പെസഹാ: സ്നേഹം കുർബാനയായ ദിനം

ഇതാ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർക്കായി സ്നേഹമായി മാറിയ ദൈവപുത്രന്റെ ജീവിതത്തിലെ അവർണ്ണനീയമായ ദാനത്തിന്റെ പുണ്യ ദിനം – പെസഹ”. ക്രിസ്തു തന്നെ തന്നെ സ്വയം ദാനമായി നൽകിയ ദിനം. വിശുദ്ധ പൗരോഹിത്യം സഭയിൽ സ്ഥാപികപ്പെട്ട ദിവസം… കൂടെ ആയിരിക്കുവാൻ കൂട്ടാകുവാൻ വേണ്ടി ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച ദിനം… അതിനെല്ലാം ഉപരി തന്റെ ശിഷ്യരോട് കൂടെ അവസാനമായി അത്താഴം കഴിച്ച് അവരുടെ പാദങ്ങൾ കഴുകി സ്നേഹത്തിന്റെ മാതൃക നൽകി… സ്വയം ബലിദാനമായി തന്റെ സഹനങ്ങളുടെ ഗെത്സെമെനിയിലേക്ക് ഈശോ സ്വയം നടന്ന അവസാന നിമിഷങ്ങൾ…

തന്റെ ജീവിതത്തിലെ സഹനങ്ങൾ മുൻപിൽ കണ്ടുകൊണ്ടു തന്നെ അവിടുന്ന് സ്വയം മുറിച്ചു നൽകി… വചനം പറയുന്നു; “ഈ ലോകം വിട്ട് പിതാവിന്‍റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു. (യോഹന്നാന്‍ 13:1) അതെ അവൻ സ്നേഹിച്ചു അവസാനം വരെ സ്നേഹിച്ചു എന്ന്…

ആർക്കാണ് ഇത്രമേൽ സ്വയം മറന്നു തനിക്കു സ്വന്തമായവരെ സ്നേഹിക്കാൻ കഴിയുക? ഉത്തരം നമുക്ക് കാണാൻ കഴിയുക ക്രിസ്തുവിൽ ആണ്. തന്നെ ഒറ്റികൊടുക്കാൻ പോകുന്നവനെയും, തള്ളിപ്പറയാൻ പോകുന്നവനെയും എല്ലാം ഒരുപാലെ സ്‌നേഹിച്ചവൻ ഈശോ സ്നേഹം മാത്രമായിരുന്നു… ഒരു അപ്പക്കഷണവും അല്പം വീഞ്ഞും സ്വന്തം ശരീരരക്തങ്ങൾ ആയി നൽകികൊണ്ട് തന്റെ സഹനങ്ങളെ കുറിച്ച് ശിഷ്യരെ ഓർമപ്പെടുത്തുന്ന ഈശോ… പൗലോസ് ശ്ലീഹ വളരെ മനോഹമായി അതിനെ കുറിച്ചു പറഞ്ഞിരിക്കുന്നു; അത് ഇപ്രാകാരം ആണ്: “കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്,
കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാണ്. എന്‍റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.
അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പ ടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.” (1 കോറിന്തോസ് 11: 23-25)

ഓർമ്മക്കായി ക്രിസ്തു നൽകിയത് തന്റെ തന്നെ ശരീരവും രക്തവും ആണ്. അത് പൂർത്തീകരിച്ചത് കാൽവരിയിലെ ആത്മ ബലിയിൽ… കുരിശിൽ ഈശോ മരിച്ചു എന്നതിനേക്കാൾ അവിടുന്ന് കുരിശിൽ കിടന്നുകൊണ്ട് സ്നേഹക്കുകയാണ് ചെയ്തത് എന്ന് പറയാം. അതാണല്ലലോ അവിടുന്ന് പറഞ്ഞത് “സ്നേഹിതനുവേണ്ടി സ്വന്തം ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല” എന്ന്. നമ്മളൊക്കെ ക്രിസ്തുവിന്റെ സ്നേഹിതർ ആയതുകൊണ്ടാണ് അവിടുന്ന് സ്വയം ബലി ആയി മാറിയത്. അവനെ കുരിശിൽ താങ്ങി കിടത്തിയത് ഇരുമ്പാണികളായിരുന്നില്ല, മറിച്ച് നാം ഓരോരുത്തരോടുമുള്ള സ്‌നേഹമായിരുന്നു. ഈ സ്‌നേഹത്തിന്റെ ആഴത്തിലേക്കും അനശ്വരതയിലേക്കും ക്രിസ്തു ഒരുക്കിയ വിരുന്നുമേശ നമ്മെ ക്ഷണിക്കുന്നുണ്ട്… വിരുന്നു മേശകളിൽ ഒരു അടിമ എന്നത് അന്ന് ഉണ്ടായിരുന്ന ഒന്നായിരുന്നു. അടിമയാണ് എല്ലാവരുടേയും പാദങ്ങൾ കഴുകി അവരെ വിരുന്നു മേശയിലേക്ക് നയിക്കേണ്ടത്. എന്നാൽ ഇവിടെ ക്രിസ്തു അത് മാറ്റി എഴുതി… പിതാവുമായുള്ള സമാനത നിലനിർത്തേണ്ടത് കാര്യമായി പരിഗണിക്കാതെ സ്വയം ദാസന്റെ രൂപം സ്വീകരിച്ച ഈശോയ്ക്കു ഒരു അടിമയോളം താഴുക എന്നതും ബുദ്ധിമുട്ടില്ലായിരുന്നു… അതാണല്ലോ അത്താഴത്തിനു മുൻപ് സ്വയം ഒരു കച്ച അരയിൽ കെട്ടി തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി അവർക്ക് വിനയത്തിന്റെ മാതൃക നൽകിയത്. തന്റെ ശിഷ്യരുടെ പാദങ്ങളിൽ ചുംബനം നൽകികൊണ്ട് അവിടുന്ന് ദാസന്റെ രൂപമായി മാറി. ഇതിലേറെ എങ്ങനെ ആണ് ക്രിസ്തുവിന് നമ്മളെയൊക്കെ സ്നേഹിക്കാൻ കഴിയുക..

അത്താഴ സമയത്ത് അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി… ഈ മേലങ്കി എന്താകും…? ക്രിസ്തു മാറ്റിയ മേലങ്കി നൽകുന്ന ഒരു സന്ദേശം ഉണ്ട് സ്വയം എളിമപ്പെടുക… തൂവലയെടുത്ത് അരയിൽ ചുറ്റി എന്ന് പറയുമ്പോൾ ദാസനായി മാറുക എന്നതാണ്… പിന്നീടോ, ശിഷ്യരുടെ പാദങ്ങൾ കഴുകി.

അതെ ക്രിസ്തുവിന്റെ ശിഷ്യർ എല്ലാവരും പാവം മുക്കുവർ ആയിരുന്നു. അപ്പോൾ നമുക്ക് ഊഹിക്കാം അവരുടെ കാലുകളിൽ മീനിന്റെ ഉളുമ്പുമണം ഉണ്ടാകാം. എങ്കിലും സ്വർഗ്ഗത്തിലെ വലിയവൻ ഇതൊന്നും കാര്യമായി ഗൗനിച്ചില്ല. അവിടുന്ന് അവരുടെ പാദങ്ങളോളം താഴ്ന്നു… ഒരു അടിമയെ പോലെ… എങ്കിലും എവിടെയൊക്കെയോ ഒരു വിങ്ങൽ പോലെ ക്രിസ്തുവിനും ഉണ്ടായിട്ടുണ്ടാകാം… അത് ഒരുപക്ഷെ പണത്തിന്റെ മോഹത്താൽ വീണുപോയ യൂദാസിന്റെ പാദം ചുംബിച്ചപ്പോൾ ആണോ? അതോ എന്തൊക്കെ വന്നാലും ഞാൻ നിന്നെ തള്ളി പറയില്ല എന്ന് പറഞ്ഞ പത്രോസ് തന്നെ തള്ളിപ്പറയും എന്ന് മുൻപേ അറിഞ്ഞിട്ടും അവന്റെ കാലുകൾ ചുംബിച്ചപ്പോൾ ആണോ? അറിയില്ല നാഥാ എങ്കിലും നിന്റെ ഹൃദയം ഒന്ന് വിങ്ങിയിരുന്നു. വരാൻ പോകുന്ന മുഴുവൻ സഹനങ്ങളും മുൻപിൽ ഉള്ളപ്പോളും യോഹന്നാൻ നിന്റെ നെഞ്ചോടു ചേർന്നപ്പോൾ ആണോ തമ്പുരാനെ നിന്റെ അത്മം വിങ്ങിയത്?
എങ്കിലും നാഥാ മനസിന്റെ അടിത്തട്ടിൽ ഇപ്പോൾ ഒരു വിങ്ങൽ ഉണ്ട്… അപരന് നന്മ ആകേണ്ട നിമിഷങ്ങൾ വേണ്ടവിധം ഉപയോഗിച്ചിലല്ലോ എന്നോർത്തുകൊണ്ട്… ശ്രുശൂഷിക്കേണ്ടതിനു പകരം അധികാരി ആയിപ്പോയ നിമിഷങ്ങൾ ഓർത്ത്… എന്നാലും തമ്പുരാനെ നിന്റെ പെസഹാ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന ദിനം ആണിന്ന്… ദിവ്യകാരുണ്യം എന്റെ ഭോജനമായി മാറുമ്പോൾ സ്‌നേഹത്തിന്റെ അനശ്വരഭാഷ്യം ഞാൻ രുചിച്ചറിയുന്നു. തന്റെ ശരീരം അപ്പമായും രക്തം പാനീയമായും നൽകി ഓർമ്മ നിലനിർത്തുവാൻ ആഗ്രഹിച്ച ആ സ്‌നേഹരൂപം ലോകത്തിന് മുന്നിൽ സ്‌നേഹത്തിന്റെ കാലാതിശയിയായ നിർവചനമായി മാറുന്നു…

ദൈവജനത്തിന്റെ ഹൃദയം അറിയുന്നവൻ ആണ് ഒരു പുരോഹിതൻ. ഒരുപാടു പേരുടെ പ്രാർത്ഥനക്കുള്ള ഉത്തരം ആണ് ഓരോ പുരോഹിതന്റെയും ജീവിതം എന്ന് പറയുന്നത്… ഇതാ നിത്യപുരോഹിതൻ ആയ ഈശോ തന്റെ ഹൃദയത്തിന്റെ സ്നേഹമായ പൗരോഹിത്യം സ്ഥാപിച്ച പുണ്യദിനം കൂടിയാണ് പെസഹാ. കലിത്തൊഴുത്തും കാൽവരിയും പുരോഹിതന്റെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത ഭാവങ്ങൾ ആണ്. കാലിത്തൊഴുത്തിലെ ദാരിദ്ര്യവും കാൽവരിയിലെ സഹനങ്ങളും അവന്റെ ജീവിതത്തിന്റെ ഭാഗം ആണ്. ജീവിതം സ്വയദാനമായി നൽകാം എന്ന ഓർമ്മപ്പെടുത്തൽ ആണ് കാൽവരി.

അയക്കപ്പെടുക എന്നതാണ് പുരോഹിതന്റെ അവകാശം… അവനും കടന്നുപോകേണ്ടി വരും; ക്രിസ്തു കടന്നുപോയ എല്ലാ വഴികളും. ഇടക്കൊക്കെ അവനും കാൽവരിയിൽ പോകേണ്ടി വരും… ജീവിതത്തിലെ ദൈവസ്നേഹത്തിന്റെ വീഞ്ഞ് വറ്റിപോയവർക്ക് അവ നിറച്ചു കൊടുക്കുവാൻ ഇടക്ക് അവനു മലമുകളിലേക് പോകേണ്ടി വരും. തന്നെ വിളിച്ചവനോട് കൂടെ ആയിരിക്കാൻ… അവനോടു ആലോചന ചോദിക്കാൻ… പിശാചുക്കളോട് സമരം ചെയ്യാൻ… അവനും നിത്യം സക്രാരിയിൽ നിന്നും ശക്തി സ്വീകരിക്കണം…

ക്രിസ്തു… ദാസന്മാർ ഇല്ലാതിരുന്നിട്ടും എല്ലാവരും യജമാനൻ എന്ന് വിളിക്കപ്പെടുകയും, വലിയ ബിദുരങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ഗുരു എന്ന് വിളിക്കപ്പെടുകയും, കൊട്ടാരം ഇല്ലാതിരുന്നിട്ടും രാജാവെന്ന് വിളിക്കപ്പെടുകയും ചെയ്തവൻ ആകട്ടെ ഓരോ പുരോഹിതന്റെയും ജീവിത കേന്ദ്രം…

ക്രിസ്തുവിനെപ്രതി മുറിയുവാൻ ഇറങ്ങിയവർക്കെല്ലാം അവൻ നൽകിയത് സഹനങ്ങളുടെ കാസ ആയിരുന്നു…
സ്നേഹം ഒരു ഗോതമ്പപ്പത്തോളം ചെറുതായി എങ്കിൽ, നിന്റെ ഹൃദയത്തിൽ വസിക്കാൻ പുരോഹിതരുടെ കരങ്ങളിലൂടെ വരുന്നു എങ്കിൽ, ഈ പെസഹാ ദിനത്തിൽ നീ ഒന്നോർക്കുക; നിന്നെയും അവൻ സ്നേഹിച്ചു… നിന്നോടുള്ള സ്നേഹം അവൻ സ്വയം ഒരു തിരുവോസ്ഥിയിൽ ശൂന്യവത്കരിച്ചു… ദിവ്യകാരുണ്യം എന്നാൽ കൂടെ വസിക്കാൻ കൂട്ടായി മാറിയ ദൈവ സ്നേഹം ആണ്…

ഈ പെസഹായക്ക് അപ്പുറം ഒരു ഗെതസ്മനിയും ഒരു കാൽവരിയും ഒരു പുനരുത്ഥാനവും ഉണ്ടെന്നുള്ള പ്രതീക്ഷ നമ്മുടെ ഹൃദയങ്ങളെ നയിക്കട്ടെ…

ഈശോ ദിവ്യകാരുണ്യമായ ഈ ദിനം അവനോടൊപ്പം നമ്മുടെ ജീവിതങ്ങളും ചേർത്തുവയക്കാം…

💐 പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന്… എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. അമ്മേൻ. 💐

❤‍🔥പെസഹാ തിരുനാൾ ആശംസകൾ ❤‍🔥

Advertisements
Advertisements

4 thoughts on “പെസഹാ: സ്നേഹം കുർബാനയായ ദിനം

Leave a comment