The Book of Numbers, Chapter 16 | സംഖ്യ, അദ്ധ്യായം 16 | Malayalam Bible | POC Translation

സംഖ്യാപുസ്തകം, അദ്ധ്യായം 16

മോശയ്ക്കും അഹറോനും എതിരേ

1 ലേവിയുടെ മകനായ കൊഹാത്തിന്റെ മകന്‍ ഇസ്ഹാറിന്റെ മകനായ കോറഹും, റൂബന്‍ഗോത്രത്തിലെ ഏലിയാബിന്റെ പുത്രന്‍മാരായ ദാത്താന്‍, അബീറാം എന്നിവരും പെലെത്തിന്റെ മകന്‍ ഓനും,2 ഇസ്രായേല്‍ സമൂഹത്തിലെ നേതാക്കളും തെരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതുപേരും മോശയെ എതിര്‍ത്തു.3 അവര്‍ മോശയ്ക്കും അഹറോനും എതിരേ ഒരുമിച്ചുകൂടി പറഞ്ഞു: നിങ്ങള്‍ അതിരുവിട്ടു പോകുന്നു. സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്. കര്‍ത്താവ് അവരുടെ മധ്യേ ഉണ്ട്. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിനുമീതേ നേതാക്കന്‍മാരായി ചമയുന്നു?4 ഇതു കേട്ടപ്പോള്‍ മോശ കമിഴ്ന്നു വീണു.5 അവന്‍ കോറഹിനോടും അനുചരന്‍മാരോടും പറഞ്ഞു: തനിക്കുള്ളവനാരെന്നും വിശുദ്ധനാരെന്നും നാളെ പ്രഭാതത്തില്‍ കര്‍ത്താവു വെളിപ്പെടുത്തും. തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ അടുത്തു വരാന്‍ അവിടുന്ന് അനുവദിക്കും.6 നാളെ കോറഹും അനുചരന്‍മാരും7 കര്‍ത്താവിന്റെ മുമ്പില്‍ ധൂപകലശമെടുത്ത് അതിലെ തീയില്‍ കുന്തുരുക്കമിടട്ടെ. കര്‍ത്താവു തിരഞ്ഞെടുക്കുന്നവനായിരിക്കും വിശുദ്ധന്‍. ലേവിപുത്രന്‍മാരേ, നിങ്ങളുടെ പ്രവൃത്തി വളരെ കടന്നുപോയി.8 മോശ കോറഹിനോടു പറഞ്ഞു: ലേവ്യരേ, ശ്രദ്ധിക്കുവിന്‍.9 കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാര കാര്യമാണോ?10 അവിടുന്നു നിന്നെയും നിന്നോടൊപ്പം ലേവിപുത്രന്‍മാരായ നിന്റെ സഹോദരന്‍മാരെയും തന്റെ അടുക്കലേക്കു കൊണ്ടുവന്നില്ലേ? നിങ്ങള്‍ പൗരോഹിത്യംകൂടി കാംക്ഷിക്കുന്നോ?11 കര്‍ത്താവിനെതിരേയാണ് നീയും അനുചരന്‍മാരും സംഘംചേര്‍ന്നിരിക്കുന്നത്. അഹറോനെതിരേ പിറുപിറുക്കാന്‍ അവന്‍ ആരാണ്?12 അനന്തരം ഏലിയാബിന്റെ മക്കളായ ദാത്താനെയും അബീറാമിനെയും വിളിക്കാന്‍ മോശ ആളയച്ചു. എന്നാല്‍, വരില്ലെന്ന് അവര്‍ പറഞ്ഞു.13 മരുഭൂമിയില്‍വച്ചു കൊല്ലേണ്ട തിനു തേനും പാലും ഒഴുകുന്ന നാട്ടില്‍നിന്നു ഞങ്ങളെ കൊണ്ടുവന്നതു നിനക്കു മതിയായില്ലേ? ഞങ്ങളുടെ അധിപതിയാകാന്‍ ശ്രമിക്കുകകൂടി ചെയ്യുന്നോ?14 മാത്രമല്ല, നീ ഞങ്ങളെ തേനും പാലും ഒഴുകുന്ന ദേശത്ത് എത്തിച്ചില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും കൈവശപ്പെടുത്തിത്തന്നതുമില്ല. ഇവരെ അന്ധരാക്കാമെന്നാണോ ഭാവം? ഞങ്ങള്‍ വരുകയില്ല.

മത്‌സരികള്‍ക്കു ശിക്ഷ

15 മോശ കുപിതനായി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവേ, അവരുടെ കാഴ്ചകള്‍ സ്വീകരിക്കരുതേ! ഞാന്‍ അവരുടെ ഒരു കഴുതയെപ്പോലും എടുത്തിട്ടില്ല; അവരിലാരെയും ദ്രോഹിച്ചിട്ടുമില്ല.16 മോശ കോറഹിനോടു പറഞ്ഞു: നീയും നിന്റെ അനുയായികളും നാളെ കര്‍ത്താവിന്റെ മുമ്പില്‍ ഹാജരാകണം. നിങ്ങളോടൊപ്പം അഹറോനും ഉണ്ടായിരിക്കും.17 ഓരോരുത്തനും സ്വന്തം ധൂപകലശത്തില്‍ കുന്തുരുക്കമിട്ടു കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം; ആകെ ഇരുനൂറ്റമ്പതു ധൂപ കലശങ്ങള്‍. നീയും അഹറോനും സ്വന്തം ധൂപകലശവുമായി വരണം.18 ഓരോരുത്തനും തന്റെ ധൂപകലശമെടുത്ത് അതില്‍ തീയും കുന്തുരുക്കവുമിട്ടു മോശയോടും അഹറോനോടും ഒപ്പം സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ നിന്നു.19 കോറഹ് സമൂഹത്തെ മുഴുവന്‍ സമാഗമകൂടാരവാതില്‍ക്കല്‍മോശയ്ക്കും അഹറോനും എതിരേ ഒരുമിച്ചുകൂട്ടി. അപ്പോള്‍ കര്‍ത്താവിന്റെ മഹത്വം സമൂഹത്തിനു മുഴുവന്‍ കാണപ്പെട്ടു.20 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:21 ഞാനിവരെ ഇപ്പോള്‍ സംഹരിക്കും. ഇവരില്‍നിന്നു മാറിനിന്നുകൊള്ളുവിന്‍.22 അവര്‍ താണുവീണു പറഞ്ഞു: സകല ജനത്തിനും ജീവന്‍ നല്‍കുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന് അങ്ങ് സമൂഹം മുഴുവനോടും കോപിക്കുമോ?23 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:24 കോറഹ്, ദാത്താന്‍, അബീറാം എന്നിവരുടെ വീടുകളുടെ പരിസരത്തുനിന്നു മാറിപ്പോകാന്‍ ജനത്തോടു പറയുക.25 അപ്പോള്‍ മോശ ദാത്താന്റെയും അബീറാമിന്റെയും അടുത്തേക്കു ചെന്നു. ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ അവനെ അനുഗമിച്ചു.26 മോശ സമൂഹത്തോടു പറഞ്ഞു: ഇവരുടെ പാപത്തില്‍ പെട്ടു നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടന്‍മാരുടെ കൂടാരങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കുവിന്‍; അവരുടെ വസ്തുക്കളെപ്പോലും സ്പര്‍ശിക്ക രുത്.27 കോറഹ്, ദാത്താന്‍, അബീറാം എന്നിവരുടെ കൂടാരങ്ങളുടെ പരിസരങ്ങളില്‍നിന്നു ജനം ഒഴിഞ്ഞു മാറി. ദാത്താനും അബീറാമും ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ പുറത്തു വന്നു തങ്ങളുടെ കൂടാരങ്ങളുടെ വാതില്‍ക്കല്‍ നിന്നു.28 മോശ പറഞ്ഞു: ഈ പ്രവൃത്തികള്‍ ചെയ്യാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചതെന്നും അവയൊന്നും ഞാന്‍ സ്വമേധയാ ചെയ്തതല്ലെന്നും ഇതില്‍നിന്നു നിങ്ങള്‍ അറിയും.29 എല്ലാ മനുഷ്യരും മരിക്കുന്നതുപോലെയാണ് ഇവര്‍ മരിക്കുന്നതെങ്കില്‍, എല്ലാ മനുഷ്യരുടെയും വിധിതന്നെയാണ് ഇവര്‍ക്കും സംഭ വിക്കുന്നതെങ്കില്‍, കര്‍ത്താവ് എന്നെ അയച്ചിട്ടില്ല.30 എന്നാല്‍, കര്‍ത്താവിന്റെ അദ്ഭുതശക്തിയാല്‍ ഭൂമി വാപിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും ജീവനോടെ പാതാളത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നെങ്കില്‍, അവര്‍ കര്‍ത്താവിനെ നിന്ദിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിയും.31 മോശ ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവര്‍ക്കുതാഴെ നിലം പിളര്‍ന്നു.32 ഭൂമി വാപിളര്‍ന്നു കോറഹിനെയും അനുചരന്‍മാരെയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടുംകൂടെ വിഴുങ്ങിക്കള ഞ്ഞു.33 അവരും അവരോടു ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു. ഭൂമി അവരെ മൂടി. അങ്ങനെ ജനമധ്യത്തില്‍നിന്ന് അവര്‍ അപ്രത്യക്ഷരായി.34 അവരുടെ നില വിളി കേട്ടു ചുറ്റും നിന്ന ഇസ്രായേല്യര്‍ ഭൂമി നമ്മെക്കൂടി വിഴുങ്ങിക്കളയാതിരിക്കട്ടെയെന്നു പറഞ്ഞ് ഓടിയകന്നു.35 കര്‍ത്താവില്‍നിന്ന് അഗ്നിയിറങ്ങി ധൂപാര്‍ച്ചന നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റിയമ്പതുപേരെയും ദഹിപ്പിച്ചുകളഞ്ഞു.

