ഈശോയെ സ്നേഹിക്കാൻ…

ആരാണ് നമ്മെ വ്യക്തിപരമായി ഏറ്റവും അധികം സ്നേഹിക്കുന്നത്?

മനുഷ്യർ ആരുമല്ല, ഈശോ ആണ്.

ഈശോയെ എങ്ങനെ എനിക്ക് തിരിച്ചു സ്നേഹിക്കാൻ സാധിക്കും!

“ദൈവ സന്നിധിയിൽ ഞാൻ എടുക്കുന്ന സ്വതന്ത്രമായ തീരുമാനത്തിലാണ് അതിന്റെ മുഴുവൻ ശക്തിയും അടങ്ങിയിരിക്കുന്നതെന്നു ഞാൻ മനസ്സിലാക്കി. ഞാൻ തന്നെ സ്വതന്ത്രമായി സമ്മതം തരണമെന്നും പൂർണ്ണമനസ്സോടെ ദൈവഹിതം സ്വീകരിക്കണമെന്നും അല്ലെങ്കിൽ അതിനൊരർത്ഥവും ഇല്ലെന്നും ഈശോ വെളിപ്പെടുത്തി.”

(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി പാരഗ്രാഫ് :190)

എന്നെ പൂർണമായും ഈശോയുടെ ഹിതത്തിന് സമർപ്പിക്കുന്നതിലൂടെ അവിടുത്തോടൊപ്പം ജീവിക്കുന്നതിലൂടെ ഈശോയെ സ്നേഹിക്കാൻ സാധിക്കും.

അവിടുത്തെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓർക്കുന്നതിലൂടെ, അവിടുത്തെക്കുറിച്ചു സംസാരിക്കുന്നതിലൂടെ അവിടുത്തെ കൂടെക്കൂടെ സന്ദർശിക്കുന്നതിലൂടെ ഈശോ നിസാരയായ എന്നിലൂടെ സ്നേഹിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യും.

“മാത്‌സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.

ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച്‌ മറ്റുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം.
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി.

ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു.
ഇത്‌, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്‌.

ഫിലിപ്പി 2 : 3-11

ക്രൂശിതനായ ഈശോയെ മാമോദീസ വഴി വിശുദ്ധ കുർബാനയോളം പൂർണമായും പിഞ്ചെല്ലുന്ന ഒരു വ്യക്തിയുടെ അനുദിനമനോഭാവം എന്തായിരിക്കണം.

അനുദിനം ക്രിസ്തുവിനെ അനുകരിക്കുക എന്നതല്ലേ അത്!

ജീവിതത്തിൽ ദൈവം അനുവദിക്കുന്ന കുരിശുകൾ സന്തോഷത്തോടെയും പൂർണമനസോടെയും എടുത്തു കൊണ്ടു ക്രൂശിതന്റെ പാതയിൽ മുന്നോട്ട് പോകുവാനുള്ള മനസുണ്ടാവണം.

അതിലൂടെ ഓരോ നിമിഷവും ഈശോയുടെ ഉയിർപ്പിന്റെ ശക്തിയും നമ്മിൽ നിറഞ്ഞു കൊണ്ടിരിക്കും.

ഒരു മനുഷ്യവ്യക്തി ജീവിതപങ്കാളി / congregation, കുടുംബം, ദേശം, രാജ്യം എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു എങ്കിലും ഓരോരുത്തരുടെയും ജീവിതവും അക്ഷരാർത്ഥത്തിൽ വ്യക്തിപരമാണ്.

ഓരോ വ്യക്തിയും ക്രിസ്തുവിനോടൊത്താണ്, ക്രിസ്തുവിൽ ആണ് ജീവിക്കുന്നത്.

ഈശോയെ നോക്കി ജീവിക്കുന്ന ഒരാൾക്ക്,ഈശോയെ ആശ്രയിച്ചു അവിടുന്നിൽ ജീവിക്കുന്ന ഒരാൾക്ക് ഈശോയെ പോലെ ആകുവാൻ പ്രയാസമില്ല.

രഹസ്യവും പരസ്യവുമായ പീഡാനുഭവങ്ങളിലൂടെ കടന്നു പോയ ക്രിസ്തുവിന്റെ ജീവിതത്തോട് അനുരൂപപ്പെടാൻ പ്രയാസമില്ല.

നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന, അപ്രതീക്ഷിതമാണെന്ന് ലോകം കരുതുന്ന ദൈവികപദ്ധതികളോട് ചേർന്ന് പോകാൻ പ്രയാസമില്ല.

ആരുമറിയാതെ ഒഴുകുന്ന കണ്ണുനീരിനു എണ്ണമുണ്ടെന്നും പ്രതിഫലമുണ്ടെന്നും ദൈവത്തെ മാത്രം നോക്കി ഉയർത്തുന്ന നെടുവീർപ്പ് ഒരായിരം പ്രാർത്ഥനകളെക്കാളും വിലയേറിയതാണെന്നും തിരിച്ചറിയുവാൻ പ്രയാസമില്ല.

ഓരോ നിമിഷവും ഹൃദയത്തിൽ ദൈവത്തോട് നന്ദി മാത്രമേ കാണുകയുള്ളൂ.

എന്തിനാണ് നാം അവിടുത്തേയ്ക്ക് നന്ദി പറയേണ്ടത്!

ഈശോ എനിക്കായി പീഡാനുഭവത്തിലൂടെയും കുരിശ് മരണത്തിലൂടെയും ഉയിർപ്പിലൂടെയും കടന്നു പോയി എനിക്ക് ജീവനും ജീവിതവും നിത്യജീവനും തിരികെ നൽകിയതിന്….

ഈ ദൃശ്യമായ ലോകത്തിൽ ഞാൻ സാധാരണരീതിയിൽ ജീവിക്കുന്നു എങ്കിലും വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നാൽ ഞൊടിയിടയിൽ ചുറ്റും ദൃശ്യമാകുന്ന ദൈവപരിപാലനയ്ക്കു…

ശൈശവത്തിലേ മാമോദീസ എന്ന വിശുദ്ധ കൂദാശയിലൂടെ എന്നെ പേര് ചൊല്ലി വിളിച്ചു വേർതിരിച്ചു, സകല അവകാശങ്ങളോടും അധികാരങ്ങളോടും കൂടെ അങ്ങേ ദൈവരാജ്യത്തിലെ അംഗമാക്കിയതിന്…

ഈശോയെ അങ്ങയുടെ നാമം ധരിക്കുവാൻ എനിക്ക് ഇടയാക്കിയതിനു….

എനിക്ക് മാമോദീസ വഴി ലഭിച്ച ആത്മീയ വിവാഹവസ്ത്രത്തിലെ ചുളിവുകളും കറകളും വിശുദ്ധ കുമ്പസാരത്തിലൂടെ പൂർണമായും നീക്കി എന്നെ വിശുദ്ധ കുർബാനയിൽ ഈശോയെ, അങ്ങയെ സ്വീകരിക്കാൻ ഒരുക്കുന്നതിനു…

ഓരോ ദിവസവും വിശുദ്ധ കുർബാനയായി ഈശോയെ അങ്ങ് എന്നിൽ എഴുന്നള്ളി വരുന്നതിന്…

സത്യമായും ഈശോയെ അവിടുന്ന് എന്നിൽ വസിക്കുന്നതിന്….

ഈശോയെ ഞാനും അങ്ങയും വിശുദ്ധ കുർബാനയിൽ ഒന്നായി മാറുന്നതിനു…

ഈശോയെ എനിക്ക് അങ്ങയുടെ വചനങ്ങൾ വായിക്കാൻ ദൈവവചനം നൽകിയതിന്.

ഈശോയെ അങ്ങ് എന്നെ ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ നിത്യമായി സ്നേഹിക്കുന്നതിന്…

സഹായകനായി പരിശുദ്ധാത്മാവിനെ നൽകിയതിന്….

ഈശോയെ സ്വന്തം അമ്മയായി പരിശുദ്ധ അമ്മയെ എനിക്ക് നൽകിയതിന്….

ഈശോയെ, കാവൽ മാലാഖയെയും എണ്ണമില്ലാത്ത സ്വർഗീയ സൈന്യങ്ങളെയും എനിക്ക് സഹായിയായി നൽകിയതിന്.

ഈശോയെ, സകല വിശുദ്ധരെയും സഹോദരീസഹോദരന്മാരായി നൽകിയതിന്..

ഈശോയെ, സഹനത്തിന്റെ മാധുര്യമേറിയ ദൈവിക രഹസ്യങ്ങൾ ആത്മാവിന് വെളിപ്പെടുത്തി നൽകുന്നതിന്….

ഈശോയെ, ജീവിച്ചിരിക്കുമ്പോൾ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുവാൻ അവസരം നൽകുന്നതിന്.

എനിക്ക് കുടുംബവും ബന്ധുക്കളും കൂട്ടുകാരും പരിചയക്കാരുമായി അങ്ങേയ്ക്ക് പ്രിയപ്പെട്ട മനുഷ്യരെ എനിക്ക് പ്രിയപ്പെട്ടവരായി നൽകിയതിന്…

ഈശോയെ അങ്ങെന്റെ വാക്കിന് വിലകൽപ്പിക്കുന്നതിന്….

എന്റെ ഈശോയെ, ഓർത്തു നോക്കിയാൽ നന്ദി പറയേണ്ടത് മാത്രമല്ലേയുള്ളൂ എന്റെ ഈ ജീവിതത്തിൽ!

എന്ത് മാത്രം ശ്രദ്ധയോടെയും വാത്സല്യത്തോടെയും ആണ് ദൈവമെ അങ്ങ് ഓരോരുത്തരെയും പരിപാലിക്കുന്നത്!

ഓരോ ദിവസവും ദിവ്യകാരുണ്യ നാഥനായി അവിടുന്ന് എഴുന്നള്ളി ഇരിക്കുമ്പോൾ എന്ത് മാത്രം പ്രതീക്ഷയോടെയാണ് ഓരോ മനുഷ്യനും അങ്ങേ സന്നിധിയിൽ എത്തുവാൻ അങ്ങ് കാത്തിരിക്കുന്നത്!

എത്രയോ വലിയ ആത്മീയകൃപകളും അനുഗ്രഹങ്ങളുമാണ് അങ്ങേ പക്കൽ വരുന്നവർക്ക് കൊടുക്കുവാൻ അങ്ങ് കാത്തുവച്ചിരിക്കുന്നത് ഈശോയെ..

വിശുദ്ധ കുർബാനയുടെ രൂപത്തിൽ ലോകത്തിനു ദൃശ്യനായി അൾത്താരയിൽ എഴുന്നള്ളി ഇരിക്കുന്ന എന്റെയും ഓരോ മനുഷ്യരുടെയും നിത്യമണവാളനായ ഈശോയെ, അനുദിനജീവിതത്തിൽ അങ്ങയുടെ ഹിതപ്രകാരം അനുവദിക്കപ്പെടുന്ന പീഡാനുഭവങ്ങളിലൂടെ അങ്ങയോടൊപ്പം കടന്നു പോയി, ചുടുകണ്ണീരോടെയും ആത്മാവിൽ നവമായ ക്ഷതങ്ങളോടും രക്‌തമൊലിക്കുന്ന സ്നേഹത്തിന്റെ മുറിവുകളോടും അസഹനീയമായ നിന്ദനങ്ങളോടും ഏറ്റ തുപ്പലുകളോടും കൂടെ അങ്ങേ മുന്നിൽ ഓരോ ദിനവും നിസഹായയായി മൃതപ്രായയായി വന്നു നിൽക്കുമ്പോഴല്ലേ ഓരോ ആത്മാവും ക്രൂശിതനായ അങ്ങേയ്ക്ക് യോജിച്ച വധു ആവുക!

ഈശോയെ വിശുദ്ധകുർബാന എന്ന നമ്മുടെ ആത്മീയവിവാഹവേദിയിൽ ഓരോ ദിവസവും അങ്ങേ സന്നിധിയിൽ അളവില്ലാത്ത ആനന്ദത്തോടും അവർണനീയമായ നന്ദിയോടും കൂടെ അങ്ങേ സന്നിധിയിൽ എന്റെ കാവൽമാലാഖയെയും പരിശുദ്ധയായ നമ്മുടെ അമ്മയെയും ചാരി സഹായകനായ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അയോഗ്യയെങ്കിലും ഓരോ ആത്മാവും അങ്ങയുടെ മുഖത്തെ സ്നേഹത്തിന്റെ ശക്തിയാൽ ആകർഷിക്കപ്പെട്ടു സ്വയമറിയാതെ അങ്ങയുടെ പക്കലണയാൻ മുന്നോട്ട് നടക്കുന്നത് പോലും എത്രയോ അത്ഭുതം!

