ഒരു ദൈവവചനമെങ്കിലും ഷെയർ ചെയ്യാം

നാം സാധാരണയായി ദൈവവചനം വായിക്കാറുണ്ട്. അധരത്തിൽ കാത്തു വയ്ക്കാറുണ്ട്. ഹൃദയത്തിൽ സൂക്ഷിക്കാറുണ്ട്.

എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ വിരൽത്തുമ്പിലും എല്ലായ്‌പോഴും ഒരു ദൈവവചനം സൂക്ഷിക്കാൻ ശ്രമിക്കാം.

ഈയിടെ മുതലാണ് ഞാൻ വിരൽത്തുമ്പിൽ ദൈവവചനം കാത്തുവച്ചു തുടങ്ങിയത്.

POC മലയാളം ബൈബിൾ ആപ്പിൽ നിന്നും ഓരോ സമയവും മനസിനെ തൊടുന്ന ദൈവവചനം ഏതെങ്കിലും വീഡിയോയൊ പോസ്റ്ററോ ഉണ്ടാക്കാനായി copy ചെയ്തു വാട്സാപ്പിൽ പേസ്റ്റ് ചെയ്തു കഴിഞ്ഞാലും എന്റെ വിരൽത്തുമ്പിൽ ഒരു നിധി പോലെ അത് എപ്പോഴും കാണും.

ഏതോ ഒരു ദിവസം ഒരു വ്യക്തിയോട് ടെക്സ്റ്റ്‌ ചെയ്തു സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഈ വിരൽത്തുമ്പിൽ ഇരുന്ന ദൈവവചനം അവിചാരിതമായി എന്റെ ശ്രദ്ധയിൽ പെട്ടത്.

അന്നേരം തന്നെ ഞാനത് share ചെയ്തു. ഹൃദയത്തിൽ തൊടുന്ന, കടന്നു പോകുന്ന സാഹചര്യങ്ങളെ സമാശ്വസിപ്പിക്കുന്ന ഒരു വചനമായിരുന്നു അത്.

“നിരന്തരം അധ്വാനിക്കുകയും ക്ലേശിക്കുകയും ചെയ്‌തിട്ടും ദാരിദ്ര്യം ഒഴിയാത്തവരുണ്ട്‌.
വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്‌; എന്നാല്‍, കര്‍ത്താവ്‌ അവരെ കടാക്‌ഷിച്ച്‌ ദയനീയാവസ്‌ഥയില്‍ നിന്ന്‌ ഉയര്‍ത്തുന്നു.
അനേകരെ വിസ്‌മയിപ്പിക്കുമാറ്‌ അവിടുന്ന്‌ അവര്‍ക്കു മാന്യസ്‌ഥാനം നല്‍കുന്നു”.
(പ്രഭാഷകന്‍ 11 : 11-13)

കടുത്ത ജീവിത ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എന്ത് മാത്രം ആശ്വാസമാണ്, ദാഹാർത്തന് കുടിനീര് കിട്ടുന്നത് പോലെയാണ്, തക്ക സമയത്തു ഒരു ദൈവവചനം ലഭിക്കുക എന്നത്.

എന്നാൽ അത് സൗജന്യമായി കൊടുക്കുവാൻ നമ്മെ സംബന്ധിച്ച് എന്താണ് ബുദ്ധിമുട്ട്!

ഒന്ന് ശ്രമിച്ചാൽ ഒരു ബുദ്ധിമുട്ടുമില്ല.

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വഴിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ എന്നോർത്തു കയ്യിൽ പണം കരുതുന്നത് പോലെയാണ്, ഒരു പക്ഷെ അതിലും മേലെയാണ് നമ്മുടെ ഹൃദയത്തിലും അധരത്തിലും മൊബൈലിലുമൊക്കെ ദൈവവചനം കരുതി വയ്ക്കുന്നത്.

