The Book of Exodus, Chapter 27 | പുറപ്പാട്, അദ്ധ്യായം 27 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 27

ബലിപീഠം


1 കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം. നീളവും വീതിയും അഞ്ചുമുഴം, ഉയരം മൂന്നുമുഴം.2 ബലിപീഠത്തിന്റെ നാലു മൂല കളിലും അതോട് ഒന്നായിച്ചേര്‍ന്നുനില്‍ക്കുന്ന നാലു കൊമ്പുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം.3 ചാരപ്പാത്രങ്ങള്‍, കോരിക കള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിങ്ങനെ ബലിപീഠത്തിങ്കല്‍ ആവശ്യമുള്ള ഉപകരണങ്ങളെല്ലാം ഓടുകൊണ്ടു നിര്‍മിക്കണം.4 ബലിപീഠത്തിനുവേണ്ടി ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച് വലയുടെ രൂപത്തില്‍ ഒരു ചട്ടക്കൂടുണ്ടാക്കണം. അതിന്റെ നാലു മൂലയിലും ഓരോ ഓട്ടുവളയം ഘടിപ്പിക്കണം.5 ചട്ടക്കൂടു ബലിപീഠത്തിന്റെ മുകളിലത്തെ അരികുപാളിക്കു കീഴില്‍ ഉറപ്പിക്കണം. അതു ബലിപീഠത്തിന്റെ മധ്യഭാഗം വരെ ഇറങ്ങി നില്‍ക്കണം.6 കരുവേലമരംകൊണ്ടു ബലിപീഠത്തിനു തണ്ടുകള്‍ നിര്‍മിച്ച് ഓടുകൊണ്ടു പൊതിയണം.7 ബലിപീഠം വഹിച്ചുകൊണ്ടു പോകാനായി അതിന്റെ ഇരുവശങ്ങളിലും വളയങ്ങള്‍ ഘടിപ്പിച്ച് അവയിലൂടെ തണ്ടുകള്‍ ഇടണം.8 പലകകള്‍കൊണ്ട്, അകം പൊള്ളയായി, ബലിപീഠം പണിയണം; മലയില്‍വച്ച് കാണിച്ചുതന്നതുപോലെയാണ് പണിയേണ്ടത്.
കൂടാരാങ്കണം


9 കൂടാരത്തിന് ഒരു അങ്കണം ഉണ്ടാക്കണം. അങ്കണത്തിന്റെ തെക്കുഭാഗത്ത് നേര്‍മയായി നെയ്‌തെടുത്ത ചണത്തുണികൊണ്ട് നൂറുമുഴം നീളത്തില്‍ ഒരു മറഉണ്ടാക്കിയിരിക്കണം.10 അതിന് ഇരുപതു തൂണുകള്‍വേണം. തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടുള്ളതായിരിക്കണം. തൂണുകള്‍ക്ക് വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം.11 അപ്രകാരം തന്നെ, വടക്കുഭാഗത്ത് നെടുകെ നൂറുമുഴം നീളമുള്ള മറയും മറതൂക്കുന്നതിന് ഇരുപത് തൂണുകളും അവയ്ക്ക് ഇരുപത് ഓട്ടുപാദകുടങ്ങളും വെള്ളികൊണ്ടുള്ള കൊളുത്തുകളും പട്ടകളും ഉണ്ടായിരിക്കണം.12 പടിഞ്ഞാറു ഭാഗത്തെ മുറ്റത്തിന്റെ വീതിക്കൊത്ത് അന്‍പതുമുഴം നീളമുള്ള മറയും പത്തു തൂണുകളും അവയ്ക്ക് പത്തു പാദകുടങ്ങളും ഉണ്ടായിരിക്കണം.13 കിഴക്കുഭാഗത്തെ മുറ്റത്തിന്റെ വീതി അന്‍പതു മുഴമായിരിക്കണം.14 കവാടത്തിന്റെ ഒരു വശത്ത് പതിനഞ്ചു മുഴം നീളമുള്ള മറയും മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളും ഉണ്ടായിരിക്കണം.15 കവാടത്തിന്റെ മറുവശത്തും പതിനഞ്ചു മുഴം നീളമുള്ള മറയും, മൂന്നു തൂണുകളും അവയ്ക്ക് മൂന്നു പാദകുടങ്ങളുംവേണം.16 അങ്കണകവാടത്തിന് ഇരുപതുമുഴം നീളമുള്ള ഒരുയവനിക ഉണ്ടായിരിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ളതും നേര്‍മയായി നെയ്‌തെടുത്തതും ചിത്രത്തയ്യല്‍കൊണ്ട് അലങ്കരിച്ചതുമായ ചണവസ്ത്രം കൊണ്ടാണ്‌യവനിക നിര്‍മിക്കേണ്ടത്. അതിനു നാലു തൂണുകളും അവയ്ക്കു നാലു പാദകുടങ്ങളും ഉണ്ടായിരിക്കണം.17 അങ്കണത്തിനു ചുറ്റുമുള്ള തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളും കൊളുത്തുകളും ഓട്ടുപാദകുടങ്ങളും ഉണ്ടായിരിക്കണം.18 അങ്കണത്തിന്റെ നീളം നൂറുമുഴവും വീതി അന്‍പതു മുഴവും ആയിരിക്കണം. അതിനു ചുറ്റും അഞ്ചുമുഴം ഉയരത്തില്‍ നേര്‍മയായി നെയ്‌തെടുത്ത് ചണത്തുണികൊണ്ടുള്ള മറയും തൂണുകള്‍ക്ക് ഓടുകൊണ്ടുള്ള പാദകുടങ്ങളും ഉണ്ടായിരിക്കണം.19 കൂടാരത്തിലെ ഉപയോഗത്തിനുള്ള എല്ലാ ഉപകരണങ്ങളും കൂടാരത്തിന്റെയും അങ്കണത്തിന്റെയും മറകള്‍ക്കുവേണ്ട കുറ്റികളും ഓടുകൊണ്ടു നിര്‍മിച്ചവയായിരിക്കണം.20 വിളക്ക് എപ്പോഴും കത്തിനില്‍ക്കുന്നതിന്, ആട്ടിയെടുത്ത ശുദ്ധമായ ഒലിവെണ്ണകൊണ്ടുവരാന്‍ ഇസ്രായേല്‍ക്കാരോടു പറയണം.21 സമാഗമകൂടാരത്തിനുള്ളില്‍ സാക്ഷ്യപേടകത്തിനു മുന്‍പിലുള്ള തിരശ്ശീലയ്ക്കു വെളിയില്‍ വിളക്ക് സന്ധ്യമുതല്‍പ്രഭാതംവരെ കര്‍ത്താവിന്റെ മുന്‍പില്‍ കത്തിനില്‍ക്കാന്‍ അഹറോനും അവന്റെ പുത്രന്‍മാരും ശ്രദ്ധിക്കട്ടെ. ഇസ്രായേല്‍ക്കാര്‍ തലമുറതോറും അനുഷ്ഠിക്കേണ്ട ശാശ്വത നിയമമാണിത്.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment