ആട്ടിടയരുടെ തിരി | Shepherd Candle

Rejoice In The Lord Always; And Again I Say, Rejoice…

ആഗമനകാലത്തിലെ മൂന്നാമത്തെ ഞായറിന് Gaudette Sunday എന്ന പേര് വന്നത് തന്നെ ഈ സന്തോഷത്തിൽ നിന്നാണ്. വെറും വൈകാരിക സന്തോഷമല്ല, ആഴത്തിൽ, ആത്മവിശ്വാസത്തോടെ, പ്രശാന്തതയിൽ, സുസ്ഥിരമായ, പരിശുദ്ധാത്മാവിലുള്ള സന്തോഷം.

ഈ ആഴ്ചയിൽ കത്തിക്കുന്ന പിങ്ക് നിറത്തിലുള്ള മെഴുതിരി സന്തോഷത്തെ സൂചിപ്പിക്കുന്നു. ആട്ടിടയരുടെ തിരി (Shepherd Candle) എന്നാണ് ഇതറിയപ്പെടുന്നത്. ഈ ഗൗദെത്തെ ഞായറിൽ, രണ്ടാഴ്ച്ചക്ക് ശേഷം ആഗമനകാലത്തിലെ ഫോക്കസ് തെല്ല് മാറുന്നു. കഴിഞ്ഞ രണ്ട്‌ ആഴ്ചകളിൽ രക്ഷകൻ വരുന്നു എന്ന പ്രതീക്ഷയിലും സമാധാനത്തിലും നമ്മൾ ഒരുങ്ങുകയായിരുന്നെങ്കിൽ ഇപ്പോൾ ഇതാ, രക്ഷ അടുത്തെത്തിയിരിക്കുന്നു എന്ന സന്തോഷമാണ്.

സന്തോഷത്തിന്റെ സദ്വാർത്തയുമായി ഒരു ക്രിസ്മസ് കൂടെ പടിവാതിൽക്കൽ എത്തിയ സന്തോഷം. ആ മഞ്ഞുറഞ്ഞ രാത്രിയിൽ ഉണ്ണീശോ ബേദ്ലഹേമിൽ കാലിതൊഴുത്തിൽ ഭൂജാതനായതിന്റെ ഓർമ്മ ഒരിക്കൽ കൂടി നമ്മളിലേക്ക് വരുന്നതിന്റെ സന്തോഷം. നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കാനുള്ള രക്ഷകനാണ് അതെന്ന് ഓർക്കുമ്പോൾ പാരമ്യത്തിലെത്തുന്ന സന്തോഷം. നമുക്ക് നീതിയുടെ കിരീടം സമ്മാനിക്കുന്ന ഒരു രണ്ടാം വരവുണ്ടെന്ന പ്രതീക്ഷ കൂടി ചേരുന്ന സന്തോഷം. അങ്ങനെ സന്തോഷത്തിന്റെ മേളത്തിലേക്ക് നമ്മൾ കടക്കുന്നു.

സ്നാപകയോഹന്നാൻ മിശിഹായല്ല, മിശിഹായെ കാണിച്ചുകൊടുക്കാൻ, അവന് സാക്ഷ്യമാകാൻ വന്നവനായിരുന്നു. നമ്മളും മറ്റുള്ളവർക്ക് മിശിഹായെ കാണിച്ചുകൊടുത്തു സാക്ഷ്യമേകേണ്ടവരാണ്. സുവിശേഷം കൊടുക്കണമെങ്കിൽ നമ്മൾ തന്നെ ആദ്യം സുവിശേഷമാകേണ്ടതുണ്ട്.

ഇന്ന് വായിക്കുന്ന സുവിശേഷഭാഗത്തിൽ ഇപ്പോഴും സത്യമായ ഒരു കാര്യം യോഹന്നാൻ പറയുന്നു. ‘നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മദ്ധ്യേ നിൽപ്പുണ്ട്!’ അവനെ നമ്മൾ ശരിക്കും അറിഞ്ഞിട്ടുണ്ടോ? നമ്മളിൽ കൂടിയാണ് നമ്മൾ ജീവിക്കുന്ന ഇടങ്ങളിൽ അവൻ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത്.

‘എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ, എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ’ ഇതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം. ഇന്നത്തെ ലേഖനവായനയിലെ പോലെ ആത്മീയസന്തോഷവും പ്രാർത്ഥനയും എത്തിച്ചേരുന്നത് നന്ദി പറച്ചിലിലേക്കാണ്. ഏത് തിരക്കിനിടയിലും നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ നമ്മൾ ഓർക്കുന്നത് പോലെ, കൂടെക്കൂടെ അവനെ ഓർക്കുന്നത്, ഉള്ളിൽ സംസാരിക്കുന്നത് ഇടവിടാതെയുള്ള പ്രാർത്ഥനയായി മാറുന്നു. അവന്റെ സാന്നിധ്യം കൂടെയുള്ളപ്പോൾ ഏത് പ്രതികൂല സാഹചര്യത്തിലും ധൈര്യവും സന്തോഷവുമാണ്. എല്ലാ നന്മയുടെയും ഉറവിടമായവന് നന്ദി പറയുന്നത് നമ്മുടെ സ്നേഹത്തിന്റെ പ്രകടനമാണ്.

പർപ്പിൾ തിരികൾക്കിടയിലെ പിങ്ക് തിരി. ഇത്തിരി ഗൗരവമേറിയ ഒരുക്കത്തിനും കാത്തിരിപ്പിനും ഇടയിലെ സന്തോഷം. രക്ഷകനെ കണ്ടുമുട്ടുന്ന, കണ്ടുമുട്ടികഴിഞ്ഞാൽ ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്ന സന്ദേശമാണ് ആട്ടിടയരുടെ തിരിക്ക് പറയാനുള്ളത്. രക്ഷകൻ രാത്രിയിൽ പിറന്നുവീണത് കൂരിരുട്ടിൽ കഴിഞ്ഞിരുന്ന ജനത്തിന് പ്രകാശത്തിന്റെ ദൂതുമായാണ്.. ആത്മീയ ഇരുട്ടിൽ കഴിഞ്ഞവരെ, പാപത്തിന്റെ ബന്ധനത്തിൽ നിന്ന് സത്യത്തിന്റെ പ്രകാശത്തിലേക്ക് മോചിപ്പിക്കുവാൻ അവൻ വന്നു. സൃഷ്ടിയുടെ ആദ്യവചനം തന്നെ അതായിരുന്നു.. ‘Let there be light’ ‘വെളിച്ചം ഉണ്ടാവട്ടെ’ . “അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു .ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു”(യോഹ 1:4-5).

ആത്മാർത്ഥമായ ആഗ്രഹവും ഒരുക്കവും പ്രാർത്ഥനയും ഉണ്ടെങ്കിൽ അവന്റെ സന്തോഷം നമ്മളിൽ കുടികൊള്ളും , നമ്മുടെ സന്തോഷം പൂർണ്ണമാവുകയും ചെയ്യും (യോഹ. 15:11).

For The Joy of the Lord is Your Strength ( Neh 8:10)

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a comment