ധൂപകലശങ്ങള്‍

36 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:37 പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടു പറയുക: അഗ്നിയില്‍നിന്നു ധൂപകലശങ്ങള്‍ എടുത്ത് അവയിലെ തീ ദൂരെക്കളയുക. എന്തെന്നാല്‍, ആ കലശങ്ങള്‍ വിശുദ്ധമാണ്.38 ഇവര്‍ പാപംചെയ്തു സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയെങ്കിലും അവരുടെ ധൂപകലശങ്ങള്‍ കര്‍ത്താവിന്റെ മുമ്പില്‍ അര്‍പ്പിക്കപ്പെടുകയാല്‍ വിശുദ്ധമാണ്. അവ അടിച്ചു പരത്തി ബലിപീഠത്തിന് ഒരു ആവരണം ഉണ്ടാക്കുക. അത് ഇസ്രായേല്‍ ജനത്തിന് ഒരടയാളമായിരിക്കും.39 അഗ്നിയില്‍ ദഹിച്ചുപോയവര്‍ അര്‍പ്പിച്ച ധൂപകലശങ്ങള്‍ എടുത്തു പുരോഹിതനായ എലെയാസര്‍ അതുകൊണ്ടു ബലിപീഠത്തിന് ആവരണമുണ്ടാക്കി.40 മോശവഴി കര്‍ത്താവു കല്‍പിച്ചതനുസരിച്ച്, അഹറോന്റെ പിന്‍ഗാമിയും പുരോഹിതനുമല്ലാത്തവന്‍ കോറഹിനെയും അനുയായികളെയുംപോലെ, കര്‍ത്താവിന്റെ സന്നിധിയില്‍ ധൂപാര്‍ച്ചന ചെയ്യാതിരിക്കാന്‍വേണ്ടിയാണിത്.41 എന്നാല്‍, പിറ്റേന്ന് ഇസ്രായേല്‍സമൂഹം മോശയ്ക്കും അഹറോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തെ കൊന്നു.42 സമൂഹം മോശയ്ക്കും അഹറോനുമെതിരായി അണിനിരന്ന് സമാഗമകൂടാരത്തിന്റെ നേരേ തിരിഞ്ഞു. മേഘം അതിനെ ആവരണം ചെയ്തിരുന്നു; കര്‍ത്താവിന്റെ മഹത്വം അവിടെപ്രത്യക്ഷപ്പെട്ടു.43 മോശയും അഹറോനും സമാഗമകൂടാരത്തിന്റെ മുമ്പില്‍ വന്നു.44 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:45 ഈ സമൂഹമധ്യത്തില്‍നിന്ന് ഓടിയകലുക; നിമിഷത്തിനുള്ളില്‍ ഞാനവരെ നശിപ്പിക്കും; എന്നാല്‍ മോശയും അഹറോനും കമിഴ്ന്നുവീണു.46 മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തില്‍നിന്ന് അഗ്നിയെടുത്തു ധൂപകലശത്തിലിടുക. പരിമളദ്രവ്യം ചേര്‍ത്ത് ഉടനെ സമൂഹത്തിന്റെ മധ്യത്തിലേക്കുകൊണ്ടുപോയി, അവര്‍ക്കുവേണ്ടി പാപപരിഹാരമനുഷ്ഠിക്കുക. കാരണം, കര്‍ത്താവിന്റെ കോപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; മഹാമാരി ആരംഭിച്ചുകഴിഞ്ഞു.47 മോശ പറഞ്ഞതുപോലെ അഹറോന്‍ ധൂപകലശമെടുത്തു ജനത്തിന്റെ നടുവിലേക്ക് ഓടി. ജനത്തെ മഹാമാരി ബാധിച്ചുകഴിഞ്ഞിരുന്നു. അവന്‍ ധൂപാര്‍ച്ചന നടത്തി, ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്തു.48 അവന്‍ മരിച്ചുവീണവരുടെയും ജീവനോടിരിക്കുന്നവരുടെയും നടുവില്‍ നിന്നു; മഹാമാരി നിലച്ചു.49 കോ റഹിന്റെ ധിക്കാരംകൊണ്ടു മരിച്ചവര്‍ക്കു പുറമേ പതിനാലായിരത്തിയെഴുനൂറുപേര്‍ മഹാമാരിയില്‍ മരണമടഞ്ഞു.50 മഹാമാരി അവസാനിച്ചപ്പോള്‍ അഹറോന്‍ സമാഗമകൂടാരവാതില്‍ക്കല്‍ മോശയുടെ സമീപം തിരിച്ചെത്തി.

The Book of Numbers | സംഖ്യ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Moses and the Bronze Serpent
Advertisements
Tabernacle
Advertisements
Numbers 21
Advertisements

Leave a comment