ജനം ഈജിപ്തില്‍ നിന്നു പോരുമ്പോള്‍ അങ്ങ് അനുവദിക്കായ്കയാല്‍ ആക്രമിച്ചു നശിപ്പിക്കാതെ ഒഴിവാക്കിയ അമ്മോന്യര്‍, മൊവാബ്യര്‍, സെയിര്‍പര്‍വതനിവാസികള്‍ എന്നിവര്‍11 അങ്ങു ഞങ്ങള്‍ക്ക് അവകാശമായിത്തന്ന ഈ ദേശത്തുനിന്ന് ഞങ്ങളെ തുരത്താന്‍ വന്നിരിക്കുന്നു. ഇതാണ് അവര്‍ ഞങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലം.12 ഞങ്ങളുടെ ദൈവമേ, അങ്ങ് അവരുടെമേല്‍ന്യായവിധി നടത്തുകയില്ലേ? ഞങ്ങള്‍ക്കെതിരേ വരുന്ന ഈ വലിയ സൈന്യവ്യൂഹത്തോടു പൊരുതാന്‍ ഞങ്ങള്‍ അശക്തരാണ്. എന്തു ചെയ്യേണ്ടു എന്ന് ഞങ്ങള്‍ക്കറിയില്ല. എങ്കിലും ഞങ്ങള്‍ അങ്ങയെ അഭയം പ്രാപിക്കുന്നു.13 യൂദായിലെ പുരുഷന്‍മാരെല്ലാവരും കുട്ടികളോടും ഭാര്യമാരോടും കുഞ്ഞുങ്ങളോടുംകൂടെ കര്‍ത്താവിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു.14 അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്, സഭാമധ്യേ നിന്നിരുന്ന ആസാഫ് വംശജനും ലേവ്യനും ആയയഹസിയേലിന്റെ മേല്‍ വന്നു. അവന്‍ സഖറിയായുടെയും സഖറിയാ ബനായായുടെയും, ബനായാ ജയീയേലിന്റെയും ജയീയേല്‍ മത്താനിയായുടെയും മകനായിരുന്നു.15 യഹസിയേല്‍ പറഞ്ഞു: യൂദായിലും ജറുസലെമിലും വസിക്കുന്നവരുംയഹോഷാഫാത്ത് രാജാവും കേള്‍ക്കട്ടെ! കര്‍ത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഭയപ്പെടേണ്ടാ. നിങ്ങളല്ല, ദൈവമാണ് പൊരുതുന്നത്. നാളെ അവര്‍ക്കെതിരേ പുറപ്പെടുക.16 സീസ്‌കയറ്റം കയറി ആയിരിക്കും അവര്‍ വരുന്നത്.യരുവേല്‍ മരുഭൂമിയുടെ കിഴക്ക് താഴ്‌വര അവസാനിക്കുന്നിടത്തുവച്ചു നിങ്ങള്‍ അവരെ നേരിടും.17 ഈയുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടി വരുകയില്ല. യൂദാ- ജറുസലെം നിവാസികളേ, അണിനിരന്നു കാത്തുനില്‍ക്കുവിന്‍. കര്‍ത്താവ് തരുന്ന വിജയം നിങ്ങള്‍ കാണും. നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. നാളെ അവര്‍ക്കെതിരേ നീങ്ങുവിന്‍. കര്‍ത്താവ് നിങ്ങളോടുകൂടെയുണ്ട്.18 അപ്പോള്‍യഹോഷാഫാത്ത് സാഷ്ടാംഗപ്രണാമം ചെയ്തു. യൂദായിലെയും ജറുസലെമിലെയും നിവാസികളും കുമ്പിട്ടു കര്‍ത്താവിനെ വണങ്ങി.19 കൊഹാത്യരും കോറഹ്യരുമായ ലേവ്യര്‍ എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു.20 പിറ്റേദിവസം അതിരാവിലെ അവര്‍ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവര്‍ പുറപ്പെടുമ്പോള്‍യഹോഷാഫാത്ത് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: യൂദാ- ജറുസലെംനിവാസികളേ കേള്‍ക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്ഷിതരായിരിക്കും; അവിടുത്തെ പ്രവാചകന്‍മാരെ വിശ്വസിക്കുവിന്‍. നിങ്ങള്‍ വിജയം വരിക്കും.21 വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്, സൈന്യങ്ങളുടെ മുന്‍പേ നടന്ന്, കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുത്തെ അചഞ്ചല സ്‌നേഹം ശാശ്വതമാണ് എന്നു പാടാന്‍ ജനങ്ങളുമായി ആലോചിച്ച്, അവന്‍ ഗായകരെ നിയോഗിച്ചു.22 അവര്‍ പാടിസ്തുതിക്കാന്‍ തുടങ്ങിയപ്പോള്‍ യൂദായെ ആക്രമിക്കാന്‍ വന്ന അമ്മോന്യര്‍, മെവാബ്യര്‍, സെയിര്‍പര്‍വതനിവാസികള്‍ എന്നിവര്‍ക്കെതിരേ കര്‍ത്താവ് കെണിയൊരുക്കി; അവര്‍ തുരത്തപ്പെട്ടു.23 അമ്മോന്യരും മൊവാബ്യരും ഒരുമിച്ച് സെയിര്‍ പര്‍വതനിവാസികളോടു പൊരുതി അവരെ നിശ്‌ശേഷം