സംഖ്യാപുസ്തകം, അദ്ധ്യായം 12
മിരിയാം ശിക്ഷിക്കപ്പെടുന്നു
1 മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെപ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു.2 കര്‍ത്താവു മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന് അവര്‍ ചോദിച്ചു.3 കര്‍ത്താവ് അതു കേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ചു സൗമ്യനായിരുന്നു.4 കര്‍ത്താവ് ഉടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍.5 അവര്‍ വെളിയില്‍ വന്നു. കര്‍ത്താവ് മേഘസ്തംഭത്തില്‍ ഇറങ്ങിവന്നു സമാഗമകൂടാരവാതില്‍ക്കല്‍ നിന്നിട്ട് അഹറോനെയും മിരിയാമിനെയും വിളിച്ചു.6 അവര്‍ മുന്നോട്ടു ചെന്നു. അവിടുന്ന് അരുളിച്ചെയ്തു: എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും.7 എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്പിച്ചിരിക്കുന്നു.8 അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന് കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു. അങ്ങനെയിരിക്കേ എന്റെ ദാസനായ മോശയ്ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?9 കര്‍ത്താവിന്റെ കോപം അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ വിട്ടുപോയി.10 കൂടാരത്തിന്റെ മുകളില്‍നിന്നു മേഘം നീങ്ങിയപ്പോള്‍ മിരിയാം കുൃഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തു. അഹറോന് തിരിഞ്ഞു നോക്കിയപ്പേള്‍ അവള് കുഷ്ഠരോഗിണിയായിത്തീര്‍ന്നതു കണ്ടു.11 അഹറോന്‍മോശയോടു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ!12 ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തു വരുമ്പോള്‍ത്തന്നെ ശരീരം പകുതി അഴുകിയിരിക്കുന്ന മരിച്ച ശിശുവിനെപ്പോലെ അവള് ആകരുതേ!13 മോശ കര്‍ത്താവിനോടു നിലവിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ!14 കര്‍ത്താവു മോശയോടു പറഞ്ഞു: തന്റെ അപ്പന്മുഖത്തു തുപ്പിയാല്‍പ്പോലും അവള് ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലേ? ഏഴു ദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.15 അങ്ങനെ മിരിയാമിനെ ഏഴു ദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. അവളെ അകത്തു പ്രവേശിപ്പിക്കുന്നതുവരെ ജനംയാത്രപുറപ്പെട്ടില്ല.16 അതിനുശേഷം അവര്‍ ഹസേറോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍മരുഭൂമിയില്‍ പാളയമടിച്ചു.
The Book of Numbers | സംഖ്യ | Malayalam Bible | POC Translation



Categories: POC Malayalam Bible