Isaiah, Chapter 26 | ഏശയ്യാ, അദ്ധ്യായം 26 | Malayalam Bible | POC Translation

Advertisements

വിജയഗീതം

1 അന്ന് യൂദാദേശത്ത് ഈ കീര്‍ത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരം ഉണ്ട്. കര്‍ത്താവ് നമ്മുടെ രക്ഷയ്ക്കു വേണ്ടി കോട്ടകള്‍ ഉയര്‍ത്തിയിരിക്കുന്നു.2 വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാന്‍ വാതിലുകള്‍ തുറക്കുവിന്‍.3 അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്ന വനെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരക്ഷിക്കുന്നു. എന്തെന്നാല്‍, അവന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.4 കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.5 ഗിരിശൃംഗത്തില്‍ പണിത കോട്ടകളില്‍ വസിക്കുന്നവരെ അവിടുന്ന് താഴെയിറക്കി; അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്ത്തി.6 ദരിദ്രരുടെയും അഗതികളുടെയും പാദങ്ങള്‍ അതിനെ ചവിട്ടിമെതിക്കുന്നു.7 നീതിമാന്റെ മാര്‍ഗം നിരപ്പുള്ളതാണ്; അവിടുന്ന് അതിനെ മിനുസമുളളതാക്കുന്നു.8 കര്‍ത്താവേ, അങ്ങയുടെ നിയമത്തിന്റെ പാതയില്‍ ഞങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓര്‍മയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം.9 രാത്രിയില്‍ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാല്‍, അങ്ങയുടെ കല്‍പന ഭൂമിയില്‍ ഭരണം നടത്തുമ്പോള്‍ ഭൂവാസികള്‍ നീതി അഭ്യസിക്കുന്നു.10 ദുഷ്ടനോടു കാരുണ്യം കാണിച്ചാല്‍ അവന്‍ നീതി അഭ്യസിക്കുകയില്ല; സത്യസന്ധതയുടെ ദേശത്ത് അവന്‍ വക്രത കാണിക്കുന്നു; അവന്‍ കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കുന്നില്ല.11 കര്‍ത്താവേ, അങ്ങ് കരം ഉയര്‍ത്തിയിരിക്കുന്നെങ്കിലും അവര്‍ അതു കാണുന്നില്ല. അങ്ങയുടെ ജനത്തിനുവേണ്ടിയുള്ള അവിടുത്തെ തീക്ഷ്ണത കണ്ട് അവര്‍ ലജ്ജിക്കട്ടെ! അങ്ങയുടെ ശത്രുക്കള്‍ക്കുവേണ്ടിയുള്ള അഗ്‌നി അവരെ ദഹിപ്പിച്ചുകളയട്ടെ!12 കര്‍ത്താവേ, അങ്ങ് ഞങ്ങള്‍ക്കു സമാധാനം നല്‍കുന്നു; ഞങ്ങളുടെ പ്രവൃത്തികള്‍ യഥാര്‍ഥത്തില്‍ അങ്ങാണല്ലോ ചെയ്യുന്നത്.13 ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, മറ്റ് അധിപന്‍മാര്‍ ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എന്നാല്‍, അങ്ങയുടെ നാമം മാത്രമാണ് ഞങ്ങള്‍ ഏറ്റുപറയുന്നത്.14 അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല. നിഴലുകള്‍ മാത്രമായ അവര്‍ ഇനി എഴുന്നേല്‍ക്കുകയില്ല; അത്രത്തോളം അവിടുന്ന് അവരെ നശിപ്പിച്ചു; അവരുടെ സ്മരണപോലും തുടച്ചുമാറ്റി.15 കര്‍ത്താവേ, അങ്ങ് ജനത്തെ വര്‍ധിപ്പിച്ചിരിക്കുന്നു. ജനത്തിന്റെ വളര്‍ച്ച അങ്ങേക്കു മഹത്വം നല്‍കിയിരിക്കുന്നു; ദേശത്തിന്റെ അതിര്‍ത്തികള്‍ അങ്ങു വിസ്തൃതമാക്കി.16 കര്‍ത്താവേ, കഷ്ടതകള്‍ വന്നപ്പോള്‍ അവര്‍ അങ്ങയെ അന്വേഷിച്ചു: അങ്ങയുടെ ശിക്ഷ തങ്ങളുടെമേല്‍ പതിച്ചപ്പേള്‍ അവര്‍ അങ്ങയോടു പ്രാര്‍ഥിച്ചു.17 കര്‍ത്താവേ, ഗര്‍ഭിണി പ്രസവമടുക്കുമ്പോള്‍ വേദനകൊണ്ടു കരയുന്നതുപോലെ ഞങ്ങള്‍ അങ്ങേക്കുവേണ്ടി വേദനിച്ചു കരഞ്ഞു.18 ഞങ്ങളും ഗര്‍ഭം ധരിച്ച് വേദനയോടെ പ്രസവിച്ചു. എന്നാല്‍ കാറ്റിനെ പ്രസവിക്കുന്നതുപോലെയായിരുന്നു അത്. ദേശത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല; ഭൂമിയില്‍ വസിക്കാന്‍ ഇനി ആരും ജനിക്കുകയില്ല.19 അങ്ങയുടെ മരിച്ചവര്‍ ജീവിക്കും; അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു സന്തോഷകീര്‍ത്തനം ആലപിക്കുവിന്‍! അങ്ങയുടെ ഹിമകണം പ്രകാശം ചൊരിയുന്നതുഷാരബിന്ദുവാണ്. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങ് അതു വര്‍ഷിക്കും.

ശിക്ഷയും രക്ഷയും

20 എന്റെ ജനമേ, വരുവിന്‍, മുറിയില്‍ പ്രവേശിച്ചു വാതിലടയ്ക്കുവിന്‍; ക്രോധം ശമിക്കുന്നതുവരെ, അല്‍പസമയത്തേക്കു നിങ്ങള്‍ മറഞ്ഞിരിക്കുവിന്‍.21 ഇതാ, ഭൂവാസികളെ അവരുടെ അകൃത്യങ്ങള്‍ക്കു ശിക്ഷിക്കാന്‍ വേണ്ടി കര്‍ത്താവ് തന്റെ ഭവനത്തില്‍നിന്ന് ഇറങ്ങിവരുന്നു. തന്റെ മേല്‍ ചൊരിഞ്ഞരക്തം ഭൂമി വെളിപ്പെടുത്തും. വധിക്കപ്പെട്ടവരെ ഇനി അവള്‍ മറച്ചുവയ്ക്കുകയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment