മാർച്ച് 25, വിമലഹൃദയപ്രതിഷ്ഠ

♥️♥️💔♥️♥️💔♥️♥️

🌹 മാർച്ച് 25 ✝️ വിമലഹൃദയപ്രതിഷ്ഠ 🌹


🌹പ്രിയപ്പെട്ടവരേ, നാം വീണ്ടുമൊരു മംഗളവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗളവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും അമ്മയുടെ വിമലഹൃദയത്തിലൂടെ യേശുവിൻറെ തിരുഹൃദയത്തിനു സമർപ്പിക്കാം.

എല്ലാവരും തൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെടണമെന്ന സ്വർഗത്തിൻറെ ആഗ്രഹം പരിശുദ്ധ അമ്മ 1917ൽ ഫാത്തിമയിലും അതിനുശേഷം എണ്ണമറ്റ തവണ മറ്റനേകം ഇടങ്ങളിലും ആവർത്തിച്ചതാണ്. നമ്മിൽ പലരും വിമലഹൃദയപ്രതിഷ്ഠ ചെയ്തവരും വർഷത്തിൽ ഒരിക്കലെങ്കിലും പ്രതിഷ്ഠ നവീകരിക്കുന്നവരുമാണ് എന്നതിൽ തീർച്ചയായും സ്വർഗം സന്തോഷിക്കുന്നുണ്ട്.

എന്നാൽ വ്യക്തിപരമായ വിമലഹൃദയപ്രതിഷ്ഠയ്ക്കു പുറമേ, മാതാവു നിർദേശിച്ച ഒരു കാര്യം കൂടിയുണ്ട് എന്നതു നാം പലപ്പോഴും മറന്നുപോകുന്നു. അതു മറ്റൊന്നുമല്ല, റഷ്യയെ അമ്മയുടെ വിമലഹൃദയത്തിനു പ്രത്യേകമായി പ്രതിഷ്ഠിക്കുക എന്നതാണ്.

മാർപ്പാപ്പ ലോകമെമ്പാടുമുള്ള മെത്രാന്മാരോടു ചേർന്നു റഷ്യയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കണം എന്നും അങ്ങനെ ചെയ്യാതിരുന്നാൽ റഷ്യ അവളുടെ തെറ്റുകൾ ലോകമെങ്ങും വ്യാപിപ്പിക്കുമെന്നും അതുവഴി യുദ്ധങ്ങളും സഭാപീഡനവും ഉണ്ടാവുമെന്നും നല്ല മനുഷ്യർ രക്തസാക്ഷികളാകേണ്ടിവരുമെന്നും പരിശുദ്ധപിതാവിനു വളരെയേറെ സഹിക്കേണ്ടിവരുമെന്നും പല രാജ്യങ്ങളും നിശേഷം നശിപ്പിക്കപ്പെടുമെന്നും വ്യക്തമായിത്തന്നെ അമ്മ ഫാത്തിമയിലെ ദർശകയായ സിസ്റ്റർ ലൂസിയയോടു പറഞ്ഞിരുന്നു. അതും ഒന്നോ രണ്ടോ തവണയല്ല, പല തവണ അമ്മ ഇക്കാര്യം ലൂസിയയെ ഓർമ്മിപ്പിക്കുകയും തൻറെ ഈ ആഗ്രഹം പരിശുദ്ധപിതാവിനെ അറിയിക്കണമെന്നു പറയുകയും പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ ചില മാർപ്പാപ്പാമാർ ഇക്കാര്യത്തിൽ വലിയ താല്പര്യം കാണിച്ചില്ല. മറ്റു ചില മാർപ്പാപ്പാമാർ പ്രതിഷ്ഠ നടത്തിയെങ്കിലും അതു പൂർണ്ണമായി മാതാവ് നിർദേശിച്ച രീതിയിൽ ആയിരുന്നില്ല എന്നും പറയപ്പെടുന്നു. ഇതു രണ്ടും ഇപ്പോൾ നമ്മുടെ വിഷയമല്ല.

ഇപ്പോൾ ഫ്രാൻസിസ് പാപ്പ റഷ്യയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. അതിനു നമുക്കു ദൈവത്തിനു നന്ദി പറയാം. പാപ്പയോടൊപ്പം ലോകമെങ്ങുമുള്ള എല്ലാ മെത്രാന്മാരും ഒരേ സമയം ഒരുമിച്ചുചേർന്നു റഷ്യയ്ക്കു വേണ്ടിയുള്ള പരിഹാര ദിവ്യബലിയുടെ മധ്യേ റഷ്യയെ പ്രത്യേകമായി പരിശുദ്ധ ജനനിയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുകയാണെങ്കിൽ അതിൻറെ ഫലങ്ങൾ അത്ഭുതാവഹമായിരിക്കും. ലോകസമാധാനത്തിനു വേണ്ടി നമുക്കു ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും ഇത്.

മുപ്പത്തിയെട്ടു വർഷം മുൻപ് ഒരു മംഗലവാർത്താ തിരുനാൾ ദിനത്തിൽ പരിശുദ്ധ അമ്മ ഫാ. സ്റ്റെഫാനോ ഗോബിയ്ക്കു കൊടുത്ത സന്ദേശത്തിൽ റഷ്യയെ തൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

‘ എല്ലാവർക്കും മുൻപ്, എൻറെ പ്രിയപുത്രരിൽ പ്രഥമനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോടു ഞാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഈ തിരുനാളവസരത്തിൽ, ലോകത്തിലെ എല്ലാ മെത്രാന്മാർക്കും എഴുതിയ ശേഷം, തന്നോടു കൂടെ ഇപ്രകാരം ചെയ്യുന്നതിന് അവരെ ആഹ്വാനം ചെയ്തിട്ട്, പ്രതിഷ്ഠ വളരെ ആഘോഷമായ രീതിയിൽ നടത്തുകയുണ്ടായി. നിർഭാഗ്യവശാൽ എല്ലാ മെത്രാന്മാരും ഈ ആഹ്വാനം സ്വാഗതം ചെയ്തില്ല. ഞാൻ പല പ്രാവശ്യവും ആവശ്യപ്പെട്ടിട്ടുള്ളതുപോലെ റഷ്യയെ പരസ്യമായി എനിക്കു പ്രതിഷ്ഠിക്കുന്നതിനു പ്രത്യേക സാഹചര്യങ്ങൾ അനുവദിച്ചില്ല. ഞാൻ നിങ്ങളോടു നേരത്തേ പറഞ്ഞിട്ടുള്ളതുപോലെ രക്തപങ്കിലമായ സംഭവങ്ങൾ നടക്കുമ്പോൾ മാത്രമേ ഞാൻ ആവശ്യപ്പെട്ട പ്രതിഷ്ഠ യാഥാർഥ്യമാവുകയുള്ളൂ.

( നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു : സന്ദേശം 287 / മാർച്ച് 25, 1984).

മാതാവു പ്രവചിച്ച ആ രക്തപങ്കിലമായ സംഭവങ്ങളുടെ മധ്യേയല്ലേ ഇന്നു നാം ജീവിക്കുന്നത്? റഷ്യ അവളുടെ തെറ്റുകൾ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിൻറെ ഗൗരവം മനസ്സിലാക്കിക്കൊണ്ട്, മാർപ്പാപ്പ റഷ്യയെ മാതാവിൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കാനുള്ള തീരുമാനം എടുത്തത്. ഒരു പക്ഷേ നമുക്ക് ഇനിയൊരവസരം ലഭിച്ചില്ലെന്നുവരാം എന്നതായിരിക്കാം പാപ്പയുടെ ഈ തീരുമാനത്തിനു പിന്നിലുള്ള കാരണം. അല്ലെങ്കിൽ മാതാവ് മുന്നറിയിപ്പു തന്നിട്ടുള്ളതുപോലെ ഇനിയും കൂടുതൽ രക്തപങ്കിലമായ സംഭവങ്ങളിലൂടെ ലോകം കടന്നുപോകാതിരിക്കട്ടെ എന്ന സദുദ്ദേശത്തോടെയായിരിക്കാം റഷ്യയെ പ്രത്യേകമായി പ്രതിഷ്ഠിക്കാനുള്ള ആഹ്വാനം പാപ്പാ പുറപ്പെടുവിച്ചിട്ടുള്ളത്. എന്തു തന്നെയായാലും ഇപ്രകാരം റഷ്യയെ ദൈവമാതാവിൻറെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതിലൂടെ നാം സ്വർഗത്തിൻറെ ആഗ്രഹം നിറവേറ്റുകയാണു ചെയ്യുന്നത്.

ഇതു നമ്മുടെ പ്രിയപ്പെട്ട പിതാക്കന്മാരോടും വൈദികരോടുമുള്ള അപേക്ഷയാണ്. ഈ അവസരം നാം പാഴാക്കിക്കളയരുത്. വത്തിക്കാനിൽ മാർപ്പാപ്പ റഷ്യയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന അതേ സമയത്തു തന്നെ (മാർച്ച് 25 ഇന്ത്യൻ സമയം രാത്രി 9.30 മണി) റഷ്യയ്ക്കായി പരിഹാരദിവ്യബലി അർപ്പിച്ച് ആ രാജ്യത്തെ പ്രത്യേകമായി പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തിനു സമർപ്പിക്കാനുള്ള മാർപ്പാപ്പയുടെ ആഹ്വാനം സ്വീകരിച്ച് ആ പ്രതിഷ്ഠാ കർമ്മത്തിൽ പങ്കുചേരണമേയെന്ന് അഭിവന്ദ്യരായ പിതാക്കന്മാരോടും എല്ലാ വൈദികരോടും വിനയപൂർവം അപേക്ഷിക്കുന്നു.

ഈ പോസ്റ്റ് വായിക്കാനിടയാകുന്നവർ തങ്ങളുടെ അഭിവന്ദ്യ പിതാക്കന്മാരോടും ഇടവക വികാരിമാരോടും മറ്റു സഭാതനയരോടും ഇതേക്കുറിച്ച് പറയാൻ സന്നദ്ധരാകണമേ എന്നും അപേക്ഷിക്കുന്നു.

പരിശുദ്ധ അമ്മ തൻറെ വിമലഹൃദയത്തിൽ നമ്മെ എല്ലാവരെയും ചേർത്തുകൊള്ളട്ടെ എന്ന പ്രാർഥനയോടെ നിർത്തുന്നു.

‘സമാധാനത്തിൻറെ രാജ്ഞീ, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ’.

♥️♥️💔♥️♥️💔♥️♥️

Advertisements
Advertisements

One thought on “മാർച്ച് 25, വിമലഹൃദയപ്രതിഷ്ഠ

Leave a comment