ബസ്സുകളിൽ പുകവലി പാടില്ല എന്ന മുന്നറിയിപ്പിനു പിന്നിലെ ദുരന്തകഥ!!
എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും പുകവലി പാടില്ല എന്ന നിര്‍ദേശം എഴുതിവച്ചിരിക്കുന്നത്?പുകവലിച്ച് രോഗങ്ങൾ പിടിപെട്ട് യാത്രക്കാർ മരിക്കാതിരിക്കാൻ ആണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഇതൊന്നുമല്ല കാരണം.
സ്വാതന്ത്ര്യം കിട്ടി ഏതാനും മാസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ മെയ് 10 നു നടന്ന ആദുരന്തം പൊൻകുന്നത്തെ മുതിർന്ന തലമുറ ഇന്നും ഞെട്ടലോടെ മാത്രം ഓർമ്മിക്കുന്നു.
പ്രൈവറ്റ് ബസ്സ്റ്റാണ്ടിനടുത്ത് ഇന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഇരിക്കുന്നസ്ഥലം. അന്നു A M S ബസ്സുകാരുടെ ബുക്കിംഗ് ഓഫീസ്സായിരുന്നു. ബസ്സുകൾപാർക്കു ചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതും അവിടെനിന്നായിരുന്നു. പെട്രോൾ ടിന്നുകളിൽ നിറച്ചു കൊണ്ടു വന്നായിരുന്നു അന്നൊക്കെ ബസ്സിലെ ടാങ്കിൽ നിറച്ചിരുന്നത്. തൊട്ടടുത്ത് പാക്ക് കച്ചവടക്കാരുടെ സ്ഥലവും അതുണക്കുന്ന സ്ഥലവും. ബസ്സിനുള്ളിൽ കൂടിയാണു പെട്രോൾ ടാങ്കിൽ നിറയ്ക്കുന്നത്. അന്ന് ഈരാറ്റുപേട്ടയ്ക്കു പോകുന്ന ബസ്സിൽ നിറയെ ആൾ…
പെട്രോൾ കൊണ്ടുവന്നു നിറയ്ക്കുന്ന കിളി ആരും തീപ്പെട്ടി ഉരച്ചു ബീഡി കത്തിയ്ക്കരുത് എന്നു സ്ഥിരം പറയും. അന്നും അതു പറഞ്ഞു. പക്ഷേ ഒരു മുഴുക്കുടിയൻ അതു വകവച്ചില്ല. പോടാ, പുല്ലേ എന്നു പറഞ്ഞ് അയാൾ അപ്പോൾ തന്നെ തീപ്പട്ടി ഉരച്ചു. നിമിഷം കൊണ്ട് ബസ് ആളിക്കത്തി. മുലകുടിയ്ക്കുന്ന കുഞ്ഞും അമ്മയും വിരുന്നിനു പോകാനിറങ്ങിയ നവദമ്പതികൾ എന്നിവരെല്ലാം തന്നെ മിനിട്ടുകൾക്കുള്ളിൽ വെന്തു കരിഞ്ഞു. പുരുഷൻ എന്നൊരാൾ പത്തുപന്ത്രണ്ടു പേരെ വലിച്ചിറക്കിരക്ഷപ്പെടുത്തി. അവസാനത്തെ സ്ത്രീയേയും മുലകുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനേയും രക്ഷിക്കാനിരിക്കേ ബോധരഹിതനായി ആ മനുഷ്യൻ ഫുഡ് ബോർഡിൽ വീണു മരിച്ചു.
കത്തിക്കരിഞ്ഞ മനുഷ്യരൂപങ്ങൾ പല്ലിളിച്ചിരിക്കുന്ന കാഴ്ച നിരവധി നാട്ടുകാരുടെ പേടി സ്വപ്നമായി മാറി വളരെക്കാലത്തേയ്ക്ക്.അന്നത്തെ തിരുവിതാംകൂർ മന്ത്രിയായിരുന്ന ശ്രീ ടി എം വർഗീസ് അപകടസ്ഥലം സന്ദർശിച്ചു.
പിന്നീട് സർക്കാർ, ബസ്സിൽ പുകവലി പാടില്ല എന്നു
ബോർഡ് വയ്ക്കണം എന്ന നിയമം കൊണ്ടുവന്നു…
Courtesy
Dr. Kanam Sankara Pillai