എപ്പോഴാണ് ആത്മീയമായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടുന്നത് എന്നു നമുക്കറിയില്ലല്ലോ, അത് കൂടാതെ ജീവനുള്ള ദൈവവചനം നാം പോകുന്ന ഇടങ്ങളിൽ നമ്മോടൊത്തു സഞ്ചരിക്കുന്നത് വളരെ നല്ലതാണ് താനും.

കാരണം കൂടെ കരുതുന്ന ദൈവവചനം അത് വഹിക്കുന്ന ആളുടെയും ആത്മീയ വിശപ്പും ദാഹവും ആദ്യമേ മാറ്റുന്നുണ്ട്.

ഒരു കത്തുന്ന വിളക്ക് കയ്യിൽ പിടിക്കുന്ന ആൾ ഇരുട്ടിൽ നടക്കാത്തത് പോലെയും ആ വ്യക്തിയുടെ കൂടെ നടക്കുന്നവരും ആ പ്രകാശത്തിൽ സഞ്ചരിക്കുന്നത് പോലെയുമാണ് ദൈവവചനം കയ്യിൽ കരുതിയ ഒരാളോടൊപ്പം നടക്കുന്നത്.

ദൈവവചനം കയ്യിൽ കരുതുന്നവരാകാൻ ബൈബിൾ പണ്ഡിതർ ആകണം എന്നില്ല, ചെറു ബൈബിൾ ബാഗിൽ കരുതാം. മൊബൈലിൽ POC ബൈബിൾ ആപ്പ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാം.

സംസാരിക്കുമ്പോൾ ഒരു ദൈവവചനമെങ്കിലും ഇടയിൽ സ്വാഭാവികമായും പറയാൻ ശീലിക്കാം.

മൊബൈലിൽ ടെക്സ്റ്റ്‌ ചെയ്യുമ്പോൾ സംസാരമദ്ധ്യേ സാഹചര്യത്തിന് യോജിച്ച ഒരു വചനമെങ്കിലും ഷെയർ ചെയ്തു ശീലിച്ചു തുടങ്ങാം.

Whatsapp സ്റ്റാറ്റസ് ഇടുമ്പോൾ ഒരു ദൈവവചനമെങ്കിലും ഷെയർ ചെയ്യാം.

ഒരു പക്ഷെ അവിചാരിതമായി അത് കാണുന്ന ഒരാളുടെ ഇരുളു നിറഞ്ഞ ജീവിതത്തിൽ ആ ദൈവവചനം ദീപം തെളിയിച്ചു എന്ന് വന്നേക്കാം.

വർഷങ്ങൾക്കു മുൻപ് അയർലൻഡിലെ ലിമറിക്ക് എന്ന സ്ഥലത്ത് ബഹുമാനപ്പെട്ട വട്ടായിൽ അച്ചൻ വചന പ്രഘോഷണം നടത്തുമ്പോൾ ഒരു കാര്യം സൂചിപ്പിച്ചു.

ഈശോ പറഞ്ഞു:

“എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8)

എങ്ങനെയാണ് സാധാരണ മനുഷ്യർ അനുദിനജീവിതത്തിൽ തിരുസഭയുടെ ദൈവവചന പ്രഘോഷണത്തിൽ പങ്കാളികൾ ആകുന്നത്?

ഒരു പക്ഷെ ഒരു വചനം പോലും പറയാൻ അറിവോ കഴിവൊ സാമർത്ഥ്യമോ ഒരു പക്ഷെ നമുക്ക് ഇല്ലായിരിക്കും, എന്നാലും സാധിക്കുമ്പോൾ ഒക്കെയും യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയയിലും ഒക്കെ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ദൈവവചനങ്ങൾക്ക്, ദൈവവചനപ്രഘോഷണങ്ങൾക്ക് ആമേൻ പറയാം.നല്ല കമന്റുകൾ എഴുതാം.
അത് വഴി നാമും ദൈവവചനപ്രഘോഷണങ്ങളിൽ അറിഞ്ഞോ അറിയാതെയോ പങ്കാളി ആവുകയും ദൈവികമായ പ്രതിഫലത്തിനു അർഹരാകുകയും ആണ് ചെയ്യുന്നത്.

“യുദ്ധത്തിനു പോകുന്നവന്റെയും ഭാണ്ഡം സൂക്ഷിക്കുന്നവന്റെയും ഓഹരി സമമായിരിക്കണം.”
(1 സാമുവല്‍ 30 : 24)

അത് പോലെ ഇന്നത്തെ കാലത്തു ലോകാതിർത്തിയോളം പോകാൻ എല്ലാവർക്കുമാകില്ല.
ഒരു പക്ഷെ നാം വസിക്കുന്ന സ്ഥലം വിട്ട് ദൂരെയെങ്ങും നാം പോയിട്ടുണ്ടാകില്ല, എന്നാൽ നാം whats app ൽ അയയ്ക്കുന്ന ഒരു വചനം share ചെയ്യപ്പെട്ട് ലോകത്തിന്റെ അതിർത്തി വരെ പോകില്ലേ.
ഇങ്ങനെയൊക്കെ സാധാരണക്കാരുടെ അനുദിന ദൈവവചനപ്രഘോഷണത്തിന്റെ സാധ്യതകളെ സംബന്ധിച്ചു ബഹുമാനപ്പെട്ട വട്ടായിൽ അച്ചൻ വേദിയിൽ നിന്നു പറഞ്ഞു കൊണ്ടിരുന്നു.

അന്ന് എനിക്ക് സാധാരണ ഒരു മൊബൈൽ ആയിരുന്നു ഉണ്ടായിരുന്നത്. മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയുമായിരുന്നില്ല, സോഷ്യൽ മീഡിയ ഒന്നും എന്റെ ഫോണിൽ ഡൌൺലോഡ് ചെയ്തിരുന്നില്ല.

എന്നാലും അച്ചന്റെ വാക്കുകൾ കേട്ട് ആൾക്കൂട്ടത്തിൽ ഏറ്റവും പുറകിൽ ഇരുന്ന എന്റെ ഹൃദയം തീ പോലെ ജ്വലിച്ചു കൊണ്ടിരുന്നു. അതോടൊപ്പം എന്റെ ഹൃദയത്തിലെ ആഗ്രഹം പരിശുദ്ധാത്മാവ് കാണുന്നുമുണ്ടായിരുന്നു.

കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ എഴുതാനുള്ള ഒരു ഗിഫ്റ്റ് നൽകി പരിശുദ്ധാത്മാവ് അനുഗ്രഹിച്ചു.

ദൈവവചനം എഴുതിയ ചെറിയ പോസ്റ്ററുകൾ ഉണ്ടാക്കുവാനും അവിടുന്നു പടിപടിയായി പറഞ്ഞു തന്നു.

നാം ഓരോരുത്തരും മാമോദീസ വഴി ദൈവരാജ്യത്തിലെ അംഗങ്ങളാണ്.

ദൈവവചനത്തിന്റെ മാധുര്യം സ്വജീവിതത്തിൽ ഏറ്റവും അധികം ആസ്വദിക്കേണ്ടതും അതിൽ ആനന്ദിക്കേണ്ടതും നമ്മളാണ്.

ഈശോ പറഞ്ഞിട്ടുണ്ട്:
“അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു”.
(മത്തായി 4 : 4)

നാം ശരീരത്തിനായി സാധാരണ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും ഇടയ്ക്ക് ചെറുഭക്ഷണവും ഒക്കെ കഴിക്കുന്നുണ്ട്.

എന്നാൽ ഒരു ദിവസമെങ്കിലും രാവിലെ പ്രാതലിനോടൊപ്പവും ഉച്ചഭക്ഷണത്തോടൊപ്പവും അത്താഴത്തിനോടൊപ്പവും ഇടയ്ക്ക് കഴിക്കുന്ന ചെറുഭക്ഷണത്തിനോടൊപ്പവും നാം ദൈവവചനം വായിക്കാറുണ്ടോ?

ആത്മാവിനും വിശപ്പും ദാഹവും ഉണ്ടെന്നു നാം ഓർക്കാറുണ്ടോ?

നാം വായിക്കുന്ന ദൈവവചനം നമ്മുടെ ആത്മാവിന്റെ പാകതയ്ക്കനുസരിച്ചു ദൈവാത്മാവ് രുചികരവും ഏറ്റവും ആസ്വാദ്യവുമായ വിധത്തിൽ നമുക്ക് പാകപ്പെടുത്തി നൽകും എന്ന് ഓർക്കാറുണ്ടോ?

ലോകത്തിലെ എത്രയോ ആളുകൾക്ക് ഇന്നും സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു കാര്യമാണ് ജീവിക്കുന്ന ദൈവത്തിന്റെ ദൈവവചനം വായിക്കുക എന്നത്.

നമ്മുടെ കയ്യിലും ഹൃദയത്തിലും വീട്ടിലും ബാഗിലും നാം ആയിരിക്കുന്ന അന്തരീക്ഷത്തിലും നാം ആയിരിക്കുന്ന ഇടങ്ങളിലും നമ്മുടെ സംസാരത്തിലും ഒക്കെ ദൈവവചനമുണ്ട്.

നാം ഒരു പക്ഷെ വലിയ ജനക്കൂട്ടങ്ങളോട് വചനം പ്രസംഗിച്ചില്ല എന്നു വന്നേക്കാം. എന്നാൽ അനുദിനജീവിതത്തിൽ കണ്ടുമുട്ടുന്നവരോട് സ്വഭാവികമായ രീതിയിൽ ഒരു വചനമെങ്കിലും പറഞ്ഞു തുടങ്ങിയാൽ അത് ജീവിതത്തിന്റെ ഭാഗമാകും. സംസാര ശൈലിയാകും. അനേക ദൈവവചനങ്ങൾ നാമറിയാതെ നമ്മുടെ സ്വന്തമാകും.

ദൈവവചനം കൈയിൽ കൊണ്ട് നടക്കുവാനും ഇഷ്ടമുള്ള സമയത്തു അത് വായിക്കുവാനും അതിനെക്കുറിച്ചു സംസാരിക്കുവാനും ഇന്ന് ദൈവാനുഗ്രഹത്താൽ നമുക്ക് ഒരു തടസവുമില്ല.

ഒരു യൂട്യൂബ് വീഡിയോയിൽ ബഹുമാനപ്പെട്ട ഡാനിയേൽ അച്ചൻ പറയുന്നുണ്ട് വചനം ഉറക്കെ വായിക്കുമ്പോൾ നാം ആയിരിക്കുന്ന ഇടങ്ങളിൽ നിന്നും ലോകമെമ്പാടും അയയ്ക്കപ്പെടുന്ന ഒരിക്കലും നശിക്കാത്ത വചനത്തിന്റെ ശബ്ദതരംഗങ്ങളെ പറ്റി.

“ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.
എന്നാല്‍, അവര്‍ കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്‌. എന്തെന്നാല്‍, അവരുടെ ശബ്‌ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍വരെയും.”
(റോമാ 10 : 17-18)

സാധിക്കുമ്പോൾ ഒക്കെയും ദൈവവചനം സ്നേഹത്തോടെ ഉറക്കെ വായിക്കാം. ആരും കേൾക്കുന്നില്ല എന്നു തോന്നിയാലും നമ്മുടെ ഹൃദയത്തിലും അന്തരീക്ഷത്തിലും വായിച്ചു കേൾക്കുന്ന വചനങ്ങൾ അലയടിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയും ജീവജാലങ്ങളും ദൈവവചനം കേൾക്കുന്നുണ്ട്. നമ്മുടെ കാവൽമാലാഖ സന്തോഷത്തോടെ ദൈവവചനം ശ്രവിച്ചു കൊണ്ടു ആമേൻ പറയുന്നുണ്ട്.

എന്നാൽ ഏതോ ഒരു നാളിൽ ലോകത്തിൽ ദൈവവചനത്തിനുണ്ടാകുന്ന ക്ഷാമത്തെ പറ്റി വചനം പറയുന്നുണ്ട്.

“ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാന്‍ ക്ഷാമം അയയ്‌ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്‌.
അന്ന്‌ അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കു മുതല്‍ കിഴക്കു വരെയും അലഞ്ഞു നടക്കും. കര്‍ത്താവിന്റെ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.
അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു മൂര്‍ഛിച്ചുവീഴും.”
(ആമോസ്‌ 8 : 11-13)

വീട്ടിൽ അമ്മയുള്ളപ്പോൾ അമ്മയുടെ വില അറിയില്ല. വീട്ടിലെ ഓരോ കാര്യത്തിലും അമ്മയുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്നും നിശബ്ദമായ സാന്നിധ്യം ആയിരുന്നെങ്കിലും അത് വളരെ ശക്തമായിരുന്നു എന്നും അമ്മ ജീവിതത്തിൽ നിന്നും കടന്നു പോകുമ്പോൾ ആണറിയുന്നത്.

എത്രയോ പേരുടെ ജീവിതങ്ങളിൽ വായിക്കപ്പെടാത്ത മനോഹരമായ ഒരു ഗ്രന്ഥമാണ് അമ്മ. ഒന്ന് മനസ് വച്ചാൽ വായിക്കാമായിരുന്നു എന്നു പിന്നീട് ഓർത്താൽ പ്രയോജനവുമില്ല.

അത് പോലെ കോവിഡ് കാലഘട്ടങ്ങളിൽ lockdown വന്നപ്പോൾ അനുദിനം കിട്ടിക്കൊണ്ടിരുന്ന വിശുദ്ധ കുർബാന പൊടുന്നനെ നിഷേധിക്കപ്പെട്ടപ്പോൾ ഇനിയൊരിക്കൽ കൂടി ജീവിച്ചിരിക്കുമ്പോൾ ദിവ്യകാരുണ്യം ലഭിക്കുമോ, ഇനിയൊരിക്കൽ കൂടി ദൈവാലയത്തിൽ പ്രവേശിക്കുവാൻ പറ്റുമോ എന്നു സങ്കടപ്പെട്ട നാളുകൾ ഉണ്ടായിരുന്നു.

എന്നാൽ ദൈവം മഹാകരുണയോടെ വീണ്ടും വിശുദ്ധ കുർബാന സ്വീകരിക്കുവാൻ അവസരം തന്നു.

ആദ്യമായി ദൈവാലയം വീണ്ടും തുറന്നത് കണ്ടപ്പോൾ ആവേശത്തോടും സ്നേഹാധിക്യത്തോടും കൂടി ഓടിക്കയറി പങ്കുകൊണ്ട വിശുദ്ധ കുർബാനയ്ക്കു ആദ്യകുർബാന സ്വീകരണത്തിന്റെ അതേ അനുഭവമായിരുന്നു.

എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ വിശുദ്ധ കുർബാനയ്ക്ക് ഞാൻ പോകാതിരുന്നിട്ടില്ല. കാരണം ഇതൊക്കെയും ദൈവത്തിന്റെ സൗജന്യദാനങ്ങൾ ആണെന്നും ഏതു നിമിഷവും പിൻവലിക്കപ്പെടാവുന്നതും ആകയാൽ നമുക്ക് ലഭിച്ചിരിക്കുന്ന ചെറുതും വലുതുമായ ആത്മീയ അവസരങ്ങൾ ഒട്ടും നഷ്‌ടപ്പെടുത്താതെ ഇരിക്കുവാൻ എത്രയൊ ജാഗ്രത ഉള്ളവരായിരിക്കണം.

എന്റെ ജീവിതത്തിൽ ദൈവവചനം കുറച്ചു ദിവസത്തേയ്ക്കെങ്കിലും ഇല്ലാതായാൽ എന്താണ് പറ്റുന്നത്?

ദൈവവചനം ഇല്ലാതാകുന്ന അവസ്ഥയെക്കാൾ ശ്വസിക്കാൻ വായു ഇല്ലാതാകുക എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

ദൈവവചനം എനിക്കെന്തായിരുന്നു എന്നു ഞൊടിയിടയിൽ മനസിലാകും.

മനസ് തകർന്നിരിക്കുന്ന അവസ്ഥയിൽ ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിക്കുന്ന ദൈവവചനം.

അദൃശ്യമായ കൈകളാൽ കണ്ണുനീരൊപ്പുന്ന ദൈവവചനം.

ഭയപ്പെട്ടിരിക്കുന്ന അവസ്ഥയിൽ സ്നേഹത്തോടെ, കരുത്തോടെ മാറോടണയ്ക്കുന്ന ദൈവവചനം.

മൃത പ്രായമായ ആത്മാവിന്റെ അവസ്ഥയിൽ നവജീവൻ പകരുന്ന ദൈവവചനം

പിശാചുക്കളുടെ കൂട്ടമെതിരെ പാഞ്ഞു വന്നാലും അവയെ ഞൊടിയിടയിൽ തകർത്തു പലായനം ചെയ്യിക്കുന്ന ദൈവവചനം

കൂടെ വസിക്കുന്ന ദൈവവചനം

നമ്മോടു സംസാരിക്കുന്ന ദൈവവചനം.

നാം ആരായിരുന്നെന്നും ആരാണെന്നും നാം ആരാകാൻ ഉള്ളവരാണെന്നും നമുക്കാരൊക്കെയുണ്ടെന്നും അധികാരത്തോടെ പറഞ്ഞു തരുന്ന ഏക ഗ്രന്ഥമാണിത്.

ദൈവവചനം ആവുന്നിടത്തോളം ദാഹത്തോടെ വായിക്കാം.

പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഹൃദയത്തിൽ സംഗ്രഹിക്കാം.

തേനീച്ചകൾ തേൻ സംഭരിക്കുന്നത് പോലെ അങ്ങനെ ഹൃദയത്തിൽ ദൈവവചനം സംഗ്രഹിച്ചാൽ ജീവിതത്തിലെ ഓരോ നിമിഷവും തേനറയിൽ നിന്നും തേനിറ്റു വീഴും പോലെ നമ്മുടെ ഹൃദയത്തിൽ ദൈവവചനത്തിന്റെ മാധുര്യം നിറയും.

നമ്മോടു സംസാരിക്കുന്നവരിലേക്ക് ദൈവവചനത്തിന്റെ മാധുര്യം പകരപ്പെടും.

“നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക. പ്രേമം മരണത്തെപ്പോലെ ശക്‌തമാണ്‌. “
ഉത്തമഗീതം 8 : 6

ദൈവത്തിന്റെ ഏകജാതനും ബലവാനായ ദൈവവും മനുഷ്യനായി അവതരിച്ച ദൈവവചനവുമായ ഈശോയെ എന്റെ ഹൃദയത്തിൽ ഞാൻ വഹിച്ചാൽ അവിടുന്ന് ഹൃദയത്തിൽ ഇരുന്നു സംസാരിച്ചു തുടങ്ങും. ഞാൻ കേട്ട ദൈവവചനങ്ങളുടെ അർത്ഥം എനിക്ക് പറഞ്ഞു തരും.

വചനമായ ദൈവമായ ഈശോയെ ഹൃദയത്തിൽ ഞാൻ സ്വീകരിച്ചു കഴിഞ്ഞാൽ എന്റെ രാജാവും ദൈവവുമായി ഞാൻ അവിടുത്തെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ അവിടുന്ന് എന്റെ കാര്യങ്ങൾ ഓരോന്നും ശ്രദ്ധയോടെ നോക്കിക്കൊള്ളും.

എന്റെ ഹൃദയത്തിൽ ഈശോ എഴുന്നള്ളി വന്നാൽ എന്റെ ഹൃദയത്തിൽ ദൈവവചനത്തിന് ഒരിക്കലും ക്ഷാമം ഉണ്ടാകുകയില്ല.

ലോകം ഒരിക്കലും കാണാത്ത ഹൃദയത്തിന്റെ ഉള്ളറകളിൽ നമുക്കായി നല്കപ്പെട്ട മുഴുവൻ ദൈവവചനങ്ങളും ഭദ്രമായി സുരക്ഷിതമായിരിക്കും.

“ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്‌നിയെ കെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക്‌ അതിനെ ആഴ്‌ത്താന്‍ കഴിയുകയുമില്ല. പ്രേമം വിലയ്‌ക്കു വാങ്ങാന്‍ സര്‍വസമ്പത്തും കൊടുത്താലും അത്‌ അപഹാസ്യമാവുകയേയുള്ളു.”
(ഉത്തമഗീതം 8 : 7)

എന്ത് തന്നെ സംഭവിച്ചാലും ലോകമെമ്പാടും ദൈവവചനത്തിന് ക്ഷാമം വന്നാലും സ്നേഹത്തോടെ ഹൃദയങ്ങളിൽ ഒളിപ്പിക്കപ്പെട്ട ദൈവവചനം സുരക്ഷിതമായിരിക്കും. അത് ഒരു കുറവുമില്ലാതെ പഴയതു പോലെ യഥാസമയം ആത്മാവിന് പോഷണമേകുകയും ചെയ്യും.

വളരെ ചെറുതായിരുന്നപ്പോൾ സമ്പൂർണ ബൈബിൾ എന്റെ വീട്ടിൽ ഇല്ലായിരുന്നു. പഴയ നിയമത്തിലെ കാര്യങ്ങളൊക്കെ പള്ളിയിൽ വായിക്കുമ്പോൾ എന്തൊരു കൊതിയായിരുന്നു ഒരു സമ്പൂർണ ബൈബിൾ കിട്ടുവാൻ.

അങ്ങനെ നോക്കി നോക്കിയിരുന്നു ഒരു നാൾ സമ്പൂർണ ബൈബിൾ കയ്യിൽ കിട്ടിയപ്പോൾ എന്തൊരാർത്തിയോടെയാണ് ഓരോ താളും മറിച്ചു നോക്കിയത്.

ഓരോന്നും ആദ്യമായി വായിച്ചത്.

Sunday സ്കൂളിൽ പഠിക്കുമ്പോൾ ഓരോ ആഴ്ചയിലും ദൈവവചനമൊക്കെ വായിക്കണമായിരുന്നു.

ഈശോയെക്കുറിച്ചു, വിശുദ്ധരെകുറിച്ച് എന്ത് മാത്രം നല്ല അറിവുകളാണ് അന്നൊക്കെ സൺ‌ഡേ സ്കൂൾ ക്ലാസ്സുകളിൽ നിന്നും ലഭിച്ചത്.

ഓരോ ഞായറാഴ്ചയും സൺ‌ഡേ സ്കൂൾ ലൈബ്രറിയിൽ നിന്നും ലഭിക്കുന്ന വിശുദ്ധരുടെ ജീവചരിത്രങ്ങൾ എനിക്ക് എത്രയോ പ്രിയപ്പെട്ടവയായിരുന്നു.

ആ നാളുകളിൽ ആണ് മമ്മ മാർഗരറ്റിനെയും ലോറ ഡെൽ കാർമൻ വികൂണയെയും ഡോൺ ബോസ്കോയെയും ഡോമിനിക് സാവിയോയെയും ചാൾസ് ദ് ഫുക്കോയെയും ഒക്കെ കുറിച്ച് സലേഷ്യൻ പ്രസിദ്ധീകരണങ്ങളിലൂടെ വായിച്ചത്.

അവരുടെ ജീവിതങ്ങളിലൂടെ നടക്കുന്ന അനുഭവം ആയിരുന്നു അന്നൊക്കെ.

ദൈവവചനം വായിക്കുമ്പോഴും ഇതേ അനുഭവമാണ് ഉണ്ടാകേണ്ടത്.

അതിലേക്ക് ഇറങ്ങിചെല്ലണം.
ഉല്പത്തി മുതൽ നാം വായിക്കുവാൻ ഈശോ നമുക്ക് ഒരവസരം നൽകുമ്പോൾ ഉല്പത്തിയിലേയ്ക്ക് ഈശോയോടൊപ്പം സഞ്ചരിച്ചു അവിടുത്തോടൊപ്പം ആ കാലങ്ങളിലൂടെ സഞ്ചരിച്ചു ദൈവപരിപാലനയുടെ വിസ്മയങ്ങൾ കാണണം.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.
ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു.
(ഉല്‍പത്തി 1 : 1-2)

ദൈവം മാത്രമുണ്ടായിരുന്ന ഒന്നുമില്ലായ്മയുടെ ശൂന്യതയിലേയ്ക്ക് ഒരു മാത്ര നാം കടന്നു ചെല്ലുമ്പോൾ നമ്മുടെ ആത്മാവിന്റെ ആദ്യ അവസ്ഥയിലേക്ക് തന്നെയല്ലേ നാം കടന്നു ചെല്ലുന്നത്?

അന്ധകാരാവൃതമായ നമ്മുടെ ആത്മാവിന്റെ അന്തരീക്ഷത്തിൽ തന്നെയല്ലേ ദൈവാത്മാവ് ചലിച്ചു കൊണ്ടിരിക്കുന്നത്?

തുടർന്ന് ദൈവവചനത്താൽ ഓരോന്നും സൃഷ്ടിക്കപ്പെടുന്നതായി കാണുമ്പോൾ എത്രയോ ശ്രദ്ധയോടും മഹാജ്ഞാനത്തോടും ദീർഘ വീക്ഷണത്തോടും ചിട്ടയോടും കൂടെയാണ് നമുക്കായി ഓരോന്നും സൃഷ്ടിക്കപ്പെട്ടത് എന്നു ധ്യാനിക്കാം.

ഓരോ വചനവും പരിശുദ്ധാത്മാവിനോടൊപ്പം വായിക്കുമ്പോൾ നമ്മുടെ ആത്മാവിന് തനതായ രീതിയിൽ ലളിതമായി നമ്മുടെ ജീവിതത്തോട് ബന്ധപ്പെടുത്തി പരിശുദ്ധാത്മാവ് വളരെ കരുണയോടും ക്ഷമയോടും കൂടെ പറഞ്ഞു തരും.

“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.”
(ഹെബ്രായര്‍ 4 : 12)

ഒരേ ദൈവവചനം ഓരോരുത്തർക്കും ഓരോ വിധത്തിൽ ആണ് അനുഭവപ്പെടുന്നത്.

ചിലർക്ക് സ്നേഹാനുഭവം, ചിലർക്ക് സൗഖ്യം, ചിലർക്ക് ശാസന, ചിലർക്ക് മുന്നറിയിപ്പ്, ചിലർക്ക് ചില ചോദ്യങ്ങളുടെ ഉത്തരം.

ദൈവവചനത്തെ ഇന്ന് മുതൽ സ്നേഹിച്ചു തുടങ്ങാം. അമൂല്യമായ ഈ നിധി ഇന്ന് മുതൽ ഹൃദയവാതിലുകൾ തുറന്നു അതിന്റെ ഉള്ളറകളിൽ ശേഖരിച്ചു തുടങ്ങാം…

ദൈവവചനത്തിന്റെ ഈ ക്ഷേമകാലങ്ങളിൽ ആവോളം ദൈവവചനം സ്നേഹലിപികളിൽ എഴുതി ഹൃദയഫലകങ്ങളിൽ സൂക്ഷിച്ചു തുടങ്ങാം അനിവാര്യമായ
ഒരു ക്ഷാമകാലത്തേയ്ക്കായി….

Leena Elizabeth George

Advertisements

Leave a comment