നശിപ്പിച്ചു. അതിനുശേഷം അമ്മോന്യരും മൊവാബ്യരും അന്യോന്യം ആക്രമിച്ച് അവരും നശിച്ചു.24 യൂദാസൈന്യം മരുഭൂമിയിലെ കാവല്‍ഗോപുരത്തില്‍ വന്ന് ശത്രുസൈന്യത്തെ നോക്കിയപ്പോള്‍ ശവശരീരങ്ങള്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ആരും രക്ഷപെട്ടിരുന്നില്ല.25 യഹോഷാഫാത്തും സൈന്യവും അവരെ കൊള്ളയടിക്കാന്‍ചെന്നു. വളരെയധികം ആടുമാടുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിശിഷ്ട വസ്തുക്കളും അവിടെ ഉണ്ടായിരുന്നു. ഓരോരുത്തരും ചുമക്കാവുന്നത്ര സാധനങ്ങള്‍ ശേഖരിച്ചു. അവരുടെ കൊള്ള മൂന്നുദിവസം നീണ്ടു. അത്രയേറെഉണ്ടായിരുന്നു അത്.26 നാലാംദിവസം അവര്‍ ബറാക്കാത്താഴ്‌വരയില്‍ ഒന്നിച്ചുകൂടി. അവിടെ അവര്‍ കര്‍ത്താവിനെ വാഴ്ത്തി. അതുകൊണ്ടാണ്, അതിനു ബറാക്കാത്താഴ്‌വര എന്നു പേര്‍ ലഭിച്ചത്.27 ശത്രുക്കളുടെമേല്‍ കര്‍ത്താവ് നല്‍കിയ വിജയത്തില്‍ ആഹ്‌ളാദിച്ചുകൊണ്ടു യൂദാ- ജറുസലെം നിവാസികള്‍യഹോഷാഫാത്തിന്റെ നേതൃത്വത്തില്‍ ജറുസലെമിലേക്കു മടങ്ങി.28 വീണ, കിന്നരം, കാഹളം എന്നിവയുടെ അകമ്പടിയോടെ അവര്‍ ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തില്‍ എത്തി.29 ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരേ കര്‍ത്താവു പൊരുതി എന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ഭയം ബാധിച്ചു.30 യഹോഷാഫാത്തിന്റെ ഭരണം സമാധാനപൂര്‍ണമായിരുന്നു. അവന്റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്‍കി.31 അങ്ങനെയഹോഷാഫാത്ത് യൂദായില്‍ ഭരണം ആരംഭിക്കുമ്പോള്‍ അവന് മുപ്പത്തിയഞ്ചു വയസ്‌സായിരുന്നു. അവന്‍ ഇരുപത്തിയഞ്ചുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. ഷില്‍ഹിയുടെ മകള്‍ അസൂബായായിരുന്നു അവന്റെ അമ്മ.32 അവന്‍ തന്റെ പിതാവായ ആസായുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിന്റെ മുന്‍പാകെ നീതിയായതു പ്രവര്‍ത്തിച്ചു.33 എങ്കിലും പൂജാഗിരികള്‍ നീക്കംചെയ്തില്ല. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവത്തില്‍ ജനം ഹൃദയമുറപ്പിച്ചിരുന്നില്ല.34 യഹോഷാഫാത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം ഹനാനിയുടെ മകനായ യേഹുവിന്റെ ദിനവൃത്താ ന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേല്‍രാജാക്കന്‍മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു.35 ഒടുവില്‍ യൂദാരാജാവായയഹോഷാഫാത്ത് ഇസ്രായേല്‍രാജാവായ അഹസിയായുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. അഹസിയാ ദുഷ്‌കര്‍മിയായിരുന്നു.36 താര്‍ഷീഷിലേക്കു പോകുന്നതിന് എസിയോന്‍ഗേബെറില്‍വച്ച് കപ്പലുകള്‍ നിര്‍മിച്ചത് അവരൊന്നിച്ചാണ്.37 മരേഷായിലെ ദോദാവാഹുവിന്റെ പുത്രന്‍ എലിയേ സര്‍യഹോഷാഫാത്തിനെതിരേ പ്രവചിച്ചു പറഞ്ഞു: അഹസിയായുമായി സഖ്യം ചെയ്തതിനാല്‍ നീ നിര്‍മിച്ചതെല്ലാം കര്‍ത്താവു നശിപ്പിക്കും. ആ കപ്പലുകളെല്ലാം ഉടഞ്ഞുതകര്‍ന്നു. താര്‍ഷീഷിലേക്കു പോകുവാന്‍ അവയ്ക്കു കഴിഞ്ഞില്ല.

Advertisements

The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
2 Chronicles 3-5 King Solomon’s Temple Is All About God’s Glory
Advertisements
Solomon’s Prayer of Dedication – 2 Chronicles 6, 12-42
Advertisements
Advertisements

Leave a comment