അങ്ങയുടെ പക്കൽ അയോഗ്യയായ ഓരോ ആത്മാവും അനുതാപ സങ്കീർത്തനത്തിനണയാൻ ധൈര്യപ്പെടുന്നത് പോലും എത്രയോ അത്ഭുതകരം!

സഹായകനായ പരിശുദ്ധാത്മാവ് കൂടെയില്ലായിരുന്നു എങ്കിൽ എങ്ങനെ എന്റെ ആത്മാവിന് കുമ്പസാരത്തിനണയാൻ ധൈര്യമുണ്ടാകുമായിരുന്നു!

പരിശുദ്ധാത്മാവേ അവിടുന്ന് കൂടെയില്ലായിരുന്നു എങ്കിൽ കുമ്പസാരക്കൂട്ടിൽ ലഭിക്കുന്ന സമ്പൂർണമായ പാപക്ഷമ എന്ന ആശ്വാസകരമായ ദൈവിക സത്യം പാവപ്പെട്ട ആത്മാക്കൾക്ക് മനസിലാകില്ലായിരുന്നുവല്ലോ!

പിതാവായ ദൈവത്തിന്റെ സന്നിധിയിൽ അവിടുത്തെ പ്രിയമകളായി
എളിമയോടെ മുന്നോട്ട് നടക്കും തോറും ഓരോ ആത്മാവിന്റെയും വിവാഹവസ്ത്രം നവീകരിക്കപ്പെടുന്നു. നവമാകുന്നു, ഈശോയുടെ മുഖത്തെ പ്രകാശം വിവാഹവസ്ത്രത്തിൽ പ്രതിഫലിച്ചു അത് വിലമതിക്കാനാവാത്തതാകുന്നു, ദൈവഹിതത്തിനനുരൂപമാകുന്നു.

ദിവ്യകാരുണ്യഈശോയുടെ മഹത്വത്തെ കുറിച്ചു ഓർത്താൽ ഏതു ആത്മാവാണ് അവിടുത്തെ മഹിമ പ്രതാപത്തിന്റെ മുന്നിൽ ഭയചകിതയാകാതിരിക്കുക!

വിശുദ്ധ കുർബാനയ്ക്കായി മുഖ്യ ദൂതന്മാരുടെയും അനേക ഗണം മാലാഖാമാരുടെയും മുന്നിൽ രാജാധിരാജനായി സർവപ്രതാപത്തോടെയും രാജാധികാരത്തോടെയും ദൈവപിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സാന്നിധ്യത്തിൽ അവിടുന്ന് ആഗതനാകുന്നു.

വിശുദ്ധ കുർബാനയ്ക്ക് അണയുന്ന ആത്മാവിന്റെ യഥാർത്ഥ സ്ഥിതി എസ്തേർ രാജ്ഞി തന്റെ രാജാവിനെ കാണുവാൻ ചെന്ന് നിന്ന രംഗം പോലെയാണെന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.

“വാതിലുകള്‍ ഓരോന്നായി കടന്ന്‌ അവള്‍ രാജാവിന്റെ മുന്‍പില്‍ ചെന്നുനിന്നു. സ്വര്‍ണവും അമൂല്യരത്‌നങ്ങളും കൊണ്ടു പൊതിഞ്ഞ സിംഹാസനത്തില്‍ രാജാവ്‌ രാജകീയ വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ ഇരിക്കുകയായിരുന്നു. അവന്റെ ദര്‍ശനം ഭീതി ഉളവാക്കുന്നതായിരുന്നു.
തേജസ്‌സു കൊണ്ട്‌ അരുണിമയാര്‍ന്ന മുഖമുയര്‍ത്തി അവന്‍ ഉഗ്രകോപത്തോടെ അവളെ നോക്കി. രാജ്‌ഞിയാകെ തളര്‍ന്നുപോയി; വിളറി ബോധംകെട്ട അവള്‍ തന്റെ മുന്‍പില്‍ നടക്കുന്ന തോഴിയുടെ ചുമലിലേക്കു മറിഞ്ഞു.
അപ്പോള്‍ രാജാവിന്റെ ഭാവം ദൈവം ശാന്തമാക്കി; അവന്‍ പരിഭ്രമത്തോടെ സിംഹാസനത്തില്‍നിന്നു ചാടിയെഴുന്നേറ്റ്‌ അവള്‍ക്കു ബോധം തെളിയുംവരെ തന്റെ കരങ്ങളില്‍ താങ്ങി. സാന്ത്വന വചസ്‌സുകളാല്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ട്‌ അവന്‍ ചോദിച്ചു:

എസ്‌തേര്‍, എന്താണിത്‌? ഞാന്‍ നിന്റെ സഹോദരനാണ്‌.
ധൈര്യമായിരിക്കൂ; നീ മരിക്കുകയില്ല; കാരണം, നമ്മുടെ നിയമം പ്രജകള്‍ക്കു മാത്രമേ ബാധകമാവൂ. അടുത്തു വരുക.”
(എസ്‌തേര്‍ 12 : 6-10)

ദിവ്യകാരുണ്യഈശോയുടെ പക്കൽ ചെല്ലാനുള്ള ഭയത്തെ മറികടക്കാൻ അവിടുത്തെ സ്നേഹവും കരുണയും ഓരോ ആത്മാവിനെയും സഹായിക്കുന്നു.

“കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.”
(1 യോഹന്നാന്‍ 3 : 1)

വിശുദ്ധ കുർബാനയ്ക്ക് തയ്യാറായി ഒരുക്കത്തോടെ ഓരോ ആത്മാവും ആ വിവാഹവേദിയിലേയ്ക്ക് പ്രവേശിക്കുമ്പോൾ അവിടെ മണവാളനായ ക്രിസ്തുവും മണവാട്ടിയായ ആത്മാവും മാത്രമാകുന്നു.

വിശുദ്ധ കുർബാന നടക്കുമ്പോൾ ചുറ്റുമുള്ള മനുഷ്യരും പരിസരങ്ങളും മറയുന്നു, ലോകം മറയുന്നു.

ആത്മാവിനോടൊപ്പം പരിശുദ്ധ ത്രിത്വവും പരിശുദ്ധ അമ്മയും കാവൽമാലാഖായും സ്വർഗീയ സൈന്യങ്ങളും വിശുദ്ധരും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സാന്നിധ്യവും മാത്രമാകുന്നു.

വിശുദ്ധ കുർബാനയുടെ ഓരോ ഘട്ടത്തിലും വിശുദ്ധകുർബാന സ്വീകരിക്കാനുള്ള ആത്മാവിന്റെ പോരായ്മകൾ നികത്തപ്പെടുന്നു. കുരിശിലെ തിരുബലി ആവർത്തിക്കപ്പെടുമ്പോൾ കുരിശിൻ ചുവട്ടിൽ നിൽക്കുന്ന മനുഷ്യാത്മാവിന്റെ മേൽ അവിടുത്തെ തിരുരക്തം ധാരയായി വീഴുന്നു. അത് ഒരിക്കൽക്കൂടി ശുദ്ധീകരിക്കപ്പെടുന്നു.

ആ നിമിഷങ്ങളിലൊന്നിൽ അത് വീണ്ടും ഈശോയുടെ ശബ്ദം കേൾക്കുന്നു :

ഇതാ നിന്റെ അമ്മ.

മനോഹരിയായ പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി സ്വീകരിച്ചു ഈശോയെ പോലെ ആ അമ്മയെ സ്നേഹിക്കാനും വീട്ടിൽ കൂട്ടികൊണ്ട് പോകാനും എന്ത് പുണ്യമാണ് ഞാൻ ചെയ്തത്!

വിശുദ്ധ കുർബാനയുടെ അവസാനം മാതാവിന്റെയും മുഴുവൻ സ്വർഗത്തിന്റെയും സാന്നിധ്യത്തിൽ ദിവ്യകാരുണ്യഈശോ എന്നിൽ വസിക്കുവാൻ എഴുന്നള്ളി വരുമ്പോൾ ഞാനും ഈശോയും ഒന്നാകുമ്പോൾ അവിടുന്നിൽ ഒന്നായ ഞാനും വിശുദ്ധ കുർബാന സ്വീകരിച്ച ഓരോരുത്തരും അവിടുത്തോടൊപ്പം അപ്പോൾ മുതൽ സർവരാലും സ്നേഹിക്കപ്പെട്ടു തുടങ്ങുന്നു.

വിശുദ്ധ കുർബാനയാണ് ഒരു മനുഷ്യവ്യക്തിയെ അനുദിനം നയിക്കേണ്ടത്. ഒരുക്കത്തോടെ സ്വീകരിക്കുന്ന വിശുദ്ധ കുർബാന നൽകുന്നത് നിത്യജീവനാണ്.

അതിനായി ഒരുങ്ങാൻ നമ്മെ സഹായിക്കുന്നത് ദയാലുവായ പരിശുദ്ധാത്മാവും.

ജീവിതത്തിന്റെ തിരക്കുകളിൽ പെടുമ്പോൾ ഈശോയ്ക്കായി മാറ്റി വയ്ക്കുന്ന സമയം കുറഞ്ഞു പോയി എന്നു വരാം.

എന്നാൽ കുറച്ചു സമയം മാത്രം മാറ്റിവയ്ക്കുന്നവരാകാതെ മുഴുവൻ സമയവും ഈശോയ്ക്ക് കൊടുത്താലോ!

നല്ലതല്ലേ!

രാവിലെ ഉണരുമ്പോൾ മുതൽ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ജീവിതത്തെ കണ്ടു തുടങ്ങിയാലോ?

വിവാഹിതയായ ഒരു പെൺകുട്ടി വിവാഹ ശേഷം ജീവിക്കേണ്ടത് അവളുടെ ജീവിതപങ്കാളിയോടൊപ്പമല്ലേ?

അത് പോലെ വിശുദ്ധ കുർബാന ഒരു തവണ എങ്കിലും സ്വീകരിച്ച ഓരോരുത്തരും ജീവിക്കേണ്ടത് ഈശോയോടൊപ്പമല്ലേ?

അവിടുത്തെ സ്വർഗീയ കുടുംബത്തോടൊപ്പമല്ലേ!

ഓരോ ദിവസവും നേരം വെളുക്കുമ്പോൾ മുതൽ ഈശോയോടൊപ്പം നടന്നു തുടങ്ങിയാൽ പതിയെ ആ ജീവിതം പരിചിതമാകും. ഓരോരോ കാര്യങ്ങൾ അവിടുത്തോട് സംസാരിച്ചു തുടങ്ങിയാൽ, അനുദിനകാര്യങ്ങൾ അവിടുത്തെ ഹിതത്തിനൊപ്പം ചെയ്തു തുടങ്ങിയാൽ കുറവുകളൊക്കെ വന്നാലും ഈശോയ്ക്ക് സന്തോഷമാണ്. അതിലുപരി നമുക്ക് സന്തോഷമാണ്.

ജോലി ചെയ്യുമ്പോൾ അവിടുത്തെയും കൂട്ടാം, ആഹാരം കഴിക്കുമ്പോൾ അവിടുത്തെ ക്ഷണിക്കാം. ഓരോ ചെറുപ്രവൃത്തിയും ചിന്തയും വാക്കുകളും അവിടുത്തോടൊപ്പം ചെയ്യാം.
ഇടയ്ക്ക് ഈശോയെ മറന്നു എന്നു വന്നേക്കാം, എന്നാലും ഓർക്കുമ്പോൾ വീണ്ടും സ്നേഹത്തോടെ അവിടുത്തോടൊപ്പം നടക്കാം.

അടുക്കലടുക്കൽ ഒരുങ്ങി കുമ്പസാരിക്കാം. സാധിക്കുന്നത്രയും ഏറ്റവും ജീവിതവിശുദ്ധിയിൽ ജീവിക്കാം. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ ഈശോയ്ക്ക് സ്വയം സമർപ്പിക്കുകയും ആ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന ഈശോയുടെ സ്നേഹത്തിന്റെ ജ്വാലയിൽ എപ്പോഴും ആയിരിക്കുകയും ചെയ്യാം.

സമയം കിട്ടുമ്പോൾ ഒക്കെ അവിടുത്തെ സന്നിധിയിൽ പോയി ഇരിക്കാം. അതിലുപരി ഹൃദയസക്രാരിയിൽ ഇരിക്കുന്ന ഈശോയെ ഓരോ നിമിഷവും ആരാധിക്കാം.

വിശുദ്ധ കുർബാന സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിനെ ധരിക്കുകയാണ്. വിശുദ്ധ കുർബാന സ്വീകരണ ശേഷം നമ്മോടൊപ്പം ഈശോ ജീവിക്കുകയാണ്, നാം ഈശോയോടൊപ്പവും.

ഓരോ ദൈവവചനവും അതിന്റെ പൂർണതയിൽ നമുക്ക് മനസിലാകുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താൽ വിശുദ്ധ കുർബാനയുടെ സ്വീകരണത്തിനു ശേഷമാണ്.

ആലോചിക്കും തോറും മനുഷ്യന് സാധ്യമായ വിധത്തിൽ ചിന്തിക്കും തോറും എനിക്ക് തോന്നിയത് നിത്യജീവനിൽ ആയിരിക്കുക എന്നത് ഈശോയിൽ ആയിരിക്കുക വിശുദ്ധകുർബാനയിൽ വസിക്കുക എന്നതാണ്.

വിശുദ്ധ കുർബാന നമ്മെ വല്ലാതെ എളിമപ്പെടുത്തും, കാരണം ഒരു യോഗ്യതയുമില്ലാതെ അവിടുത്തെ ആത്മാവിൽ സ്വീകരിക്കുവാൻ അവിടുത്തോടൊന്നാകുവാൻ ഈശോ നമ്മെ അനുവദിച്ചു.
ഇത്രയൊക്കെ കുറവുകൾ ഉണ്ടായിട്ടും ഇങ്ങനെയൊക്കെ നമ്മളെ സ്നേഹിക്കുവാൻ ഈശോയ്ക്ക് എങ്ങനെ പറ്റുന്നു എന്നോർത്തു പോകും.

ഇതിനെല്ലാം ആകെ ഒരു ഉത്തരമുള്ളത് അവിടുന്ന് ആദ്യം നമ്മെ സ്നേഹിച്ചു എന്നതാണ്.

വിശുദ്ധ കുർബാന നമ്മളെ വല്ലാതെ സന്തോഷിപ്പിക്കും. കാരണം ഇങ്ങനെയും നമ്മെ സ്നേഹിക്കാൻ ഈശോ എന്നുള്ള ഒരാളുണ്ടല്ലോ എന്നുള്ള ചിന്ത തന്നെ ആത്മാവിനെ ആഹ്ലാദിപ്പിക്കും.

വിശുദ്ധ കുർബാന നമ്മെ ഓരോനിമിഷവും നന്ദി നിറഞ്ഞവരാക്കും. കാരണം ഇതിൽപരം ഒന്നും ഈശോയ്ക്ക് നമുക്കായി ചെയ്യാനില്ല, അവിടുത്തെ പൂർണമായി നമുക്ക് നൽകുക എന്നതല്ലാതെ.
ജീവിതത്തിൽ എന്ത് തന്നെ ഭൗതികമായി സംഭവിച്ചാലും അവിടുന്നാണ് ജീവിതം നയിക്കുന്നത് എന്നുള്ള ആഴമേറിയ ബോധ്യം അവിടുന്ന് ഉയർത്തുന്നത് വരെ അവിടുത്തെ സന്നിധിയിൽ നിശബ്ദമായി എളിമയോടെ നിൽക്കാൻ സഹായിക്കും.

വിശുദ്ധ കുർബാന പിതാവായ ദൈവത്തിന്റെ മകൾ എന്നുള്ള ബോധ്യം ഹൃദയത്തിൽ ഉറപ്പിക്കും. ഈശോയുടെ ശരീരത്തിലെ അംഗങ്ങളായ സകല മനുഷ്യരും ഈ അവർണനീയമായ സന്തോഷത്തിൽ പങ്കാളികൾ ആകുവാൻ ഹൃദയം ആഗ്രഹിക്കും. ആത്മാക്കളുടെ രക്ഷയ്ക്കായി ഹൃദയം ദാഹിക്കും. ചെറിയ ചെറിയ പ്രാർത്ഥനകളും ചെറിയ പരിഹാരപ്രവൃത്തികളും ഹൃദയത്തിലെ ഈശോയോടൊപ്പം അവിടുത്തെ പീഡാനുഭവത്തിനോടൊപ്പം ആത്മാക്കളുടെ രക്ഷയ്ക്കായി
സമർപ്പിച്ചു തുടങ്ങും.

വിശുദ്ധ കുർബാന ഒരത്ഭുതമാകുന്നത് ആ സ്നേഹം അനുഭവിക്കുവാൻ ഉപാധികളില്ല എന്നുള്ളതാണ്. ആർക്കും അവിടുത്തെ നോക്കാം. അവിടുത്തെ നേരിൽ നോക്കിയാൽ ആരും ലജ്ജിതരാകുകയില്ല.

ഓരോരോ കാര്യങ്ങൾക്കു എത്രയോ മനുഷ്യരെ നാം കാണാനായി ചെല്ലുന്നു.

എന്നാൽ ലോകത്തിൽ ജീവിച്ചിരിക്കുമ്പോൾ ഒരു മനുഷ്യൻ കാണേണ്ടതും വ്യക്തിപരമായി പരിചയപ്പെടേണ്ടതുമായ ഏറ്റവും വലിയ വ്യക്തി ഈശോ അല്ലേ?

ഒരു മനുഷ്യൻ പങ്കെടുക്കേണ്ട ഏറ്റവും വലിയ ആഘോഷം പരിശുദ്ധ കുർബാന അല്ലേ!

ഈശോയെ ഒരു തവണ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ആ സ്നേഹത്തിൽ നിന്നും മാറുവാൻ തോന്നുകയില്ല, ഓരോ ദിവസവും അവിടുത്തെ സ്വർഗീയ കുടുംബത്തിലെ ഓരോരുത്തരെയും നമ്മൾ കൂടുതൽ പരിചയപ്പെട്ടു കൊണ്ടിരിക്കും. ഒരു നാൾ സ്വർഗത്തിൽ എത്തുമ്പോൾ അവിടെയുള്ളവർ ആരും തന്നെ നമുക്ക് അപരിചിതരായിരിക്കകയില്ല.

ഈശോയെ പരിചയപ്പെട്ടു കഴിഞ്ഞാൽ അവിടുത്തെ പോലെയാകുവാൻ അവിടുത്തെ ഹിതം നിറവേറ്റുവാൻ നാം ശ്രമിച്ചു കൊണ്ടേയിരിക്കും.

ഈശോയെ കുറിച്ച് ഏറ്റവും അറിയാവുന്നത് പരിശുദ്ധ അമ്മയ്ക്കാണ്. മാതാവിന്റെ ചാരെ നിന്നാൽ ഈശോയ്ക്കായി വളരെ ശ്രദ്ധയോടെ കാവൽമാലാഖയോടൊപ്പം അമ്മ നമ്മളെ ഒരുക്കും.

പരിശുദ്ധ കുർബാനയുടെ ചാരെ സാധാരണ മനുഷ്യരായ നമ്മെ ഓരോരുത്തരെയും ചേർത്ത് നിറുത്തുന്നത് സ്നേഹനിധിയായ പരിശുദ്ധാത്മാവാണ്.

ഓരോ വിശുദ്ധ കുർബാനയും പരിശുദ്ധാത്മാവിന്റെ സ്നേഹത്തിൽ നമ്മെ ആഴപ്പെടുത്തും.

ഒരു വിശുദ്ധ കുർബാനയ്ക്കു അണയണമെങ്കിൽ ഒരു ആത്മാവിന് എന്തുമാത്രം ദൈവകൃപ വേണം.

ഓരോ ദിവസവും അതിൽ പങ്കെടുക്കാൻ അവസരങ്ങളുണ്ട്.

“പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്‌. നാം എന്തായിത്തീരുമെന്ന്‌ ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന്‌ ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.”
(1 യോഹന്നാന്‍ 3 : 2-3)

ഓരോ ദിവസവും അടുത്ത ദിവസം വിശുദ്ധ കുർബാന സ്വീകരിക്കുവാനായി ഒരുക്കത്തോടെ ജീവിക്കാം. ഈശോയുടെ ജീവനിലും സ്നേഹത്തിലും ആയിരിക്കാം.

Leena Elizabeth George

Advertisements

Leave a comment