January 10 | നിസ്സായിലെ വിശുദ്ധ ഗ്രിഗറി

“ആകാശം ദൈവത്തിന്റെ സാദൃശ്യത്തിൽ അല്ല സൃഷ്ടിക്കപ്പെട്ടത്, ചന്ദ്രനോ, സൂര്യനോ, നക്ഷത്രങ്ങളുടെ മനോഹാരിതയോ, മറ്റ് സൃഷ്ടികൾ ഒന്നും തന്നെ അങ്ങനെയല്ല. ഓ മനുഷ്യാത്മാവേ, നീ മാത്രം, എല്ലാ ധാരണകളെയും അതിലംഘിക്കുന്ന, അക്ഷയമായ സൗന്ദര്യത്തിന്റെ സാദൃശ്യമായ, ദൈവീകതയുടെ അടയാളമായ, അനുഗ്രഹീതജീവിതത്തിന് പാത്രമായ, യഥാർത്ഥപ്രകാശത്തിന്റെ പ്രതിഛായ ആയ സ്വഭാവത്തിന്റെ സാദൃശ്യമായി. നിങ്ങൾ അതിൽ നോക്കുമ്പോൾ അവനെന്താണോ, നിങ്ങൾ അതായി തീരുന്നു, കാരണം നിങ്ങളുടെ പരിശുദ്ധിയിൽ നിന്ന് വരുന്ന പ്രതിഫലനകിരണത്തിലൂടെ നിങ്ങളുടെ ഉള്ളിൽ പ്രകാശിക്കുന്ന അവനെ നിങ്ങൾ പകർത്തുന്നു. നിങ്ങളുടെ മഹത്വം അളക്കാൻ നിലവിലുള്ള യാതൊന്നിനും കഴിയുകയില്ല “. നിസ്സായിലെ വിശുദ്ധ ഗ്രിഗറി.

കപ്പദോച്ചിയൻ പിതാക്കന്മാർ എന്നറിയപ്പെടുന്നവരിൽ ഒരാളാണ് നിസ്സായിലെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറി. വിശുദ്ധന്റെ മൂത്ത സഹോദരനും കൂടിയായ വിശുദ്ധ ബേസിൽ, അദ്ദേഹത്തിന്റെ സുഹൃത്ത് നാസിയാൻസെന്നിലെ വിശുദ്ധ ഗ്രിഗറി എന്നിവരാണ് മറ്റ് രണ്ടുപേർ. ആര്യൻ പാഷണ്ഡതയെ പിഴുതെറിയുന്നതിലും ക്രൈസ്തവനിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് അവർ വഹിച്ചിട്ടുള്ളത്. ത്രീയേക ദൈവത്തെക്കുറിച്ചുള്ള തർക്കങ്ങളിൽ അവർ എടുത്ത നിലപാടുകൾ നിർണ്ണായകമായിരുന്നു.

വിശുദ്ധൻ സ്വർഗ്ഗസ്ഥനായ പിതാവിനെക്കുറിച്ച് എഴുതിയ ചില ഉദ്ധരണികൾ

” മനുഷ്യപ്രകൃതിയെ സ്വർഗത്തിലേക്ക് നയിക്കുന്ന വഴി, ഈ ലോകത്തിലെ തിന്മകൾ വിട്ടകലുക എന്നതല്ലാതെ വേറൊന്നുമല്ല. ദൈവത്തിന്റെ സാദൃശ്യത്തിൽ ആയിത്തീരുക എന്നുവെച്ചാൽ നീതിമാന്മാരും വിശുദ്ധരും നല്ലവരും ആയിത്തീരുക എന്നാണർത്ഥം. സഭാപ്രസംഗകൻ 5:2 ൽ പറയും പോലെ, ‘ദൈവം സ്വർഗ്ഗത്തിലാണല്ലോ ‘. പ്രവാചകൻ പറയും പോലെ, ‘ദൈവമായ കർത്താവിനെ ഞാൻ അഭയം പ്രാപിച്ചിരിക്കുന്നു’ ( സങ്കീ.73:28) എന്ന് വരണമെങ്കിൽ ദൈവം ആയിരിക്കുന്നിടത്താണ് നമ്മളും ആകേണ്ടത് കാരണം നമ്മൾ അവനോടുകൂടി ഒന്നാണല്ലോ “.

“നമ്മൾ പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ ‘പിതാവ്’ എന്ന് വിളിക്കണമെന്ന് കല്പിച്ചവൻ മറ്റൊരിടത്ത് , ‘നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ’

(മത്തായി 5:48) എന്ന് പറയുന്നത്, നമ്മളെല്ലാം സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെയാകണമെന്നും ദൈവത്തിന് യോജിച്ച വിധമുള്ള ജീവിതം നയിക്കണമെന്നും വ്യക്തമായി പറയുന്ന പോലെയാണ്”.

Feast Day of St. Gregory of Nyssa : Jan 10th

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment