The Book of Exodus, Chapter 30 | പുറപ്പാട്, അദ്ധ്യായം 30 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 30

ധൂപപീഠം

1 ധൂപാര്‍പ്പണത്തിനായി കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.2 നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം; കൊമ്പുകള്‍ അതിനോട് ഒന്നായി ചേര്‍ന്നിരിക്കണം.3 മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിയണം; മുകള്‍വശത്തു ചുറ്റിലും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.4 അതിനു കീഴേ രണ്ടു മൂലകളിലും ഓരോ സ്വര്‍ണ വളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.5 തണ്ടുകള്‍ കരുവേലമരംകൊണ്ടുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിയണം.6 ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന സ്ഥലമായ സാക്ഷ്യപേടകത്തിനു മുകളിലുള്ള കൃപാസ നത്തിന്റെയും സാക്ഷ്യപേടകത്തെ മറയ്ക്കുന്നതിരശ്ശീലയുടെയും മുന്‍പില്‍ അതു സ്ഥാപിക്കണം.7 ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോള്‍ അഹറോന്‍ പീഠത്തിന്‍മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കണം.8 സായാഹ്നത്തില്‍ ദീപം കൊളുത്തുമ്പോഴും അവന്‍ അതിന്‍മേല്‍ പരിമളദ്രവ്യങ്ങള്‍ പുകയ്ക്കട്ടെ. തലമുറതോറും എന്നേക്കും കര്‍ത്താവിന്റെ മുന്‍പില്‍ ഈ ധൂപാര്‍പ്പണം നടക്കണം.9 അവിശുദ്ധ ധൂപമോ ദഹനബലിയോ ധാന്യബലിയോ അതിന്‍മേല്‍ നീ അര്‍പ്പിക്കരുത്.10 ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ട് വര്‍ഷത്തിലൊരിക്കല്‍ അഹറോന്‍ അതിന്റെ കൊമ്പുകളില്‍ പരിഹാര കര്‍മം അനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് കര്‍ത്താവിന് അതി വിശുദ്ധമാണ്.11 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:12 ഇസ്രായേലില്‍ ജനസംഖ്യക്കണക്കെ ടുക്കുമ്പോള്‍ തങ്ങളുടെയിടയില്‍ മഹാമാ രി ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കര്‍ത്താവിനു മോചനദ്രവ്യം കൊടുക്കണം.13 ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന ഓരോ വ്യക്തിയും വിശുദ്ധ മന്ദിരത്തില്‍ നിലവിലുള്ള കണക്കനുസരിച്ച് അര ഷെക്കല്‍ വീതം കര്‍ത്താവിനു കാണിക്കയായി കൊടുക്കണം. ഒരു ഷെക്കല്‍ ഇരുപത് ഗേരാ.14 ജനസംഖ്യക്കണക്കില്‍ ഉള്‍പ്പെടുന്ന ഇരുപത് വയ സ്‌സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കര്‍ത്താവിനു നല്‍കണം.15 പാപപരിഹാരത്തിനായി കര്‍ത്താവിന് ഈ കാണിക്ക നല്‍കുമ്പോള്‍ അര ഷെക്കല്‍ മാത്രമേ നല്‍കാവൂ; ധനികന്‍ കൂടുതലോ ദരിദ്രന്‍ കുറവോ കൊടുക്കാന്‍ പാടില്ല.16 ഇസ്രായേല്‍ജനത്തില്‍നിന്നു പാപപരിഹാരത്തുക സ്വീകരിച്ച് സമാഗമ കൂടാരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കണം. അങ്ങനെ നിങ്ങള്‍ക്കു പാപപരിഹാരത്തിനുതകുംവിധം അത് ഇസ്രായേല്‍ ജനത്തെ കര്‍ത്താവിന്റെ സ്മരണയില്‍ കൊണ്ടുവരും.17 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :18 ഓടുകൊണ്ട് ഒരു ക്ഷാളനപാത്രം നിര്‍മിക്കണം. അതിന്റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു സമാഗമകൂടാരത്തിനും ബലിപീഠത്തിനുമിടയ്ക്കു വയ്ക്കണം. അതില്‍ വെള്ളമൊഴിക്കണം.19 അഹറോനും പുത്രന്‍മാര്‍ക്കും കൈകാലുകള്‍ കഴുകുന്നതിനുവേണ്ടിയാണത്.20 അവര്‍ സമാഗമകൂടാരത്തില്‍ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായി ബലിപീഠത്തെ സമീപിച്ച് കര്‍ത്താവിന് ദഹനബലിയര്‍പ്പിക്കുകയോചെയ്യുമ്പോള്‍ കൈകാലുകള്‍ കഴുകണം. അല്ലെങ്കില്‍ അവര്‍ മരിക്കും.21 മരിക്കാതിരിക്കുന്നതിന് അവര്‍ കൈകാലുകള്‍ കഴുകണം. ഇത് അവര്‍ക്ക് എന്നേക്കുമുള്ള ഒരു കല്‍പനയാണ്; അവനും അവന്റെ സന്തതികള്‍ക്കും തലമുറതോറുമുള്ള കല്‍പന.

അഭിഷേകതൈലം

22 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:23 മികച്ച സുഗന്ധദ്രവ്യങ്ങള്‍ എടുക്കുക. വിശുദ്ധ മന്ദിരത്തില്‍ നിലവിലിരിക്കുന്ന ഷെക്കലിന്റെ കണക്കനുസരിച്ച് അഞ്ഞൂറു ഷെക്കല്‍ ശുദ്ധമായ മീറയും ഇരുനൂറ്റന്‍പതു ഷെക്കല്‍ സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റന്‍പതു ഷെക്കല്‍ സുഗ ന്ധ സസ്യവും,24 അഞ്ഞൂറു ഷെക്കല്‍ അമരിപ്പട്ടയും, ഒരു ഹിന്‍ ഒലിവെണ്ണയും എടുക്കുക.25 സുഗന്ധ തൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും.26 സമാഗമകൂടാരവും സാക്ഷ്യപേടകവും അതുകൊണ്ട് അഭിഷേകം ചെയ്യണം.27 മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും28 ദഹന ബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠവും നീ അഭിഷേചിക്കണം.29 ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധമാകും.30 പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാന്‍ വേണ്ടി അഹറോനെയും പുത്രന്‍മാരെയും അഭിഷേകം ചെയ്യുകയും വേര്‍തിരിച്ചു നിര്‍ത്തുകയും ചെയ്യുക.31 നീ ഇസ്രായേല്‍ക്കാരോടു പറയണം: ഇതു തലമുറതോറും എനിക്കായുള്ള അഭിഷേക തൈലമായിരിക്കും.32 ഇതു സാധാരണക്കാരുടെമേല്‍ ഒഴിക്കരുത്. കൂട്ടുവസ്തുക്കള്‍ ഈ കണക്കില്‍ ചേര്‍ത്ത് മറ്റൊരു തൈലമുണ്ടാക്കുകയുമരുത്. ഇതു വിശുദ്ധമാണ്. നീ ഇതിനെ വിശുദ്ധമായി കരുതണം.33 ആരെങ്കിലും ഇതുപോലൊരു ചേരുവ ഉണ്ടാക്കുകയോ സാധാരണക്കാരന്റെ മേല്‍ ഒഴിക്കുകയോ ചെയ്താല്‍ അവന്‍ തന്റെ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.34 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുല്‍ഗുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങള്‍ സമമായി എടുക്കുക.35 സുഗന്ധതൈലം നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഉപ്പും ചേര്‍ത്ത് ധൂപാര്‍പ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യമുണ്ടാക്കുക.36 അതില്‍നിന്നു കുറെയെടുത്ത് നേര്‍മയായി പൊടിച്ച് ഒരു ഭാഗം ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കുന്ന സമാഗമകൂടാരത്തിലെ സാക്ഷ്യപേടകത്തിന്റെ മുന്‍പില്‍ വയ്ക്കുക. അതിനെ ഏറ്റവും പവിത്രമായി കരുതണം.37 നിങ്ങള്‍ക്കുവേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്ധദ്രവ്യം ഉണ്ടാക്കരുത്; കര്‍ത്താവിനു വിശുദ്ധമായ ഒന്നായി ഇതിനെ കരുതണം.38 പരിമളത്തിനുവേണ്ടി ആരെങ്കിലും അതുണ്ടാക്കിയാല്‍ അവന്‍ തന്റെ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment