Isaiah, Chapter 57 | ഏശയ്യാ, അദ്ധ്യായം 57 | Malayalam Bible | POC Translation

Advertisements

1 നീതിമാന്‍ നശിക്കുന്നു; ആരും കാര്യമാക്കുന്നില്ല. ഭക്തര്‍ തുടച്ചു മാറ്റപ്പെടുന്നു; ആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍, നീതിമാന്‍ വിനാശത്തില്‍നിന്ന് എടുക്കപ്പെടും.2 അവന്‍ സമാധാനത്തില്‍ പ്രവേശിക്കും. സന്‍മാര്‍ഗനിരതന്‍ കിടക്കയില്‍ വിശ്രമംകൊള്ളും.3 ആഭിചാരികയുടെ പുത്രന്‍മാരേ, വ്യഭിചാരിയുടെയും സൈ്വരിണിയുടെയും സന്തതികളേ, അടുത്തുവരുവിന്‍.4 ആരെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ് പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്? അതിക്രമത്തിന്റെയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?5 ഓക്കുമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്റെയും ചുവട്ടിലും നിങ്ങള്‍ വിഷയാസക്തിയാല്‍ ജ്വലിക്കുന്നു; താഴ്‌വര കളിലും പാറയിടുക്കുകളിലും നിങ്ങള്‍ ശിശുക്കളെ കുരുതി കഴിക്കുന്നു.6 താഴ്‌വരകളിലെ മിനുസമുള്ള കല്ലുകള്‍ക്കിടയിലാണ് നിന്റെ അവകാശം. അവയാണ്, അവതന്നെയാണ്, നിന്റെ ഓഹരി. അവയ്ക്കു നീ ദ്രാവക നൈവേദ്യമൊഴുക്കി, ധാന്യബലിയര്‍പ്പിച്ചു. ഇവ കണ്ടു ഞാന്‍ അടങ്ങണമെന്നോ?7 ഉയര്‍ന്ന ഗിരിശൃംഗത്തില്‍ നീ ശയ്യയൊരുക്കി, നീ അവിടെ ബലിയര്‍പ്പിക്കാന്‍ പോയി.8 വാതിലിനും വാതില്‍പടിക്കും പിന്നില്‍ നീ അടയാളങ്ങള്‍ സ്ഥാപിച്ചു. എന്നെ ഉപേക്ഷിച്ച്, നീ വസ്ത്രമുരിഞ്ഞ് വിസ്തൃത ശയ്യ ഒരുക്കി, അതില്‍കിടന്നു. നീ സഹശയനത്തിന് ആഗ്രഹിക്കുന്നവരുമായി വിലപേശി. നീ അവരുടെ നഗ്‌നത കണ്ടു.9 മോളെക്കിന്റെ അടുത്തേക്കു നീ തൈലവുമായി പോയി, പലതരം സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു പോയി. നീ വിദൂരതയിലേക്ക്, പാതാളത്തിലേക്കുപോലും, ദൂതരെ അയച്ചു.10 വഴിനടന്നു നീ തളര്‍ന്നു. എങ്കിലും പ്രതീക്ഷയ്ക്കു വകയില്ലെന്നു നീ പറഞ്ഞില്ല. ശക്തി വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നു വീണില്ല.11 ആരെ പേടിച്ചാണു നീ കള്ളം പറഞ്ഞത്? എന്നെ ഓര്‍ക്കുകയോ എന്നെപ്പറ്റി ചിന്തിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്? ദീര്‍ഘനാള്‍ ഞാന്‍ നിശ്ശബ്ദനായിരുന്നതുകൊണ്ടാണോ നീ എന്നെ ഭയപ്പെടാത്തത്?12 ഞാന്‍ നിന്റെ നീതിയും ചെയ്തികളും വെളിപ്പെടുത്താം. പക്‌ഷേ, അവനിനക്ക് അനുകൂലമാവുകയില്ല.13 നീ ശേഖരിച്ചവിഗ്രഹങ്ങള്‍ നിലവിളികേട്ട് നിന്നെ രക്ഷിക്കട്ടെ! കാറ്റ് അവയെ പറത്തിക്കളയും; ഒരു നിശ്വാസം മതി അവയെ തെറിപ്പിക്കാന്‍. എന്നെ ആശ്രയിക്കുന്നവന്‍ ദേശം കൈവശമാക്കും; അവന് എന്റെ വിശുദ്ധഗിരി അവകാശമായി ലഭിക്കും.

ശാന്തിയും സൗഖ്യവും

14 പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്റെ ജനത്തിന്റെ മാര്‍ഗത്തില്‍നിന്നു പ്രതിബന്ധങ്ങള്‍ നീക്കിക്കളയുവിന്‍ എന്ന് ആ ഹ്വാനം ഉയരും.15 അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്ധസ്ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു.16 ഞാന്‍ എന്നേക്കും കുറ്റം ആരോപിക്കുകയോ കോപിക്കുകയോ ഇല്ല; കാരണം, എന്നില്‍നിന്നാണു ജീവന്‍ പുറപ്പെടുന്നത്. ഞാനാണു ജീവശ്വാസം നല്‍കിയത്.17 അവന്റെ ദുഷ്ടമായ അത്യാഗ്രഹം നിമിത്തം ഞാന്‍ കോപിച്ചു. എന്റെ കോപത്തില്‍ ഞാന്‍ അവനെ ശിക്ഷിക്കുകയും അവനില്‍നിന്നു മുഖം തിരിക്കുകയും ചെയ്തു. എന്നിട്ടും അവന്‍ തന്നിഷ്ടംകാട്ടി, പിഴച്ചവഴി തുടര്‍ന്നു.18 ഞാന്‍ അവന്റെ വഴികള്‍ കണ്ടു. എങ്കിലും ഞാന്‍ അവനെ സുഖപ്പെടുത്തും; അവനെ കൊണ്ടുപോയി ആശ്വസിപ്പിക്കും; അവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു കീര്‍ത്തനങ്ങള്‍ ഉയരാന്‍ ഇടയാക്കും.19 കര്‍ത്താവ് അരുളിച്ചെയ്യുന്നു: സമാധാനം! ദൂരസ്ഥര്‍ക്കും സമീപ സ്ഥര്‍ക്കും സമാധാനം! ഞാന്‍ അവനെ സുഖപ്പെടുത്തും.20 ദുഷ്ടര്‍ പ്രക്ഷുബ്ധ മായ കടല്‍പോലെയാണ്. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചുകയറ്റുന്നു.21 എന്റെ ദൈവം അരുളിച്ചെയ്യുന്നു: ദുഷ്ടനു സമാധാനം ലഭിക്കുകയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment