January 15 | വാഴ്ത്തപ്പെട്ട ലൂയിജി വെരിയാര

മക്കളുടെ ദൈവവിളി അറിയുമ്പോൾ, സെമിനാരിയിലേക്കോ മഠത്തിലേക്കോ പോകണമെന്ന് അവർ പറയുമ്പോൾ ദേഷ്യം വന്നിട്ടുള്ള ചില അപ്പൻമാരെ നമുക്കറിയാം, വേദനയുണ്ടെങ്കിലും അത് ഉള്ളിലടക്കി സമ്മതിച്ചവരെ അറിയാം , സന്തോഷത്തോടെ പറഞ്ഞയച്ചവരെ അറിയാം, പക്ഷെ ഇതുപോലുള്ള അപ്പൻമാർ വിരളമാണ്.

പറഞ്ഞുവരുന്നത് പീറ്റർ വെരിയാരയെ കുറിച്ചാണ്, വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ ( അലോഷ്യസ് വെരിയാര) അപ്പൻ. 1856ലാണ് പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായത്. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് അന്നേ വിചാരിച്ചു കാണണം. 1875, ജനുവരി 15ന് ആണ് ലൂയിജി വെരിയാര ജനിച്ചത്. അവനു 12 വയസ്സ് കഷ്ടി ആയപ്പോൾ 1887 ൽ അവന്റെ പിതാവ് അവനെ ഡോൺബോസ്‌കോയുടെ ഒറേറ്ററിയിൽ ബോർഡിങ്ങിൽ കൊണ്ടാക്കി . തൻറെ മകനൊരു വൈദികനാവണം എന്ന അതിയായ മോഹമായിരുന്നു അതിന്റെ പിന്നിൽ.

“പക്ഷെ അപ്പാ”, അലോഷ്യസ് എതിർപ്പ് പറഞ്ഞു ചിണുങ്ങികൊണ്ടിരുന്നു,”എനിക്ക് ദൈവവിളി കിട്ടിയിട്ടില്ലല്ലോ .പിന്നെങ്ങനാ?” ആ അപ്പൻ മകനോട് പറഞ്ഞു, “ഇതുവരെയും നിനക്ക് ദൈവവിളി തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിലും വിഷമിക്കണ്ട. മറിയം, ക്രിസ്ത്യാനികളുടെ സഹായമായവൾ ( Mary, Help of Christians) നിനക്ക് ദൈവവിളിക്കായി മാധ്യസ്ഥം വഹിച്ചുകൊള്ളും. നീ നല്ല കുട്ടിയായി നന്നായി പഠിക്കൂ”. ഈ അപ്പന്റെ വിശ്വാസവും ആഗ്രഹവും ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. പരിശുദ്ധ അമ്മക്ക് ഏൽപ്പിച്ചു കൊടുത്ത ആ മകൻ വൈദികനായെന്നു മാത്രമല്ല ഒരു വിശുദ്ധനായ വൈദികൻ കൂടെയായി .

വിശുദ്ധ ഡോൺബോസ്‌കോ ഒരു കൊല്ലം കൂടിയേ ജീവനോടെ ഉണ്ടായുള്ളൂ, പക്ഷെ അദ്ദേഹത്തിന്റെ ഒരു നോട്ടം ലൂയിജിയുടെ ഉള്ളിൽ ആഴ്ന്നിറങ്ങി അവന്റെ ദൈവവിളി ഉറപ്പിച്ചു.ഓഗസ്റ് 17, 1891 ലാണ് സലേഷ്യൻസിന്റെ നൊവീഷ്യേറ്റിൽ പ്രവേശിച്ചത്. 1892, ഒക്ടോബറിൽ വ്രത വാഗ്ദാനം. കൊളംബിയയിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിക്കാൻ 188 പേരിൽ നിന്ന് Fr. മൈക്കിൾ യൂനിയ തിരഞ്ഞെടുത്ത ആൾ അവനായിരുന്നു. ആ മിഷന് വേണ്ടി താൻ തന്നെ തിരഞ്ഞെടുക്കപ്പെടാൻ പ്രാർത്ഥനയോടെ ഒരു കുറിപ്പ് ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ’ രൂപത്തിന്റെ കീഴിൽ വെച്ച് അവൻ മുട്ടിപ്പായി പ്രാർത്ഥിച്ചിരുന്നു.

1804, may 29 ന് ലൂയിജി ഇറ്റലിയുടെ തീരങ്ങൾ വിട്ടു. ഫാദർ മൈക്കിൾ യൂനിയക്കൊപ്പം അറ്റ്ലാന്റിക് സമുദ്രം ക്രോസ്സ് ചെയ്തു, മഗ്ദലീൻ നദിയിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചു, കുതിരപ്പുറത്തു 4 ദിവസം യാത്ര ചെയ്തു, കൊളംബിയയിലെ അഗ്വാ ഡേ ഡിയോസ് എന്ന കുഷ്ഠരോഗികളുടെ കോളനിയിലെത്തി. അവിടെയുള്ള 2000 പേരിൽ 800 പേർ കുഷ്ഠരോഗികളും ബാക്കിയുള്ളവർ അവരുടെ ബന്ധുക്കളുമായിരുന്നു. ലൂയിജിയെയും ഫാദർ മൈക്കൽ യൂനിയയും കൂടാതെ ഫാദർ റാഫേൽ ക്രിപ്പയും ഒരു ബ്രദറും ഉണ്ടായിരുന്നു അവിടെ. Sisters of Presentation ഉം Association of Daughters of Mary യും നോക്കി നടത്തുന്ന ആശുപത്രിയും ഉണ്ടായിരുന്നു.

പ്രാർത്ഥനയും വേദോപദേശവും പാട്ടും ഡാൻസുമായി യുവാക്കളായ കുഷ്ഠരോഗികളെ അവൻ ആകർഷിച്ചു. സന്തോഷത്തോടെ, കണ്ണീരോടെ, അവരും അവനോടൊപ്പം ചേർന്നു ദൈവത്തെ മഹത്വപ്പെടുത്തി.1898 ഏപ്രിൽ 24ന് ലൂയിജി പുരോഹിതനായി അഭിഷിക്തനായി. ഏപ്രിൽ 30 ന് അഗ്വാ ഡേ ഡിയോസിൽ തിരിച്ചെത്തി കോളനിയിൽ പുത്തൻകുർബ്ബാന അർപ്പിച്ചു. വേദനയിലും ദുഖത്തിലും കഴിഞ്ഞിരുന്നവർക്ക് സന്തോഷത്തിന്റെ ഒരു സുദിനം.

2000 പേരുള്ള കോളനിയിൽ 1898 മുതൽ 1903 വരെ ഫാദർ ക്രിപ്പയെ സഹായിക്കാൻ ലൂയിജി വെരിയാര മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് ഡ്യൂട്ടികൾക്ക് ശേഷം 4-5 മണിക്കൂർ എല്ലാ ദിവസവുംആളുകളെ കുമ്പസാരിപ്പിച്ചു. കുഷ്ഠരോഗികളുടെ കോളനിയിൽ യേശുവിനായി ശിഷ്ടജീവിതം സമർപ്പിക്കാനാഗ്രഹിച്ച യുവതികൾ വളരെയുണ്ടായിരുന്നു. വൈദികനായതിനു ശേഷം ‘ Daughters of the Sacred Hearts of Jesus and Mary’ എന്ന പേരിൽ കുഷ്ഠരോഗികളായ സ്ത്രീകൾക്കും അവരുടെ മക്കൾക്കുമായി ഒരു സഭ തന്നെ അലോഷ്യസ് വെരിയാര സ്ഥാപിച്ചു. കുഷ്ഠരോഗികൾക്കായുള്ളൊരു സഭയെപ്പറ്റി വേറെ എങ്ങും ആരും കേട്ടിട്ടില്ലായിരുന്നു.

ഒരു സലേഷ്യൻ സ്ഥാപിക്കുന്ന ആദ്യത്തെ സഭാസമൂഹം ആയിരുന്നു അത്. തീരെ ചെറുപ്പമായിരുന്ന ലൂയിജിക്ക്‌ ധാരാളം എതിർപ്പുകളെ മറികടക്കേണ്ടതായി വന്നു.കൊളംബിയയിൽ മാറിവന്ന പ്രൊവിന്ഷ്യാളച്ചൻ ലൂയിജിയുടെ പ്രവർത്തനങ്ങളെ എതിർത്തു. അഗ്വാ ഡേ ഡിയോസിൽ നിന്നും പുതിയ സന്യാസസഭയിൽ നിന്നും അവനെ അകറ്റി നിർത്താൻ ആവതും ശ്രമിച്ചു. അസുഖങ്ങളും ഒപ്പം വന്നുപെട്ടപ്പോൾ ലൂയിജി, പുതിയതായി വ്രതവാഗ്ദാനം ചെയ്ത സിസ്റ്റർമാർക്ക് എഴുതി,

“നമ്മളെ പ്രോത്സാഹിപ്പിക്കുന്ന, ആശ്വസിപ്പിക്കുന്ന ഈശോക്കൊപ്പം കുരിശ് ചുമക്കുന്നതുകൊണ്ട്,കുരിശിന് മാധുര്യമാണ്. ദൈവഹിതത്തിന് പൂർണ്ണമായി കീഴടങ്ങിക്കൊണ്ട് നമ്മുടെ കുരിശിനെ വിശുദ്ധീകരിക്കാം ഈശോയോടൊത്തും അവന്റെ സ്നേഹത്തെപ്രതിയുമാണ് ഞാൻ സഹിക്കുന്നതെന്നത് എനിക്കാശ്വാസം നൽകുന്നു “.

അഗ്വാ ഡെ ഡിയോസിൽ നിന്ന് ട്രാൻഫർ ആയി എന്നെന്നേക്കുമായി പോകുന്നത് തന്റെ അമ്മയെയും രാജ്യത്തെയും പിരിഞ്ഞു പോന്നതിലും വേദനാജനകമായിരുന്നു. ഈശോ സുഹൃത്തായി തന്റെ കൂടെയുണ്ടെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അവന്റെ ഹിതത്തിന് താൻ കീഴടങ്ങുകയുമാണെന്ന് .

താൻ സ്ഥാപിച്ച സമൂഹത്തിലെ പുത്രിമാരോട് ലൂയിജി പറഞ്ഞു.

ആരോഗ്യം ഗുരുതരമായി ക്ഷയിച്ച്, 1923 ഫെബ്രുവരി 1 ന് ലൂയിജി വെരിയാര നാൽപ്പത്തി എട്ടാം വയസ്സിൽ മരിച്ചു. പ്രൊവിഷ്യലുമായുള്ള അവസാന കൂടിക്കാഴ്ചയിൽ ലൂയിജി തന്റെ ആത്മീയപുത്രിമാർ തനിയെ എല്ലാം ചെയ്യാൻ പഠിക്കേണ്ടതുണ്ടെന്നും ഒന്നും പേടിക്കാനില്ല, ദൈവത്തിന്റെ വേല ആണെങ്കിൽ അത് നിലനിൽക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു. കൊളംബിയക്ക് പുറത്തേക്കും ലോകത്തിനെ നാനാഭാഗങ്ങളിലേക്ക് സഭാസമൂഹം വ്യാപിച്ചു. 1964 ൽ പോൾ ആറാമൻ പാപ്പ അതിന് പൊന്തിഫിക്കൽ അംഗീകാരം നൽകി. കുഷ്ഠരോഗം ഇല്ലാത്തവരും സമൂഹത്തിൽ ചേരാൻ തുടങ്ങി. Daughters of the Sacred Hearts of Jesus and Mary 10 ൽ അധികം രാജ്യങ്ങളിൽ ഇപ്പോൾ അംഗങ്ങളുണ്ട്. അഗ്വാ ഡെ ഡിയോസിന്റെ മദർ ഹൌസിൽ ഫാദർ ലൂയിജി വെരിയാരയുടെ ശരീരത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സ്ഥാപിച്ചു.

2002ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ഉയർത്തി. ഒരു പൂവ് ആഗ്രഹിച്ച അവന്റെ പിതാവിന് ഒരു പൂക്കാലമാണ് ലഭിച്ചത്. മക്കളെ ദൈവോന്മുഖരായി വളർത്താനുള്ള കടമ നമുക്ക് മറക്കാതിരിക്കാം.

Feast Day : ജനുവരി 15

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment