Isaiah, Chapter 42 | ഏശയ്യാ, അദ്ധ്യായം 42 | Malayalam Bible | POC Translation

Advertisements

കര്‍ത്താവിന്റെ ദാസന്‍ – 1

1 ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.2 അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.3 ചതഞ്ഞഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.4 ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു.5 ആകാശത്തെ സൃഷ്ടിച്ചു വിരിച്ചുനിര്‍ത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്‍കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:6 ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു.7 അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.8 ഞാനാണു കര്‍ത്താവ്; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.9 പ്രവചനങ്ങള്‍ സാക്ഷാത്കൃതമായി. ഇതാ, ഞാന്‍ പുതിയ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. മുളപൊട്ടുന്നതിനു മുന്‍പേ ഞാന്‍ നിങ്ങള്‍ക്ക് അവയെപ്പറ്റി അറിവു തരുന്നു.

ദൈവത്തിന്റെ വിജയം

10 കര്‍ത്താവിന് ഒരു പുതിയ ഗീതം ആലപിക്കുവിന്‍; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. സമുദ്രവും അതിലുള്ളവയും തീരദേശങ്ങളും അവയിലെ നിവാസികളും ആര്‍ത്തട്ടഹസിക്കട്ടെ!11 മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ അധിവസിക്കുന്ന ഗ്രാമങ്ങളും സ്വര മുയര്‍ത്തട്ടെ! സേലാ നിവാസികള്‍ സന്തോഷിച്ചു ഗീതമാലപിക്കട്ടെ! മലമുകളില്‍നിന്ന് ഉദ്‌ഘോഷിക്കട്ടെ!12 അവര്‍ കര്‍ത്താവിനെ മഹത്ത്വപ്പെടുത്തട്ടെ! തീരദേശങ്ങളില്‍ അവിടുത്തെ സ്തുതിപാടി ഉദ്‌ഘോഷിക്കട്ടെ!13 കര്‍ത്താവ് വീരപുരുഷനെപ്പോലെ മുന്നേറുകയും യോദ്ധാവിനെപ്പോലെ കോപം ജ്വലിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് പോര്‍വിളി മുഴക്കുകയും ശത്രുക്കള്‍ക്കെതിരേ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.14 വളരെക്കാലം ഞാന്‍ നിശ്ശബ്ദത പാലിച്ചു; എന്നെത്തന്നെ നിയന്ത്രിച്ച്, ശാന്തനായി കഴിഞ്ഞു. ഇപ്പോള്‍ ഈറ്റുനോവെടുത്തവളെപ്പോലെ നിലവിളിക്കുകയും നെടുവീര്‍പ്പിടുകയും കിതയ്ക്കുകയും ചെയ്യും.15 പര്‍വതങ്ങളും കുന്നുകളും ഞാന്‍ തരിശാക്കുകയും അതിലെ സസ്യങ്ങളെ ഉണക്കിക്കളയുകയും ചെയ്യും. നദികളെ ദ്വീപുകളാക്കുകയും തടാകങ്ങള്‍ വറ്റിക്കുകയും ചെയ്യും.16 അജ്ഞാതമായ മാര്‍ഗത്തില്‍ കുരുടരെ ഞാന്‍ നയിക്കും. അപരിചിതമായ പാതയില്‍ അവരെ ഞാന്‍ നടത്തും. അവരുടെ മുന്‍പിലെ അന്ധകാരത്തെ ഞാന്‍ പ്രകാശമാക്കുകയും ദുര്‍ഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാന്‍ അവര്‍ക്കു ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല.17 കൊത്തുവിഗ്ര ഹങ്ങളില്‍ വിശ്വസിക്കുകയും വാര്‍പ്പുബിംബങ്ങളോട് നിങ്ങള്‍ ഞങ്ങളുടെ ദേവന്‍മാരാണ് എന്നു പറയുകയും ചെയ്യുന്നവര്‍ അത്യധികം ലജ്ജിച്ചു പിന്തിരിയേണ്ടി വരും.

ജനത്തിന്റെ അന്ധത

18 ബധിരരേ, കേള്‍ക്കുവിന്‍; അന്ധരേ, നോക്കിക്കാണുവിന്‍.19 എന്റെ ദാസനല്ലാതെ ആരുണ്ട് കുരുടനായി? ഞാന്‍ അയയ്ക്കുന്ന ദൂതനെപ്പോലെ ബധിരനാരുണ്ട്? എന്റെ വിശ്വസ്തനെപ്പോലെ, കര്‍ത്താവിന്റെ ദാസനെപ്പോലെ, കുരുടനായി ആരുണ്ട്?20 അവന്‍ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേള്‍ക്കുന്നില്ല.21 കര്‍ത്താവ് തന്റെ നീതിയെപ്രതി നിയമത്തെ ഉത്കൃഷ്ടമാക്കാനും മഹത്വപ്പെടുത്താനും പ്രീതി കാണിച്ചു.22 എന്നാല്‍, മോഷണത്തിനും കവര്‍ച്ചയ്ക്കും അധീനമായ ഒരു ജനമാണിത്. അവര്‍ ഗുഹ കളില്‍ കുടുങ്ങുകയും കാരാഗൃഹത്തില്‍ അടയ്ക്കപ്പെടുകയും ചെയ്തു. രക്ഷിക്കാനാരുമില്ലാതെ അവര്‍ ശത്രുക്കള്‍ക്ക് ഇരയായിത്തീര്‍ന്നു; തിരിച്ചുകൊടുക്കുക എന്നു പറയാനാരുമില്ലാതെ അവര്‍ കൊള്ളചെയ്യപ്പെട്ടു.23 ഇതിനു ചെവികൊടുക്കുകയും ഭാവിയിലേക്കു ചെവിയോര്‍ത്തിരിക്കുകയും ചെയ്യാന്‍ നിങ്ങളില്‍ ആരുണ്ട്?24 യാക്കോബിനെ കൊള്ളക്കാര്‍ക്കും ഇസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും വിട്ടുകൊടുത്തതാരാണ്? കര്‍ത്താവ് തന്നെയല്ലേ? നാം അവിടുത്തേക്കെതിരേ പാപം ചെയ്തു; അവിടുത്തെ മാര്‍ഗത്തില്‍ അവര്‍ ചരിച്ചില്ല; അവിടുത്തെനിയമങ്ങള്‍ അനുസരിച്ചില്ല.25 ആകയാല്‍, അവിടുന്ന് തന്റെ കോപാഗ്‌നിയുംയുദ്ധവീര്യവും യാക്കോബിന്റെ മേല്‍ വര്‍ഷിച്ചു. അതു ചുറ്റും ആളിപ്പടര്‍ന്നിട്ടും അവന്‍ പഠിച്ചില്ല; പൊള്ളലേറ്റിട്ടും അവന് ഉള്ളില്‍ തട്ടിയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment