The Book of Exodus, Chapter 29 | പുറപ്പാട്, അദ്ധ്യായം 29 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 29

അഭിഷേകക്രമം

1 എനിക്കു പുരോഹിത ശുശ്രൂഷചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.2 പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയംവരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.3 അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.4 നീ അഹറോനെയും അവന്റെ പുത്രന്‍മാരെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.5 അങ്കി, എഫോദിന്റെ നിലയങ്കി, എഫോദ്, ഉരസ്ത്രാണം, എഫോദിന്റെ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അണിയിക്കണം.6 അവന്റെ തലയില്‍ തലപ്പാവും തലപ്പാവിന്‍മേല്‍ വിശുദ്ധ കിരീടവും വയ്ക്കണം.7 അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക.8 അവന്റെ പുത്രന്‍മാരെകൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക.9 നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്റെ പുത്രന്‍മാരെയും പുരോഹിതരായി അവരോധിക്കണം.10 അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുന്‍പില്‍കൊണ്ടുവരണം. അഹറോനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കണം.11 കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍വച്ചു കാളക്കുട്ടിയെ കൊല്ലണം.12 അതിന്റെ രക്തത്തില്‍നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്തം ബലിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.13 കുടല്‍ പൊതിഞ്ഞുള്ള മേദസ്‌സും കരളിന്‍മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്‍മേലുള്ള മേദസ്‌സുമെടുത്ത് ബലിപീഠത്തിന്‍മേല്‍വച്ച് ദഹിപ്പിക്കണം.14 എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണക വും പാളയത്തിനു വെളിയില്‍ വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.15 മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. അഹറോനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കട്ടെ.16 അതിനെ കൊന്ന് രക്തമെടുത്ത് ബലിപീഠത്തിനു ചുറ്റും ഒഴിക്കണം.17 അതിനെ കഷണങ്ങളായി മുറിച്ചതിനുശേഷം അതിന്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയും കൂടെ വയ്ക്കണം.18 മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ് – കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.19 അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. അഹറോനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍ വയ്ക്കണം.20 അതിനെ കൊന്ന് രക്തത്തില്‍ കുറച്ചെടുത്ത് അഹറോന്റെയും പുത്രന്‍മാരുടെയും വലത്തു ചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടുകയും ബാക്കി ബലിപീഠത്തിനു ചുറ്റും ഒഴിക്കുകയും വേണം.21 ബലിപീഠത്തിലുള്ള രക്തത്തില്‍നിന്നും അഭിഷേകതൈലത്തില്‍ നിന്നും കുറച്ചെടുത്ത് അഹറോന്റെ മേലും അവന്റെ വസ്ത്രത്തിന്‍മേ ലും അവന്റെ പുത്രന്‍മാരുടെമേലും അവരുടെ വസ്ത്രത്തിന്‍മേലും തളിക്കണം. അങ്ങനെ അവനും പുത്രന്‍മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.22 അതിനുശേഷം നീ മുട്ടാടിന്റെ മേദസ്‌സും കൊഴുത്ത വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്‌സും കരളിന്‍മേലുള്ളകൊഴുപ്പും ഇരു വൃക്കകളും അതിന്‍മേലുള്ള മേദസ്‌സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്.23 കര്‍ത്താവിന്റെ സന്നിധിയില്‍ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണ ചേര്‍ത്തു മയംവരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവും എടുക്കണം.24 ഇവയെല്ലാം അഹറോന്റെയും പുത്രന്‍മാരുടെയും കരങ്ങളില്‍ വച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്യണം.25 അനന്തരം, അത് അവരുടെ കൈകളില്‍ നിന്നു വാങ്ങി ദഹനബലിയോടൊന്നിച്ച് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്; കര്‍ത്താവിനു പ്രസാദകരമായ സുഗന്ധം.26 അഹറോന്റെ അഭിഷേകത്തിനായി അര്‍പ്പിച്ച മുട്ടാടിന്റെ നെഞ്ചെടുത്ത് കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്യുക. ഇത് നിന്റെ ഓഹരിയായിരിക്കും.27 അഭിഷേകത്തിനായി അര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനം ചെയ്ത നെഞ്ചും കുറകും വിശുദ്ധീകരിച്ച് അഹറോനും പുത്രന്‍മാര്‍ക്കുമായി മാറ്റിവയ്ക്കണം.28 ഇസ്രായേല്‍ജനത്തില്‍നിന്ന് അഹറോനും പുത്രന്‍മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; ഇസ്രായേല്‍ജനം സമാധാനബലിയില്‍നിന്നു നീരാജനംചെയ്തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്ചയും.29 അഹറോന്റെ വിശുദ്ധ വസ്ത്രങ്ങള്‍ അവനുശേഷം അവന്റെ പുത്രന്‍മാര്‍ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷിക്തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം.30 അവന്റെ സ്ഥാനത്തു പുരോഹിതനാകുന്ന അവന്റെ പുത്രന്‍ വിശുദ്ധ സ്ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.31 അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിന്റെ മാംസമെടുത്ത് വിശുദ്ധമായ ഒരു സ്ഥലത്തുവച്ച് വേവിക്കണം.32 മുട്ടാടിന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്‍മാരും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍വച്ചു ഭക്ഷിക്കണം.33 തങ്ങളുടെ അഭിഷേ കത്തിന്റെയും വിശുദ്ധീകരണത്തിന്റെയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്തുക്കള്‍ അവര്‍ മാത്രം ഭക്ഷിക്കട്ടെ. അവ വിശുദ്ധമാകയാല്‍ അന്യര്‍ ഭക്ഷിക്കരുത്.34 അഭിഷേകത്തിനുവേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്‌നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകയാല്‍ ഭക്ഷിക്കരുത്.35 ഞാന്‍ നിന്നോടു കല്‍പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്‍മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മം ഏഴുദിവസം നീണ്ടുനില്‍ക്കണം.36 പാപപരിഹാരബലിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുകവഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേ ചിച്ചു വിശുദ്ധീകരിക്കുക.37 ഏഴുദിവസം പരിഹാരബലി നടത്തി ബലിപീഠത്തെ ശുദ്ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്ധമാകും. ബലിപീഠത്തെ സ്പര്‍ശിക്കുന്നതെന്തും വിശുദ്ധമാകും.

അനുദിനബലികള്‍

38 ബലിപീഠത്തില്‍ അര്‍പ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്‌സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ വീതം എല്ലാദിവസവും അര്‍പ്പിക്കണം.39 ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്‌നത്തിലുമാണ് അര്‍പ്പിക്കേണ്ടത്.40 ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന്‍ ശുദ്ധമായ ഒലിവെണ്ണയില്‍ കുഴച്ച പത്തിലൊന്ന് ഏഫാ മാവും പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം.41 പ്രഭാതത്തിലെന്നപോലെ സായാഹ്‌നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്ത് സുഗന്ധവാഹിയായ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കണം.42 ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്ന സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനം അര്‍പ്പിക്കേണ്ട ദഹനബലിയാണിത്.43 അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ജനത്തെ സന്ദര്‍ശിക്കും; എന്റെ മഹത്വത്താല്‍ അവിടം വിശുദ്ധീകരിക്കുകയും ചെയ്യും.44 സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്ധീകരിക്കും. എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും പുത്രന്‍മാരെയും ഞാന്‍ വിശുദ്ധീകരിക്കും.45 ഞാന്‍ ഇസ്രായേല്‍ജനത്തിന്റെ മധ്യേ വസിക്കും; അവരുടെദൈവമായിരിക്കുകയും ചെയ്യും.46 അവരുടെയിടയില്‍ വസിക്കാന്‍വേണ്ടി അവരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന അവരുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ കര്‍ത്താവ്.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment