March 6 | പെർപെച്വയും ഫെലിസിറ്റിയും അവരുടെ കൂട്ടുകാരും

“അപ്പാ, വെള്ളം നിറഞ്ഞിരിക്കുന്ന ഈ കൂജ കണ്ടോ, ഈ വെള്ളപാത്രത്തെ മറ്റെന്തെങ്കിലും പേരിൽ വിളിക്കാൻ കഴിയുമോ? “, ഞാൻ ചോദിച്ചു. “ഇല്ല “ എന്ന് മറുപടി വന്നു. “അങ്ങനെയെങ്കിൽ ഞാൻ വിളിക്കപ്പെടേണ്ട ‘ ക്രിസ്ത്യാനി ‘ എന്ന പേരിലല്ലാതെ വേറെ എന്ത് പേരിലാണ് ഞാൻ അറിയപ്പെടേണ്ടത്? “

ക്രിസ്ത്യാനി എന്ന പേര് കേട്ടതും എന്റെ പിതാവ്, എന്റെ കണ്ണ് പിഴുതെടുക്കാൻ എന്നവണ്ണം എന്റെ അടുത്തേക്ക് ചാടി. പക്ഷേ എന്നെ ഒന്ന് കുലുക്കാനല്ലാതെ വേറൊന്നിനും കഴിയാതെ പരാജിതനെപ്പോലെ പിൻവാങ്ങി… ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചു. ആ വിശുദ്ധ ചടങ്ങിന് ശേഷം, സഹനശക്തിക്ക്‌ വേണ്ടിയല്ലാതെ വേറെ ഒന്നിനും വേണ്ടി പ്രാർത്ഥിക്കാനുള്ള പ്രേരണ പരിശുദ്ധാത്മാവിൽ നിന്ന് എനിക്ക് ലഭിച്ചിട്ടില്ല“.

ക്രിസ്ത്യൻ യുഗത്തിന്റെ ആദ്യനൂറ്റാണ്ടുകളിലൊന്നിൽ വീരോചിതമായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ പെർപെച്വയുടെ വാക്കുകളാണ് അത്. ക്രിസ്തീയവിശ്വാസത്തിന്റെ പേരിൽ അറസ്റ്റിലായപ്പോൾ, തന്നെ അനുനയിപ്പിച്ചും വാദിച്ചും മനസ്സ് മാറ്റാൻ വന്ന പിതാവിനോടാണ് അവൾ സംസാരിച്ചത്. വിശ്വാസ ദൃഢത കൊണ്ടും രക്തസാക്ഷിത്വത്തോടുള്ള കൊതി കൊണ്ടും ക്രിസ്തുവിനെപ്രതി സഹിക്കുന്നതിലുള്ള ആനന്ദം കൊണ്ടും

ദൈവാശ്രയത്വബോധം കൊണ്ടും ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്‌ണത കൊണ്ടും നമ്മെ അതിശയിപ്പിക്കുന്നവരാണ് നോർത്ത് ആഫ്രിക്കയിലെ കാർത്തേജിൽ ജീവിച്ചിരുന്ന പെർപെച്വയും ഫെലിസിറ്റിയും അവരുടെ കൂട്ടുകാരും.

ആദ്യനൂറ്റാണ്ടുകളിൽ ആദരിക്കപ്പെടുന്ന വിശുദ്ധർ മിക്കവരും തന്നെ രക്തസാക്ഷികളായിരുന്നു. അവരിൽ പ്രധാനികളായി, വിശ്വാസികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചവരാണ് ഇവരെല്ലാം. അവരുടെ രക്തസാക്ഷിത്വത്തെപറ്റിയുള്ള വിവരണങ്ങൾ, നാലാം നൂറ്റാണ്ടിൽ ആഫ്രിക്കയിലെ പള്ളികളിൽ സാഘോഷം വായിക്കാറുണ്ടായിരുന്നു. വിശുദ്ധ അഗസ്റ്റിൻ ഈ വിശുദ്ധരെപറ്റി വലിയ ആദരവോടെയാണ്‌ സംസാരിക്കാറുണ്ടായിരുന്നത് . ലോകമൊട്ടുക്കും തന്നെ സഭയുടെ വിശുദ്ധരായും കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തപ്പെട്ടവരായും അവർ വണങ്ങപ്പെടുന്നു.

അവരുടെ സഹനത്തെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള വിവരങ്ങൾ പ്രധാനമായും ലഭിച്ചത് കുലീനയും നല്ല വിദ്യാഭ്യാസം സിദ്ധിച്ചിരുന്നവളുമായ, ഗ്രീക്കും ലാറ്റിനും നന്നായി അറിയാമായിരുന്ന പെർപെച്വയുടെ ഡയറിയിൽ നിന്ന് തന്നെയാണ്. അവളുടെ മരണത്തിന്റെ അന്ന് വരെ എഴുതി അവൾ നിർത്തിയിടത്തു നിന്ന്, അവരുടെ രക്തസാക്ഷിത്വത്തിന്റെ ഒരു ദൃക്സാക്ഷി ഒടുക്കവും തുടക്കവും എഴുതിചേർത്തു. അവരുടെ പീഡനചരിത്രം, അനുഭവസ്ഥയുടെ തന്നെ വാക്കുകളിൽ എഴുതിയിട്ടുള്ളതിൽ ആദ്യത്തേതിൽ പെടുന്ന മനോഹരരചനയാണ്.

പ്രഭുകുടുംബത്തിലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കാമായിരുന്ന, ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ പെർപെച്വ യേശുവിനെ പറ്റി അറിഞ്ഞപ്പോൾ അവനെപ്രതി മാത്രം ജീവിക്കുവാനും മരിക്കുവാനുമാണ് ഇഷ്ടപ്പെട്ടത്. അവളുടെ മാതാവ് ക്രിസ്ത്യാനിയും പിതാവ് വിജാതീയനും ആയിരുന്നെന്ന് കരുതപ്പെടുന്നു. മൂന്നാം നൂറ്റാണ്ടിലെ മൂന്നാം വർഷത്തിൽ, അതായത് 203 ൽ നടന്ന സംഭവങ്ങളാണ് ഇനി പറയുന്നത്.

മൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ക്രിസ്ത്യാനികൾക്കെതിരെയുള്ള മതപീഡനങ്ങൾ കുറഞ്ഞിരുന്നു. ക്രിസ്ത്യാനികളുടെ എണ്ണം അത്രയ്ക്കധികമായതു കൊണ്ട് പുതിയ മതത്തെ ഇല്ലാതാക്കാമെന്ന പ്രതീക്ഷ അധികാരികൾക്ക്‌ ഇല്ലാതായി, എങ്കിലും ചക്രവർത്തി സെപ്റ്റീമിയസ് സെവേറസ് 202 ൽ പുറപ്പെടുവിച്ച രാജശാസന പുതിയതായി മതം മാറുന്നവരെ ഉദ്ദേശിച്ചായിരുന്നു, മറ്റുള്ളവരും കൂടി അവരുടെ പാത പിന്തുടരാതിരിക്കാൻ.

അക്കാലത്ത് വീടുകളിലാണ് ക്രിസ്ത്യാനികൾ ഒന്നിച്ചുകൂടിയിരുന്നത്. ജ്ഞാനസ്നാനാർത്ഥികളായിരുന്ന, പാലൂട്ടേണ്ട പ്രായത്തിലുള്ള ഒരു മകന്റെ അമ്മയായ 22 വയസ്സുള്ള പെർപെച്വ, അടിമകളായ റെവോകേറ്റസ്, എട്ടുമാസം ഗർഭിണിയായ ഫെലിസിറ്റി എന്നിവരും സാറ്റർണിനൂസ്, സെക്കണ്ടുലസ് എന്നിവരും അവർക്ക് മാമോദീസ സ്വീകരിക്കാനായി പരിശീലനം നൽകിവന്നിരുന്ന സാറ്ററസ് എന്ന അൽമായനും ഒന്നിച്ചു വീട്ടുതടങ്കലിലായി. നിരുപാധികം കീഴടങ്ങിയ സാറ്ററസിനെ പോലെ മറ്റുള്ളവരും കീഴടങ്ങി.

ക്രിസ്ത്യാനിയാകാനുള്ള പെർപെച്വയുടെ മനസ്സ് മാറ്റാൻ അവളുടെ പിതാവ് ആവുന്നത്ര ശ്രമിച്ചെങ്കിലും അവളുടെ ദൃഡനിശ്ചയത്തെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജ്ഞാനസ്നാനം സ്വീകരിച്ചതിന് ശേഷം കുറച്ചു ദിവസം കഴിഞ്ഞ് അവരെയെല്ലാം ജയിലിലേക്ക് മാറ്റി.

“ഞാൻ ഭയപ്പെട്ടുപോയി”, പെർപെച്വ പറഞ്ഞു, “ കാരണം ഇത്ര കനത്ത ഇരുട്ട് ഞാൻ അറിഞ്ഞിട്ടില്ല. എന്തൊരു ഭയാനകമായ ദിവസം! സഹിക്കാനാവാത്ത ചൂട്, പട്ടാളക്കാരുടെ പരുക്കൻ പെരുമാറ്റം, എല്ലാറ്റിനും മേലെയായി എന്റെ കുഞ്ഞിനെക്കുറിച്ചുള്ള വേവലാതിയാലും ഞാൻ പീഡിപ്പിക്കപ്പെട്ടു “.

ടെർഷ്യസ്, പൊമ്പോണിയസ് എന്ന രണ്ടു ഡീക്കന്മാർ കാവൽക്കാർക്ക് അൽപ്പം പണം കൊടുത്ത് അവരെയെല്ലാം കുറച്ചുകൂടെ നല്ല സ്ഥലത്തേക്ക് മാറ്റിച്ചു. പെർപെച്വയുടെ കുഞ്ഞിനെ എല്ലാ ദിവസവും അവളുടെ അടുത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് അവൾക്ക് വലിയ ആശ്വാസമായി. പിന്നീട് ജയിലിൽ കുഞ്ഞിനെ കൂടെ താമസിപ്പിക്കുവാനുള്ള അനുവാദം ലഭിച്ചു. “ജയിൽ പെട്ടെന്ന് എനിക്ക് കൊട്ടാരമായി മാറി “ അവളുടെ വാക്കുകൾ.. “വേറെ എവിടെ ആകുന്നതിനേക്കാളും എനിക്ക് അവിടെ തന്നെ ആയിരുന്നാൽ മതിയെന്ന് തോന്നി “.

ഒരു രാത്രിയിൽ പെർപെച്വക്ക്‌ ഒരു ദർശനമുണ്ടായി.അവളുടെ വാക്കുകളിലേക്ക്…

“സ്വർഗ്ഗത്തോളമെത്തുന്ന ഒരു സ്വർണ്ണഗോവണി ഞാൻ കണ്ടു, പക്ഷേ അത് വളരെ ഇടുങ്ങിയതായിരുന്നതിനാൽ ഒരു സമയത്ത് ഒരാൾക്ക് മാത്രമേ അതിലൂടെ കയറാൻ കഴിയുമായിരുന്നുള്ളു. ഗോവണിയുടെ വശങ്ങളിൽ അനേകം തരത്തിലുള്ള ഇരുമ്പായുധങ്ങൾ കെട്ടിയിട്ടിരുന്നു. അതിൽ വാളുകളും കുന്തങ്ങളും കൊളുത്തുകളും കഠാരയുമൊക്കെയുണ്ടായിരുന്നു. ഗോവണിയുടെ താഴെയായി ഭീമാകാരനായ ഒരു വ്യാളി ഉണ്ടായിരുന്നു.

സാറ്ററസ് ആണ് ആദ്യം മുകളിലേക്ക് പോയത്. ഗോവണിയുടെ മുകളിലെത്തിയപ്പോൾ എന്നോട് പറഞ്ഞു, “പെർപെച്വ, ഞാൻ നിന്നെ കാത്തിരിക്കും, വ്യാളിയുടെ കടിയേൽക്കാതിരിക്കാൻ സൂക്ഷിക്കുക”. ഞാൻ പറഞ്ഞു, “യേശുക്രിസ്തുവിന്റെ നാമത്തിൽ, അവൻ എന്നെ ഉപദ്രവിക്കില്ല”. വ്യാളി പേടിച്ചതുപോലെ പതിയെ തല താഴ്ത്തികിടന്നു. ആദ്യത്തെ പടിയായി ഞാൻ അതിന്റെ തലയിൽ ചവിട്ടി.

മുകളിലേക്ക് പോയ ഞാൻ വലിയൊരു പൂന്തോട്ടം കണ്ടു, അതിന്റെ നടുവിൽ ഇടയന്റെ ഉടുപ്പിൽ, വെള്ളമുടിയുമായി നല്ല ഉയരത്തിലുള്ള ഒരാളെ കണ്ടു…അവനുചുറ്റും ആയിരങ്ങൾ വെള്ളവസ്ത്രത്തിൽ നിന്നിരുന്നു. ആ ഉയരമുള്ള ആൾ തല ഉയർത്തി എന്നെ നോക്കിയിട്ട് പറഞ്ഞു, “സ്വാഗതം, എന്റെ കുഞ്ഞേ “. അവന് ചുറ്റും നിന്നിരുന്നവർ ആമ്മേൻ എന്ന് പറഞ്ഞു. ആ ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നത്… ഏറെ സഹിക്കാനുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അപ്പോൾ മുതൽ ഈലോകജീവിതത്തിൽ ഞങ്ങൾ പ്രത്യാശ വെക്കാതെയായി”.

വിചാരണക്കായി അവരെ കൊണ്ടുപോകും മുൻപ് പെർപെച്വയുടെ പിതാവ് അവളെ കാണാൻ ജയിലിൽ വന്നു. അവളുടെ മുൻപിൽ മുട്ടിൽ വീണ് അവളുടെ കരം മുത്തിക്കൊണ്ട് പറഞ്ഞു, “മകളെ, നിന്റെ പിതാവിനോട് ദയ കാണിക്കൂ… അമ്മയെ നോക്കൂ…. നിന്നെക്കൂടാതെ തനിയെ ജീവിക്കാൻ കഴിയാത്ത നിന്റെ മകനെ നോക്കൂ “.

അവളുടെ രക്തസാക്ഷിത്വം പിതാവിനെ ആനന്ദിപ്പിക്കില്ല എന്നതിൽ അവൾക്ക് വിഷമം തോന്നി. ആശ്വസിപ്പിക്കാനായി അവൾ പറഞ്ഞു, “ ദൈവം തിരഞ്ഞെടുക്കുന്നതേ വേദിയിൽ സംഭവിക്കൂ, കാരണം സത്യമായും ഞങ്ങളുടെ സ്വന്തം ശക്തിയിലല്ല ദൈവത്തിന്റെ ശക്തിയിലാണ് ഞങ്ങളുള്ളത്“.

വിചാരണ നടന്നത് വലിയ ജനക്കൂട്ടത്തിന്റെ മുൻപിൽ പൊതുചത്വരത്തിൽ ആയിരുന്നു. മറ്റുള്ളവരെ ചോദ്യം ചെയ്തപ്പോൾ അവരുടെ വിശ്വാസം അവർ ഏറ്റുപറഞ്ഞു. പെർപെച്വയുടെ ഊഴമായപ്പോൾ അവളുടെ പിതാവ് അവളുടെ കുഞ്ഞിനേയും കൊണ്ട് അടുത്തുവന്ന് പറഞ്ഞു, “ ഈ കുഞ്ഞിനോട് ദയ കാണിക്കൂ “. ന്യായാധിപനായ ഹിലേരിയോണും അതേറ്റു പിടിച്ചു, “ നിന്റെ പിതാവിന്റെ നരച്ച തലയെ ഓർത്ത്, നിന്റെ കുഞ്ഞിന്റെ ഇളംപ്രായത്തെ ഓർത്ത് ദേവന്മാർക്ക് ബലിയർപ്പിക്കൂ “.

പെർപെച്വ ഉറച്ച സ്വരത്തോടെ പറഞ്ഞു, “ഇല്ല “. “നീ ക്രിസ്ത്യാനിയാണോ? “ ഹിലേരിയോൺ ആരാഞ്ഞു. “ അതെ, ഞാൻ ക്രിസ്ത്യാനിയാണ് “. അവൾ പറഞ്ഞു.

അവരെയെല്ലാം വന്യമൃഗങ്ങൾക്കിരയാക്കാൻ വിധി വന്നു. അവർ ആനന്ദത്തോടെ ജയിലിലേക്ക് തിരികെ പോയി.

സെക്കണ്ടുലസ് ജയിലിൽ വെച്ച് തന്നെ മരണമടഞ്ഞെന്ന് കരുതപ്പെടുന്നു. സാറ്ററസിനെയും സാറ്റർണിനൂസിനേയും റെവോക്കേറ്റസിനേയും ചാട്ടവാറിനടിക്കാനും പെർപെച്വയെയും ഫെലിസിറ്റിയെയും മുഖത്തടിക്കാനും ഹിലേരിയോൺ ഉത്തരവിട്ടു. രാജകുമാരന് ‘കൗതുകമുണ്ടാക്കുന്ന വിനോദത്തിനായി‘ അവരെ ജയിലിൽ സൂക്ഷിച്ചു.

അറസ്റ്റിലാകുന്ന സമയത്ത് ഫെലിസിറ്റി ഗർഭിണിയായിരുന്നു. വിനോദത്തിന്റെ (ശിക്ഷയുടെ) ദിനങ്ങൾ അടുത്തപ്പോൾ അവൾ എട്ടാം മാസത്തിലായിരുന്നു. ഗർഭിണികൾക്ക് വധശിക്ഷ പതിവില്ലാതിരുന്നതിനാൽ, തന്നെ മറ്റുള്ളവരോടൊപ്പം മരണം വരിക്കാൻ വിടില്ലെന്നവൾ ഭയന്നു. അവരെല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി, ശിക്ഷ നടപ്പാക്കുന്നതിന്റെ മൂന്ന് ദിവസം മുൻപ് അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ഒരു ക്രിസ്ത്യൻ സ്ത്രീ വേഗം തന്നെ കുഞ്ഞിനെ ദത്തെടുത്തു.

പ്രസവക്ലേശത്തിൽ അവൾ ഉറക്കെ നിലവിളിച്ചപ്പോൾ അത് കേട്ടുകൊണ്ട് നിന്നിരുന്ന ഒരു ജയിൽ ജീവനക്കാരൻ കളിയാക്കിക്കൊണ്ട് പറഞ്ഞു, “ നീ ഇപ്പോൾ ഇങ്ങനെ കരഞ്ഞാൽ, നിന്നെ വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കുമ്പോൾ നീ എന്താണ് ചെയ്യാൻ പോകുന്നത്? “.

അതിന് ഫെലിസിറ്റിയുടെ മറുപടി, എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും മുഴങ്ങിക്കേൾക്കുന്ന ഒന്നായിരുന്നു, “ഇപ്പോൾ സഹിക്കുന്നത് ഞാൻ

തനിയെ സഹിക്കേണ്ടതാണ്. അവിടെ, എനിക്കായി സഹിക്കാൻ മറ്റൊരാൾ എന്നിൽ ഉണ്ടായിരിക്കും, കാരണം ഞാൻ സഹിക്കാൻ പോകുന്നത് അവനുവേണ്ടിയാണ് “.

‘വിനോദങ്ങൾ’ നടക്കാൻ പോകുന്നതിന്റെ തലേന്ന്, വധിക്കാൻ പോകുന്ന കുറ്റവാളികൾക്ക് സാധാരണ കൊടുക്കാറുള്ള പോലെ വിഭവസമൃദ്ധമായ ഭക്ഷണം ലഭിച്ചപ്പോൾ അപ്പം മുറിക്കൽ ശുശ്രൂഷക്ക്‌ ശേഷമുള്ള സ്നേഹവിരുന്ന് ( അഗാപ്പെ ) ആയി അവരതിനെ മാറ്റി. അവർക്ക് ചുറ്റും കൂടിയ ജനക്കൂട്ടത്തെ അവർ അഭിവാദ്യം ചെയ്തു, ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചും കർത്താവിനായി സഹിക്കാൻ സാധിക്കുന്നതിൽ അവർക്കുള്ള അവാച്യമായ ആനന്ദത്തെക്കുറിച്ചും പറഞ്ഞു. അവരുടെ ശാന്തഭാവവും ധൈര്യവും ആത്മവിശ്വാസവും അനേകം പേരെ മാനസാന്തരപ്പെടുത്തി.

ശിക്ഷ നടപ്പാക്കുന്ന ദിവസം നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് തല ഉയർത്തിപ്പിടിച്ചു തന്നെ അവർ നടന്നു. പെർപെച്വ പാടുകയായിരുന്നു. പ്രകാശം വിതറുന്ന പോലുളള അവളുടെ വ്യക്തിത്വം എല്ലാവരിലും മതിപ്പുളവാക്കി. “ക്രിസ്തുവിന്റെ യഥാർത്ഥ മണവാട്ടിയായി, ദൈവത്തിന്റെ പ്രിയപ്പെട്ടവളായി, മഹത്വമേറിയ സാന്നിധ്യത്തിൽ അവൾ നടക്കുമ്പോൾ , അവളുടെ നോട്ടം താങ്ങാനാവാതെ ചുറ്റുമുള്ളവർ തല കുനിച്ചു”.

സാറ്ററസും സാറ്റർണിനൂസും റെവോക്കേറ്റസും പുള്ളിപ്പുലിയാലും കരടിയാലും പിച്ചിചീന്തപെട്ടപ്പോൾ പെർപെച്വയെയും ഫെലിസിറ്റിയെയും വെകിളി പിടിച്ച കാളക്ക്‌ മുന്നിലിട്ടു. പെർപെച്വയെ അത് ആദ്യം എടുത്തെറിഞ്ഞു. അവളുടെ കീറിയ വസ്ത്രം കൂട്ടിപ്പിടിച്ചുകൊണ്ട് അവൾ വല്ലാതെ മുറിവേറ്റിരിക്കുന്ന ഫെലിസിറ്റിയുടെ അടുത്തേക്കോടി. രണ്ടാൾക്കും ജീവൻ ബാക്കിയായിരുന്നതുകൊണ്ട് അവരുടെ കഴുത്ത് വെട്ടാൻ തീരുമാനമായി.

പെർപെച്വയുടെ അവസാന വാക്കുകൾ ഇതായിരുന്നു. “ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, പരസ്പരം സ്നേഹിക്കുക, നിങ്ങളുടെ സഹനങ്ങൾ നിങ്ങൾക്ക് പ്രതിബന്ധമാകരുത് “. രണ്ടുപേരും പരസ്പരം ചുംബിച്ച് മരണത്തിന് തയ്യാറായി. ആരാച്ചാരുടെ വിറയൽ മൂലം ആദ്യത്തെ വെട്ട് കൊള്ളാതിരുന്നപ്പോൾ പെർപെച്വ സ്വയം തന്റെ കഴുത്തിൽ ആയുധം ശരിയായി വീഴുന്നതിന് അയാളെ സഹായിച്ചു.

1907ൽ കാർത്തേജിലെ പ്രസിദ്ധമായ ദേവാലയത്തിൽ കുഴിക്കുമ്പോൾ ആ രക്തസാക്ഷികളുടെ നാമങ്ങൾ ആലേഖനം ചെയ്ത സ്മാരകശിലകൾ അവർ കണ്ടെടുത്തു. അവർ ഇന്നും എല്ലാവരാലും സ്നേഹിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു.

ധീരരക്തസാക്ഷികളായ വിശുദ്ധ പെർപെച്വയുടെയും വിശുദ്ധ ഫെലിസിറ്റിയുടെയും തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements

Leave a comment