പ്രിയപ്പെട്ടവളെ കാണാൻ 5000 km സൈക്കിളിൽ

പ്രിയപ്പെട്ടവളെ കാണാൻ 5000 km സൈക്കിളിൽ
🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲 ചങ്ക്‌സ് മീഡിയ 🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲

സെക്കൻഡ് ഹാൻഡ് സൈക്കിളിൽ ഇന്ത്യയിൽ നിന്നും സ്വീഡനിലേക്ക്‌ 5000 കിലോമീറ്റർ യാത്ര. നാല് മാസം. എത്രയും പെട്ടന്ന് തന്റെ പ്രിയപ്പെട്ടവൾക്കരികിലെത്തണമെന്ന ആഗ്രഹമാണ് അയാളുടെ ആ യാത്രയ്ക്ക് ഇന്ധനമായത്. അതുകൊണ്ട് ആ വലിയ ദൂരം അയാൾ കവിതപോലെ ആസ്വദിച്ചു. ഒറീസക്കാരനായ മഹാനന്ദിയയും സ്വീഡനിൽ നിന്നുള്ള ഷെദ്‍വിനും തമ്മിലുള്ള പ്രണയവും വിവാഹവും ഒരു സാഹസിക യാത്രയുടെ കഥ കൂടിയാണ്.

സഞ്ചാരികൾക്ക് ചിത്രങ്ങൾ വരച്ചു വിൽക്കുന്ന ഒരു കലാ വിദ്യാർത്ഥിയായിരുന്നു മഹാനന്ദിയ അന്ന്. ഒരു ദലിത് കുടുംബത്തിൽ ജനിച്ച അദ്ദേഹം ഏറെ വിവേചനങ്ങൾ നേരിട്ടാണ് വളർന്നത്. ടൂറിസ്റ്റായി എത്തിയ ഷെദ്‍വിൻ ചിത്രം വരയ്ക്കാനായി മുമ്പിലിരുന്നപ്പോൾ തന്നെ അയാളുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടിരുന്നു. ഒരുമിച്ചുള്ള ഭക്ഷണവും, മഹാനന്ദിയയോടൊപ്പമുള്ള ഒറീസ സന്ദർശനവും അവരിലെ പ്രണയത്തെ വളർത്തി. കുടുംബത്തിന്റെ അനുഗ്രഹത്തോടെ പരമ്പരാഗത ഒറീസൻ
ആഘോഷങ്ങളോടെ അവരുടെ വിവാഹം നടന്നു. എന്നാൽ വിവിധ രാജ്യങ്ങൾ സഞ്ചരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ലണ്ടനിൽ വിദ്യാർത്ഥിയായ ഷെദ്‍വിന് പെട്ടന്ന് ജന്മദേശത്തേക്ക് മടങ്ങേണ്ടി വന്നു. കൂടെ വരാൻ അവർ പറഞ്ഞെങ്കിലും താൻ ഒറ്റയ്ക്ക് വരാമെന്ന് മഹാനന്ദിയ പറയുകയായിരുന്നു. എത്രയും പെട്ടന്ന് സ്വീഡനിലെത്തണമെന്ന് പ്രിയതമനോട് ഉറപ്പുവാങ്ങിയാണ് അവർ യാത്ര പറഞ്ഞത്.

വിമാന ടിക്കറ്റിന് പണമൊപ്പിക്കുക എന്നത് മഹാനന്ദിയയ്ക്ക് ബുദ്ധിമുട്ടായി. അപ്പോഴും കത്തുകളിലൂടെ അവർ തങ്ങളുടെ വിരഹ വേദന കൈമാറിക്കൊണ്ടിരുന്നു. ഒരു വർഷം കഴിഞ്ഞും പണത്തിന് വഴി കാണാതായതോടെ കയ്യിലുള്ളതെല്ലാം ചേർത്തുവെച്ച് ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങി രണ്ടും കല്പിച്ച് ഒരു യാത്രയ്‌ക്കൊരുങ്ങി. 1977 ജനുവരി 22 -ന് മഹാനന്ദിയ തന്‍റെ സാഹസിക യാത്ര തുടങ്ങി. ഓരോ ദിവസം എഴുപത് കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി. സൈക്കിൾ പലപ്പോഴും പണി തന്നു. അതുമായി നടന്നു. ഇടയ്ക്ക് പട്ടിണി കിടന്നു. മരിച്ചുപോവുമോയെന്ന ഭയം ഉണ്ടായിരുന്നെങ്കിലും ഒന്നുകിൽ താൻ അവിടെയെത്തും അല്ലെങ്കിൽ മരിക്കും എന്ന തീരുമാനത്തിൽ ഇറങ്ങിപ്പുറപ്പെട്ടതിനാൽ മനക്കരുത്തിന്റെ ബലത്തിൽ അദ്ദേഹം യാത്ര തുടർന്നു.

പുറപ്പെടുമ്പോൾ ഷെദ്‍വിനെ കത്തിലൂടെ വിവരമറിയിച്ചിരുന്നു. യാത്രയ്ക്കിടയിലും നിരന്തരം കത്തുകൾ എഴുതി. വലിയ നഗരങ്ങളിലെ പോസ്റ്റോഫീസുകളിൽ തന്റെ പാസ്പോർട്ട് കാണിച്ച് തനിക്ക് കത്ത് വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു. പരസ്പരം എഴുതിയ ഹൃദയാക്ഷരങ്ങൾ യാത്രയുടെ താളമായി. വഴിയിൽ കണ്ടുമുട്ടിയവരെല്ലാം നല്ല മനുഷ്യരായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. ചിലർ യാത്രയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി, ചിലർ ഭക്ഷണവും, ചിലർ താമസ സൗകര്യവും നൽകി. ഇടയ്ക്ക് ഭക്ഷണത്തിനുള്ള പണം കണ്ടെത്താൻ ആളുകളുടെ ചിത്രങ്ങൾ വരച്ചുനൽകി. ഭാഷ ചിലയിടത്തെങ്കിലും ബുദ്ധിമുട്ടായെങ്കിലും സ്നേഹമെന്ന ലോകഭാഷ കൊണ്ട് ആ പരിമിതികളെ മറികടന്നു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, ബൾഗേറിയ, യുഗൊസ്‌ലാവ്യ, ജർമനി, ഓസ്ട്രിയ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അവസാനം അദ്ദേഹം സ്വീഡനിൽ എത്തി. ഒരു അത്ഭുത ലോകത്തെത്തിയ പോലെയായിരുന്നു അദ്ദേഹം. വസന്തത്തിൽ നിറഞ്ഞുനിൽക്കുന്ന പൂക്കൾ, മനോഹരമായ വൃത്തിയുള്ള സ്ഥലങ്ങൾ, കുടിക്കാൻ ശുദ്ധജലം, ശ്വസിക്കാൻ ശുദ്ധവായു. യൂറോപ്യൻ സംസ്കാരത്തെക്കുറിച്ച് ഒന്നുമറിയാതെയാണ് അദ്ദേഹം ഷെദ്‍വിന്റെ കുടുംബത്തിൽ ചെന്നുകയറിയത്. കുടുംബത്തെ കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടിയെങ്കിലും അവസാനം അവരുടെ സമ്മതത്തോടെ അദ്ദേഹം സ്വീഡനിൽ ജീവിതം ആരംഭിച്ചു. പാരമ്പര്യങ്ങളൊക്കെ തെറ്റിച്ചാണ് മഹാനന്ദിയയെ ആ കുടുംബം സ്വീകരിച്ചത്. ഷെദ്‍വിൻ അദ്ദേഹത്തെ യൂറോപ്യൻ മര്യാദകൾ പഠിപ്പിച്ചു. പിന്നീട് അദ്ദേഹം സ്വീഡിഷ് പൗരത്വവും നേടി. സ്വീഡനിലെ അറിയപ്പെടുന്ന ചിത്രകാരനാവുകയും കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാവുകയും ചെയ്തു. ഒറീസ ഗവർമെന്റിന്റെ സ്വീഡനിലെ കൾച്ചർ അംബാസഡർ സ്ഥാനം വഹിച്ചു. ഇപ്പോൾ 71 വയസ്സുള്ള പികെ എന്നറിയപ്പെടുന്ന മഹാനന്ദിയ ഇന്നും വാർത്തകളിൽ നിറയുന്നത് തന്റെ ആ സാഹസിക യാത്രയുടെ പേരിലാണ്.

പി.കെ ക്ക് പ്രണയം ഇന്ധനമായ പോലെ ഓരോ സഞ്ചാരിക്കും യാത്രയ്ക്ക് പ്രചോദനം പലതാണ്. ആ കരുത്തിലാണ് ഓരോരുത്തരും പേരറിയാത്ത നാടുകളിലേക്ക് യാത്ര പോവുന്നത്.

Leave a comment